കൃഷ്ണദാസ് മുരളിയും വിഷ്ണു പ്രദീപും കഥയെഴുതി കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത സിനിമയാണ് ”ഭരതനാട്യം 2 മോഹിനിയാട്ടം. ”ഭരതനാട്യം” എന്ന ആദ്യഭാഗം തീയേറ്ററില്‍ വലിയ ചലനങ്ങളൊന്നും ഉണ്ടാക്കിയിരുന്നില്ല. എന്നാല്‍ മോഹിനിയാട്ടത്തിലേക്ക് എത്തിയപ്പോള്‍ കേവലം മുന്നൂറില്‍ താഴെ പ്രതിദിന ഷോകളുമായി തുടങ്ങിയ സിനിമ പത്താം ദിവസം എത്തുമ്പോള്‍ പ്രതിദിന ഷോകളുടെ എണ്ണം 800 ആക്കി ഉയര്‍ത്തി എന്നത് സിനിമയുടെ വാണിജ്യ വിജയത്തെ സൂചിപ്പിക്കുന്നു. സിനിമയുടെ കഥയ്ക്കുള്ളിലേക്ക് ഞാന്‍ പ്രവേശിക്കുന്നില്ല. കാണാന്‍ പോകുന്ന ആളുകളുടെ സന്തോഷത്തില്‍ നമ്മള്‍ കത്തിവയ്ക്കാന്‍ പാടില്ലല്ലോ. ഇന്ത്യന്‍ സാമൂഹ്യ രാഷ്ട്രീയ പരിസ്ഥിതിയില്‍ ഈ സിനിമയിലൂടെ അനാവരണം ചെയ്യുന്ന ചില തീമുകളെ വിശകലനം ചെയ്യുക മാത്രമാണ് ഈ ലേഖനം ചെയ്യുന്നത്. കയ്യില്‍ നാല് പുത്തന്‍ കിട്ടുമെങ്കില്‍ ശരാശരി മലയാളി എന്ത് വൃത്തികേടിനും തയ്യാറാകും എന്നാണ് സിനിമ നമ്മളോട് പറയുന്നത്. ഇപ്പോള്‍ തീയേറ്ററില്‍ നിറഞ്ഞ സദസ്സില്‍ ഓടിക്കൊണ്ടിരിക്കുന്ന വാഴ സിനിമയുടെ തലക്കെട്ട് ”വാഴ A biopic of billion boys’ എന്നാണല്ലോ. മോഹിനിയാട്ടം സിനിമയുടെ പോസ്റ്ററില്‍ ‘A biopic of billion Malayalis’ എന്ന് ചേര്‍ത്തിരുന്നുവെങ്കില്‍ അത് കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമായ ഒരു പേരാകുമായിരുന്നു.

ഇന്ത്യയില്‍ നരസിംഹ റാവുവും മന്‍മോഹന്‍ സിംഗും ചേര്‍ന്ന് I.M.F. ഉം ലോകബാങ്കും കൊടുത്ത മാനുവല്‍ ഉപയോഗിച്ച് നവലിബറല്‍ ദാരിദ്ര്യവല്‍ക്കരണവും സാമ്പത്തിക അസമത്തവല്‍ക്കരണവും ആഘോഷമായി തുടങ്ങിയപ്പോള്‍ ഇന്ത്യയിലെ ഇടതുപക്ഷം പറഞ്ഞിരുന്നു മനുഷ്യരുടെ കണ്ണ് സമ്പത്ത് കണ്ട് മഞ്ഞളിക്കുമെന്ന്. പറഞ്ഞവര്‍ക്ക് തന്നെ ഭയമുണ്ടായിരുന്നു തങ്ങള്‍ കെട്ടിപ്പൊക്കിയ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തില്‍ നിന്നും തങ്ങള്‍ തന്നെ പുറകോട്ട് പോകുമോയെന്ന്. നവലിബറല്‍ നയത്തിന്റെ പേരിടലും നൂലുകെട്ടും കഴിഞ്ഞ് കുട്ടിക്ക് മുപ്പത് വയസ്സ് കഴിഞ്ഞപ്പോള്‍ ആളുകളുടെ പേടികള്‍ അസ്ഥാനത്തായില്ല എന്നാണ് വര്‍ത്തമാന ഇന്ത്യ സൂചിപ്പിക്കുന്നത്. എനിക്കും പണം