Skip to main content

പഴകിത്തേഞ്ഞ മലയാളി താരശരീരങ്ങള്‍

ഒരു സിനിമ വിദ്യാർത്ഥി എന്ന രീതിയിൽ ഒരു സിനിമ റിലീസ് ചെയ്യുമ്പോൾ അതുമായി ബന്ധപ്പെട്ട ചാറ്റ് ഷോകൾ ഒക്കെ കാണുക പതിവുണ്ട്. അത്തരത്തിൽ പാട്രിയറ്റ് എന്ന സിനിമയുമായി ബന്ധപ്പെട്ട രണ്ട് ചാറ്റ് ഷോകളും കാണുവാൻ കഴിഞ്ഞു. ഒന്ന് പ്രകാശ് വർമ്മ ‘കുത്തിത്തിരിപ്പുണ്ടാക്കുന്ന’ ഒരു എപ്പിസോഡും, രണ്ടാമത്തേത് പുതിയ തലമുറയിലെ കുറെ ആങ്കേഴ്സ് ചേർന്ന് മമ്മൂട്ടി, രേവതി എന്നീ നടീനടന്മാരെയും മറ്റുള്ളവരെയും അഭിമുഖം അല്ലെങ്കിൽ അവരുമായി ചാറ്റ് നടത്തുന്ന ഒരു ഷോയും. ഈ രണ്ട് ചാറ്റ് ഷോകളിലും സൂക്ഷ്മമായി ശ്രദ്ധിച്ചാൽ കേരളത്തിലെ താരാധികാരങ്ങൾ എങ്ങനെ ആണ് നിലനിൽക്കുന്നത് എന്നും, അത് എങ്ങനെ ആണ് തന്ത്രപൂർവം നിലനിർത്തിക്കൊണ്ട് പോകുന്നത് എന്നും മനസ്സിലാകും

Patriot Legends Hangout Streaming JioHotstar - Kerala TV

പ്രകാശ് വർമ്മ ‘ കുത്തിത്തിരിപ്പുണ്ടാക്കുന്ന ‘ ആദ്യത്തെ ചാറ്റ് ഷോ കേരളത്തിന്റെ താരാധികാര ഘടനയെ ചേർത്തുനിർത്തി വായിച്ചാൽ ഒരു പക്ഷെ രസമായിരിക്കും. മമ്മൂട്ടിയും മോഹൻലാലും എന്നീ രണ്ടു ‘മഹാ മേരുക്കൾ’ എന്ന് പറയുന്ന രണ്ടു ‘സ്റ്റാൾവാർട്ട്സ്’ നിലനിൽക്കുന്ന ഒരു ഇൻഡസ്ട്രിയിൽ തങ്ങളുടെ സ്ഥാനം എന്തായിരിക്കും അല്ലെങ്കിൽ പാട്രിയറ്റ് എന്ന സിനിമയിൽ തങ്ങളുടെ സ്ഥാനം എന്തായിരിക്കും എന്ന് (തമാശക്ക്) വ്യാകുലപ്പെടുന്ന കുഞ്ചാക്കോ ബോബൻ്റെയും ഫഹദ് ഫാസിലിൻ്റെയും ഒരു പ്ലോട്ട് ആണ് രൂപപ്പെടുന്നത്. അതിനെ ഒന്ന് ക്ലോസ് ആയി അനലൈസ് ചെയ്തു നോക്കാം.

