
ഏതെങ്കിലും ആദിവാസിയെ കെട്ടിയിട്ടു തല്ലിക്കൊല്ലുമ്പോളോ, ഏതെങ്കിലും ദളിത് വിദ്യാര്‍ത്ഥി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി മരിക്കുമ്പോളോ മാത്രമാണ് , മലയാളി , ജാതിയുടെ കണ്ണാടിയില്‍ സ്വന്തം മുഖം നോക്കുന്നത്. നമുക്ക് നമ്മളെ കാണാനുള്ള ഒരു കണ്ണാടി ഗുരു പണ്ടേ പ്രതിഷ്ഠിച്ചു പോയതാണ്. ആ കണ്ണാടിയില്‍ ഇപ്പോള്‍ ആരും മുഖം നോക്കാറില്ല.
‘ഗുരു കണ്ണാടി തന്നു ,
കാഴ്ച ഞാന്‍ ഉടച്ചു കളഞ്ഞു’
എന്ന് കെ ജി എസ് എഴുതിയത് ആ കണ്ണാടിയില്‍ നിന്ന് മാഞ്ഞു മറഞ്ഞു പോയ കാഴ്ചയെ കുറിച്ചാണ്.
ലോകചരിത്രത്തിലെ ഏറ്റവും വലിയ കുറ്റകരമായ സംവിധാനങ്ങളില്‍ ഒന്നാണ് ജാതിവ്യവസ്ഥ.

പക്ഷേ നമ്മുടെ രാജ്യത്ത് ജാതി നിയമപരമായ ഒരു കുറ്റമല്ല. നമ്മുടെ ഭരണഘടന നിര്‍മ്മാണ സഭയില്‍ തൊട്ടുകൂടായ്മ ഇല്ലായ്മ ചെയ്യുന്നതുമായി ബന്ധപ്പെട്ടു നടന്ന ചര്‍ച്ചകളില്‍ തൊട്ടുകൂടായ്മ എന്നത് ഒരു ലക്ഷണം മാത്രമാണെന്നും യഥാര്‍ത്ഥ രോഗം ജാതിഘടനയാണെന്നും വാദിച്ചവരും ഉണ്ടായിരുന്നു . അതു കൊണ്ടു തന്നെ ജാതിഘടനയെ ഉള്‍പ്പെടുത്തി തൊട്ടുകൂടായ്മയെ വിശാലമായി നിര്‍വ്വചിക്കണമെന്നും അത് ഇല്ലായ്മ ചെയ്യാനുള്ള വകുപ്പുകള്‍ ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കണം എന്നും വാദമുയര്‍ന്നു. എന്നാല്‍ ജാതി ഹിന്ദുക്കള്‍ക്ക് വന്‍ മേധാവിത്വമുണ്ടായിരുന്ന സഭ ആ വാദം തള്ളി തൊട്ടുകൂടായ്മ എന്ന രോഗലക്ഷണത്തില്‍ മാത്രം ഊന്നി ഭരണഘടനയുടെ 17ാം വകുപ്പ് എഴുതിച്ചേര്‍ക്കുകയായിരുന്നു. അങ്ങനെ തൊട്ടുകൂടായ്മ കുറ്റമായും ആ കുറ്റകൃത്യത്തിന് നിദാനമായ ജാതിഘടന വളരെ പവിത്രമായ ഒരു കാര്യമായും തുടര്‍ന്നു. ഇന്ത്യന്‍ സാമൂഹ്യ യാഥാര്‍ത്ഥ്യത്തിന്റെ പ്രധാന അടിത്തറകളിലൊന്ന് ഇന്നും ജാതിവ്യവസ്ഥയാണ്. അതിന്റെ ഇരകള്‍ കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്യാതിരിക്കുമ്പോളും സദാസമയം പ്രവര്‍ത്തിക്കുന്നതാണ് ജാതി യന്ത്രം. അവര്‍ക്കത് ജന്മദീര്‍ഘമായ ശവദാഹമാണ്. നമ്മുടെ സാമൂഹ്യ ജീവിതാനുഭവത്തെ അത് ദ്വന്ദാത്മകമായി പിളര്‍ത്തുന്നു. മേല്‍ജാതിക്കാരന് അഭിമാനമായി തോന്നുന്ന ഓരോ അനുഭവവും കീഴാളന് അപമാനമായി ഭവിക്കുന്ന രീതിയിലാണ് അത് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. ജാതിയുടെ വ്യവഹാരമെന്നത് ഒരു വശത്ത് അഭിമാനം കൊള്ളാനും മറുവശത്ത് അപമാനം പേറാനുള്ള നൂറ്റാണ്ടുകളുടെ, നിരവധി തലമുറകളിലൂടെയുള്ള പരിശീലനം കൂടിയാണ്. തീര്‍ച്ചയായും അത് ഏകപക്ഷീയമല്ല. കലാപങ്ങളുണ്ട്, കുതറി മാറലുകളുണ്ട്. ബദല്‍ കര്‍തൃത്വങ്ങള്‍ രൂപീകരിക്കപ്പെടുന്നുണ്ട്.