കിട്ടണം എനിക്കും സുഖിക്കണം എന്നതായിരിക്കുന്നു ആളുകളുടെ ജീവിത മുദ്രാവാക്യം. മുന്തിരിച്ചാറുപോലുള്ള ജീവിതം കിട്ടാന്‍ ഞാന്‍ ആരെയും കൊല്ലും ആരുടെ വീട്ടില്‍ കയറിയും മോഷ്ടിക്കും ആരെയും സ്വന്തം അമ്മയെ വരെ ബലാല്‍ക്കാരം ചെയ്യും ഏതഴിമതിയും ചെയ്യും ഞാന്‍ ഉദ്ദേശിക്കുന്നത് കിട്ടാന്‍ എന്തും ഞാന്‍ ചെയ്യും എന്നതാണ് ഇന്നത്തെ നില. സുഖത്തിന് വേണ്ടിയുള്ള പരക്കം പാച്ചിലില്‍ ഒന്നും എനിക്ക് തടസ്സമല്ല. ലെവിയത്താന്‍ എന്ന പുസ്തകത്തില്‍ തോമസ് ഹോബ്‌സ് പറയുന്നത് നിയമവാഴ്ച ഇല്ലാത്ത ഒരു സമൂഹത്തില്‍ സ്വന്തം നില പരുങ്ങലില്‍ ആണെന്ന് തോന്നല്‍ ഉണ്ടായാല്‍ പിന്നെ അപരനെ കൊല്ലാന്‍ ഒരാളും മടിക്കില്ല എന്നാണ്. തോമസ് ഹോബ്‌സിന്റെ ഈ സാമൂഹ്യ സങ്കല്‍പ്പനത്തിന് മുകളിലാണ് കൃഷ്ണദാസ് മുരളി മോഹിനിയാട്ടം ആടുന്നത്.

നിര്‍മ്മാല്യം സിനിമയുടെ ക്ലൈമാക്‌സില്‍ വെളിച്ചപ്പാട് വിഗ്രഹത്തിന് മുകളിലേക്ക് തുപ്പുന്ന ഒരു സീനുണ്ട്. ഇന്ന് അതുപോലൊരു സീന്‍ ഉണ്ടാക്കാന്‍ കഴിയുമോ എന്ന ചോദ്യം സനാതനയുടെ തേരോട്ട കാലത്ത് പലരും ചോദിക്കാറുണ്ട്. എന്നാല്‍ കഴിയും എന്നാണ് മോഹിനിയാട്ടം സിനിമ കാണിച്ചുകൊടുക്കുന്നത്. കേരളം മുഴുവന്‍ ഇരുട്ട് നിറഞ്ഞു കിടന്നപ്പോള്‍ ആളുകള്‍ മാടനെയും മറുതയേയും പേയിനെയുംരക്ത രക്ഷസ്സിനേയും പേടിച്ചു. എന്നാല്‍ അതേ പേടിയുമായി ആളുകള്‍ അന്തിതിരി താഴ്ത്തി ഉറക്കത്തിലേക്ക് പോയപ്പോള്‍ അധീശവര്‍ഗ്ഗപുരുഷന്മാര്‍ ഉദ്ധരിച്ച പുരുഷ ധ്വജങ്ങളും കുത്തുവിളക്കുമായി ഇരുട്ടില്‍ പരസ്പരം കൂട്ടിമുട്ടാതെ സുഖം തേടി അലഞ്ഞുകൊണ്ടിരുന്നു. ദൈവത്തിന്റെ ഏറ്റവും അടുത്ത് നില്‍ക്കുമ്പോഴാണ് അതിന്റെ അഭാവം ഏറ്റവും കൂടുതല്‍ നമുക്ക് അറിയാന്‍ കഴിയുക. കൂടെക്കിടക്കുന്നവര്‍ക്കല്ലേ രാപ്പനി അറിയൂ എന്നത് പഴഞ്ചൊല്ല് മാത്രമല്ല. കേരളത്തിലെ ഒരു പ്രശസ്ത എഴുത്തുകാരന്റെ ആത്മകഥയില്‍ വിഗ്രഹത്തിനു മുകളില്‍ താന്‍ മൂത്രമൊഴിച്ച കഥ അദ്ദേഹം വിവരിക്കുന്നുണ്ട്. ഇല്ലാത്ത ഒന്നിനെ, അതും ഭൂമിയിലെ മുഴുവന്‍ മനുഷ്യരും ഉണ്ടെന്ന് വിശ്വസിക്കാന്‍ യാതൊരു മടിയും കാണിക്കാത്ത ഒന്നിനെ മുന്‍നിര്‍ത്തി നാല് പുത്തന്‍ ഉണ്ടാക്കാന്‍ ആളുകള്‍ ശ്രമിക്കുന്നിടത്താണ് സിനിമയുടെ തുടക്കം.
