Skip to main content

രണ്ടു കവിതകൾ

കല്പാന്ത ശേഷം

ഈ ഇരുട്ടിൽ
നിരാലംബ തീരത്ത്
ക്ലാവ് പിടിച്ച കണ്ണുകൾ
ഇനിയുമെന്തോ തിരയുകയാണ്.

എല്ലാ ജഢ വേരുകളും പറിച്ചെറിയുന്ന
ഒരു മഴ വരുമെന്ന്
കാറ്റെന്നോട് പറഞ്ഞപ്പോൾ
എന്നിലുൻമാദം

തിമിര ബാധയ്ക്കു മുൻപ്
നമുക്കു പരസ്പരം ആഴ്ന്നിറങ്ങണം.
ഒരു ദി നോസറിന്റെ ബീജം
നിന്നിൽ നിക്ഷേപിച്ച്
എനിക്കൊരു പുരുഷനാകണം.

സൃഷ്ടിയുടെ മൂർഛയിൽ
നീയെൻ കരൾ പറിച്ചെടുത്ത് ,
ശരിക്കുമൊരു പെണ്ണും പ്രകൃതിയുമായി ,
രൗദ്രമായി പൊട്ടിച്ചിരിക്കുമ്പോൾ
ഈ ലോകം നടുങ്ങുന്നതു കണ്ട്
നമ്മുടെ മിഴികൾ
വീണ്ടും ജ്വലിയ്ക്കണം.

***

ഉറക്കം

സുഷുപ്തിയിൽ ലയിക്കാൻ
എനിക്കിഷ്ടമല്ല.
അർദ്ധ മയക്കത്തിൽ
അങ്ങനെ കിടക്കണം.

അപ്പോൾ
സ്വപ്നങ്ങൾ കൂട്ടമായെത്തും.
ചിലത് ആഹ്ലാദിപ്പിക്കുന്നവ,
ചിലത് സങ്കടപ്പെടുത്തുന്നത് ,
മറ്റു ചിലത്
ഞെട്ടിപ്പിക്കുന്നവ.
ഋതുക്കളെപ്പോലെ
വന്നു പോകുന്നവ,
ആവർത്തിക്കുന്നവ.

നിഗൂഢ സ്വപ്നങ്ങളുടെ
നിറങ്ങളിലേക്ക്
തുളച്ചിറങ്ങുമ്പോൾ;
ഉണർച്ചയിലേക്കല്ല
ഗാഢനിദ്രയിലേക്കാവും
നിലതെറ്റിയുള്ള എന്റെ
ഒടുക്കത്തെപ്പോക്ക്.

***

സുഗതൻ ഞമനേങ്ങാട്

1967 ഫെബ്രുവരി 4 ന് ജനനം. തൃശൂർ ജില്ലയിലെ ഞമനേങ്ങാട് താമസം. ഞമനേങ്ങാട് ഓർഡ് LP സ്കൂൾ, കുന്നംകുളം ടെക്നിക്കൽ സ്കൂൾ,തൃശൂർ കേരളവർമ്മ കോളേജ്, പട്ടാമ്പി ഗവ. എസ്.എൻ.കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മലയാള സാഹിത്യത്തിൽ മാസ്റ്റർ ബിരുദം. പഞ്ചായത്ത് സർവ്വീസിൽ നിന്ന് 2023 ൽ വിരമിച്ചു. ഭാര്യ. അമൂല്യ മക്കൾ. സുദർശൻ സംഘമിത്ര.

No Comments yet!

Your Email address will not be published.