Skip to main content

എങ്ങനെയൊക്കെ പറ്റിക്കാം?

എന്തുകൊണ്ടൊക്കെ പറ്റിക്കാം;
ചെറിയൊരു ചിരിയോടെ
സ്മിതട്ടീച്ചർ കുട്ടികളോട് ചോദിച്ചു.
മുൻബെഞ്ചിലെ തെറിച്ച വിത്ത്
നിമിഷം വൈകാതെ
വായിൽ വന്നത് പറഞ്ഞു,
തുപ്പൽ.
ശരിയാണ് എല്ലാവരിലും എപ്പോഴുമുള്ള
ജനകീയമായ പശ.
ഇല്ലന്റും റെവന്യൂ സ്റ്റാമ്പും
നാവ് നീട്ടാനാണ് പറയുക.
ചിരിയുടെ വലുപ്പം കൂട്ടി
ടീച്ചറൊരു കഥയോർമ്മിപ്പിച്ചു.
തുപ്പൽ കൂട്ടി പേജ് മറിച്ച് മറിച്ച്
പുസ്തകം തീരുമ്പോഴക്കും ചത്തുപോയ
വായനക്കാരനെക്കുറിച്ചൊരു കഥയുണ്ട്.
നാലിലെ കുട്ടികളോട് പറയാൻ പറ്റാത്ത ഭാഷയിൽ
മറ്റൊരു നിവൃത്തിയുമില്ലാത്തതിനാൽ
ടീച്ചർ പറഞ്ഞു
സമർത്ഥവും ക്രൂരവും
ചരിത്രത്തിലെ ഏറ്റവും ആസൂത്രിതവുമായ
കൊലയായിരുന്നു അത്.

അടുത്തയാൾ, ടീച്ചർ ചോദിച്ചു.
ചോറ്
ടീച്ചറോർത്തു,
അഭംഗിയും ദാരിദ്യവും മുഴച്ചു നിന്ന
ഒട്ടിച്ച പാഠപുസ്തകച്ചട്ടകൾ.
ചോറ് കൊണ്ട്
പറ്റിക്കാനാവാത്തതായെന്തുണ്ട്?
പക്ഷെ..

ഇനി?
പശ, അവന് പതിവ് പോലെ ഒരു സംശയവുമില്ല.
നേരാണ്, എടുക്കാൻ വൈകിയാൽ
ഒട്ടിച്ച വിരൽ തിരിച്ചെടുക്കാൻ സമ്മതിക്കാത്ത പശയുണ്ട്.
അതൊരു പരസ്യമല്ലേ ടീച്ചർ,
ടീച്ചറെ പതിവായി സുയിപ്പാക്കുന്ന
സീനത്ത് ചോദിച്ചു.
സീനത്തിനെ കൂട്ടുകാർ ആപ്പ്
എന്നാണ് വിളിക്കുക.
അവൾക്കറിയാത്തതൊന്നുമില്ല.
പരസ്യം കൊണ്ടും പറ്റിക്കാം ല്ലേ സീനത്തേ.

അടുത്തയാൾ
ഊഴം കാത്തിരിക്കുകയായിരുന്നു, സിമന്റ്.
ഇത്ര ദീർഘകാലത്തേക്ക് പറ്റിക്കാൻ
മറ്റൊന്നും പറ്റില്ല, ടീച്ചർ പിൻതാങ്ങി.
അവൻ പറഞ്ഞാൽ പിന്നെ മിണ്ടാതിരിക്കാനാവാത്ത
അവന്റെ ഉറ്റമിത്രവും ശത്രുവുമായ
ചിത്രസേനൻ പറഞ്ഞു, തീ…
തീയോ, ടീച്ചറൊന്നമ്പരന്നു.
ടീച്ചർ വെൽഡ് ചെയ്യുന്നത് കണ്ടിട്ടില്ലേ?
ടീച്ചർ വഴിവക്കിലെ വെൽഡറെ മാത്രമല്ല
വീട്ടിനടുത്തുള്ള കൊല്ലനേയും ഓർത്തു.
ഭയങ്കര പറ്റിപ്പുകാരാണ്.

ഇനി?
അവസാനം മാത്രം ഉത്തരം പറയുന്ന
വിവേകാനന്ദൻ പറഞ്ഞു, നുണ.
സത്യം, ടീച്ചർ പറഞ്ഞു.
പറ്റിച്ചതിന്റെ പാടു പോലുമുണ്ടാവില്ല
ടീച്ചറിൽ നിന്നറിയാതൊരു നെടുവീർപ്പുയർന്നു.

ഇത്തരം ചോദ്യോത്തര പംക്തിയിലൊന്നും
ഒരു താൽപ്പര്യവുമെടുക്കാത്ത
ജോസഫ് ആടിയുലഞ്ഞെണീറ്റു.
തിരഞ്ഞെടുപ്പ്.
ക്ലാസ്സാകെ ചിത്രാർപ്പിതമെന്നപോൽ
നിശ്ശബ്ദമായ്.

***

No Comments yet!

Your Email address will not be published.