Skip to main content

സർ

ഞാനന്ന് പണിസ്ഥലത്ത് ലീവാക്കിയ ദിവസമായിരുന്നു. തുടർച്ചയായി പത്ത് ദിവസത്തിൽ കൂടുതൽ ഇപ്പോൾ പണി എടുക്കാൻ കഴിയുന്നില്ല. കൂടുതൽ ദിവസം പണി എടുക്കുമ്പോൾ ഊരവേദന തുടങ്ങും. ഒരു ദിവസമെങ്കിലും ലീവാക്കിയാലേ പിന്നെ ഒരു പത്ത് ദിവസം പണി എടുക്കാൻ കഴിയൂ. അന്ന്, അതായത് മേസ്തിരിയേ… എന്ന് വിളിച്ചുകൊണ്ടുള്ള ശശിയുടെ വിളി വന്ന സമയത്ത് ഞാൻ വീട്ടിൽ വാട്സാപ്പും നോക്കി ഇരിക്കുകയായിരുന്നു.
ശശിയുടെ പേര് മൊബൈൽ സ്ക്രീനിൽ തെളിഞ്ഞ സമയത്ത് എനിക്ക് ആദ്യം ദേഷ്യമാണ് വന്നത്.
ഫോണിൽ കളിച്ച് ഇരിക്കാണ്ട് പണി എടുക്കെടാ എന്ന് പറയാനാണ് എനിക്ക് തോന്നിയത്. ഒരു ഒഴിവ് കിട്ടിയാൽ അപ്പോൾ ശശി മൊബൈലിലായിരിക്കും. സൈറ്റിലെ വിവരങ്ങൾക്ക് ആരെയെങ്കിലും വിളിക്കാനുണ്ടെങ്കിൽ അപ്പോൾ ശശി സ്വന്തം ഫോൺ എടുത്ത് നീട്ടിപ്പിടിക്കും.ആ ഫോണിൽ നിന്നും ദിവസവും ഒരു പത്ത് പേരെയെങ്കിലും വിളിച്ചാലേ ശശിക്ക് സമാധാനമാവൂ. അതും സ്വന്തം കാര്യത്തിന് ആവണം എന്നൊന്നും ശശിക്ക് നിർബന്ധമില്ല. വീട്ടിലെ കാര്യത്തിനോ നാട്ടിലെ കാര്യത്തിനോ സൈറ്റിലെ കാര്യത്തിനോ ഒക്കെ എല്ലാവരും ശശിയുടെ ഫോണാണ് ഉപയോഗിച്ചിരുന്നത്. പണി നടക്കുന്നതിനിടയിൽ ഒരു മിനുട്ടിൽ അഞ്ച് പ്രാവശ്യമെങ്കിലും ശശി ഫോണിനെ നോക്കും. ഇടക്ക് അതിനെ എടുത്ത് വെറുതേ ഒന്ന് തൊട്ട് നോക്കുകയോ തിരിച്ചും മറിച്ചും നോക്കുകയോ വെച്ച സ്ഥലത്ത് നിന്നും ഒന്ന് മാറ്റി വെക്കുകയോ ചെയ്തില്ലെങ്കിൽ ശശിക്ക് സമാധാനമാവില്ല. അതുകൊണ്ടൊക്കെയാണ് ശശിയുടെ വിളി വന്നപ്പോൾ എനിക്ക് ദേഷ്യം വന്നത്. പക്ഷേ, മേസ്തിരിയേ എന്ന നീട്ടിയതും ദയനീയവുമായ അവന്റെ വിളിയിൽ എന്റെ ഉള്ളിൽ എന്തെന്നറിയാത്ത ഒരാന്തൽ ഉണർന്നു. എന്തോ ഒരപകടം പറ്റിയ അന്തരീക്ഷം മനസ്സിനെ ഒരു വേള കിടിലം കൊള്ളിച്ചു.
ശശി വീണ്ടും വിളിച്ചു;

“മേസ്തിരിയേ..”

പതിവിൽ നിന്നും വ്യത്യസ്തമായി എന്താടാ എന്ന ചോദ്യത്തിന് പകരം ഞാൻ ഉം എന്ന് മൂളി.
ആ മൂളലിന് പോലും അപ്പോഴത്തെ അന്തരീക്ഷത്തെ വെല്ലുന്ന കനം ഉണ്ടായിരുന്നു.

