
മോഹിനിയാട്ടം എന്ന സിനിമയില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ‘മാരകായുധങ്ങള്‍’ എന്നൊരു ബോര്‍ഡ് എഴുതി വെച്ചത് കണ്ടപ്പോഴാണ് ഏറ്റവും ഗംഭീരമായ ചിരി വന്നത്. മുമ്പ് ഒരു തമിഴ് ഫഹദ് ഫാസില്‍ സിനിമയില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളുടെ ഒരു ഇന്റേണല്‍ സ്ട്രക്ചറിനെ കുറിച്ച് പറയുന്നുണ്ട്. അകത്ത് കയറിയാല്‍ എല്ലാം കാണാതെ പുറത്തേക്ക് ഇറങ്ങാന്‍ കഴിയില്ല. ”എല്ലാം” എന്ന് പറഞ്ഞാല്‍ സൂപ്പര്‍ മാര്‍ക്കറ്റ് എന്നൊരു കണ്സ്ട്രക്റ്റ് നിര്‍മ്മിക്കുന്ന ‘എല്ലാം’ ആണ്. ആ സാഹചര്യത്തില്‍ ”മാരകായുധങ്ങള്‍” എന്നൊരു സെക്ഷന്‍ വരികയും കേരളത്തിലെ ഒരു കുടുംബം ഒരു ക്രൈമിനായി അവിടെ നിന്ന് ആയുധങ്ങള്‍ വാങ്ങാന്‍ പോകുകയും ചെയ്യുന്നത്, ജീവിതത്തിന്റെ സാധാരണ ഉപഭോഗ ഘടനയ്ക്കുള്ളില്‍ ക്രൈമും എങ്ങനെ സ്വാഭാവികമായി ചേര്‍ന്നു പോകുന്നു എന്നതിന്റെ ഒരു സറ്റയറായി ആ സീന്‍ രൂപപ്പെടുന്നു.

ദൃശ്യം എന്ന സിനിമ രണ്ടായിരത്തി പതിമൂന്നില്‍ ഇറങ്ങുമ്പോള്‍ മലയാള സിനിമ വ്യവസ്ഥാപിതമായ കുടുംബ ഘടനയില്‍ നിന്ന് വിടുതല്‍ നേടി പുതിയ പല പ്രമേയങ്ങളിലേക്കും വളര്‍ന്നിരുന്നു. ആ പരിണാമത്തിന്റെ ഘട്ടത്തിലാണ് ജോര്‍ജ് കുട്ടി സ്വന്തം കുടുംബത്തെ രക്ഷിക്കാന്‍ എന്തും ചെയ്യും എന്ന രീതിയില്‍ പല ദൃശ്യങ്ങളും നിര്‍മ്മിക്കുന്നത്. ഏറ്റവും വലിയ രസം, ജോര്‍ജ് കുട്ടി പലവിധ ദൃശ്യങ്ങളിലൂടെ നിയമ സംവിധാനങ്ങളെ കബളിപ്പിക്കുന്നത് പോലെ തന്നെ, ദൃശ്യം എന്ന സിനിമ കുടുംബം എന്ന ഘടനയെക്കുറിച്ച് കാണികളുടെ മുന്നില്‍ വീണ്ടും വീണ്ടും ഉറപ്പിച്ചു സ്ഥാപിക്കുന്ന മറ്റൊരു വിഷ്വാലിറ്റിയും കാണികളിലേക്കും രൂപപ്പെടുത്തുന്നു. സിനിമയും കാണികളും സമൂഹവും ചേര്‍ന്ന് ഉണ്ടാക്കുന്ന ഒരു മെറ്റാ നറേറ്റിവ് പോലെ അത് പ്രവര്‍ത്തിക്കുന്നു. അതുകൊണ്ടാണ് ഈ സിനിമ ഇന്ത്യയിലെ വിവിധ ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ടപ്പോഴും ആ ”കുടുംബം” എന്ന ദൃശ്യം അതത് സമൂഹങ്ങളിലെ കാണികളില്‍ സ്ഥിരമായി നിലനിന്നത്.