ഒന്ന്, മമ്മൂട്ടി മോഹൻലാൽ തുടങ്ങിയവർ പോസ്റ്റ് കോവിഡ് കാലത്ത് സ്റ്റാർസ് ആണോ? കോവിഡ്കാലത്തെ ലോകത്തിലെ സിനിമാ കാഴ്ചയിൽ അഭൂതപൂർവമായ മാറ്റങ്ങൾ ഉണ്ടായതോടെ മനുഷ്യർ പല സംസ്കാരങ്ങളിലെയും മാസ്കുലിനിറ്റികളിലേക്കും എക്സ്പോസ് ചെയ്യപ്പെട്ടു. മാസ്കുലിനിറ്റികളിൽ പല തരത്തിലുള്ള ഫ്ലെക്സിബിലിറ്റികളിലേക്കും മെർജിങ്ങുകളിലേക്കും അത് മാറി.കൊറിയൻ ആക്ടർ ആയ മാ ഡോങ് സിയോക് (ഡോൺ ലീ) മോഹൻലാലിന്റെ കൊറിയൻ വേർഷൻ ആണ് എന്ന് മലയാളികൾ പറഞ്ഞു തുടങ്ങി. മോഹൻലാൽ തമിഴ് പോലുള്ള കൾച്ചറുകളിൽ താരശരീരമായി പരാജയപ്പെട്ടത് എന്ത് കൊണ്ട് എന്ന് ചർച്ച ചെയ്തു തുടങ്ങി. കുറെ അധികം ഇംഗ്ലീഷ്, ഇന്റർനാഷണൽ സിനിമകൾ കണ്ടു തുടങ്ങിയതോടെ കേരളത്തിലെ സൂപ്പർ സ്റ്റാറുകളുടെ ഇംഗ്ലീഷ് ആക്സന്റുകളും ഡെലിവറികളും ഒക്കെ കളിയാക്കി തുടങ്ങി.

മലയാളികൾ മമ്മൂട്ടി, മോഹൻലാൽ എന്നീ ശരീരങ്ങളിലെ അതിന്റെ കൾച്ചറൽ സ്പേസിൽ നിർമ്മിച്ചെടുത്ത താരശരീരങ്ങൾ ശരിക്കും പറഞ്ഞാൽ നിറം മങ്ങി തുടങ്ങി. കാരണം മലയാളികൾ കുറെ അധികം പുതിയ ടെക്സ്റ്റുകളിലേക്ക് ഒറ്റയടിക്ക് എക്സ്പോസ് ചെയ്തത് കൊണ്ടാണ്. തുടരെ തുടരെ ഉള്ള ടെലിവിഷൻ സിനിമാ സ്ക്രീനിങ്ങുകളിലൂടെ, അഭിമുഖങ്ങളിലൂടെ, ചാറ്റ് ഷോകളിലൂടെ, വാഴ്ത്തുപാട്ടുകളിലൂടെ, മാധ്യമ പിന്തുണകളിലൂടെ, മഹത്വവൽക്കരണത്തിലൂടെ ഇവർ (മമ്മൂട്ടി/മോഹൻലാൽ) ഇവിടെ നില നിന്നു. പക്ഷേ ഓ.ടി.ടി, ടെലിഗ്രാം, ഇന്റർനാഷണൽ വെബ് സർവീസുകൾ എന്നിവയിലേക്ക് മലയാളി എക്സ്പോസ് ചെയ്യപ്പെട്ടതോടെ മമ്മൂട്ടിയും മോഹൻലാലും ലോകത്തിലെ അനേകം താരശരീരങ്ങളിൽ രണ്ടു പേർ മാത്രമായി.

Patriot Movie Review: A Mammootty-Mohanlal starrer minus superstar gimmick  | Mathrubhumi English