“നമ്മുടെ ജബ്ബാറ് ബോധം കെട്ട് വീണ് മേസ്തിരീ..”

“ബീഹാറിയോ?”

“അതെ മേസ്തിരീ”
അത് കേട്ടപ്പോൾ എനിക്കൊരാശ്വാസം തോന്നി. ബീഹാറി മര്യാദക്ക് ഭക്ഷണം കഴിക്കാറില്ല. അതിന്റെയാവും.

“സാരമില്ല”

ഞാൻ ശശിയോട് പറഞ്ഞു.

“അതല്ല മേസ്തിരി… ഇങ്ങള് വരണം. എന്തോ കാര്യായിട്ട് പ്രശ്നം ഉണ്ട്. ഇങ്ങള് വന്നാലേ കാര്യം തീരുമാനമാവൂ. ബോധം വന്നപ്പം മുതല് ഓൻ കരയാണ്. എല്ലാരും പണി നിർത്തി വെച്ചിക്കാണ്. ”

“ഞാൻ വരാം”

ശശിയെ സമാധാനിപ്പിക്കാനായ് ഞാൻ പറഞ്ഞു.”

ജബ്ബാറ് കൂടെ കൂടിയിട്ട് രണ്ട് കൊല്ലത്തോളമായി.
ആദ്യത്തെ ജബ്ബാറല്ല ഇപ്പോൾ. വകതിരിവൊക്കെയായി. കൃത്യസമയത്ത് തന്നെ സൈറ്റിൽ എത്തും.
നേരത്തേ സൈറ്റിൽ വന്ന് തലേ ദിവസം തേച്ചതൊക്കെ ജബ്ബാർ നനക്കും. പൂഴി ആണെങ്കിൽ തരിച്ചിടാനുള്ള പണികൾ ചെയ്യും. വൈകീട്ട് പോവാൻ ധൃതി കൂട്ടുന്ന സ്വഭാവമൊന്നും ജബ്ബാറിനില്ല. കൂട്ടി വെച്ച കുമ്മായം ബാക്കിയാക്കി പോവുന്നത് ജബ്ബാറിന് ഇഷ്ടമല്ല.

ഇങ്ങനെയൊന്നും ആയിരുന്നില്ല വന്ന കാലത്ത് ജബ്ബാർ. നേരെ വിപരീതം ആയിരുന്നു എന്ന് പറയാം.
കരാർ എടുത്ത സൈറ്റുകളിൽ ലീവാക്കുന്ന ദിവസം ജബ്ബാർ ഉണ്ടാവണമെന്ന് എനിക്ക് നിർബന്ധമായിരുന്നു. എങ്കിലേ ഞാൻ ലീവാക്കൂ. എന്റെ ഒഴിവ് ജബ്ബാർ നികത്തും എന്നത് എനിക്ക് വലിയ സൗകര്യമായിരുന്നു.