ഇല്ലാത്ത കെട്ടുകഥകളുടെ പിന്‍ബലത്തില്‍, യുക്തിക്ക് ഒട്ടും നിരക്കാത്ത ആചാര അനുഷ്ഠാനങ്ങളെ മുന്നില്‍ വെച്ചുകൊണ്ട് ആളുകളുടെ ഭക്തിയെ ചൂഷണം ചെയ്യുന്ന ഭക്തി സ്റ്റാര്‍ട്ട് അപ്പുകളായി മാറുന്ന ദൈവാലയങ്ങളെ ആണ് സിനിമ പ്രശ്‌നവല്‍ക്കരിക്കുന്നത്. കുട്ടികള്‍ ഉണ്ടാകാന്‍ വേണ്ടി ഭര്‍ത്താവിന്റെ തലയില്‍ പൂജാരി തേങ്ങ അടിച്ചു പൊട്ടിക്കുന്ന ഒരാചാരം സിനിമയില്‍ ഉണ്ട്. തലയില്‍ തേങ്ങ അടിച്ചു പൊട്ടിച്ചാല്‍ അല്ല കുട്ടി ഉണ്ടാവുക എന്നത് കേരള മോഡല്‍ വിദ്യാഭ്യാസം നമ്മളെ പഠിപ്പിക്കുകയും എന്നാല്‍ ഒരു തേങ്ങ തലയില്‍ പൊട്ടിച്ചാല്‍ ഉന്തിന്റെ കൂടെ ഒരു തള്ളല്‍ കൂടിയായാലോ എന്ന തോന്നലും ഫ്യൂഡല്‍ കേരളത്തിന്റെ സാംസ്‌കാരിക അവശേഷിപ്പുകള്‍ നമ്മളുടെ ഉള്ളില്‍ സ്വാഭാവികമായി ജനിപ്പിക്കുന്നതിന്റെ വൈരുധ്യവും അതില്‍ ശരാശരി മലയാളിക്ക് ഇല്ലാതെ പോകുന്ന ജാള്യതയിലും ആണ് ക്രിമിനലുകള്‍ ദൈവത്തെ വിറ്റഴിക്കാന്‍ ഉള്ള ഉല്‍പ്പന്നമാക്കി മാറ്റുന്നത്. ദൈവം എങ്ങനെയാണ് ഒരു നവലിബറല്‍ Commodity (ഉല്‍പ്പന്നം) ആയി മാറുന്നത് എന്ന് സിനിമ കൃത്യമായി കാണികളിലേക്ക് എത്തിക്കുന്നു. എരിവും പുളിവും സമാസമം ചേര്‍ത്ത കഥകളിലൂടെ, ആളുകളെ ഉത്തേജിപ്പിക്കുന്ന ആചാര അനുഷ്ഠാനങ്ങളിലൂടെ, ഒരാള്‍ ഒറ്റയ്ക്കല്ല ഒരു ദേശം തന്നെ ദൈവത്തെക്കാണാന്‍ വരുന്നതാണ് ശരിയായ വഴി എന്ന് ആളുകളെ ബോധ്യപ്പെടുത്തി അവരുടെ കീശ കാലിയാക്കുന്ന കലാപരിപാടിയയി ദൈവത്തെ മാറ്റുന്ന Contemporary Spiritual Criminal Syndicates നെ വെളിച്ചത്തിലേക്ക് വലിച്ചിടുകയാണ് ഈ സിനിമ ചെയ്യുന്നത്. ഒരു പുതിയ ദേശത്ത് ചെന്നാല്‍ അവിടുത്തെ ദൈവത്തെ ഒന്ന് കണ്ട് വണങ്ങിയാലെ തനിക്ക് സന്തോഷം വരൂ എന്ന് സിനിമയിലെ ഒരു കഥാപാത്രം പറയുന്നുണ്ട്. കുഞ്ഞുങ്ങള്‍ ഉണ്ടാവാന്‍ തലയില്‍ തേങ്ങ അടിച്ചുപൊട്ടിച്ച് തലയും പോയിരിക്കുന്ന വിദ്വാന്‍ ”കാശ് കൊടുത്ത് അദ്ധ്യാപകന്‍ ആകാന്‍ കോട്ടും തുന്നി ഇരിക്കുന്ന” ആളാണ് എന്നത് എന്തുകൊണ്ട് കേരളത്തിലും വിദ്യാഭ്യാസവും അന്ധവിശ്വാസവും ഒരേപായില്‍ തിന്നുറങ്ങുന്നു എന്നത് കാണികളെ കാണിച്ചു കൊടുക്കുന്നു. മനുഷ്യരെ ദൈവം ഉണ്ടാക്കിയതാണോ അതോ കുരങ്ങനില്‍ നിന്നും പരിണമിച്ചുണ്ടായതാണോ എന്ന് ജന്തുശാസ്ത്രഅധ്യാപകരിലെ വിശ്വാസികളോട് ചോദിച്ചാല്‍ വീട്ടിലെത്തിയാല്‍ ദൈവം സ്‌കൂളില്‍ കുരങ്ങന്‍ എന്നതാണ് നില. തേങ്ങയും തലയും ഗര്‍ഭവും തമ്മിലുള്ള ബന്ധം പടച്ചുവിട്ട ഒരു കള്ളം ആണെന്നയാള്‍ തിരിച്ചറിയുന്ന ഒരു നിമിഷമുണ്ട്. ആ തിരിച്ചറിവ് നമ്മള്‍ മുഴുവന്‍ മനുഷ്യര്‍ക്കും ഉണ്ടാവണം.
അവസരങ്ങളുടെ അഭാവമാണ് ധാര്‍മ്മികത. നമ്മള്‍ കൊല്ലുന്നില്ല അല്ലെങ്കില്‍ മോഷ്ടിക്കുന്നില്ല അല്ലെങ്കില്‍ ബലാല്‍സംഗം ചെയ്യുന്നില്ല എന്നതിന് നമ്മള്‍ ധര്മ്മിഷ്ഠര്‍ ആണെന്നൊരു അര്‍ത്ഥമില്ല എന്നാണ് സിനിമ പറഞ്ഞുവയ്ക്കുന്നത്. അവസരം ഉണ്ടാകുമ്പോള്‍ അല്ലെങ്കില്‍ കൊല്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ല എന്ന സമയത്ത് നമ്മള്‍ കൊല്ലുന്നിലെങ്കില്‍ അത് ധാര്‍മ്മികതയല്ല മറിച്ച് ഭയമാണ് നമ്മളെക്കൊണ്ട് കൊല്ലിക്കാതെയിരിക്കുന്നത് എന്നാണ് സിനിമ പറയുന്നത്. സ്വധര്‍മ്മം കൊലയാകുമ്പോള്‍ പിന്നെന്തിനു മടിക്കണം കൊല്ലാന്‍ എന്നൊരു ന്യായീകരണവും സിനിമയിലൂടെ കടന്നുവരുന്നുണ്ട്. കൊലപാതകത്തിനു