മോഹിനിയാട്ടം ക്രൈമിന്റെ കാര്യത്തില്‍ ദൃശ്യത്തിന്റെ ഒരു പാരഡിയാണ്. മോഹിനിയാട്ടം എന്ന സിനിമയില്‍ കുടുംബം സംരക്ഷിക്കപ്പെടേണ്ട ഒന്നാകുമ്പോള്‍ തന്നെ പല തരത്തിലുള്ള ചതികളും തന്ത്രങ്ങളും കൊണ്ട് നിലനില്‍ക്കുന്ന ഒരു യൂണിറ്റുമാണ്. സമൂഹം ആഘോഷിക്കുന്ന കുടുംബം എന്ന യൂണിറ്റിന്റെ ചില രൂപങ്ങള്‍ ഇങ്ങനെ കൂടിയാണെന്ന് ഈ സിനിമ ചിരിപ്പിച്ചു കാണിക്കുന്നു. ദൃശ്യം സിനിമയുടെ സ്വാധീനത്തില്‍ നിന്നുള്ള ക്രൈമും അതിന് ശേഷമുള്ള ഇന്‍സ്റ്റന്റീനിയസ് കോമഡികളും മോഹിനിയാട്ടത്തില്‍ വരുമ്പോള്‍, അത് ഒരു അനുകരണം മാത്രമല്ല, ദൃശ്യം എന്ന സിനിമയുടെ തന്നെ ഒരു പാരഡിയായി മാറുന്നു. സ്വന്തം ഭാര്യയെ തന്നെ ഭഗവതി ആക്കി മാറ്റുന്ന കോമഡി ഒക്കെ കേരളത്തിലെ രാഷ്ട്രീയത്തെയും മലയാള സിനിമയിലെ നെപ്പോട്ടിസത്തേയും ഒക്കെ ചേര്‍ത്ത് വായിച്ചാല്‍ ചിലപ്പോള്‍ ചിരി നിര്‍ത്താന്‍ കഴിയില്ല. ഭക്തിയും ഉടായിപ്പും തമ്മിലുള്ള പഴയ മലയാള യുക്തിവാദ നാടകങ്ങളിലെ തമാശകള്‍ പുതിയ രൂപത്തില്‍ ഈ സിനിമയില്‍ വരുമ്പോഴും, മിക്സ്ചറും മോരും രാമന്റെ മിത്തും ഒക്കെ ചേര്‍ന്ന് സിനിമ ചിരി സൃഷ്ടിക്കുന്നു.

പക്ഷേ ഈ സിനിമയുടെ ഏറ്റവും വലിയ കോമഡി ഇതൊന്നുമല്ല. കേരളത്തിലെ സവര്‍ണ്ണ നായര്‍ ജീവിതരീതികളെ ഇത് എങ്ങനെ കാണിക്കുന്നു എന്നിടത്താണ് ആ വലിയ ചിരി ഉണ്ടാകുന്നത്. അംഗീകരിക്കപ്പെട്ട അവിഹിതങ്ങള്‍, ഭൂമിയുമായി ബന്ധപ്പെട്ടു നില്ക്കുന്ന ഒരു സാമ്പത്തിക ജീവിതം, കുടുംബം എന്ന ഘടനയെ നിലനിര്‍ത്താനുള്ള ഒരു വല്യേട്ടന് കളികള്‍, ഒരു എയ്ഡഡ് സ്കൂളില്‍ ജോലിക്ക് വേണ്ടി പണം കണ്ടെത്താനുള്ള തത്രപ്പാട്, പണം സമ്പാദിക്കാന്‍ നടത്തുന്ന പല തരത്തിലുള്ള തട്ടിപ്പുകള്‍, ഫേക്ക് ആരാധനാലയങ്ങള്‍ സൃഷ്ടിച്ച് അവയില്‍ നിന്ന് പണം ഉണ്ടാക്കുന്ന രീതികള്‍-ഇവയെല്ലാം ചേര്‍ന്നാണ് ഒരു ജീവിതരീതി ഇവിടെ രൂപപ്പെടുന്നത്. ഇവിടെ കുടുംബത്തില്‍ തന്നെ പരസ്പരം പറ്റിക്കുന്നതും, അവസരം കിട്ടുമ്പോള്‍ തന്നെ പൊളിഞ്ഞുപോകുന്ന ബന്ധങ്ങളും കാണാം. ഒരു നൂറ്റാണ്ട് മുമ്പ് ജീവിക്കേണ്ട ഒരു ജീവിതരീതി ഇപ്പോഴും തുടരേണ്ടി വരുന്ന അവസ്ഥ, ഈ സിനിമയില്‍ ഒരു കോമിക് ഫലസിയായി മാറുന്നു. ഒരു പോസ്റ്റ്-ഡിജിറ്റല്‍ എക്കോണമിയിലും ഭൂമിയുടെയും ആരാധനയുടെയും ചുറ്റുപാടില്‍ ജീവിക്കുന്ന ഈ ഘടന, അതിന്റെ തന്നെ പഴക്കം കൊണ്ട് ചിരിപ്പിക്കുന്ന ഒന്നായി മാറുന്നു.