ഞാൻ സൈറ്റിലേക്ക് കയറിച്ചെല്ലുമ്പോൾ ഡൈനിംഗ് ഹാളിൽ ചുമരിനോട് ചാരി കാലുകൾ നീട്ടിവെച്ച്നി ലത്തിരിക്കുകയായിരുന്നു ജബ്ബാർ അപ്പോൾ. അവനാകെ ക്ഷീണിതനും പരവശനുമായിരുന്നു. ബോധം കെട്ട് വീണതിന്റെയാവണം മുഖത്ത് വെള്ളം തളിച്ചിട്ടുണ്ട്. എന്നെ കണ്ടതും ജബ്ബാർ ഉറക്കെ കരഞ്ഞു. വെറും കരച്ചിലായിരുന്നില്ല. അലറി നിലവിളിക്കുകയായിരുന്നു. ഞാൻ ശശിയേയും മറ്റുള്ളവരേയും മാറി മാറി നോക്കി. ജബ്ബാർ പറയുന്നതൊന്നും ഞങ്ങൾക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല. ബീഹാറി ഭാഷയിലായിരുന്നു അവനപ്പോൾ ദേഷ്യവും സങ്കടവുമെല്ലാം പ്രകടിപ്പിച്ചത്. അവന് കുറച്ചൊക്കെ മലയാളം അറിയാം. അവൻ പറയുന്നത് കേട്ടാണ് കല്ല്, മണൽ,ചരട് തുടങ്ങിയവക്ക് പത്തർ, മിട്ടി, രസ്സി, എന്നൊക്കെയാണ് ഹിന്ദിയിൽ പറയുക എന്ന് ഞാൻ പഠിച്ചത്. സൈറ്റിൽ ബീഹാറിയായിരുന്നില്ല, ഹിന്ദിയായിരുന്നു അവൻ അധികവും സംസാരിച്ചിരുന്നത്.
അവന്റെ അടുത്ത് ചെന്നിരുന്ന് ജബ്ബാറേ എന്ന് വിളിച്ചുകൊണ്ട് ഞാനവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.
എന്തിനാണ് ഞാനവനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നത് എന്നെനിക്ക് അറിയില്ലായിരുന്നു. പക്ഷേ, അലമുറയിടുന്ന അവന്റെ നിലവിളിക്കും കണ്ണുനീരിനും ആശ്വസിക്കാൻ മാത്രം പോന്നതായിരുന്നില്ല എന്റെ ശ്രമങ്ങളൊന്നും തന്നെ എന്നെനിക്ക് മനസ്സിലായി.

അവനെന്തിനാണ് ഇങ്ങനെ കരയുന്നത്. അവന്റെ പ്രിയപ്പെട്ടവർ ആരെങ്കിലും മരിച്ച് കാണുമോ.
വേർപാടിലും വലിയ വേദന കാണുമോ. സിമന്റിന്റേയും വിയർപ്പിന്റേയും മണം മാത്രം തളം കെട്ടി നിൽക്കുന്നിടത്ത് തകർന്ന് പോയ ഒരാളുടെ ശൂന്യത നിഴലിച്ച് നിന്നു. സാധാരണ മേസ്തിരി എന്ന് വിളിക്കാറുള്ള ജബ്ബാർ അപ്പോൾ സർ സർ എന്ന് പറഞ്ഞാണ് നിലവിളിച്ചിരുന്നത് എന്ന് ഞാൻ ശ്രദ്ധിച്ചു. എനിക്കും സങ്കടം വന്നു. നിലവിളിക്കും ശാന്തതക്കും ഇടയിൽ വെച്ച് ജബ്ബാർ പറഞ്ഞു.

“മേസ്തിരീ… ന്റെ ഭാര്യയെ പോലീസ് കൊണ്ടുപോയി”

അത് കേട്ടപ്പോൾ ഞാനൊന്ന് ഭയന്നു. ജബ്ബാറിനെ അറിയാം എന്നല്ലാതെ എങ്ങനെ അറിയാം എന്ന് ചോദിച്ചാൽ ഉത്തരമില്ല. നാട്ടിൽ തട്ടിപ്പുകാരനാണോ എന്നൊന്നും അന്വേഷിക്കാനും മറ്റും മുതിർന്നിട്ടില്ല. അല്ലെങ്കിലും അങ്ങനെയൊന്നും ചെയ്തിട്ടല്ലല്ലോ ഇപ്പോൾ സൈറ്റിലേക്ക് ഹെൽപ്പർമാരെ വിളിക്കുന്നത്. കണ്ടും അറിഞ്ഞും മനസ്സിലാക്കുന്നവനെ കൂടെ നിർത്തുന്നു. പണി ഉള്ളിടത്തോളം കാലം മാത്രമുള്ള ബന്ധം. അല്ലെങ്കിൽ തന്നെ പണി സ്ഥലത്ത് നിന്നും ഇറങ്ങിയാൽ പിന്നെ ജബ്ബാറിനെ ആര് ഓർക്കുന്നു. ഇതിപ്പോൾ എന്തിനായിരിക്കും ജബ്ബാറിന്റെ ഭാര്യയെ പോലീസ് കൊണ്ടുപോയിട്ടുണ്ടാവുക! വല്ല പെറ്റി കേസിലും പെട്ട് കാണുമോ? അതാണെങ്കിൽ ഇങ്ങനെ കരയില്ലല്ലോ! കഞ്ചാവ് കേസോ മറ്റോ ആയിരിക്കുമോ… അതോ പെൺ വിഷയം ആയിരിക്കുമോ! ജബ്ബാർ നാട്ടിൽ ഇല്ലാത്തപ്പോൾ അവൾ…..

