Skip to main content

ലോക മനഃസാക്ഷിയെ ഉണർത്തുന്ന ശബ്ദം

പ്രശസ്‌ത എഴുത്തുകാരനും മുതിർന്ന മാധ്യമ പ്രവർത്തകനും ലോക സഞ്ചാരിയുമായ അനിൽകുമാർ എ വിയുടെ ആഴ്‌ച പംക്തി തുടരുന്നു…

നുറുങ്ങുകൾ ‐ 19

നിങ്ങളുടെ ചോരകുടിച്ച്‌, നിങ്ങളുടെ പെൺമക്കളെ, ഞങ്ങൾ ബലാത്സംഗം ചെയ്യും, നിങ്ങൾ അറബ് വേശ്യകളാണ്, ഗാസയിൽ കുട്ടികളില്ലാത്തതിനാൽ സ്കൂളുകൾ ആവശ്യമില്ല‐ യൂറോപ്പ ലീഗ് മത്സരത്തിന് മുമ്പ് സ്റ്റുട്ട്ഗാർട്ടിൽ മക്കാബി ടെൽ അവീവ് ആരാധകരുടെ ഗായകസംഘം ഉതിർത്ത വരികളാണിവ. പലസ്‌തീനിലെ ഇസ്രയേലി വംശഹത്യക്കെതിരെ ശബ്ദമുയർത്തിയ ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ വിദഗ്ധയും മാധ്യമ നിരീക്ഷകയും എഴുത്തുകാരിയുമായ ഫ്രാൻസെസ്‌ക പാവോള അൽബനീസിന് സ്‌പാനിഷ്‌ സർക്കാർ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സിവിൽ മെറിറ്റ് (ഓർഡൻ ഡെൽ മെറിറ്റോ സിവിൽ) 2026 മെയ് ഏഴിന് നൽകി ആദരിച്ചത്‌ ഈ പശ്‌ചാത്തലത്തിലാണ്‌ രാഷ്ട്രീയ തീരുമാനമാവുന്നത്‌. സ്പാനിഷ് അല്ലെങ്കിൽ വിദേശ പൗരന്മാർ സ്പെയിനിന് നൽകുന്ന അസാധാരണ സേവനങ്ങൾക്കുള്ള അംഗീകാരമാണ് ഓർഡർ ഓഫ് സിവിൽ മെറിറ്റ്. മനുഷ്യാവകാശ ലംഘനങ്ങൾക്കും അന്താരാഷ്ട്ര നിയമങ്ങളുടെ കുരുതിക്കുമെതിരെ വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ടുവരുന്ന പോരാളിയാണ് ഇറ്റലിക്കാരിയായ ആ അഭിഭാഷക.

23-ാമത് നെൽസൺ മണ്ടേല വാർഷിക പ്രഭാഷണം - നെൽസൺ മണ്ടേല ഫൗണ്ടേഷൻ
ഫ്രാൻസെസ്‌ക അൽബനീസ്

ഗാസയിലെ സാഹചര്യം നേരിട്ട് വിലയിരുത്തി തയ്യാറാക്കിയ റിപ്പോർട്ടുകൾ ലോകശ്രദ്ധ നേടിയിരുന്നു. ഇസ്രയേലിന്റേത്‌ വംശഹത്യയാണെന്ന് തുറന്നുപറഞ്ഞതിന്റെ പേരിൽ അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് സ്‌പെയിൻ ഇത്തരമൊരു വലിയ അംഗീകാരം നൽകി പിന്തുണച്ചിരിക്കുന്നത്. ലോക മനഃസാക്ഷിയെ ഉണർത്തുന്ന ശബ്ദമാണ് അൽബനീസിന്റെതെന്ന് സ്‌പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, മാഡ്രിഡിലെ പ്രധാനമന്ത്രിയുടെ വസതിയായ മോൺക്ലോവ കൊട്ടാരത്തിൽ നടന്ന പുരസ്‌കാരദാന ചടങ്ങിൽ അഭിപ്രായപ്പെട്ടു. ഗാസയിലെ അന്താരാഷ്ട്ര നിയമ ലംഘനങ്ങൾ രേഖപ്പെടുത്തുന്നതിലും അപലപിക്കുന്നതിലും അവർ നടത്തിയ പ്രവർത്തനത്തെ അവാർഡ് അംഗീകരിക്കുന്നുവെന്ന്‌ സൂചിപ്പിച്ച അദ്ദേഹം, പലരും മിണ്ടാൻ ഭയപ്പെടുന്ന കാര്യങ്ങൾ ലോകത്തോട് വിളിച്ചുപറയാനുള്ള ധൈര്യത്തെ പ്രശംസിച്ചു. അതേറ്റുവാങ്ങി സംസാരിക്കവേ ഗാസയിലെ നിസഹായരും നിരപരാധികളുമായ ദുരിതബാധിതരായ ജനങ്ങൾക്ക് പുരസ്‌കാരം സമർപ്പിക്കുന്നുവെന്നായിരുന്നു അവരുടെ പ്രതികരണം. കേവലം വെടിനിർത്തൽ കൊണ്ട് മാത്രം അവിടെ സമാധാനം പുനഃസ്ഥാപിക്കാൻ കഴിയില്ലെന്നും സാധാരണക്കാരായ മനുഷ്യർക്കെതിരെ നടക്കുന്ന ക്രൂരതകൾക്ക് ലോകം മറുപടി പറയണമെന്നും ആവശ്യപ്പെടുകയുമുണ്ടായി.

