Skip to main content

നിധിന്‍ രാജ് – കേരളാ മോഡല്‍ വികസനത്തിന്റെ ഒരിര കൂടി

കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടിയിലുള്ള ഒരു ദന്തല്‍ കോളേജില്‍ BDS ന് പഠിച്ചുകൊണ്ടിരുന്ന നിധിന്‍ രാജ് എന്ന വിദ്യാര്‍ഥി അതേ കാമ്പസ്സില്‍ തന്നെയുള്ള മെഡിക്കല്‍ കോളേജിന്റെ മുകളില്‍ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്തു എന്നാണ് മാധ്യമവാര്‍ത്തകളില്‍ നിന്നും അറിയാന്‍ കഴിയുന്നത്. മരിച്ച വിദ്യാര്‍ഥി പട്ടികജാതി വിഭാഗത്തില്‍ പെട്ടയാളാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ആത്മഹത്യ ചെയ്തവരും പാതി വഴിക്ക് പഠനം നിര്‍ത്തി പോയവരുമായ പട്ടികജാതി വിദ്യാര്‍ത്ഥികളുടെ എണ്ണം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ഇത്രയും കുട്ടികള്‍ ആത്മഹത്യ ചെയ്യുകയും പാതി വഴിക്ക് പഠനം അവസാനിപ്പിച്ചു പോരുകയും ചെയ്യുന്നത് കാണുമ്പോഴാണ് നിധിന്റെ മരണം കൂടുതല്‍ ആഴത്തിലുള്ള വിശകലനം അര്‍ഹിക്കുന്ന ഒന്നായി മാറുന്നത്.

മരണവുമായി ബന്ധപ്പെട്ട ദൃശ്യമാധ്യമ ചര്‍ച്ചകളില്‍ പങ്കെടുത്ത ആ കോളേജിലെ വിദ്യാര്‍ഥികള്‍ പ്രകടിപ്പിച്ച ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ആരാണ് ആ ഡെന്റെല്‍ കോളേജിന്റെ ഉടമസ്ഥന്‍ /ഉടമസ്ഥര്‍ എന്ന് അവര്‍ക്ക് ആര്‍ക്കും അറിയില്ല എന്നതാണ്. ശൂന്യാകാശത്തില്‍ ചില പേരുകള്‍ പറന്നു നടക്കുന്നു എന്നതിനപ്പുറം ആര്‍ക്കും അറിയില്ല ആരാണ് കോളേജിന്റെ ഉടമസ്ഥര്‍ ആരാണ് ഈ കോളേജ് മാനേജ് ചെയ്യുന്നത് ഒരു പ്രശ്‌നം ഉണ്ടായാല്‍ ആരോടാണ് പരാതിപ്പെടെണ്ടാത് എന്നാര്‍ക്കും അറിയില്ല. കേള്‍ക്കുമ്പോള്‍ നമുക്ക് അത്ഭുതം തോന്നും. ഇങ്ങനെയൊക്കെ കാര്യങ്ങള്‍ നടക്കുമോ എന്ന്. നവലിബറല്‍ സമ്പദ് വ്യവസ്ഥയില്‍ ഏതൊരു ബിസിനസ് സ്ഥാപനത്തിലും അതിന്റെ ഉടമസ്ഥര്‍ എന്നത് അദൃശ്യര്‍ ആയിരിക്കും. നമ്മളും കമ്പനിയും തമ്മിലുള്ള ബന്ധം ഒരു കസ്റ്റമര്‍ കെയര്‍ നമ്പര്‍ മാത്രമായിരിക്കും. അതിലൂടെ നമ്മുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നോക്കാം. ചിലപ്പോള്‍ അവ പരിഹരിക്കപ്പെട്ടെക്കാം. ഒരു കസ്റ്റമര്‍ കെയര്‍ നമ്പര്‍ മാത്രമായി കമ്പനികള്‍ മാറുന്ന അവസ്ഥയില്‍ ഉപഭോക്താക്കള്‍ നേരിടുന്ന ഒരു അരക്ഷിതാവസ്ഥയുണ്ട്. നമ്മള്‍ ഒരു ടെലിവിഷന്‍ മേടിച്ചിട്ട് അന്ന് തന്നെ അത് കേടായിപ്പോയാലും കടക്കാര്‍ പറയും അവര്‍ക്കതില്‍ ഒന്നും ചെയ്യാനില്ല നമ്മളോട് കമ്പനിയുമായി ബന്ധപ്പെട്ടോളാന്‍. അവിടെ നമ്മളെ കാത്തിരിക്കുന്നത് നീണ്ടൊരു കസ്റ്റമര്‍ കെയര്‍ നമ്പരാണ്. അഞ്ചരക്കണ്ടി കോളേജില്‍ അത്തരമൊരു കസ്റ്റമര്‍ കെയര്‍ നമ്പര്‍ പോലും ഉണ്ടായിരുന്നില്ല.