ഏറ്റവും വലിയ രസം, ഇവർ രണ്ടുപേരെയും മലയാളികൾ നിരന്തരം കണ്ടു കണ്ടു മടുത്തു എന്നതാണ്. പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ വികാസത്തോടെ ഇവരുടെ ഫാമിലി മോമെന്റ്സ്, ചാറ്റ് ഷോകൾ, മീറ്റിംഗുകൾ, പത്രസമ്മേളനങ്ങൾ, പ്രതികരണങ്ങൾ, പ്രൊമോഷൻ പരിപാടികൾ എന്നിവയിലൂടെ ഇവരെ നിരന്തരം കണ്ടതോടെ ഇവരുടെ താരപ്രഭ തന്നെ മാഞ്ഞുപോയി. നിരന്തരം വീഡിയോയിൽ കാണുന്ന ഇവരെ സിനിമയിലും കൂടി കാണുന്നു എന്ന തരത്തിൽ മലയാളി വളരുകയോ തളരുകയോ ചെയ്യുന്നു. ഈ ഒരു പശ്ചാത്തലത്തിൽ വേണം പാട്രിയറ്റ് എന്ന സിനിമയുടെ പ്രൊമോഷൻ ചാറ്റ് ഷോകൾ വിലയിരുത്തേണ്ടത്. ഏറ്റവും വലിയ രസം വിപ്ലവ അട്ടിമറികൾ നടത്തുന്ന കേരള മീഡിയകൾക്കു ഇവർ തമ്പുരാക്കന്മാർ ആണ് എന്നതാണ്. മാതു എന്ന റിപ്പോർട്ടർ ജേർണലിസ്റ്റിൻ്റെ മമ്മൂട്ടി ഇൻ്റർവ്യൂ ഒക്കെ ഒരു തൊമ്മി ലൈൻ ആണ്. പെട്രിയറ്റ് എന്ന ബോറൻ സിനിമ പുറിത്തിറങ്ങിയത്തിന് ശേഷമുള്ള മീഡിയ തള്ളൽ കേൾക്കുമ്പോൾ അത് കൂടുതൽ മനസ്സിലാകും.

ഈ രണ്ടു പേർക്കും മലയാള സിനിമയിലെ, ലോക സിനിമയിലെ കാഴ്ചാശീലങ്ങളിൽ താരശരീരങ്ങളുടെ ഹെജിമണിക് മെറ്റാമോർഫോസിസുകളെ കുറിച്ച് നല്ല ധാരണ ഉണ്ട്. അതുകൊണ്ടുതന്നെയാണ് ഇവർ രണ്ടുപേരും—ഒരു വീഡിയോഗിൽ മമ്മൂട്ടി മാത്രം—ഈ പുതിയ മാറ്റങ്ങളെ അഡ്രസ് ചെയ്യാൻ ശ്രമിക്കുന്നു എന്നൊരു രീതിയിൽ പെരുമാറുന്നത്. പുതിയ മാറ്റങ്ങളെയും തലമുറകളെയും അംഗീകരിക്കുന്ന ജനാധിപത്യവാദി ആയി അഭിനയിക്കുന്നത്. അതിൽ മമ്മൂട്ടി കുഞ്ചാക്കോ ബോബനോട് പറയുന്ന ഒരു ലോജിക്കാണ് മുറ്റു കോമഡി. ‘കുഞ്ചാക്കോ ബോബന് ഇതിൽ പാട്ടുണ്ട്, സ്റ്റണ്ട് ഉണ്ട്’ എന്നൊക്കെയാണ് അദ്ദേഹം പറയുന്നത്. താരം എന്ന സങ്കൽപം തന്നെ പുതിയ കാലത്ത് തകർന്നു അടിയുമ്പോൾ, ആയിരത്തി തൊള്ളായിരത്തി എൺപതുകളിലെ ലോജിക്കിലാണ് മമ്മൂട്ടിയെ പോലുള്ള ഒരു താരം സ്റ്റാർഡമ്മിനെ അനലൈസ് ചെയ്യാനുപയോഗിക്കുന്നത് എന്നത് പരിതാപകരമായ കാര്യമാണ്. അതോ അദ്ദേഹത്തിൻ്റെ കാഴ്ചക്കാർക്ക് ഇത് കോമഡി ആണെങ്കിൽ ഇമ്മാതിരി നിലവാരമില്ലാത്ത കോമഡി മതിയോ? അതിൽ പോയി ഇരിക്കേണ്ടി വരുന്ന ഫഹദ് ഫാസിലിന്റെ ഒക്കെ ന്യൂ ജെനറേഷൻ ഗതികേട്.