രണ്ടു തരത്തിലുള്ള ന്യായങ്ങള്‍ ചരിത്രത്തില്‍ കാണാം. കൊല സമൂഹത്തിന്റെ ദൃഷ്ടിയില്‍ ന്യായീകരിക്കാന്‍ കഴിയുന്ന ഒന്നാകണം. പാക്കിസ്ഥാന്‍കാരനെ ഇന്ത്യക്കാരന് കൊല്ലാം എന്നതാണ് ആ യുക്തി. കൊല്ലപ്പെടുന്നവന്‍ മരണം അര്‍ഹിക്കുന്നവന്‍ ആകുന്നുവെങ്കില്‍ പിന്നെ ആലോചിക്കാന്‍ ഒന്നുമില്ല അവനെ കൊല്ലുക തന്നെ. നമ്മുടെ കൊലപാതകങ്ങളെ പൊതുസമൂഹ മധ്യത്തില്‍ വെളുപ്പിച്ചെടുക്കാന്‍ പറ്റുന്ന കഥകള്‍ നമ്മള്‍ കണ്ടെത്തണം. ചരിത്രത്തിലെ കൊലകളെ ന്യായീകരിക്കാന്‍ നമ്മള്‍ ബ്രിട്ടീഷുകാരില്‍ നിന്നും കടം വാങ്ങി മെച്ചപ്പെടുത്തിയ രണ്ടു രാഷ്ട്രം രണ്ടു സംസ്‌കാരം രണ്ടു ജീവിതരീതി രണ്ടു സമാന്തര ജനതകള്‍ എന്ന രാഷ്ട്രീയ കൌശലം തന്നെയാണ് സിനിമയിലും മറ്റൊരു തരത്തില്‍ പ്രയോഗിക്കുന്നത്. ഒരാളെ കൊല്ലാന്‍ ആദ്യം വേണ്ടത് അയാള്‍ കൊല്ലപ്പെടേണ്ടവന്‍ ആണെന്ന പൊതുസമ്മതി ഉണ്ടാക്കുകയാണ്. ജാതി വംശ വര്‍ണ്ണ വെറികള്‍ക്ക് പുറകിലൊക്കെ നമുക്ക് അധീശവര്‍ഗ്ഗ നിര്‍മ്മിതമായ പൊതുസമ്മതിയെ കാണാവുന്നതാണ്. കൊലപാതകത്തെ ന്യായീകരിക്കാന്‍ പറ്റുന്ന വിശ്വസനീയമായ ഒരു കഥ ഉണ്ടാക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചു എന്നതാണ് കൊല നടക്കുമ്പോള്‍ കാണികള്‍ കയ്യടിച്ചും പോപ്കോണ്‍ നുകര്‍ന്നും അതാസ്വദിക്കുന്നത്. ഗ്രീക്ക് അടിമകള്‍ ആനകളുമായും പുലികളുമായും മുതലകളുമായും മല്ലയുദ്ധം നടത്തുന്ന ഒരു കലാപരിപാടി പണ്ട് ഉണ്ടായിരുന്നു. ആന അടിമകളെ തച്ച് കൊല്ലുമ്പോള്‍ കാണികള്‍ ആര്‍ത്ത് അട്ടഹസിക്കും. മോഹിനിയാട്ടം സിനിമ ഗ്രീക്ക് കാലത്തിലേക്കുള്ള ഒരു തിരിച്ചുപോക്കിനെ സൂചിപ്പിക്കുന്നുണ്ട്.