നിധിന്റെ മരണത്തില്‍ സാക്ഷ്യം പറയാന്‍ ദൃശ്യമാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വന്ന കുട്ടികള്‍ അവര്‍ നേരിട്ട അതിക്രൂരമായ മാനസിക ശാരീരിക പീഡനങ്ങളുടെ വിവരണങ്ങള്‍ കേട്ടപ്പോള്‍ എനിക്ക് തോന്നിയത് അടിമത്തം അവര്‍ സ്വയം സ്വീകരിച്ചു എന്നാണ് (Voluntary Servitude). അവിടെ പഠിക്കുന്നതിനും ഒരു ഡോക്ടര്‍ ആകുന്നതിനും വേണ്ടി ഏതറ്റം വരെയും അതിക്രമങ്ങള്‍ സഹിക്കാന്‍ ആ കുട്ടികള്‍ തയ്യാറായി എന്നാണ് അവരുടെ വാക്കുകളില്‍ നിന്നും നമുക്ക് മനസ്സിലാകുന്നത്. കീഴാള സ്ത്രീകളുടെ നേരെ വന്ന തമ്പുരാന്മാരുടെ ഉദ്ധരിച്ച ലിംഗങ്ങളെ ഉടച്ചുവിട്ട നിരവധി ചരിത്രത്തില്‍ ഇല്ലാത്ത കഥകള്‍ കീഴാള കുടുംബങ്ങളില്‍ ഇന്നും അപ്പൂപ്പന്മാര്‍ പറഞ്ഞു ചിരിക്കാറുണ്ട്. സവര്‍ണ്ണ ചരിത്രത്തില്‍, സ്വയം തുണിയുടുക്കാതെ, തുണിയുടുത്ത സ്ത്രീകളുടെ തുണി വലിച്ചൂരുന്ന സവര്‍ണ്ണ ധീരതയോക്കെയെ കാണൂ. ഒന്നുമില്ലായ്മയിലും, കൊല്ലപ്പെടാനുള്ള സാധ്യത ഉറപ്പായും ഉണ്ടായിട്ടും ആത്മാഭിമാനത്തിന് വേണ്ടി വല്ലപ്പോഴുമെങ്കിലും പൊരുതിയ ആ ജനതയുടെ രാഷ്ട്രീയബോധം പോലും അധുനീകരായ കുട്ടികള്‍ക്ക് ഉണ്ടായില്ല. അതിലൊരു കുട്ടി പറഞ്ഞത് ”നിരന്തരം അനുഭവിച്ച് അനുഭവിച്ച് സാറിന്റെ മാനസിക പീഡനങ്ങള്‍ ഞങ്ങള്‍ക്ക് ശീലമായതുപോലെ തോന്നി” എന്ന്. രക്ഷപ്പെടാന്‍ മാര്‍ഗ്ഗങ്ങള്‍ മുന്‍പില്‍ ഉണ്ടെന്ന് അറിഞ്ഞിട്ടും അതുപയോഗിക്കാന്‍ പോലും കഴിയാതെ ആളുകളെ ഭീതിയുടെ നിഴലില്‍ നിര്‍ത്തുന്ന Hitlerian തടവറയായിരുന്നു ആ കോളേജ്.

മറ്റൊന്ന് കഴിഞ്ഞ ഇരുപത് വര്‍ഷമായി നാസി ജൂതക്യാമ്പ് പോലെ ഒരു കോളേജ് പ്രവര്‍ത്തിച്ചു എന്നത് കേരളാ മോഡല്‍ കേരളത്തിലെ ഒരു സംവിധാനത്തിന്റെയും നിരീക്ഷണ റഡാറില്‍ പതിച്ചില്ല എന്നത് അവിശ്വസനീയമാണ്. അതിനപ്പുറം അതൊരു പച്ചക്കള്ളം മാത്രമാകും. കാണേണ്ടവര്‍ കണ്ടില്ല; നോക്കെണ്ടാവര്‍ നോക്കിയില്ല എന്നതാവും ശരിയായ പ്രയോഗം. നൂറു കണക്കിന് കുട്ടികള്‍ പഠിക്കുന്ന ഒരു സ്ഥാപനത്തില്‍ യാതൊരുവിധ മനുഷ്യാവകാശങ്ങള്‍ പോലുമില്ലാതെ കുട്ടികള്‍ പഠിക്കുന്നു എന്നത് എന്താണ് ആരുടെയും മനസ്സില്‍ വേദന ഉണ്ടാക്കാത്തത്. അധ്യാപകര്‍ കുട്ടികളെ അവരുടെ ജാതി മതം നിറം മറ്റ് ശാരീരിക പ്രത്യേകതകള്‍ അനുസരിച്ച് പന്നി പട്ടി ഒച്ച് കോളനി ആദിവാസി എന്നൊക്കെയാണ് വിളിച്ചുകൊണ്ടിരുന്നത്. കുട്ടികള്‍ക്ക് അവരുടെ പേര് പോലും നഷ്ടപ്പെട്ട അവസ്ഥയാണ് ആ കോളേജില്‍ ഉണ്ടായിരുന്നത്. ജൂതക്യാമ്പില്‍നിന്നും രക്ഷപെട്ട ആളുകള്‍ പറയുന്ന കാര്യം അവര്‍ക്ക് ദിവസങ്ങളോ മാസങ്ങളോ വര്‍ഷങ്ങളോ അവരുടെ പേരുകള്‍ പോലുമോ ഉണ്ടായിരുന്നില്ല എന്നാണ്. ഉണ്ടായിരുന്നത് അവരുടെ ജയില്‍ യൂണിഫോമിലെ നമ്പര്‍ മാത്രം. ഏതാണ്ട് ഇതേ അവസ്ഥയിലാണ് അഞ്ചരക്കണ്ടിയിലെ കുട്ടികള്‍ പഠിക്കുന്നത്. പ്രതികരിക്കാനുള്ള ശേഷി എന്തുകൊണ്ടാണ് അവിടുത്തെ കുട്ടികള്‍ക്ക് നഷ്ടപ്പെട്ടത്. എന്തിനുവേണ്ടിയാണ് അവര്‍ സ്വയം അടിമത്തം സ്വീകരിച്ചത്. വിധേയന്‍ സിനിമയില്‍ ഭാസ്‌കര പട്ടേലര്‍ കൊല്ലപ്പെടുമ്പോള്‍ വിധേയന്‍ പട്ടേലര്‍ ചത്തെ എന്ന് പറഞ് ഓടിപ്പോകുന്ന ഒരു രംഗമുണ്ട്. പട്ടേലര്‍മാര്‍ ചാകുന്നതുവരെ കാത്തിരിക്കേണ്ടതില്ല എന്നാണ് ഇന്ത്യന്‍ ഭരണഘടന പറയുന്നത്. ഇവിടെയാണ് ഭരണഘന ഒരു പുസ്തകം മാത്രമാക്കി നിര്‍ത്തണോ അതോ ഭരണകൂടത്തിന് പ്രവര്‍ത്തിക്കാനുള്ള മാര്‍ഗ്ഗസൂചകം ആയി ഉപയോഗിക്കണോ എന്ന ക്ലാസ്സിക് ചോദ്യം വരുന്നത്.