“മേസ്തിരീ ”

ഞാൻ ജബ്ബാറിന്റെ മുഖത്തേക്ക് നോക്കി

“സർ”
അവന്റെ ആ വിളി എനിക്ക് ഇഷ്ടപ്പെട്ടില്ല. ഇത്രയും കാലം മേസ്തിരി എന്ന് വിളിച്ചിരുന്ന അവനെന്തിനാണ് ഇപ്പോൾ എന്നെ സർ എന്ന് വിളിക്കുന്നത്.

“നീയെന്നെ സർ എന്നൊന്നും വിളിക്കണ്ട. മേസ്തിരി എന്ന് തന്നെ വിളിച്ചാൽ മതി”

അവന്റെ തലയിലൂടെ തലോടിക്കൊണ്ടാണ് ഞാനത് പറഞ്ഞത്.

“അതല്ല മേസ്തിരി”

“പിന്നെ?”

“സർ കാരണമാണ് എന്റെ ഭാര്യയെ പോലീസ് പിടിച്ച് കൊണ്ടുപോയത്”

“ഞാൻ കാരണമോ…! ഞാനെന്തിന് എങ്ങാണ്ട് കിടക്കുന്ന നിന്റെ ഭാര്യയെ പിടിച്ച് കൊണ്ടുപോവാൻ പോലീസിനോട് പറയണം?”

എനിക്ക് ദേഷ്യവും അത്ഭുതവും തോന്നി. അവൻ മറുപടിയൊന്നും പറഞ്ഞില്ല. ആഴമുള്ള ചിന്തയിലേക്ക് മറിഞ്ഞ് വീണ പോലെ അവൻ നിന്നു.

“മേസ്തിരീ.. എനിക്ക് നാട്ടിൽ പോണം. ഇന്ന് പോണം. ഭാര്യയെ രക്ഷിക്കാൻ പറ്റോന്ന് അറിയില്ല”

അവന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകിക്കൊണ്ടിരുന്നു. അവൻ മലയാളത്തിൽ തന്നെ സംസാരിച്ചു. അത്രയൊക്കെ മലയാളം അവന് അറിയുമായിരുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തി. ഭാര്യയെക്കുറിച്ചും മക്കളെക്കുറിച്ചും നാടിനെക്കുറിച്ചും വീടിനെക്കുറിച്ചും എല്ലാം അവൻ പറഞ്ഞു. പറയുകയായിരുന്നില്ല. പെയ്യുകയായിരുന്നു. ഒരു കനത്ത മഴ പെയ്ത പ്രതീതി. രണ്ട് കുഞ്ഞു മക്കൾ. അത് പറയുമ്പോഴും അവൻ കരഞ്ഞു. അവന്റെ നിസ്സഹായതയെ പഴിച്ച് കൈകൾ അവൻ ശക്തിയായി മതിലിൽ ഇടിച്ചു. ആർക്കും ആരേയും ആശ്രയിക്കാൻ ഇല്ലാത്തവരായി തങ്ങൾ തീർന്നിരിക്കുന്നു എന്ന് ജബ്ബാർ പറഞ്ഞു. ഭാര്യയും മക്കളും അല്ലാതെ കുടുംബം എന്ന് പറയാൻ ആരുമില്ല ജബ്ബാറിന്.
അവരെല്ലാവരും ഇപ്പോൾ ഒറ്റപ്പെട്ടിരിക്കുന്നു. മൂന്നു ലോകത്തായി തീർന്നിരിക്കുന്നു.
ചേരിയിൽ പ്ലാസ്റ്റിക് മറയിൽ മേൽക്കൂരയില്ലാത്ത വീട്ടിൽ ഇപ്പോൾ ആരും ഇല്ല. ഭാര്യ ജയിലിലാണ് എന്നെങ്കിലും ആശ്വസിക്കാം. മക്കൾ… അവർ എന്ത് ചെയ്യുകയായിരിക്കും. സൈക്കിൾ ടയർ ഉരുട്ടി എങ്ങോട്ടെങ്കിലും പോയ്ക്കാണുമോ!. പോലീസുകാർ അവരെ തീവണ്ടിക്ക് മുന്നിലേക്ക് ഇട്ട് കാണുമോ! ഏതെങ്കിലും നിർത്തിയിട്ട ലോറിയിൽ കയറി എങ്ങോട്ടെന്നറിയാതെ അവർ പോയിട്ടുണ്ടാവുമോ!
അവർ എന്തെങ്കിലും കഴിച്ച് കാണുമോ!
മക്കളെക്കുറിച്ചുള്ള ആധി പൂണ്ട് ജബ്ബാർ ഓരോന്നൊക്കെ പറഞ്ഞു കൊണ്ടിരുന്നു.

