മാങ്ങപ്പിഞ്ചു ഡിസൈനുള്ള
കാപ്പിപ്പൊടി കുഞ്ഞുടുപ്പ്
കറുപ്പിൽ റോസുപൂക്കളുള്ള
ദാവണിക്കാരിക്കൊപ്പം
തേൻമാവിൻ്റെ ചോട്ടിലെ
അടുക്കള സവാരി
( പായസം വയ്ക്കുമ്പോഴുള്ളതാവാം )
പുസ്തകക്കുത്തൊഴുക്കിൽ
ഇല്ലാതായ വരകൾ
( ദ്രവിച്ചു പോയ ഓർമ്മയുടെ ബാക്കി)
അള്ളിപ്പറിക്കുന്ന
കാണാക്കരങ്ങളുടെ
പേടിപ്പിക്കലുകൾ
(എപ്പോഴൊക്കെയോ ഓർക്കണ്ടാത്തവ. തീർച്ച)
കണ്ണുപൊത്തിക്കളിയുടെ
നാടകങ്ങൾ
(തീർച്ചയായും തിരശ്ശീലയിടണ്ടവ. )
ജീവിച്ചോ മരിച്ചോ
എന്നറിഞ്ഞു കൂടാത്ത
മഴ നിറവുകൾ
(കരൾ കീറിമുറിച്ച് കൊണ്ടുപോയവ)
അറിഞ്ഞും അറിയാതെയും
ഇതെല്ലാം
നിന്നിലേയ്ക്കു തന്നെ
പെയ്തിറങ്ങിയിരുന്നു
കാരണം നീ പോലുമറിയാതെ
നിന്നെ
ഒളിച്ചു വച്ചിരുന്നല്ലോ
( ബോധപൂർവ്വമല്ല, കരുതൽ ധനമായി)
പക്ഷേ, ഏതോ വാസനയുടെ
ഉണർവ്വിൽ
നീ കണ്ണു തുറന്നപ്പോൾ
എല്ലാം മറന്നൊരു
ആവണിക്കാലത്തിലായിരുന്നു ഞാൻ
പിന്നീടങ്ങോട്ട്
നിലാപ്പെയ്ത്തും
(തികച്ചും സാങ്കല്പികം)
ചില നിറങ്ങളെയും
മണങ്ങളെയും
ശബ്ദങ്ങളെയും
ഒഴിച്ചു നിർത്തിയാൽ
കഴിഞ്ഞു പോയ
പൂക്കാലത്തിൻ്റെ
നിഴലുകളല്ലേ
ബാക്കിയുള്ളു…
ഇത്രമാത്രം…
***
കവിപരിചയം :
ജയലക്ഷ്മി വി.
കാഞ്ഞിരമറ്റം സെൻ്റ് ഇഗ്നേഷ്യസ് എച്ച് എസ് എസിൽ മലയാളം അധ്യാപിക. വായന, യാത്ര, പാചകം എന്നിവയില്‍ താല്പര്യം.







No Comments yet!