ആരാധനാലയങ്ങളുടെ ഇക്കണോമിക് പവര്‍ എന്നത് കേരളത്തില്‍ വളരെ വ്യക്തമായ ഒരു ഘടനയാണ്. വിശ്വാസം മാത്രമല്ല, അത് ഒരു വരുമാന സംവിധാനവുമാണ്. അതുകൊണ്ടാണ് പല അപരങ്ങളായ ദളിത് സമൂഹങ്ങളുടെ അടക്കം ആരാധനാ സമ്പ്രദായങ്ങളെ ക്ഷേത്രങ്ങളാക്കി മാറ്റാനും, അതിന്റെ ചുറ്റുപാടില്‍ ഒരു സാമ്പത്തിക ഘടന സൃഷ്ടിക്കാനും കേരളത്തില്‍ ശ്രമങ്ങള്‍ നടക്കുന്നത്. ഈ സിനിമയില്‍ സവര്‍ണ്ണരുടെ ആരാധനാക്രമങ്ങള്‍ എങ്ങനെ രൂപപ്പെടുന്നു, പിന്നീടത് എങ്ങനെ ഒരു സാമ്പത്തിക പ്രക്രിയയായി മാറുന്നു എന്നത് സൂക്ഷ്മമായി കാണിക്കുന്നുണ്ട്. നായന്മാരുടെ ആരാധനാക്രമങ്ങളുടെ ഒരു ചരിത്രമായി ഡോക്യുമെന്റേഷനായി എടുത്താല്‍, ആ ചരിത്രം നോക്കി ചിരിച്ചു ഊപ്പാടിളകും.
മോഹിനിയാട്ടം എന്ന സിനിമ അതിന്റെ ക്രിയേറ്റേഴ്സ് എങ്ങനെ രൂപപ്പെടുത്തിയാലും അതിനെ സ്ട്രക്ചറല്‍ ആയി പല തരത്തില്‍ കാണുവാന്‍ സാധ്യതകളുണ്ട്. ആ സിനിമയിലെ ചില ഇന്‍സ്റ്റന്റീനിയസ് കോമഡികള്‍ അപാര സാധ്യതകളുള്ളതാണ്. അതേ സമയം ആ സിനിമയുടെ ഭാഗമായി ഉള്ളിലേക്ക് കയറാതെ, ഒരു സ്പെക്ടേറ്റര് ആയി നില്‍ക്കാതെ, കേരളത്തിലെ സവര്‍ണ്ണ നായര്‍ സമൂഹങ്ങളുടെ ഗതികേടുള്ള ജീവിതത്തെ ഒരു പഴയ ജീവിതരീതി എന്ന നിലയില്‍ കാണാന്‍ തുടങ്ങിയാല്‍, കുറേ കാലം ചിരിക്കാനുള്ള വകുപ്പുകള്‍ ഉണ്ടാകും. അതുകൊണ്ട് തന്നെ മോഹിനിയാട്ടം മലയാള സിനിമയിലെ രസമുള്ള ഒരു ഡോക്യുമെന്റേഷനാണ്.
***








No Comments yet!