“ഏയ്… അങ്ങനെയൊന്നും ഉണ്ടാവില്ല” എന്നൊക്കെ പറഞ്ഞ് തോളിൽ കൈ വെച്ച് ഞാൻ ജബ്ബാറിനെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.

ഭാര്യ തന്നെയാണ് ജബ്ബാറിനെ വിളിച്ച് കാര്യം അറിയിച്ചത്. പോലീസ് കൊണ്ടുപോവുന്ന കാര്യം പത്ത് പ്രാവശ്യം പറഞ്ഞിട്ടും ജബ്ബാറിന് മനസ്സിലായില്ല. ഭാര്യയുടെ നിലവിളി കലർന്ന സംസാരം വേർതിരിച്ചറിയാൻ ജബ്ബാർ ഏറെ കഷ്ടപ്പെട്ടു.

“നിങ്ങൾക്കിനി ഞങ്ങളില്ല. എനിക്ക് നിങ്ങളും മക്കളുമില്ല. നമ്മുടെ മക്കൾക്ക് ഉപ്പയും ഉമ്മയുമില്ല.”

ഭാര്യയുടെ ഈ വർത്തമാനം കേട്ടപ്പോഴാണ് ജബ്ബാറിന് ബോധം പോയത്. പേടിക്കേണ്ട.. എല്ലാം ശരിയാവും എന്ന് പോലും പറയാൻ ജബ്ബാറിനായില്ല. തെറ്റെന്തെങ്കിലും ചെയ്തിട്ടല്ല സാധാരണ എല്ലാവരും ശരിയാവും എന്ന് പറയുന്നത്. അതൊരു ആശ്വാസത്തിന്റെ തിരുവചനം മാത്രമാണ്. അതിനും ജബ്ബാറിന് കഴിഞ്ഞില്ല. രണ്ട് വർഷം ഞാൻ ആശ്രയിച്ച് നിന്ന ഒരു മനുഷ്യൻ… ഒരന്യനാട്ടുകാരൻ…. ആശ്രയത്തിനൊരാളില്ലാതെ വിറങ്ങലിച്ച് നിൽക്കുന്നു. അവന്റെ ഭാര്യ ഇപ്പോൾ ജയിലിലായിരിക്കുന്നു. താൻ ഒന്നും ചെയ്യാനില്ലാത്ത ഒരാളായി തീർന്നതിന്റെ നിസ്സഹായത അയാളെ വേട്ടയാടുന്നു.

ജബ്ബാറിന്റെ അവസ്ഥയെക്കുറിച്ചോർത്തപ്പോൾ അവന്റെ കൂടെ പോവാൻ ഞാൻ തീരുമാനമെടുത്തു. ഞാനത് പറഞ്ഞപ്പോൾ വിശ്വസിക്കാനാവാതെ അവനെന്റെ മുഖത്തേക്ക് നോക്കി.

“മേസ്തിരീ… ടിക്കറ്റ് ബുക്ക് ചെയ്ത് പോവാൻ പറ്റില്ല. കോഴിക്കോട്ന്ന് കിട്ടുന്ന വണ്ടിയിൽ നിസാമുദ്ദീൻ.. പിന്നെ പാറ്റ്ന… മൂന്നാല് ദിവസം ഉറക്കം പോവും. മേസ്തിരിക്ക് അതൊന്നും ശരിയാവൂല. ഞങ്ങൾക്കതൊക്കെ ശീലാണ്.”

അവന്റെ വർത്തമാനം കേട്ടപ്പോൾ ഞാൻ ചിരിച്ചു.