നിധിന്‍ രാജിന് റീത്തും അനുശോചനവും അല്ല വേണ്ടത്. അകാലത്തില്‍ ജീവിതം അവസാനിപ്പിക്കേണ്ട സാഹചര്യത്തിലേക്ക് എങ്ങനെയാണ് ആ കുട്ടി എത്തിയത്. ആരൊക്കെയാണ് അതിന്റെ പുറകില്‍ ഉള്ളത്. ഇത്തരക്കാരെ ആരാണ് സംരക്ഷിച്ചത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരങ്ങള്‍ നല്‍കുകയും കുറ്റക്കാര്‍ക്ക് എതിരെ ശിക്ഷണ നടപടികള്‍ കൈക്കൊള്ളുകയുമാണ് വേണ്ടത്. മകന്‍ നഷ്ടപ്പെട്ട ആ കുടുംബത്തെ നമുക്ക് ആശ്വസിപ്പിക്കാം. അവരുടെ കടബാധ്യതകള്‍ നമുക്ക് ഏറ്റെടുക്കാം. അവര്‍ക്കൊരു വീട് വെച്ചുകൊടുക്കാം. അവരില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി കൊടുക്കാം. എല്ലാം നല്ല കാര്യങ്ങളെ തന്നെ. പക്ഷെ നമ്മള്‍ ചെയ്യേണ്ട, നിര്‍ബന്ധമായും ചെയ്യേണ്ട കാര്യം നിധിന്റെ മരണത്തിന്റെ പുറകിലുള്ള കാര്യങ്ങള്‍ പൊതുസമൂഹത്തിന്റെ മുന്‍പില്‍ എത്തിക്കുക എന്നതാണ്. നമ്മള്‍ കണ്ടെത്തുന്ന കാര്യങ്ങള്‍ മരിച്ചവര്‍ക്ക് ആവശ്യമില്ല; എന്നാല്‍ അവയൊക്കെയും ജീവിച്ചിരിക്കുന്നവര്‍ക്ക് ആവശ്യമുണ്ട്. അഞ്ചരക്കണ്ടി കേരളത്തിലെ ഒറ്റപ്പെട്ട ഒരു തുരുത്താവാന്‍ ഇടയില്ല. നൂറുകണക്കിന് അഞ്ചരക്കണ്ടികളും നിധിന്മാരും അണിയറയില്‍ അദൃശ്യരായി ഉണ്ടാകും. നിധിന്റെ മരണം അന്വേഷിക്കുക എന്നത് ആ കുട്ടിയുടെ കുടുംബത്തിന്റെ മാത്രം പ്രശ്‌നമല്ല. അത് ജനാധിപത്യ ബോധമുള്ള ഏതൊരാളുടെയുമാണ്. കയ്യില്‍ അധികാരമുള്ളവര്‍ അത് പ്രയോഗിക്കുകയാണ് വേണ്ടത്. മരിച്ചവര്‍ക്ക് അനുശോചനങ്ങള്‍ കൊണ്ട് അതിജീവിക്കാന്‍ കഴിയില്ല. കൊല്ലപ്പെട്ടവന്റെ /ആത്മഹത്യ ചെയ്തവന്റെ അവകാശമാണ് അവരുടെ മരണത്തിന്റെ യാഥാര്‍ത്ഥ്യം പൊതുമണ്ഡലത്തില്‍ എത്തിക്കുക എന്നത്. മരണം വ്യക്തിപരമല്ല അത് സാമൂഹ്യവും രാഷ്ട്രീയപരവുമായ ഒന്നാണ്.

നിധിന്‍ ആത്മഹത്യ ചെയ്യത് ലോണ്‍ ആപ്പുവഴി വായ്പ്പ എടുത്തത് കൊണ്ടാണെന്ന ഒരു കാര്യം കേരളത്തിന്റെ പൊതുബോധത്തിന് മുന്നില്‍ ഉറപ്പിക്കുന്നതില്‍ തല്‍പ്പരകക്ഷികള്‍ വിജയിച്ചിട്ടുണ്ട്. മുതലാളിത്ത ലോകം പ്രവര്‍ത്തിക്കുന്നത് വായ്പ്പകളിലൂടെയാണ്. കഠിനമായി അദ്വാനിച്ച്, പട്ടിണി കിടന്ന് , ഓരോ അരിമണിയും കരുതിവെച്ച് മുതലാളിയായ ആരുണ്ട് ഭൂമിയില്‍. ഒരാളുമില്ല. ഇതാണ് ലോകത്തിന്റെ വാസ്തവം എങ്കില്‍ ലോണ്‍ ആപ്പ് വഴി വായ്പ്പ എടുത്ത നിധിന്‍ സാമാന്യബോധം ഉള്ളൊരു കുട്ടിയായിരുന്നു എന്നാണ് കരുതേണ്ടത്. മുതലാളിത്തം സ്വയം താനൊരു ലിബറല്‍ വ്യക്തി ആണെന്നാണ് ഭാവിക്കുന്നത്. സ്ത്രീകള്‍ക്ക് ജോലിക്ക് പോകാം. അവരെ ആരും തടയരുത്. എല്ലാ അവകാശങ്ങളും എല്ലാവര്‍ക്കും ലഭ്യമാകണം. ഇങ്ങനെയൊക്കെ പോകുന്നു മുതലാളിത്തത്തിന്റെ ധാര്‍മ്മികഘോഷണങ്ങള്‍. എന്നാല്‍ കുടുംബത്തില്‍ നിന്നും ഒരാള്‍ മാത്രം ജോലിക്ക് പോയാല്‍ ജീവിക്കാന്‍ കഴിയുന്ന കൂലി അവര്‍ തൊഴിലാളിക്ക് കൊടുക്കുന്നില്ല എന്ന സത്യം മറച്ചു വെച്ചിട്ടാണ് അവരുടെ ലിബറല്‍ ഗീര്‍വാണങ്ങള്‍ അവര്‍ നടത്തുന്നത്. വായ്പ്പ എടുത്ത് നിധിന്‍ രാജ് കടക്കെണിയില്‍ ആയെന്നു ബോധ്യം വന്ന കോളേജ് പ്രിന്‍സിപ്പലും മറ്റൊരു അധ്യാപികയും ചെയ്യേണ്ടിയിരുന്നത് ആ ചെറിയ സാമ്പത്തിക ബാധ്യത ഉടന്‍ തീര്‍ത്ത് ആ വിവരം നിധിന്റെ കുടുംബത്തെ അറിയിക്കുകയായിരുന്നു. ധാര്‍മ്മിക ബോധമുള്ള ഏതൊരു വ്യക്തിയും അതേ ചെയ്യൂ. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ നിധിന്റെ കുടുംബം അധ്യാപകരുടെ പണം ഉടന്‍ തന്നെ തിരിച്ചു കൊടുക്കുമായിരുന്നു. വായ്പ്പ എടുത്തിട്ട് തിരിച്ചടക്കാതെ വിദേശത്തേക്ക് പോയ എത്ര പാവപ്പെട്ടവര്‍ ഉണ്ട് സനാതന ഇന്ത്യയില്‍. ഒരാളുമില്ല എന്നതാണ് സത്യം. സമൂഹ്യബോധമുള്ള മനുഷ്യര്‍ ചെയ്യുന്ന കാര്യമല്ല അഞ്ചരക്കണ്ടി കോളേജ് പ്രിന്‍സിപ്പലും ലോണ്‍ ആപ്പില്‍ നിന്നും മെസ്സേജ് വന്നേ എന്നലമുറയിട്ട് അത് പരാതിയാക്കിയ അധ്യാപികയും ചെയ്തത്. ലോണ്‍ ആപ്പില്‍ നിന്നും മെസ്സേജ് കിട്ടി എന്ന് കാട്ടി എത്രപേര്‍ക്കെതിരെ കേരളത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട് എന്നതും നമ്മള്‍ ഓര്‍ക്കണം.

അഞ്ചരക്കണ്ടി കോളേജില്‍ നടന്ന കാര്യങ്ങളെ പറ്റി പൊതുസമൂഹത്തിന്റെ മുന്‍പില്‍ വന്ന കാര്യങ്ങള്‍ നോക്കുമ്പോള്‍ കേരളത്തിന് വെളിയിലുള്ള അദ്ധ്യാപകന്‍ പീഡനത്തിന്റെ കാര്യത്തില്‍ ഒരു ”ജനാധിപത്യവാദി” ആയിരുന്നുവെന്നു കാണാം. കുട്ടികളുടെ ജാതിയോ മതമോ നിറമോ ലിംഗമോ പണമോ ഒന്നും നോക്കാതെ അയാള്‍ എല്ലാവരേയും മാനസികമായി പീഡിപ്പിച്ചു അപമാനിച്ചു കളിയാക്കി വിവേചനം കാണിച്ചു. അയല്‍ സംസ്ഥാന അധ്യാപകനെ കുറ്റപ്പെടുത്തുന്നതില്‍ എല്ലാ കുട്ടികളും ഒരുപോലെ മുന്നിട്ടു നില്‍ക്കുന്നുവെങ്കിലും നമ്പ്യാര്‍ പട്ടമുള്ള അധ്യാപകരുടെ കാര്യം വരുമ്പോള്‍ നിധിന്‍ പറഞ്ഞ പോലല്ല മറ്റുള്ളവര്‍ പറയുന്നത്. കേരളത്തില്‍ ആരെയൊക്കെ ജാതീയമായി അധിക്ഷേപിക്കണം ആരെയൊക്കെ വെറുതെ പുകഴ്ത്തണം എന്ന് നമ്പ്യാര്‍മാര്‍ക്ക് അറിയാമല്ലോ. ആ അറിവ് പുരുഷാധ്യാപകന് ഇല്ലായിരുന്നു എന്ന് തോന്നുന്നു. ഇത്രയും കാലം ഒരു മയവും ഇല്ലാതെ കുട്ടികളെ ബുദ്ധിമുട്ടിച്ച അധ്യാപകര്‍ക്ക് എതിരെ കോളേജില്‍ നിന്നും ഫലപ്രദമായ നടപടികള്‍ ഒന്നും എടുത്തില്ല എന്നതും കോളേജിന് വെളിയിലുള്ള റെഗുലേറ്ററി സംവിധാനങ്ങള്‍ മുഴുവന്‍ ഇക്കാര്യത്തില്‍ നിശബ്ദര്‍ ആയിരുന്നു എന്നത് എത്രമേല്‍ കുത്തഴിഞ്ഞ രീതിയിലാണ് കാര്യങ്ങള്‍ നടക്കുന്നത് എന്നത് ഒന്ന് കൂടി ഉറപ്പിക്കുന്നു.

