Skip to main content

ഒച്ചാട്ട്

ആര് ഞാൻ?
ആര് നീ?

കേട്ടില്ലേ മുഴക്കം?
ഒച്ചാട്ട്?

ആട്ടല്ല, പാട്ടല്ല,
അരുതായ്മകൾ,
ചെറുതായ്മകൾ,

വിധിക്കും സ്മൃതിരേഖ!

കുംഭം എഴുന്നള്ളേ
ഒച്ചാട്ട്!

മൂന്നടി, നാലടി,
അഞ്ചടി, ആറടി,
ഏഴടി!

അങ്ങനെയങ്ങനെ,
എത്രയെത്ര
തീണ്ടടികൾ!

പണ്ട്, പണ്ടേ
ഒരു ഗുരു വിതച്ചു,
ഒരു അയ്യങ്കാളി കൊയ്തു,
പാടം ചുവന്ന്
കാലം തെളിഞ്ഞു!

ഒച്ചാട്ടം ഒച്ചയില്ലാതായതു
ചരിത്രം!

ചരിത്രം പിൻ നടക്കേ
നാട്ടുവെളിച്ചം മങ്ങേ…

ഇന്നാള്…..
ഇത്തിരി മുന്നേ
ഗുരുവിനെയാരോ…
അയ്യങ്കാളിയെയാരോ…

കണ്ടോ?

പുതുകാലന്റെ മുതുമുതുകിലേറി,
തീണ്ട
തീട്ടക്കാലം വരുന്നു!

പുതുപുതു കുംഭങ്ങൾ
പുതുപുത്തൻ കലത്തിൽ
പുഴുങ്ങുന്നു പുത്തൻ തീണ്ടൽ!

ചരിത്രം ചുവന്ന്
തെളിഞ്ഞതെല്ലാം തുലഞ്ഞു!

ചരിത്രം മറന്നവർ
ഇന്നന്ധമില്ലാതെ
കുംഭസേവയിൽ മയങ്ങേ…

അരുവിപ്പുറത്തു നിന്ന്
ഒരു ചിരി കേട്ടു!

ചിരിയല്ലത്….
പിന്നെ…..?

***


കവിപരിചയം :

അനിഷ് ഹാരൂണ്‍ റഷീദ്‌

ഈയ്യാംപാറ്റകളുടെ ആകാശം, പപ്പ പക്ഷി (തീരം സാഹിത്യവേദി കവി അയ്യപ്പന്‍ അവാര്‍ഡ്‌, 2019), ഒറ്റയും പക്ഷിയും (മഞ്ജരി അവാര്‍ഡ്‌ 2022), ചാരുകസേരയും കോളാമ്പിയും എന്നീ കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഭീമരസപാനം എന്ന കവിതയ്ക്ക്‌ മലയാള സാഹിത്യ പുസ്തക പ്രവര്‍ത്തക സംഘത്തിന്റെ 2021 സാഹിത്യപ്രഭ സ്പെഷ്യല്‍ ജൂറി പുരസ്കാരം ലഭിച്ചു. ടൂര്‍ണമെന്റ്‌ എന്ന കവിതയ്ക്ക്‌ കവല മാസിക സ്പെഷ്യല്‍ ജൂറി പുരസ്കാരവും, കൊടകര സെന്‍ട്രല്‍ റൂറല്‍ ലൈബ്രറി സമ്മാനവും ലഭിച്ചു.

No Comments yet!

Your Email address will not be published.