“ഒന്നിച്ച് പോവാം.”

ഞാൻ വീണ്ടും പറഞ്ഞു. ആരും ഇല്ലാതാവുമ്പോഴാണല്ലോ ഒരാളെങ്കിലും കൂടെ നിൽക്കേണ്ടത്.
ജബ്ബാറിനേയും കൂട്ടി അവന്റെ മുറിയിൽ ചെന്ന് സാധനങ്ങളൊക്കെ എടുത്ത് ഞങ്ങൾ നേരെ എന്റെ വീട്ടിലേക്ക് പോയി. ശശിയും ഞങ്ങളുടെ കൂടെ യാത്രയാക്കാൻ വന്നു. ട്രെയിൻ വന്ന് ജനറൽ കംപാർട്ട്മെന്റിൽ കയറുമ്പോൾ ശശി തിരിച്ച് പോയി. ഒഴിയാത്ത ആധിയുമായി തിരക്കിനിടയിലൂടെ നൂണ്ട് ജബ്ബാർ ടോയ്ലറ്റിന് മുന്നിൽ സ്ഥലം പിടിച്ചു. ഞാനും കൂടെ ചെന്ന് നിന്നു. ആദ്യത്തെ ദിവസം ഉറക്കം ഒരു പ്രശ്നമായില്ല. രണ്ടാമത്തെ ദിവസം മുതൽ ഞാനറിയാതെ തന്നെ ഞാൻ ഉറങ്ങി വീണു. ജബ്ബാർ അപ്പോഴൊന്നും ഉറങ്ങിയതേ ഇല്ല.കണ്ണുകൾ തുറന്ന് ട്രെയിനിന്റെ ചുവരുകൾ നോക്കി എന്തോ കണക്ക് കൂട്ടുന്നത് പോലെ അവനിരുന്നു. ഞാനൊരു തോറ്റ മനുഷ്യനാണെന്ന് ജബ്ബാർ ചിന്തിക്കുന്നുണ്ടാവണം.

നിസാമുദ്ദീനിൽ ഇറങ്ങിയപ്പോൾ പാറ്റ്നയിലേക്കുള്ള ട്രെയിനിന് പിന്നേയും ഏറെ സമയമുണ്ട്. ഭക്ഷണം കഴിക്കാനായി ഞാൻ ജബ്ബാറിനെ വിളിച്ചു. അവൻ വേണ്ട എന്ന് തലയാട്ടി. ട്രെയിൻ യാത്രയിൽ ജബ്ബാർ കാര്യമായിട്ടൊന്നും കഴിച്ചിട്ടില്ല. എന്റെ നിർബന്ധത്തിന് അവൻ ഭക്ഷണം കഴിക്കാനിരുന്നു. ഒരിക്കലും വിശന്നിട്ടില്ലാത്തവനെപ്പോലെ എന്തൊക്കെയോ കഴിച്ചു എന്ന് വരുത്തി ജബ്ബാർ എഴുന്നേറ്റു. പ്ലാറ്റ്ഫോമിലെ ഒഴിഞ്ഞ ബെഞ്ചിൽ ഇരിക്കുമ്പോൾ ഞാൻ ചോദിച്ചു.

“ശരിക്കും എന്തിനാണ് ഭാര്യയെ പോലീസ് കൊണ്ടുപോയത്?”

“സർ ആണ് കാരണം”

ജബ്ബാറിന്റെ മറുപടി കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു. എങ്കിലും ഞാനത് പുറത്ത് കാണിച്ചില്ല

“എന്താണെന്ന് തെളിച്ച് പറ ജബ്ബാറേ… എനിക്കൊന്നും മനസ്സിലാവുന്നില്ല”