രണ്ടാമത്, പ്രകാശ് വർമ്മ എപ്പിസോഡിലെ ഓരോരുത്തരുടെയും സിറ്റിംഗ് അറേഞ്ച്മെന്റിന്റെ ആർക്കിടെക്ചർ തന്നെ കോമഡിയാണ് എന്നതാണ്. . മമ്മൂട്ടി എന്ന മലയാളിയുടെ ഉത്തമപുരുഷൻ രാജാവിനെ പോലെ സെൻട്രലിൽ ഇരിക്കുന്നു. മമ്മൂട്ടി മലയാളിയുടെ പഴയ ഉത്തമപുരുഷ വല്യേട്ടൻ രാമൻ ഫിഗർ ആണല്ലോ. കൃഷ്ണൻ ഫിഗർ ആയ മോഹൻലാൽ രണ്ടാമതായി ഇരിക്കുന്നു. കുഞ്ചാക്കോ ബോബൻ ശാരീരികമായി മോഹൻലാലിനെ സ്പർശിക്കുന്നു, പക്ഷേ മമ്മൂട്ടിയെ സ്പർശിക്കുന്നില്ല. ഒരു കൃത്യമായ വല്യേട്ടൻ അകലം പാലിക്കുന്നുമുണ്ട്. സംവിധായകൻ ക്യാപ്റ്റൻ ആണെന്ന് പറയുമെങ്കിലും മഹേഷ് നാരായണൻ ഒക്കെ അങ്ങ് ദൂരെയാണ്. എന്നിട്ട് അവിടെ നിന്ന് ഒരു ഔദാര്യം പോലെ—ഇവരൊക്കെ നമ്മുട പിള്ളേർ അല്ലേ, കുഞ്ചാക്കോ ബോബൻ അല്ലേ, ഇതിൽ പാട്ടും ഡാൻസും എന്നൊക്കെ—തള്ളി വിടും.ആദ്യം വിദൂഷകൻ ആയ പ്രകാശ് വർമ്മ ഇടയ്ക്ക് “ട്രെയ്‌ലർ ബ്രില്യന്റ്” എന്നൊക്കെ പറഞ്ഞു തള്ളി വിടും. ദിവസം രണ്ട് ഇന്റർനാഷണൽ ട്രെയ്‌ലർ കാണുന്ന കാണികളുടെ മുന്നിലേക്കാണ് ഈ തള്ളൽ. മലയാളികൾ എന്നൊരു അഭിമാനവും ഇവർ പുറപ്പെടുവിക്കും. പ്രിയദർശൻ ദുരന്തർ പോലെ ഗംഭീരം എന്ന് തള്ളി മറിക്കും. ദുരന്തർ തന്നെ അന്യായ ദുരന്തമാണ്. ജിയോഗ്രഫിക്കൽ മെറ്റാമോർഫോസിസ് നടന്നിരിക്കുന്ന പുതിയ തലമുറക്ക് എന്ത് മലയാളി? അങ്ങനെ ഒരു രാജാവിന്റെ സദസ്സിന്റെ രൂപത്തിലാണ് ആ ചാറ്റ് ഷോയുടെ ഒരു അധികാരഘടന മുഴുവൻ രൂപപ്പെടുന്നത്.

ഇനി രണ്ടാമത്തെ ചാറ്റ് ഷോ നോക്കുക. അതിൽ മോഹൻലാൽ ഇല്ല. അവിടെ മമ്മൂട്ടിയാണ് പ്രധാനി. സൈഡിൽ രേവതിയും രാജീവ് മേനോനും കുഞ്ചാക്കോ ബോബനും ദർശന തുടങ്ങിയ നടീനടന്മാരും ഉണ്ട്. ചാറ്റ് ഷോ ആയത് കൊണ്ട് ക്രിട്ടിക്കൽ ആയ ചോദ്യങ്ങൾ എന്തെങ്കിലും വേണമെന്ന നിർബന്ധമില്ല. അവിടെയും മമ്മൂട്ടിയാണ് പ്രധാനി. മമ്മൂട്ടി എന്ന രാമൻ ഫിഗർ താൻ എല്ലാവരെയും പരിഗണിക്കുന്നുണ്ട് എന്ന രീതിയിലാണ് ആ ചാറ്റ് ഷോയുടെ ബോഡി ലാംഗ്വേജ്. ഇത് കേരളത്തിന്റെ സാമൂഹിക ഘടനയുമായും രാഷ്ട്രീയ പൊതു ബോധവുമായും നല്ല ബന്ധമുണ്ട്.