രൂപ വൈവിധ്യങ്ങളുടെ ഇതിഹാസം ‌‌‌‌‌ - Chintha | ചിന്ത വാരിക
പാബ്ലോ പിക്കാസോയുടെ ഗേർണിക്ക

ഗേർണിക്കയും ഇസ്രയേലും

പാബ്ലോ പിക്കാസോയുടെ ഗേർണിക്ക കാണാൻ അൽബനീസ് മാഡ്രിഡിലെ റെയ്‌ന സോഫിയ മ്യൂസിയവും സന്ദർശിച്ചു. 1937-ൽ ബാസ്‌ക് പട്ടണത്തിൽ നാസികൾ നടത്തിയ ബോംബാക്രമണത്തെ അപലപിച്ചതാണ് ആ അതിപ്രശസ്ത യുദ്ധവിരുദ്ധ ചിത്രം. അത്‌ കോറിയിട്ട നാശത്തെ അവർ ഗാസയിലെ ഇസ്രയേലി നടപടികളുമായി താരതമ്യം ചെയ്തു. വെൻ ദി വേൾഡ് സ്ലീപ്സ്: സ്റ്റോറീസ്, വേഡ്സ് ആൻഡ് വുണ്ട്സ് ഓഫ് പലസ്തീൻ (ലോകം ഉറങ്ങുമ്പോൾ: പലസ്തീനിലെ കഥകൾ, വാക്കുകൾ, മുറിവുകൾ) എന്ന തന്റെ പുസ്തകത്തിന്റെ പ്രചാരണത്തിനും അവർ മാഡ്രിഡിൽ എത്തിയിരുന്നു. ലോകം ഗാസയിൽ നിന്ന് കണ്ണെടുക്കാനും അത് മറക്കാനുമുള്ള വ്യാജേനയാണ് മുനമ്പിലെ വെടിനിർത്തലെന്ന് അൽബനീസ്‌ വിമർശിക്കുകയുമുണ്ടായി.

When the World Sleeps: Stories, Words and Wounds of Palestine ...