“മേസ്തിരീ.. എന്റെ ഭാര്യയെ ഞാൻ കല്യാണം കഴിച്ചത് തെരുവിൽ നിന്നാണ്. ഞാൻ വളർന്നതും തെരുവിലാണ്. എനിക്കും അവൾക്കും ആരും ഇല്ലായിരുന്നു. പാലത്തിന്റെ ചുവട്ടിൽ ഒരു മറ കെട്ടി ഞങ്ങൾ ജീവിതം തുടങ്ങി.രാത്രി നക്ഷത്രങ്ങളെ നോക്കി സന്തോഷത്തോടെ കെട്ടിപ്പിടിച്ച് ഞങ്ങൾ കിടന്നു. ഞങ്ങളുടെ മക്കളും ഞങ്ങളെപ്പോലെ തെരുവിന്റെ മക്കളായ് വളരാൻ തുടങ്ങി. അത് പിന്നെ അങ്ങനെയാണല്ലോ. ഒരു കൂര കെട്ടണം എന്ന മോഹത്തിലാണ് പണിക്കായ് ഞാൻ കേരളത്തിൽ വന്നത്. അത് ഇപ്പോൾ ഇങ്ങനെയായി.”

ജബ്ബാർ ഒന്ന് നിർത്തി.

ജബ്ബാർ എന്താണ് പറയുന്നത് എന്ന് എനിക്ക് മനസ്സിലായില്ല. ഇതും ജബ്ബാറിന്റെ ഭാര്യയെ പോലീസ് കൊണ്ട് പോയതും തമ്മിൽ എന്താണ് ബന്ധം!

“മേസ്തിരീ… എന്റെ ഉമ്മ ജനിച്ച് വളർന്ന തെരുവാണ് എന്റെ നാട്. അതിനപ്പുറത്തെ തെരുവാണ് എന്റെ ഭാര്യയുടെ നാട്. ഞങ്ങൾക്ക് രണ്ട് പേർക്കും ഞങ്ങളുടെ ഉപ്പമാരെ അല്ലെങ്കിൽ അച്ഛന്മാരെ അറിയില്ല.
ഉമ്മമാർ വളർത്തി. ഞങ്ങൾ ജീവിച്ചു… വളർന്നു. അത്രമാത്രം.
ഉമ്മ ഏകദേശം എൺപത് വയസ്സ് കഴിഞ്ഞിട്ടാണ് മരിക്കുന്നത്. ഭാര്യയുടെ ഉമ്മയും ഏതാണ്ട് അതേ പ്രായത്തിൽ മരിച്ചു. എന്റെ ഉമ്മ ഗവൺമെന്റിന് വോട്ട് ചെയ്തത് അന്നെനിക്ക് കാണിച്ച് തന്നിട്ടുണ്ട്.ആ എൺപതാം വയസ്സിൽ. എനിക്കിപ്പോൾ അൻപത് വയസ്സാവാൻ ആയിട്ടുണ്ട്. ഞാൻ ഇതുവരെ വോട്ട് ചെയ്തിട്ടില്ല.വോട്ട് ചെയ്യിക്കാൻ പലരും വന്നു. ഞാൻ പോയില്ല. എന്റെ ഭാര്യയെ കൊണ്ടുപോയി അവർ വോട്ട് ചെയ്യിച്ചിട്ടുണ്ട്. എന്നിട്ടാണിപ്പോൾ പോലീസ് പിടിച്ച് കൊണ്ടുപോയത്.”

ജബ്ബാർ മൂക്ക് ഷർട്ടിൽ തുടച്ചു കൊണ്ട് കരയാൻ തുടങ്ങി. ഞാനും കുറച്ച് നേരം സ്തംഭിച്ച് നിന്നു. ജബ്ബാറിന്റെ ഓരോ വാക്കുകളിലും ഭയം ഉണ്ട്.

ജബ്ബാർ ആരെയാണ് ഭയക്കുന്നത്. ഇങ്ങനെ ഭയക്കാൻ മാത്രം എന്ത് കുറ്റമാണ് ജബ്ബാറിന്റെ ഭാര്യ ചെയ്തിട്ടുണ്ടാവുക.

“സർ..”

അത് പറഞ്ഞുകൊണ്ട് അവൻ പ്ലാറ്റ്ഫോമിൽ നീട്ടിത്തുപ്പി. എനിക്ക് അവനോട് അറപ്പ് തോന്നി. അവനെ ദേഷ്യപ്പെടണം എന്നുണ്ടായിരുന്നു. പക്ഷേ, ഈ നിമിഷത്തിൽ ഞാനവന്റെ മുതലാളിയായ മേസ്തിരിയല്ല. ഒരു കദനകഥക്ക് ചെവി കൂർപ്പിച്ച് നിൽക്കുന്ന കേൾവിക്കാരൻ മാത്രമാണ്. എല്ലാ സമയത്തും ഒരു മനുഷ്യൻ അയാളല്ല.