എങ്കിലും എല്ലാ സാമൂഹ്യാനുഭവങ്ങളും വ്യക്തിപരമായ അനുഭവങ്ങള്‍ കൂടിയാണ്. ജാതി എന്നത് നമ്മുടെ ആര്‍ട്ടറികളിലൂടെയും വെയിനുകളിലൂടെയുമല്ല , സൂക്ഷ്മ രക്തക്കുഴലുകളിലൂടെ (capillaries) ഒഴുകുന്ന വിഷമാണ്. അനീതിയുടെയും അപമാനത്തിന്റേയും അനുഭവങ്ങള്‍ സഹിക്കാവുന്നതിനും അപ്പുറത്തേക്ക് പോകുമ്പോള്‍ ചിലപ്പോള്‍ ആ വ്യക്തി പൊട്ടിത്തെറിക്കുന്നു (explode), ചിലരില്‍ അത് അന്ത: സ്ഫോടനങ്ങളായി
(implode) ഭവിക്കുന്നു. അങ്ങനെയെങ്കില്‍ അതിനെ വിധിക്കാന്‍ നമുക്ക് എന്തവകാശം ? തീര്‍ച്ചയായും അതിലെ കുറ്റവാളികള്‍ നമ്മുടെ നിയമ വ്യവസ്ഥക്കുള്ളില്‍ ശിക്ഷിക്കപ്പെടണം. അതിനപ്പുറം ഈ ജാതിവ്യവസ്ഥക്കുള്ളില്‍ ജീവിക്കുന്ന ഓരോ പൗരനും ആ കുറ്റകൃത്യത്തില്‍ അറിഞ്ഞോ അറിയാതെയോ സാമൂഹ്യമായി ഉത്തരവാദിയാണെന്നും ഞാന്‍ കരുതുന്നു.
![]()
***
ഇല്ലായ്മകളും പരാധീനതകളും പേറുന്ന കുട്ടികളുടെ മുഖത്തേക്ക് നോക്കി ഇങ്ങനെ ഹിംസാത്മകമായി പെരുമാറാന്‍ എങ്ങനെയാണ് കഴിയുക? അത്തരം മുഖങ്ങള്‍ കൂടുതല്‍ അന്‍പും അലിവും ഉള്ള പെരുമാറ്റത്തിലേക്ക് നയിക്കാത്തത് എന്തുകൊണ്ടായിരിക്കും?
എന്നോട് ഒരു സുഹൃത്ത് തന്റെ അനുഭവം ഒരിക്കല്‍ പറയുകയുണ്ടായി. അയാള്‍ തന്റെ അടിവസ്ത്രം കഴുകി പുറത്ത് ആറാന്‍ ഇട്ടതായിരുന്നു. ഒരു ദിവസം കഴിഞ്ഞ് നോക്കുമ്പോള്‍ അതിന്റെ ഒരു ഭാഗം ചിതല്‍ തിന്നു പോയിരുന്നു. വലിയ ബുദ്ധിമുട്ടുകള്‍ ഉള്ള കാലമാണ്. മറ്റൊരു തുണിക്കഷ്ണമെടുത്ത് ചിതല്‍ തിന്ന ഭാഗത്ത് തുന്നിച്ചേര്‍ത്ത് അയാളത് വീണ്ടും ഉപയോഗിച്ചു. രാഷ്ട്രീയ ബന്ധങ്ങള്‍ ഉള്ളയാളായിരുന്നു സുഹൃത്ത്. പോലീസ് വന്ന് അയാളെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുമ്പോള്‍ അയാള്‍ ധരിച്ചിരുന്നത് ആ അടിവസ്ത്രമാണ്. ഭീകരമായ ഒരു കാലമായിരുന്നു. ഉരുട്ടല്‍ ഉള്‍പ്പെടെയുള്ള ഭീകരമായ മര്‍ദ്ദനങ്ങള്‍ക്ക് അയാള്‍ വിധേയനായി. അയാളുടെ തുന്നിച്ചേര്‍ത്ത അടിവസ്ത്രം അയാളെ മര്‍ദ്ദിക്കുന്ന പോലീസുകാരെ കൂടുതല്‍ പ്രകോപിപ്പിച്ചു. അയാളുടെ ദീനതയുടേയും അവശതയുടേയും അടയാളമായ ആ വസ്തു സാധാരണ ഗതിയില്‍ ചെറിയ കനിവ് അയാള്‍ക്ക് നേടിക്കൊടുത്തിരിക്കും എന്നാണ് നമ്മള്‍ പ്രതീക്ഷിക്കുക. സംഭവിച്ചത് മറിച്ചായിരുന്നു. അയാളുടെ പരിതാപകരമായ അവസ്ഥ മര്‍ദ്ദകരെ കൂടുതല്‍ കോപാകുലരാക്കുകയും അതിന്റെ പേരില്‍ പ്രത്യേകമായി കൂടുതല്‍ അവഹേളനങ്ങള്‍ക്ക്, മര്‍ദ്ദനങ്ങള്‍ക്ക് വിധേയനാകേണ്ടി വരികയും ചെയ്തു. ഈ സംഭവം നടന്ന് ഏതാണ്ട് നാല്‍പത് വര്‍ഷം കഴിഞ്ഞാണ് സുഹൃത്ത് എന്നോടിത് പറയുന്നത്, ഒരു പ്രത്യേക രീതിയില്‍ ചിരിച്ചു കൊണ്ട് . നാലു പതീറ്റാണ്ട് കൊണ്ട് ഉണങ്ങിയ ഒരു മുറിവിന്റ വടു പോലുള്ള ചിരി .
***
എല്ലാ അധികാരങ്ങളുടേയും നീതീകരണ യുക്തിയില്‍ ഇരയുടെ ദീനത എന്നത് അയാളെ കൂടുതല്‍ വെറുക്കാനും പീഡിപ്പിക്കാനുമുള്ള കാരണമായി പ്രവര്‍ത്തിക്കുന്നു എന്നതായിരിക്കാം ഇതിന്റെ പാഠം. അധികാരത്തോടുള്ള മുഖാമുഖങ്ങളില്‍ സ്വന്തം ദീനതയെ വര്‍ജ്ജിക്കുക എന്നതും.

1920 ജനുവരി 31 ന് ഇറങ്ങിയ തന്റെ Mooknayak, മൂക്‌നായക് (നിശ്ശബ്ദരാക്കപ്പെട്ടവരുടെ നായകന്‍ ) എന്ന പ്രസിദ്ധീകരണത്തിന്റെ ഉദ്ഘാടന പതിപ്പില്‍ ഹിന്ദു സമൂഹത്തെ അംബേദ്കര്‍ ഉപമിച്ചത് അനേക നിലകളുള്ള ഒരു ഗോപുരത്തോടാണ്. ഈ ഗോപുരത്തിന് ഗോവണിപ്പടികള്‍ ഇല്ല. ഒരു നിലയില്‍ നിന്ന് മറെറാരു നിലയിലേക്ക് കയറാനോ ഇറങ്ങാനോ കഴിയില്ല. കാലം സ്തംഭിച്ചു നില്‍ക്കുന്ന ആ ഗോപുരത്തില്‍ ഒരാള്‍ ഏത് നിലയില്‍ ജനിച്ചുവോ ആ നിലയില്‍ തന്നെ മരിച്ചു പോകുന്നു.
അംബേദ്കര്‍ ഇതെഴുതിയിട്ട് 106 വര്‍ഷങ്ങള്‍ കഴിഞ്ഞു. ആ ഗോപുരത്തിന്റെ ഏറ്റവും കീഴ് നിലയില്‍ പാര്‍ക്കുന്നവര്‍, എല്ലാ മേല്‍ നിലകളുടേയും ഭാരം പേറി നില്‍ക്കുന്നു. മരിക്കും മുന്നേ അംബേദ്കര്‍ ആ ഗോപുരത്തെ ഉപേക്ഷിച്ച് പുറത്തേക്ക് പോയി. ജാതിഹിംസയില്‍ പൊലിഞ്ഞു പോയ ഒരു ജീവനെ അംബേദ്കറുടെ ഈ ജന്മദിനത്തിലും ഓര്‍ക്കേണ്ടി വരിക എന്നതും നമ്മുടെ കാലം നമുക്ക് വെച്ചു നീട്ടുന്ന കണ്ണാടിയായിരിക്കാം.







No Comments yet!