ഗാസ സംഘർഷത്തിൽ സ്പെയിനിന്റെ മുൻകൈയിൽ സ്വീകരിച്ച നിലപാടിനെ പുരസ്‌കാരം എടുത്തുകാണിക്കുന്നു. ചടങ്ങിന് ശേഷം വിശാലമായ രാഷ്ട്രീയ ചർച്ചകൾ നടന്നു, യൂറോപ്യൻ യൂണിയൻ ഇസ്രയേലിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന സാഞ്ചസിന്റെ പ്രേരണയും വിദേശ ഉപരോധങ്ങൾക്കെതിരെ അൽബനീസിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളും അതിലുൾപ്പെടുന്നു. പരിപാടിയിൽ സാഞ്ചസും അൽബനീസും അന്താരാഷ്ട്ര നിയമവും ബഹുമുഖ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യവും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിട്ടു. അൽബനീസിന്റെ നിലപാടുകളെ പ്രത്യേകിച്ച് ഇസ്രയേലി നടപടികളെക്കുറിച്ചുള്ള വിമർശനങ്ങളെ പ്രശംസിച്ച സ്‌പാനിഷ്‌ പ്രധാനമന്ത്രി പൊതു ഉത്തരവാദിത്തത്തിൽ കണ്ണടയ്ക്കാതിരിക്കാനുള്ള ധാർമിക ബാധ്യതകളും ഉൾപ്പെടുന്നുവെന്നും കൂട്ടിച്ചേർത്തു. യുഎസ്, ഇസ്രയേലി കമ്പനികളെയും പൗരന്മാരെയും അവകാശ ലംഘനങ്ങൾ അന്വേഷിക്കാൻ അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ സമീപിച്ചതിനെ തുടർന്ന് അമേരിക്ക അൽബനീസിനുമേൽ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്, അവർ സെമിറ്റിക് വിരുദ്ധ വികാരങ്ങൾ വളർത്തുന്നുവെന്ന് ഫ്രാൻസ്, ജർമനി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ ആരോപിച്ചു. മാത്രവുമല്ല ഇസ്രയേലിനെ വിമർശിച്ചതിന് ജർമനിയിൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.ഉപരോധങ്ങളിൽ നിന്ന് അൽബനീസിനെ സംരക്ഷിക്കണമെന്ന് സാഞ്ചസ് യൂറോപ്യൻ യൂണിയനോട് അഭ്യർഥിക്കുകയുമുണ്ടായി. വിഷയത്തിൽ സ്‌പെയിനിന്റെ ഇടപെടൽ കേവലം ബഹുമതികൾ നൽകുന്നതിനപ്പുറം വ്യാപിക്കുന്നു. യൂറോപ്യൻ യൂണിയൻ പ്രദേശങ്ങൾക്കുള്ളിലെ യുഎസ് ഉപരോധങ്ങളിൽ നിന്ന് അൽബനീസിനെയും അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ ഉദ്യോഗസ്ഥരെയും സംരക്ഷിക്കണമെന്ന് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ട്‌ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നുമായി താൻ ബന്ധപ്പെട്ടതായി സാഞ്ചസ് വെളിപ്പെടുത്തി. ഉപരോധങ്ങൾ പ്രധാന അന്താരാഷ്ട്ര നീതിന്യായ സ്ഥാപനങ്ങളെ അപകടത്തിലാക്കുന്നുവെന്നും അദ്ദേഹംവിശദീകരിച്ചു. ഇസ്രയേലിനോടുള്ള സാഞ്ചസിന്റെ വിശാലമായ നിലപാടുമായി ഈ നീക്കം യോജിക്കുന്നു. ഗാസയിലെയും ലെബനണിലെയും സൈനിക നടപടികളെ ശക്തമായി വിമർശിച്ചിട്ടുണ്ട്, കൂടാതെ ഇസ്രയേലിനെതിരെ പൂർണ ആയുധ ഉപരോധം ഏർപ്പെടുത്തുകയും ചെയ്‌തു. അന്താരാഷ്ട്ര നിയമങ്ങളുടെ തുടർച്ചയായ ലംഘനങ്ങൾ ചൂണ്ടി ഇസ്രയേലുമായുള്ള സഹകരണ കരാർ യൂറോപ്യൻ യൂണിയൻ താൽക്കാലികമായി നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട സ്പാനിഷ് സോഷ്യലിസ്റ്റ് നേതാവ് ഇസ്രയേലിനെതിരെ യൂറോപ്യൻ യൂണിയന്റെ ഏറ്റവും ശക്തമായ വിമർശകൻ കൂടിയാണ്. ഗാസയ്‌ക്കെതിരായ യുദ്ധവും അധിനിവേശ വെസ്റ്റ് ബാങ്കിനെ പിടിച്ചെടുക്കാനുള്ള ഇസ്രയേലി ശ്രമവും അവസാനിപ്പിക്കാൻ സമ്മർദ്ദം ശക്തമാക്കാൻ മുൻകാലങ്ങളിൽ അറബ്, യൂറോപ്യൻ രാജ്യങ്ങളെ വിളിച്ചുകൂട്ടിയിട്ടുണ്ട്. 2024 ൽ പലസ്തീനെ അംഗീകരിച്ച ആദ്യ യൂറോപ്യൻ രാജ്യങ്ങളിൽ ഒന്നാണ് സ്‌പെയിൻ.