“അതാണിപ്പോൾ എല്ലാറ്റിനും കാരണം.”

ഒന്നും മനസ്സിലാവാതെ ഞാനവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. ഏതാണ് എല്ലാറ്റിനും കാരണം! എന്താണ് ജബ്ബാർ ഉദ്ദേശിക്കുന്നത്?

പിന്നീട് കുറേ നേരത്തേക്ക് ജബ്ബാർ ഒന്നും പറഞ്ഞില്ല.

കണ്ണുകൾ കനം വെച്ച് ചീർത്തിട്ടും അയാളിൽ ക്ഷീണം ഉണ്ടായിരുന്നില്ല.

പാറ്റ്ന ട്രെയിൻ വരുന്നതായി അനൗൺസ് ചെയ്തപ്പോൾ മേസ്തിരി തിരിച്ച് പൊയ്ക്കോളി എന്ന് മാത്രം ജബ്ബാർ സൂചിപ്പിച്ചു.

പിന്നേയും കുറേ നേരം ജബ്ബാർ നിശ്ശബ്ദനായി.

“ഞങ്ങൾ ജീവിച്ചാലെന്ത് മരിച്ചാലെന്ത്. ആർക്കെന്ത് ചേതം. ഒരു വോട്ട് കിട്ടും എന്നതിനപ്പുറം ഞങ്ങളെക്കൊണ്ട് എന്ത് ഗുണം. അല്ലേ മേസ്തിരീ…”

വായുവിൽ നിന്നും ഇടക്ക് ജബ്ബാർ വാക്കുകൾ എടുക്കുകയാണെന്ന് തോന്നും. വാക്കുകൾക്ക് നല്ല മൂർച്ചയുണ്ട്.

“ഞാനിനി എന്താവുമെന്ന് എനിക്ക് അറിയില്ല മേസ്തിരീ… ചിലപ്പോൾ എന്നേയും അവർ പിടിച്ച് കൊണ്ട് പോവും”
അവന്റെ ദയനീയ സ്വരത്തിൽ എന്റെ ചങ്കു പൊട്ടുമെന്നായി. ഞാനവനെ ചേർത്ത് പിടിച്ചുകൊണ്ട് “എന്തിന്?” എന്ന് ചോദിച്ചു.

“അവളോട് അവർ പറഞ്ഞത് നീ ആരാണെന്ന് തെളിയിക്കണം… ജനിച്ച നാട് തെളിയിക്കണം… മണ്ണിൽ നടന്ന കാലടികൾ തെളിയിക്കണം… അമ്മയുടെ വയറ്റിൽ നിന്നും ഇറങ്ങിയതിന്റെ രേഖ തെളിയിക്കണം എന്നൊക്കെയാണ്…. അതാണ് മേസ്തിരീ ഈ സർ”

പാറ്റ്ന വണ്ടി പുറപ്പെടുന്ന വിവരം അനൗൺസ് ചെയ്തപ്പോഴാണ് വണ്ടി മുന്നിൽ വന്ന് നിൽക്കുന്ന വിവരം ഞങ്ങളറിഞ്ഞത്.

“മേസ്തിരി തിരിച്ച് പൊയ്ക്കോ. ഈ തീവണ്ടി യാത്ര പോലെയാണ് ഞങ്ങളുടെ ജീവിതവും.”

ട്രെയിൻ ഇളകിയപ്പോൾ അവനെന്നെ തള്ളിമാറ്റി. എന്നിട്ട് ട്രെയിനിലെ തിരക്കിനിടയിലേക്ക് ചാടിക്കയറി. അതിനിടയിൽ അവൻ വിളിച്ച് പറഞ്ഞു

“ജീവിതത്തെ തെളിയിക്കണം എന്ന് വെച്ചാൽ സൂക്ഷിച്ച് വെക്കാൻ ഒരു തുണ്ട് കടലാസ് പോലുമില്ലാത്ത മനുഷ്യർ എന്ത് ചെയ്യണം മേസ്തിരീ….”

***

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.