ഇത്രയും ആമുഖമായി പറഞ്ഞതിനുശേഷം ഞാന്‍ നിധിനിലേക്ക് വരട്ടെ. നിധിന്‍ പറഞ്ഞ രണ്ടു ശബ്ദ സന്ദേശങ്ങളാണ് ഞാന്‍ കേട്ടത്. ഒന്നില്‍ അയാളെന്നെ ‘You are an idiot’ എന്ന് വിളിച്ചു അപ്പോള്‍ ഞാന്‍ തിരിച്ച് ‘same to you’ എന്നയാളോട് പറഞ്ഞു എന്നാണ്. മറ്റൊരു ശബ്ദ സന്ദേശത്തില്‍ ”എന്ത് സംഭവിച്ചാലും ഇവിടെനിന്നും ഞാന്‍ ഡോക്ടര്‍ ആയെ പുറത്തിറങ്ങൂ” എന്നാണ് നിധിന്‍ പറയുന്നത്. ഈ രണ്ടു ശബ്ദ സന്ദേശങ്ങളും ആത്മഹത്യ ചെയ്യാന്‍ ഇടയുള്ള ഒരാളുടെത് അല്ല. ഇവിടെയാണ് മരണത്തിനു തൊട്ട് മുന്‍പ് എന്താണ് കോളേജ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ നടന്നതെന്നതിന്റെ പ്രാധാന്യം. എന്താണ് അവിടെ നടന്നത്. എന്താണ് അധ്യാപകര്‍ കുട്ടിയോട് ചോദിച്ചത്. എന്നതിനൊക്കെ വളരെ പ്രാധാന്യമുണ്ട്. ആത്മസംഘര്‍ഷം താങ്ങാനാകാതെ നിധിന്‍ ആത്മഹത്യ ചെയ്തു എങ്കില്‍ തീര്‍ച്ചയായും അത് കുട്ടിയുടെ മൊബൈല്‍ അധ്യാപകര്‍ ബലമായി വാങ്ങി വെച്ചതുകൊണ്ട് മാത്രമാകും. അന്നേ ദിവസം വീട്ടിലേക്ക് പോകാന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തയാള്‍ എന്തായാലും ഒരു ആത്മഹത്യ ആസൂത്രണം ചെയ്യാനുള്ള സാധ്യത വിരളമാണ്. കരഞ്ഞുകൊണ്ട് പ്രിന്‍സിപ്പല്‍ റൂമില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയ നിധിനെ സംബന്ധിച്ച് ആരെയെങ്കിലും വിളിച്ച് തനിക്കുണ്ടായ മോശം അനുഭവങ്ങള്‍ ഒന്ന് പറയാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ തീര്‍ച്ചയായും ആ കുട്ടി ആത്മഹത്യ തിരഞ്ഞെടുക്കുമായിരുന്നില്ല. നിധിന്റെ ഫോണ്‍ ബലമായി മേടിച്ചു വെച്ചതുകൊണ്ട് മാത്രമാണ് തനിക്കുണ്ടായ മാനസിക സംഘര്‍ഷം മറ്റൊരാളോട് അവന് പങ്കു വയ്ക്കാന്‍ കഴിയാതിരുന്നത്. ഇന്നത്തെക്കാലത്ത് ഒരാളുടെ ഫോണും അയാളും തമ്മിലുള്ള ബന്ധം ഏതാണ്ട് അഭേദ്യമായ ഒന്നാണ്. ഗെയിം കളിക്കണ്ട എന്ന് പറഞ്ഞാല്‍, സ്വന്തം ഫോണ്‍ മറ്റൊരാള്‍ എടുത്താല്‍ ഉണ്ടാകുന്ന ദേഷ്യം കൊലപാതകങ്ങള്‍ വരെയാകുന്ന ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. വീട്ടില്‍ പോകാന്‍ നില്‍ക്കുന്ന കുട്ടിയുടെ ഫോണ്‍ ബലമായി മേടിച്ചുവെച്ചവര്‍ ആരാണെങ്കിലും അവര്‍ നിധിന്റെ മരണത്തിന് ഉത്തരവാദികള്‍ ആണ്. സ്വന്തം ഫോണ്‍ സ്‌നേഹപൂര്‍വ്വം അധ്യാപകരെ ഒരു കുട്ടി ഏല്‍പ്പിക്കും എന്ന് സാമാന്യബോധമുള്ള ഒരാളും ഇന്ന് കരുതില്ല. പ്രിന്‍സിപ്പല്‍ റൂമില്‍ നടന്ന കാര്യങ്ങള്‍ കൃത്യമായി നിര്‍ദ്ധാരണം ചെയ്യുക എന്നത് നിധിന്റെ മരണത്തിലേക്ക് നയിച്ച കാര്യങ്ങള്‍ അറിയുന്നതില്‍ നിര്‍ണ്ണായകമാണ്. എന്നാല്‍ ഈ വിവരങ്ങള്‍ പൊതുമണ്ഡത്തിലേക്ക് എത്തുന്നില്ല എന്നതാണ് അധീശവര്‍ഗ്ഗങ്ങളുടെ സാമൂഹ്യ മൂലധനം എന്നത്.

