Skip to main content

ആത്മവർഷം

ചാറ്റൽ മഴ പോലെ
ഒച്ചയുണ്ടാക്കാതെ
ഏറെ നേരം പെയ്തു;
ഉൾക്കാമ്പും നനച്ചു,
ഉടലിൽ ശീതം ചുറ്റി.

ഒടുക്കം
തീകൂട്ടിയ കണ്ണിലേക്ക്
ഒപ്പിയെടുക്കാനാഞ്ഞ്
ചുണ്ടുകൾ
വിറച്ച് ഒപ്പമിരിക്കുന്നു.

ഉടൽ വരച്ച കോലങ്ങൾ
മായ്ച്ചു.
വിവർണ്ണമായ കവിളിൽ
ആത്മവർണ്ണങ്ങൾ വരച്ചു.

ഞാൻ കാതര—
കാവ്യം തോൽക്കും
നീ എഴുതും വർണന.

നഗ്നമായ ആകാശം,
മേഘമൊഴിഞ്ഞ തടങ്ങൾ,
താരകങ്ങൾ—പുഷ്യരാഗങ്ങൾ
കണ്ണിൽ തെളിയിച്ചു.

മണ്ണിൻ നനവ് മായ്ച്ച്
എന്തോ മുളപൊട്ടുന്നു.

***


ഷിഫ സുമതി

മലപ്പുറം ജില്ലയിലെ വേങ്ങര സ്വദേശി. നിലവിൽ മക്കരപ്പറമ്പിൽ താമസം. സർക്കാർ ഉദ്യോഗസ്ഥയായി സേവനമനുഷ്ഠിക്കുന്നു. കഥകളും കവിതകളുമാണ് പ്രധാന സാഹിത്യ മേഖലകൾ. സമകാലിക പ്രസിദ്ധീകരണങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും സജീവമായി എഴുതാറുണ്ട്.

No Comments yet!

Your Email address will not be published.