മദ്യം, മയക്കുമരുന്ന്, അഴിമതി, ബലാല്‍ക്കാരം, കൊലപാതകം തുടങ്ങിയവ കേരളത്തില്‍ ദിനംപ്രതി കൂടിവരികയാണ്. സാമൂഹ്യ സാമ്പത്തിക കാരണങ്ങള്‍ക്കപ്പുറം മലയാളി അവരുടെ സാംസ്‌കാരിക മേലങ്കികള്‍ ഊരിമാറ്റി, ഫ്രോയ്ഡ് ഒക്കെ പറഞ്ഞതുപോലെ ഇര തേടുക ഇണ തേടുക എന്ന മൃഗാവസ്ഥയിലേക്ക് പരിവര്‍ത്തനം ചെയ്യുന്നുണ്ടോ എന്ന് സംശയിക്കാന്‍ തോന്നുന്ന തരത്തിലുള്ള വാര്‍ത്തകളാണ് ദിനവും കാണുന്നത്. കൊല്ലുക എന്നത് മലയാളിക്ക് ഒരു ഹരമായി മാറുന്നുവോ എന്ന് കരുതേണ്ടിവരും. സിനിമയിലെ കൊലപാതകത്തില്‍ കുടംബം മാത്രമല്ല പങ്കു ചേരുന്നത് മറിച്ച് കുടുംബത്തിന് വെളിയിലുള്ള ആളുകളും അതില്‍ പങ്കു ചേരുന്നു. കാശ് കിട്ടുമെങ്കില്‍ ക്രൈമില്‍ അയല്‍പക്കവും ഒത്തുചേരും എന്നാണ് സിനിമ പറയുന്നത്. ദൃശ്യത്തിലെ ജോര്‍ജ്ജുകുട്ടിയുടെ വീട് ഒരു ദേശമായി വളരുന്നത് ഈ സിനിമയില്‍ കാണാം. ജോജി സിനിമയുടെ അവസാന രംഗങ്ങളില്‍ കൊലപാതകങ്ങളില്‍ ഒപ്പം നില്‍ക്കണം എന്ന് കൊലയാളി പറയുമ്പോള്‍ ”എന്റെ കഴുത്ത് കണ്ടിച്ചാലും ഞാന്‍ നിനക്കൊപ്പം നില്‍ക്കില്ല” എന്ന് മറ്റൊരു കഥാപാത്രം പറയുന്നതിന്റെ നേര്‍ വിപരീതമാണ് മോഹിനിയാട്ടം. എന്തെങ്കിലും തന്നാല്‍ മതി അതിനി ദേശയോഗ സെക്രട്ടറി പദവിയായാലും മതി കൊലപാതകത്തിനു ഞാന്‍ കൂട്ട് നില്‍ക്കാം എന്നാണ് സിനിമയിലെ അവസ്ഥ.
കൊലപാതകം നടക്കുന്നു. ഏതൊരു മണ്ടനും തിരിച്ചറിയാന്‍ പറ്റുന്ന തരത്തില്‍ തെളിവുകള്‍ എല്ലാം മുന്‍പില്‍ ഉണ്ടായിട്ടും കേസ് അന്വേഷിക്കുന്ന പോലീസുകാരന് കൊലയാളികളെ പിടിക്കാന്‍ കഴിയുന്നില്ല. കൊലയാളികള്‍ കൊടുക്കുന്ന ജ്യൂസും കുടിച്ച് അയാള്‍ പോകുകയാണ്. കൊലകള്‍ ചെയ്യാന്‍ മാത്രമല്ല കേസുകള്‍ തെളിയിക്കാനും ജനിതകഗുണം വേണമെന്ന ഒരാശയം സിനിമ നല്ല വെടിപ്പായി പറയുന്നുണ്ട്. കേസ് അന്വേഷിക്കുന്ന ആള്‍ മുന്‍പ് മുഖം വെളുപ്പിക്കാന്‍ ഒരു ക്രീം തേച്ച് പാണ്ടായ ആളാണ് എന്ന സൂചനയിലൂടെ പോലീസുകാരന്റെ ജാതിയിലേക്കും അയാളുടെ ബൌദ്ധിക മികവില്ലായ്മയിലേക്കും സിനിമ അയാളെ പ്രതിഷ്ഠിക്കുന്നു. സിനിമയില്‍ ഉടനീളം പോലീസുകാരന്‍ ഒരു കോമാളി ആയിട്ടാണ് പെരുമാറുന്നത്. യഥാര്‍ത്ഥ ജീവിതത്തില്‍ പോലീസുകാരന്‍ കൂടി ക്രൈമില്‍ പങ്കാളിയാവും എന്നതാണ് സത്യം.
