Skip to main content

നിശാസമുദ്രം

രണ്ട് പേർ തമ്മിൽ സ്‌നേഹിക്കുമ്പോൾ
നിങ്ങളുടെ കണ്ണുകൾ എവിടെയാണ്
അവർക്കിടയിലുള്ള സ്നേഹം തിരയുക.

അവരുടെ മിഴികളിലെ ആഴങ്ങളിലേക്ക്
നിങ്ങളെങ്ങനെയാണ് കാഴ്ചയെ എത്തിക്കുക.

പരസ്പരം ഓർമിക്കുമ്പോൾ വേദനിക്കുന്ന
നെഞ്ചിൻ കൂടുകളിലെ നോവ്
ഏത് അളവ് പാത്രം വെച്ച് അളന്നെടുക്കും.

രണ്ട് ദേശങ്ങളിലെ ആത്മാക്കൾ
ആലിംഗനം ചെയ്യുന്നത്
ഏത് ചിന്ത കൊണ്ടാണ് ഒപ്പിയെടുക്കുക.

യാതൊന്നും പ്രതീക്ഷിക്കാതെ
ഉപാദികളില്ലാതെ
പ്രണയിക്കാൻ പഠിക്കുകയാണ്.
വേദനിച്ചു വേദനിച്ചു വേദനയില്ലാത്ത പ്രണയത്തിലേക്ക് ഒഴുകാനും…

ഒന്ന് കാണമെന്നും കൈപിടിക്കാമെന്നും കൊഞ്ചാതെ
പ്രണയപരിഭവങ്ങളടക്കിയ
ഖബറില്ലായ്മ ചെയ്യാൻ പഠിക്കുന്നത് കൂടിയാവാം സ്നേഹമെന്നത്.

യൗവനതിളപ്പ് വറ്റിയ
രണ്ടുപേരുടെ പ്രണയം
തിരയടങ്ങിയ കടല് പോലെയാവാം.
തിരകൾ ഒരിക്കലുമതിന്റെ രഹസ്യം തീരത്തെഴുതാറില്ലല്ലോ.

ഇതാ ഒടുവിലെ തിരയെന്ന്
തീരം ആധികൊള്ളുകയുമാവാം.

***

ആരിഫ എം.പി.

മലപ്പുറം കാച്ചിനിക്കാട് സ്വദേശി. 

എഴുത്തുകാരിയും സംരംഭകയു(അനാരി ഫുഡ്സ് )മാണ്.

പ്രസിദ്ധീകരിച്ച കൃതികൾ : കഥത്തുരുത്തിലെ ഏകാകിനി (കഥാസമാഹാരം), അനുരാഗിണി (കവിതാസമാഹാരം)

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.