ജൂത‐ഇസ്രയേൽ വിരുദ്ധ പക്ഷപാതിയെന്ന ആക്ഷേപം

അൽബനീസ് 2022 മെയ്‌ ഒന്ന്‌ മുതൽ അധിനിവേശ പലസ്തീൻ പ്രദേശങ്ങളിൽ ഐക്യരാഷ്ട്രസഭയുടെ (യുഎൻ) പ്രത്യേക പ്രതിനിധിയായി പ്രവർത്തിച്ചുവരികയാണ്‌. 2025 ഏപ്രിലിൽ മൂന്ന് വർഷത്തേക്ക് കൂടി സ്ഥിരപ്പെടുത്തി. ആ പദവി വഹിക്കുന്ന ആദ്യ വനിത. പലസ്തീൻ പ്രദേശങ്ങൾ കൈവശപ്പെടുത്തിയ ഇസ്രയേൽ നടപടികളെ വിമർശിച്ച അവർ ആദ്യ റിപ്പോർട്ടിൽ യുഎൻ അധിനിവേശവും വർണവിവേചനവും അവസാനിപ്പിക്കാൻ അംഗരാജ്യങ്ങൾ ഒരു പദ്ധതി വികസിപ്പിക്കണമെന്ന് ശുപാർശ ചെയ്തു. ഉടനടി വെടിനിർത്തലിന് ആഹ്വാനം ചെയ്യുകയും പലസ്തീനികൾ വംശീയ ഉന്മൂലനത്തിന് ഇരയാകുമെന്ന് മുന്നറിയിപ്പ് നൽകുകയുമുണ്ടായി. 2024 മാർച്ച് 26 ന് ഗാസയിലെ ഇസ്രയേലി പ്രവർത്തനങ്ങൾ വംശഹത്യയ്ക്ക് സമാനമാണെന്ന് യുഎൻ മനുഷ്യാവകാശ കൗൺസിലിനെ ധരിപ്പിച്ചു. അതോടുള്ള ബെഞ്ചമിൻ നെതന്യാഹു ഭരണത്തിന്റെ പ്രതികരണം അൽബനീസ്‌ ജൂത‐ഇസ്രയേൽ വിരുദ്ധ പക്ഷപാതിയെന്ന ആക്ഷേപമായിയിന്നു. പലസ്തീൻ അധിനിവേശത്തിൽ നിന്നും ഗാസ വംശഹത്യയിൽ നിന്നും കോർപ്പറേറ്റ് സ്ഥാപനങ്ങൾ ലാഭം കൊയ്യുന്നുവെന്ന് വ്യക്തമാക്കി 2025 ജൂണിൽ മറ്റൊരു റിപ്പോർടും പുറത്തിറക്കി. മൈക്രോസോഫ്റ്റ്, ആൽഫബെറ്റ് ഇൻ‌കോർപ്പറേറ്റഡ്, ആമസോൺ തുടങ്ങിയവയുൾപ്പെടെ 48 കോർപ്പറേറ്റുകൾക്കുനേരെ വിരൽ ചൂണ്ടുകയുമുണ്ടായി. അതേ മാസം സോഷ്യൽ നെറ്റ്‌വർക്കിങ്‌ സൈറ്റായ എക്‌സിൽ നെതന്യാഹുവിനെ അഡോൾഫ് ഹിറ്റ്‌ലറുമായി താരതമ്യം ചെയ്‌ത്‌ മുൻ യുഎൻ മനുഷ്യാവകാശ ഉദ്യോഗസ്ഥൻ ക്രെയ്ഗ് മൊഖിബറിന്റെ പോസ്റ്റനെ്‌ അൽബനീസ് പിന്തുണയേകി. നാസി സല്യൂട്ടുകളോടെ ഹിറ്റ്‌ലറെ സ്വാഗതം ചെയ്യുന്ന ജനക്കൂട്ടത്തിന്റെയും യുഎസ് കോൺഗ്രസ് നെതന്യാഹുവിനെ സ്വാഗതം ചെയ്യുന്നതിന്റെയും ഫോട്ടോകളും അദ്ദേഹം പോസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. അതോടെല്ലാമുള്ള പ്രതികാരമായി ട്രംപ് ഭരണകൂടത്തിന് കീഴിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രഷറി വകുപ്പ് എക്സിക്യൂട്ടീവ് ഓർഡർ 14203 പ്രകാരം അൽബനീസിന് മേൽ ഉപരോധം ഏർപ്പെടുത്തി. അവരെ സ്ഥാനത്തു നിന്ന് നീക്കാനുള്ള ശ്രമങ്ങൾക്കെതിരെ 2023 ഏപ്രിൽ 26-ന് ആംനസ്റ്റി ഇന്റർനാഷണൽ, ഇറ്റാലിയൻ അവകാശ ഗ്രൂപ്പുകൾ, എംപിമാർ, നിയമജ്ഞർ, അക്കാദമിക് വിദഗ്ധർ എന്നിവർ ഒപ്പിട്ട കത്ത് പ്രസിദ്ധീകരിച്ചു.