അഞ്ചരക്കണ്ടി കോളെജിന്റെ ചരിത്രത്തിലെ ഒരു നിര്‍ണ്ണായക നിമിഷമായിരുന്നു തന്നോട് ‘You are an idiot’ എന്ന് പറഞ ജാതിവാദിയായ അധ്യാപകനോട് ‘same to you’ എന്ന് നിധിന്‍ പറഞ്ഞത്. എന്താണ് അധികാരം എന്ന് വിശദീകരിക്കുന്ന സമയത്ത് ഫ്രഞ്ച് തത്വചിന്തകനായ ഫൂക്കോ പറയുന്ന ഒരു പ്രധാനകാര്യം ”ഒരാള്‍ മറ്റൊരാളുടെ മേല്‍ അധികാരപ്രയോഗം നടത്തുമ്പോള്‍ അതിനകത്ത് തന്നെ ‘എതിര്‍പ്പിന്റെ’ (Resistance) സാധ്യതകളും ഉണ്ടെന്നാണ്. യാതൊരു ഏജന്‍സിയും ഇല്ലാത്ത ഒരാളായി, തന്റെ അധികാരമുപയോഗിച്ച് നിധിന്റെ മനുഷ്യനെന്ന അസ്തിത്വത്തെ പോലും നിഷേധിക്കാന്‍ അധ്യാപകന് കഴിയുമ്പോഴും ആത്മാഭിമാനത്തിന് വേണ്ടിയുള്ള പരിശ്രമമാണ് ആ ‘same to you” എന്ന വാക്കുകളില്‍ ഉള്ളത്. പട്ടികജാതിക്കാരനായ ഒരാളോട് ‘You are an idiot’ എന്ന് അധീശവര്‍ഗ്ഗത്തില്‍ പെട്ട ഒരാള്‍ പറയുമ്പോള്‍ അപരന്‍ ‘same to you” എന്ന് പറയുമ്പോള്‍ അധികാരത്തിന്റെ പ്രയോഗത്തില്‍ ചെക്ക് പറയുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. ഇനി ആരുടെ വാദമാണ് മുന്നോട്ട് പോകുന്നത് എന്നത് ഭരണകൂടം ആര്‍ക്കൊപ്പം നില്‍ക്കും എന്നതിനെ ആശ്രയിച്ചിരിക്കും.