മലയാളി സമൂഹം എത്തി നില്‍ക്കുന്ന സാമൂഹ്യഗതികേടിന്റെ ദൃശ്യാവിഷ്‌കാരമാണ് ഈ സിനിമ. മലയാളിയുടെ അധപതനത്തിന് നേരെ കണ്ണാടി വയ്ക്കാന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തയ്യാറായി എന്നത് അഭിനന്ദനാര്‍ഹമായ കാര്യമാണ്. സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞ സിനിമയാണിത്. മികച്ച അഭിനയം കൊണ്ട് എല്ലാവരും മുന്നിട്ടു നിന്നു. സാമ്പത്തികമായി പൊളിഞ്ഞ ഒരു സിനിമയുടെ രണ്ടാം ഭാഗം എടുക്കാന്‍ നിര്‍മ്മാതാക്കളെ ധൈര്യപ്പെടുത്തിയത് സിനിമയുടെ കഥയും തിരക്കഥയും തന്നെയാണ്. കഥയും തിരക്കഥയും സംവിധാനവും എണ്ണയിട്ട യന്ത്രം കണക്കെ പ്രവര്‍ത്തിച്ചപ്പോള്‍ നമുക്ക് നല്ലൊരു സിനിമ കിട്ടി. തേങ്ങ തലയിടിച്ചാല്‍ കൊച്ചുണ്ടാവുമോ എന്ന് സുഹൃത്തായ വിശ്വാസിയോട് ചോദിച്ചപ്പോള്‍ പൂജാരി തലയിലെ രഹസ്യ നാഡീകേന്ദ്രത്തിലാണ് തേങ്ങയടിക്കുന്നതെന്നും,അങ്ങനെ അടിക്കുമ്പോള്‍ അതുവഴി ഉണ്ടാകുന്ന സ്പന്ദനങ്ങള്‍ ഭാര്യയുടെയും ഭര്‍ത്താവിന്റെയും പ്രത്യുല്‍പ്പാദന ശേഷികളെ ഉണര്‍ത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഉന്നത വിദ്യാഭ്യാസമുള്ള ആളുകള്‍ പോലും തേങ്ങയടിച്ചാല്‍ കൊച്ചുണ്ടാകും എന്ന് കരുതുന്ന അവസ്ഥയാണ് കേരളത്തിലെ ആത്മീയത. സിനിമയില്‍ കുറ്റവാളികളെ പിടിക്കാന്‍ പോലീസിന് കഴിയാത്തത് അതിനുള്ള ശാസ്ത്രീയമായ സംവിധാനങ്ങള്‍ ഇല്ലാത്തത് കൊണ്ടല്ല മറിച്ച് അധീശവര്‍ഗ്ഗങ്ങളുടെ കുറ്റകൃത്യങ്ങളെ കൃത്യമായി മൂടിവയ്ക്കാന്‍ അവര്‍ക്ക് സ്ഥാപനപരമായ സംരക്ഷണങ്ങള്‍ ലഭിക്കുന്നതിനാലാണ് എന്നാണ് സിനിമ പറയുന്നത്. മികച്ചൊരു സിനിമ, അതും മുഖ്യധാരാ സിനിമകള്‍ ഇന്നത്തെക്കാലത്ത് പറയാന്‍ മടിക്കുന്ന വിഷയങ്ങള്‍ യാതൊരു മടിയോ മറയോ കൂടാതെ പറയാന്‍ ധൈര്യം കാണിച്ച ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകരോട് മലയാളി കടപ്പെട്ടിരിക്കുന്നു. വെളുത്ത നിറത്തിലും ദൈവീകമായ ചൈതന്യം തുളുമ്പുന്ന രൂപത്തിലും ഒളിപ്പിച്ചുവെച്ചിട്ടുള്ള ഫ്രോയ്ഡിയന്‍ ക്രൌര്യത്തിന്റെ ഹാസ്യാവിഷ്‌കാരമാണ് ഈ സിനിമ.
***
സിയര്‍ മനുരാജ്
റിസർച്ച് സ്കോളർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി.
ഡോക്ടർ ബാബു സി.സി.
റിട്ടയേഡ് ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ & ഡെപ്യൂട്ടി ഡയറക്ടർ & പരീക്ഷാ കൺട്രോളർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി.







No Comments yet!