2023 ഏപ്രിലിൽ പലസ്തീനും മധ്യപൂർവ ദേശവും കേന്ദ്രീകരിക്കുന്ന പത്രപ്രവർത്തനത്തിനുള്ള അംഗീകാരമായി അൽബനീസിന് ഇറ്റലിയിൽനിന്നുള്ള അന്താരാഷ്ട്ര സ്റ്റെഫാനോ ചിയാരിനി അവാർഡ് ലഭിച്ചു. 2024-ലെ പാസ്ബ്ലൂ യുഎൻ പേഴ്‌സൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു. യുഎൻ ചാർട്ടർ ഉയർത്തിപ്പിടിക്കുന്നതിനും സാർവത്രിക മനുഷ്യാവകാശങ്ങൾക്കുവേണ്ടി വാദിക്കുന്നതിനും അന്താരാഷ്ട്ര മാനുഷിക നിയമം ഉറപ്പാക്കുന്നതിനും ലോകമെമ്പാടും സമാധാനവും അഹിംസയും പ്രോത്സാഹിപ്പിക്കുന്നതിനും ശക്തമായ നേതൃത്വം നൽകിയെന്നായിരുന്നു പാസ്ബ്ലൂ വിലയിരുത്തൽ. 2025 ഫെബ്രുവരി 12-ന് പലസ്തീനിലെ മനുഷ്യാവകാശങ്ങൾക്കും അന്താരാഷ്ട്ര നിയമങ്ങൾക്കും ശക്തമായ പ്രതിബദ്ധത പുലർത്തുന്ന വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്ന ദി റൈറ്റ്സ് ഫോറത്തിൽ നിന്ന് ഡച്ച് ഡ്രൈസ് വാൻ ആഗ്റ്റ് പ്രൈസ് ലഭിച്ചു. 2025 മാർച്ചിൽ ഗാസയിലെ മാനുഷിക സാഹചര്യത്തെക്കുറിച്ചുള്ള പ്രവർത്തനത്തിനും അവിടെ നടക്കുന്ന ദുരുപയോഗങ്ങളെക്കുറിച്ചുള്ള മികച്ച ഡോക്യുമെന്റേഷനും ഇറാനിയൻ ഡോ. ടാഗി എബ്‌ടെക്കർ അവാർഡും തേടിയെത്തി. 2026 ഏപ്രിൽ രണ്ടിന് ആന്റ്‌വെർപ്പ്, ഗെന്റ്, ബ്രസ്സൽ സർവകലാശാലകളിൽനിന്ന്‌ മൂന്ന് സംയുക്ത ഓണററി ഡോക്ടറേറ്റ് കരസ്ഥമാക്കി.

US sanctions should stop hurting American business - Asia Times

അമേരിക്കൻ പ്രതികാരങ്ങൾ

അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതിനെ തുടർന്ന് ജോർജ്‌ടൗൺ സർവകലാശാല അൽബനീനെ അഫിലിയേറ്റഡ് സ്കോളർമാരുടെ പട്ടികയിൽ നിന്ന് നീക്കുകയും സർവകലാശാലയുടെ വെബ്‌സൈറ്റിൽ നിന്ന് അവരുടെ പ്രൊഫൈൽ ഇല്ലാതാക്കുകയും ചെയ്തു. 2026 ലെ അവരെ നൊബേൽ പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്യാനുള്ള ആഹ്വാനങ്ങൾ ഉയർന്നിരുന്നു; ഗാസ ആസ്ഥാനമായുള്ള ഡോക്ടർമാരുടെ കൂട്ടായ്‌മയ്‌ക്കൊപ്പം ബ്രസീൽ, ദക്ഷിണാഫ്രിക്ക, കാനഡ, ആസ്‌ത്രലിയ, ന്യൂസിലാൻഡ്, ബ്രിട്ടൻ എന്നിവയുൾപ്പെടെ 33 രാജ്യങ്ങളിൽ നിന്നുള്ള 300 പ്രൊപ്പോസർമാർ നോമിനേഷനിൽ ഒപ്പുവെക്കുകയുമുണ്ടായി. ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിൽ അടിസ്ഥാന മാനുഷിക മൂല്യങ്ങൾ സംരക്ഷിക്കുന്ന വ്യക്തികളുടെ ധൈര്യത്തിനും പരിശ്രമത്തിനും സ്ഥിരോത്സാഹത്തിനുള്ള ആദരവിന്റെ പ്രകടനമായിരുന്ന നാമനിർദ്ദേശം രാഷ്ട്രീയ വിഭജനങ്ങൾക്കതീതമായ സമാധാനത്തിനുള്ള സംഭാവനയെ പ്രതിനിധീകരിച്ചു. സായുധ സംഘട്ടനത്തിനിടയിൽ ജീവൻ പണയപ്പെടുത്തി മെഡിക്കൽ ജോലികൾ ചെയ്യുന്ന ഗാസ ആസ്ഥാനമായുള്ള ഡോക്ടർമാരായ ഡോ. ഹുസാം അബു സഫിയ, ഡോ. സാറ അൽ-സഖ എന്നിവരെയും നാമനിർദ്ദേശത്തിൽ ഉൾപ്പെടുത്തുകയുണ്ടായി. ആരോഗ്യ സൗകര്യങ്ങൾ പൂർണമായും നശിപ്പിക്കപ്പെടുകയും അടിസ്ഥാനാവശ്യങ്ങളുടെ രൂക്ഷമായ ക്ഷാമം അനുഭവപ്പെടുകയും ചെയ്തതോടെ ജീവൻ രക്ഷിക്കുന്നതിലൂടെയും മെഡിക്കൽ ധാർമികത പാലിക്കുന്നതിലൂടെയും അവർ എല്ലാ ദിവസവും മാനവികതയുടെയും ഐക്യദാർഢ്യത്തിന്റെയും സമാധാനത്തിന്റെയും മൂല്യങ്ങൾ തിരിച്ചറിയുന്നുവെന്നായിരുന്നു വിലയിരുത്തൽ.