ജാതി വാദിയായ ഒരാളെ നമുക്കൊന്ന് അടുത്ത് പോയി നോക്കാം. ജാതി എന്നത് ഭൌതികമായി അസ്തിത്വമുള്ള ഒന്നല്ല. ഒരാളുടെ ശരീരത്തിനുള്ളില്‍ ജനിതകമായി കോഡ് ചെയ്തിട്ടുള്ള ഒന്നല്ല അയാളുടെ ജാതി. ഒരാളുടെ ജാതി അയാളുടെ നിറമോ മറ്റിതര ശരീര പ്രകൃതികള്‍ കൊണ്ടോ തനിക്ക് മനസിലാകും എന്നൊരാള്‍ പറഞ്ഞാല്‍ അത് സ്വജാതി വിവാഹം കൃത്യമായി അണുവിട തെറ്റാതെ നടക്കുന്ന ഒരു സമൂഹത്തില്‍ മാത്രമേ ഒരു പരിധിവരെയെങ്കിലും സാധിക്കൂ. ജാതി എന്നത് ജന്റെര്‍ പോലെ ഒരു സാമൂഹ്യ നിര്‍മ്മിതി (Social Construct) മാത്രമാണ്. അതായത് കൃത്യമായ സാമൂഹ്യ നിയന്ത്രണത്തിനുള്ളില്‍ അളവ് തെറ്റാതെ ബലപ്രയോഗം കൊണ്ട് പരിപാലിക്കുന്ന ഒരു സാമൂഹ്യ വൈകൃതം മാത്രമാണ് ജാതി. അഞ്ചരക്കണ്ടിയിലെ ജാതിവാദികളായ അധ്യാപകര്‍ക്ക് നിധിനില്‍ നിന്നും വ്യത്യസ്തമായി എന്തോ സവിശേഷമായിട്ടുള്ള ജാതിഗുണം ഉണ്ടെന്നുള്ളത് ഒരു മിത്ത്മാത്രമാണ്. ഒരു ജാതിയുടെ പുറകിലും അങ്ങനെയൊരു സവിശേഷമായ ഗുണമൊന്നും ഇല്ല. ഉണ്ടെന്നുള്ള കെട്ടുകഥയെ അധികാരം കൊണ്ടോ അധികാരത്തിന്റെ സംരക്ഷണം കൊണ്ടോ ഉറപ്പിക്കുന്നു എന്ന് മാത്രം. നിധിനെ എന്ത് ചെയ്യാലും എന്നെ ആരുമൊന്നും ചെയ്യാന്‍ പോകുന്നില്ലെന്ന പൂര്‍ണ്ണ ബോധ്യത്തിലാണ് സവര്‍ണ്ണത കുടികൊള്ളുന്നത്. അല്ലാതെ സവര്‍ണ്ണര്‍ ആയ മനുഷ്യരുടെ ഉള്ളിലുള്ള എന്തെങ്കിലും ഉണ്മയില്‍ അല്ല. നിധിനെ കീഴാളന്‍ ആക്കുന്നതും അവന്റെ അധ്യാപകനെ സവര്‍ണ്ണന്‍ ആക്കുന്നതും നിലവിലുള്ള അധികാര വ്യവസ്ഥയാണ്. നിധിന്‍ മരിച്ചിട്ട് ഇത്രദിവസങ്ങള്‍ ആയിട്ടും കുറ്റവാളികള്‍ ആയവര്‍ക്ക് മറയത്ത് നില്ക്കാന്‍ കഴിയുന്നു എന്നതാണ് ജാതിയുടെ പ്രിവിലേജ്. അവരെ അറസ്റ്റ് ചെയ്യണമെന്ന് അധികാരികള്‍ക്ക് തോന്നുന്നില്ല എന്നതാണ് ജാതിയുടെ പ്രിവിലേജ്. ജനാധിപത്യത്തില്‍ ദലിത് അവസ്ഥ ഇതാണെങ്കില്‍ സവര്‍ണ്ണ രാഷ്ട്രത്തില്‍ എന്തായിരിക്കും എന്നൂഹിച്ചാല്‍ മതി.

***

സിയര്‍ മനുരാജ്

റിസർച്ച് സ്കോളർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി

 

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.