കേരളത്തിലെ പുരോഗമനവും ഇങ്ങനെയാണ്. തങ്ങളുടെ സകലമാന സോഷ്യൽ പ്രിവിലേജും ഉപയോഗിച്ച് ചില സമൂഹങ്ങൾ ഇത് ഭയങ്കര സംഭവമാണെന്ന് അങ്ങ് ഊതി പെരുപ്പിക്കും. എന്നിട്ട് പുതിയ തലമുറ, ആൽഫാ ജെനറേഷൻ, ദളിതർ, ആദിവാസികൾ, ലൈംഗിക ന്യൂനപക്ഷങ്ങൾ—അങ്ങനെ പല അപര വിഭാഗങ്ങളെയും തങ്ങൾ പരിഗണിക്കുന്നുണ്ടെന്ന് പറയും. കേരളത്തിലെ ഇടതുപക്ഷം “ഞങ്ങളുള്ളത് കൊണ്ടാണ് നിങ്ങൾ കിണറ്റിൽ നിന്ന് വെള്ളം എടുത്ത് കുടിക്കുന്നത്” എന്ന ലെവലിൽ പ്രതികരിക്കും. എന്നിട്ട് എല്ലാ കാര്യങ്ങളിലും കയറി അഭിപ്രായം പറയും.

മമ്മൂട്ടിയുടെ ഔട്ട്‌ഡേറ്റഡ് ആയ താരശരീരവും ഇതുതന്നെയാണ് പറയുക. അതായത് നിങ്ങളുടെ ചാറ്റ് ഷോ പുതിയ പരിപാടിയാണ്, ഗംഭീരമാണ്, പുതിയ പരിപാടിയാണ്; ഞാൻ പുതിയ തലമുറ ആക്ടേഴ്സിനെയും സിനിമകളെയും അംഗീകരിക്കുന്നുണ്ട് എന്ന് പറയും.

മമ്മൂട്ടി അടുത്ത കാലത്ത് പുതിയ കാലത്തെ സബ്ജക്റ്റുകൾ തിരഞ്ഞെടുത്തപ്പോഴാണ് അപ്പോൾ മാത്രമാണ് അദ്ദേഹത്തിന്റെ സിനിമകൾ കാണുവാൻ എനിക്ക് തോന്നിയത്. ഇതിൽ ഏറ്റവും വലിയ രസം—ഈ ചാറ്റ് ഷോ നടത്തുന്ന കുട്ടികൾ “അങ്ങ് രാജാവാണ്” എന്ന ലെവലിൽ, “ഓ തമ്പ്രാ” എന്ന ലെവലിൽ ആണ് ചോദ്യങ്ങൾ ചോദിക്കുന്നത്. ഈ സൂപ്പർ താരങ്ങളെ ഒന്നും പുതിയ വിഷ്വൽ ലാംഗ്വേജിന്റെ പൊളിറ്റിക്സ് വെച്ച് പൊതു ഇടത്തിൽ റീഡ് ചെയ്താൽ അവരുടെ സിംഹാസനം തെറിച്ചു പോകും എന്ന രീതിയിലാണ് പക്ഷേ ശരിക്കും കാര്യങ്ങൾ. അങ്ങനെ ഒരു സിംഹാസനം പോലും പുതിയ കാണികൾക്ക് ഇല്ല എന്നത് വേറെ കാര്യം.