വിമർശനത്തിന്റെ അതിർരേഖ ലംഘിച്ച വ്യക്ത്യാധിക്ഷേപങ്ങൾ

വിമർശനത്തിന്റെ എല്ലാ അതിർരേഖകളും ലംഘിച്ച വ്യക്ത്യാധിക്ഷേപത്തിന്‌ അൽബനീസിനെ പലവട്ടം ഇരയാക്കി. ‘ഗാസ വംശഹത്യ: കൂട്ടായ കുറ്റകൃത്യം’ എന്ന ശീർഷകത്തിൽ ഇസ്രയേലും സഖ്യകക്ഷികളും തുല്യപങ്കാളികളാണെന്ന റിപ്പോർട്ട് അവതരിപ്പിച്ച ശേഷമാണ് പരാമർശങ്ങൾ അമാന്യമായത്‌. ഐക്യരാഷ്ട്രസഭയിലെ ഇസ്രയേലി അംബാസഡർ ഡാനി ഡാനോൺ 2025 ഒക്ടോബർ 30ന്‌ ജനറൽ അസംബ്ലിയിൽ അവരെ ദുർമന്ത്രവാദിനിയെന്നാണ്‌ വിശേഷിപ്പിച്ചതും. അൽബനീസ്, ദുർമന്ത്രവാദിനിയായ താങ്കൾ നുണയും വിദ്വേഷവും ഉപയോഗിച്ച് ഇസ്രയേലിനെ ശപിക്കാൻ ശ്രമിച്ചു. ഈ റിപ്പോർട്ട് മന്ത്രവാദ പുസ്തകത്തിലെ മറ്റൊരു പേജാണ്. അതിലെ ഓരോ പുറവും ശൂന്യമായ മന്ത്രങ്ങൾമാത്രം. എല്ലാ ആരോപണങ്ങളും പ്രവർത്തിക്കാത്തവ. കാരണം താങ്കൾ പരാജയപ്പെട്ട മന്ത്രവാദിനിയാണ്. അതിനാൽ ആ വിഷം ഫലപ്രദമാവാതെ നിർവീര്യമായെന്നും വിശദീകരിച്ചു. വംശഹത്യ നടത്തുന്ന രാജ്യത്തിന് തന്റെ കണ്ടെത്തലുകളുടെ സത്തയോട് പ്രതികരിക്കാൻ കഴിയുന്നില്ലെന്നത് വിചിത്രവും വ്യാമോഹപരവുമാണ്. ആഭിചാരക്രിയയ്‌ക്കുള്ള അറിവും അധികാരവുമുണ്ടെങ്കിൽ കുറ്റകൃത്യങ്ങൾ തടയാനും ഉത്തരവാദികൾ ശിക്ഷ നേരിടുന്നുവെന്ന് ഉറപ്പാക്കാനും ഉപയോഗിക്കുമായിരുന്നു. മന്ത്രങ്ങൾ ഉണ്ടാക്കാൻ ശരിക്കും കഴിവുണ്ടെങ്കിൽ അവ പ്രതികാരത്തിനായി ഉപയോഗിക്കില്ല, മറിച്ച് നിങ്ങളുടെ കുറ്റകൃത്യങ്ങൾ എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ ഉപകരണമാക്കുമെന്നായിരുന്നു അവരുടെ പ്രതികരണം.

May be an image of diary, book and text that says 'WHEN THE WORLD SLEEPS BANESE f O l@WesStandWithFrancescaAlbanese'

