Skip to main content

നില്പൻ

ഒരേ ഉയരത്തിൽ
അണുവിടമാറ്റം വരാതെ
ആകാശം നിൽക്കുന്നു.
കാലമെത്രയായി!

വയ്യ,
ആകാശം പോലെ
എന്നും,
ഒരേ തലത്തിൽ
ഒരേ നിലയിൽ
നിൽക്കാൻ.

പലകഷണങ്ങളായി
ഇടിഞ്ഞു പൊളിഞ്ഞങ്ങനെ
താഴെ വീണൂടേ?
എന്തിനാണിങ്ങനെ
മസിലുപിടിച്ചുള്ള നിൽപ്പ്!
ലക്ഷം ലക്ഷം മഴത്തുള്ളികളായി
താഴേക്കു വീഴുന്നത്
ആകാശനിരാശയാകുമോ?

എത്രവട്ടം വീണിരിക്കുന്നു നാം.
വഴികൾ നിറയെ
നിരാശയുടെ കുഴികൾ.
വീഴുന്നു,
വീണ്ടും വീഴുന്നു,
തട്ടിമുട്ടി എഴുന്നേൽക്കുന്നു,
പിന്നെയും വീഴുന്നു.
കിടന്നകിടപ്പിൽ
മേലേക്ക് നോക്കുമ്പോൾ,
അതാ,
അതേ ഉയരത്തിൽ
ആകാശം നിൽക്കുന്നു.

ഞാൻ കാർക്കിച്ചു തുപ്പുന്നു.
മേലേക്കു തന്നെ,
ഗുരുത്വാകർഷണം
അവയെല്ലാം
എൻ്റെ ദേഹത്തേക്ക്
തിരിച്ചെത്തിക്കുന്നു.

നിരാശ ഒരുവനെ
എത്ര കഷണങ്ങളാക്കും?
രോഗബാധിതമായ മനസ്സ്
ആകാശം പോലെ
ദീർഘവിശാലതയായി,
ഏകശിലയെന്നപോലെ
നിലനിൽക്കുന്നില്ല.

ആകാശത്തെ
അനേകം പഞ്ഞിത്തുണ്ടങ്ങളായി
ചിതറിക്കാനാണ് മോഹം.

അസൂയ തന്നെ, അല്ലേ?

***

No Comments yet!

Your Email address will not be published.