Patriot (2026) - IMDb

പാട്രിയറ്റ് എന്ന സിനിമയുടെ പഴകി തേഞ്ഞ വിഷയവും അതിന്റെ ടെക്സ്റ്റിന്റെ രാഷ്ട്രീയവും ഒന്നും ഇവിടെ ഇപ്പോൾ പറയാൻ താൽപര്യപ്പെടുന്നില്ല. അത്രയ്ക്ക് ബോറായാണ് എനിക്ക് തോന്നിയത്. അതിന്റെ വിഷ്വൽ ലാംഗ്വേജിനും ഒരു പുതുമയും തോന്നിയില്ല. ഒരു എലിവേറ്റഡ് നൈന്റ്റീസ് ആക്ഷൻ ഡ്രാമ എന്നതിനപ്പുറം ഒന്നും ഈ സിനിമ എന്നെ സംബന്ധിച്ചിടത്തോളം വളരുന്നുമില്ല. അതിലും അപ്പുറം, ഇതിൽ അഭിനയിച്ചിട്ടുള്ള താരങ്ങൾ—മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ തുടങ്ങിയവർ—പുതിയൊരു പെർഫോർമൻസും ഉണ്ടാക്കാതെ ആവർത്തന വിരസമായ ബോറൻ ആവർത്തനമാണ് നടത്തുന്നത് കാണുമ്പോൾ സഹതാപമാണ് തോന്നുക. താരങ്ങളുടെ സിനിമ, മാസ് സിനിമ, ക്ലാസ് സിനിമ എന്തായാലും കാണുവാൻ തയ്യാറായ ഒരു കാണിയാണ് ഞാൻ. എന്നെ ഒരു തരത്തിലും ആ സിനിമയുടെ ഒരു എലമെന്റും, പ്രത്യേകിച്ച് അഭിനേതാക്കളുടെ ഭാഗത്ത് നിന്ന്, എക്സൈറ്റ് ചെയ്യിച്ചിട്ടില്ല.

ഇനിയെങ്കിലും ഈ മഹാനടന്മാർ, മലയാളത്തിന്റെ അഭിമാനങ്ങൾ, മഹാമെരുക്കുകൾ എന്ന് ന്യൂ ജെനറേഷൻ ചാറ്റ് ഷോകൾക്കാർ തള്ളി മറിക്കുന്ന ഈ മെഗാ താരങ്ങൾ—തങ്ങളുടെ താരപദവി, സ്റ്റാർഡം, ആ കൾട്ട് സ്റ്റാറ്റസ് മാറിയ ഒരു വിഷ്വൽ കൾച്ചറിന്റെ കാലത്ത് നിലനിൽക്കുന്നുണ്ടോ എന്ന് സ്വയം തന്നെ ചോദിക്കണം. തങ്ങൾ തങ്ങളെ തന്നെ അനുകരിച്ച് ആവർത്തിച്ച് മനുഷ്യരെ വെറുപ്പിക്കയും ബോറടിപ്പിക്കയും ചെയ്യുന്നു എന്നത് സ്വയം മനസ്സിലാക്കിയാൽ അവർക്കു നല്ലത്. മമ്മൂട്ടി പോലുള്ളവർ “പുതിയവരെ പരിഗണിക്കും” എന്ന് പറയുമ്പോൾ ചാറ്റ് ഷോയിൽ ഇടയ്ക്കിടെ കയറി “ഞാനാണ് എല്ലാം” എന്ന രീതിയിലുള്ള ഇടക്ക് കയറിയുള്ള വർത്താന പരിപാടി വിട്ട് പുതിയ വോയിസുകൾ ഉണ്ട് എന്ന് മനസ്സിലാക്കിയാൽ നല്ലത്. അല്ലെങ്കിൽ ആരെങ്കിലും ഒടുവിൽ “രാജാവ് നഗ്നനാണ്” എന്ന് വിളിച്ചു പറയും. ഭയങ്കര ബോറായിരിക്കും അത്. അല്ല, ഇപ്പോഴേ ബോറായി തുടങ്ങി.

No Comments yet!

Your Email address will not be published.