ആയിരങ്ങളെ സാക്ഷിയാക്കി ഇറ്റലിയിലെ പ്രകാശനം

ഏറ്റവുമൊടുവിൽ അൽബനീസ്‌ ഇസ്രയേൽ ഭരണകൂടത്തിന്റെ വംശഹത്യാപരമ്പര മുൻനിർത്തി രചിച്ച ഉപന്യാസങ്ങളുടെയും വ്യക്തിപരമായ ചിന്തകളുടെയും സമാഹാരമായ ‘വെൻ ദി വേൾഡ് സ്ലീപ്സ്: സ്‌റ്റോറീസ്‌ വേർഡ്‌സ്‌ ആൻഡ്‌ വൂണ്ട്‌സ്‌ ഓഫ്‌ പലസ്‌തീൻ’ എന്ന പുസ്തകത്തിനെതിരെയായി തടസങ്ങൾ. 2025 ആഗസ്‌ത്‌ 10ന്‌ ഇറ്റലിയുടെ തെക്കൻ കാമ്പാനിയ മേഖലയിലെ വിദൂര ഗ്രാമമായ സാന്റ് ആൻഡ്രിയ ഡി കോൺസയിലെ പ്രധാന ചത്വരത്തിൽ വിവിധ തുറകളിൽ നിന്നുമുള്ള ആയിരക്കണക്കിനാളുകൾ നിറഞ്ഞ ചടങ്ങിലായിരുന്നു അതിന്റെ പ്രകാശനം. ആൾക്കൂട്ടത്തിന്റെ ഐക്യദാർഢ്യത്തിൽ ആവേശഭരിതയായ അൽബനീസിന്റെ പ്രതികരണം ഒരു മഹാശക്തിയുടെ അനുമതി ലഭിക്കുകയെന്നാണ് അർഥമാക്കുന്നത്. അത് എന്നെയാകെ മാറ്റിമറിക്കുന്നു. സ്വകാര്യ ജീവിതത്തെയും കുടുംബത്തെയും ആഴത്തിൽ ബാധിക്കുന്നുവെന്നായിരുന്നു. പലസ്തീന്റെ കൊളോണിയൽ പശ്ചാത്തലത്തെയും ഉപരോധിക്കപ്പെട്ട ജനങ്ങളുടെ ന്യായമായ പരാതികളെയും കുറിച്ചുള്ള തന്റെ ഗ്രാഹ്യത്തെ രൂപപ്പെടുത്താൻ സഹായിച്ച ആഴത്തിലുള്ള വ്യക്തിപരമായ അനുഭവങ്ങൾ അൽബനീസ് പുതിയ പുസ്തകത്തിൽ പങ്കുവെക്കുന്നു; പലസ്തീൻ എന്ന കുറ്റത്തിന് കൊല്ലപ്പെട്ട ആറുവയസുകാരി ഹിന്ദ് റജബ് മുതൽ ഡോക്ടർമാർ, പണ്ഡിതന്മാർ, കലാകാരന്മാർ, സുഹൃത്തുക്കൾ, അഭയാർത്ഥികൾ വരെ. അധിനിവേശ പലസ്തീൻ പ്രദേശങ്ങളിലെ നഷ്ടങ്ങൾക്കും ചെറുത്തുനിൽപ്പുകൾക്കും നീതിക്കുവേണ്ടിയുള്ള നിരന്തരമായ പോരാട്ടത്തിനും ആ സാക്ഷ്യങ്ങൾ ശക്തിപകരുമെന്നാണ്‌ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്ത ചില വിദഗ്ധർ അഭിപ്രായപ്പെട്ടത്‌. ഗാസ മുനമ്പ് പൂർണമായും കൈവശപ്പെടുത്താനുള്ള നെതന്യാഹുവിന്റെ പദ്ധതികളോട് അവർ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചു. സയണിസ്റ്റ് രാഷ്ട്രത്തിന്റെ അവസാനത്തിന്റെ ആരംഭമാണ്. അത് വളരെ വ്യക്തം. തീർച്ചയായും നമുക്ക് കൃത്യമായി പ്രവചിക്കാൻ കഴിയില്ല, പക്ഷേ അതേക്കുറിച്ച് ഉറപ്പുണ്ടെന്നാണ്‌ സംഗീതജ്ഞൻ, ഗായകൻ, നാടക രചയിതാവ്‌, ആക്ടിവിസ്റ്റ് എന്നിങ്ങനെയും പ്രശസ്‌തനായ ബൾഗേറിയയിൽ ജനിച്ച ഇറ്റാലിയൻ നടൻ സലോമോൻ മോണി ഒവാഡിയയുടെ വാക്കുകൾ. ഉപരോധങ്ങളും ആയുധ നിരോധനങ്ങളും ഏർപ്പെടുത്തിയും വ്യാപാര കരാറുകൾ താൽക്കാലികമായി നിർത്തിവച്ചും സയണിസ്‌റ്റ്‌ ഭരണകൂടത്തിന്റെ ഗുരുതരമായ ദുരുപയോഗങ്ങൾ സർക്കാരുകൾ അഭിസംബോധന ചെയ്യേണ്ടത് അത്യാവശ്യമാണെന്നായിരുന്നു യൂറോപ്യൻ യൂണിയൻ പാർലമെന്റംഗം മാറ്റ്ജാസ് നെമെക് യുഎൻ റിപ്പോർട്ടർ പ്രസ് ടിവിയോട് സംസാരിച്ചതിന്റെ പൊരുൾ.

Entering a Third Year of Genocide in Gaza: PCHR, Al-Haq, and Al Mezan Condemn International Inaction in the Face of the Ongoing Destruction and Dispossession of Palestinians | Palestinian Centre for Human

ഇരുട്ടിൽ നിന്ന് ഒരു ചന്ദ്രൻ ഉദിക്കും

ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന ഇസ്രയേലി വംശഹത്യ തടയാനുള്ള തന്റെയും സമാന ചിന്താഗതിക്കാരായ ജനങ്ങളുടെയും ദൃഢനിശ്ചയം അൽബനീസ് വീണ്ടും ഉറപ്പിച്ചു. യൂറോപ്പും അമേരിക്കയും ഇസ്രയേലിനെ തടഞ്ഞില്ലെങ്കിൽ ഗാസ പൂർണമായും കൈവശപ്പെടുത്തപ്പെടും. അത്‌ ലജ്ജാകരമാണ്. അത്‌ തടയാൻ നമ്മൾ ഇപ്പോൾതന്നെ എല്ലാം ചെയ്യണം. ധാരാളം ഇസ്രയേലികൾ തെരുവുകളിലിറങ്ങാൻ തയ്യാറാണ്. ലോകമെമ്പാടുമുള്ള ജനങ്ങൾ പലസ്തീനികളുടെ കൂട്ടക്കൊലയ്‌ക്കും അവരുടെ വംശീയ ഉന്മൂലനത്തിനും എതിരാണെന്നും കൂട്ടിച്ചേർത്തു. ഇത്തരം ചിന്തകൾ സമൃദ്ധമായി പങ്കുവെച്ചവയാണ്‌ ‘പലസ്‌തീനിയൻ റെഫ്യൂജീസ്‌ ഇൻ ഇന്റർനാഷണൽ ലോ(അന്താരാഷ്ട്ര നിയമത്തിൽ പലസ്തീൻ അഭയാർഥികൾ), ‘എ മൂൺ വിൽ റൈസ്‌ ഫ്രം ദി ഡാർക്ക്‌നെസ്‌: റിപ്പോർട്‌സ്‌ ഓൺ ഇസ്രയേൽസ്‌ ജെനോസൈഡ്‌ ഇൻ പലസ്‌തീൻ( ഇരുട്ടിൽ നിന്ന് ഒരു ചന്ദ്രൻ ഉദിക്കും: പലസ്തീനിലെ ഇസ്രയേലി വംശഹത്യയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ) തുടങ്ങിയ പഠനങ്ങളും. വംശഹത്യ നടത്തുന്ന ഇസ്രയേൽ തങ്ങളുടെ ക്രൂരവും മനുഷ്യത്വരഹിതവുമായ യുദ്ധക്കുറ്റകൃത്യങ്ങളും അന്താരാഷ്ട്ര നിയമലംഘനങ്ങളും മറച്ചുപിടിക്കാൻ എല്ലാ ശ്രമങ്ങളും നടത്തിവരുന്നു. അതിനാൽ 15 പലസ്തീൻ ഡോക്ടർമാരെ കൊലപ്പെടുത്തിയതിന്റെ തെളിവുകൾ മറച്ചുവെക്കാൻ ശ്രമിച്ചതുപോലെ പുസ്‌തകങ്ങളെയും ഭയപ്പെടുന്നു. ഇസ്രയേൽ വിരുദ്ധത ആരോപിച്ച്‌ അൽബനീസിന്റെ പുതിയ കൃതിയുമായി ബന്ധപ്പെട്ട് ആമസോൺ പേയ്‌മെന്റുകൾ തടയണമെന്ന് പ്രമുഖ ജൂത പൗരാവകാശ സംഘടനകൾ ആവശ്യമുയർത്തിയിരിക്കയാണ്‌. പുസ്തകം വിൽക്കുന്നത് ഫെഡറൽ ഉപരോധ നിയമത്തിന്റെ ലംഘനമാകുമെന്ന് അത്‌ ആമസോണിന് മുന്നറിയിപ്പ് നൽകുകയും അതുമായി ബന്ധപ്പെട്ട ഇടപാടുകൾ നിർത്താൻ കമ്പനിയോട് ആവശ്യപ്പെടുകയും ചെയ്‌തു. പേയ്‌മെന്റുകളോ മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളോ സ്വീകരിക്കുന്നതിൽ അൽബനീസിന് വിലക്കുണ്ടെന്ന് നാഷണൽ ജൂത അഡ്വക്കസി സെന്റർ മേധാവി മാർക്ക് ഗോൾഡ്‌ഫെഡർ എക്‌സിൽ രേഖപ്പെടുത്തുകയുമുണ്ടായി.

No Comments yet!

Your Email address will not be published.