Skip to main content

പരിചിതമല്ലാത്ത സ്വപ്നത്തിൽ ഒരാൾ

പരിചിതമല്ലാത്ത
ഒരു സ്വപ്നം
കാണുന്നുവെന്നു കരുതുക
അവിടെ നിങ്ങളുപേക്ഷിച്ച
അനേകം പൂച്ചകളുണ്ടെന്നും

കാലെടുത്ത് വക്കുന്നതേ
അവ കരഞ്ഞു വിളിച്ച്
നഗര കവാടം കടന്നെത്തുന്ന
പട്ടാളക്കാർക്ക് നിങ്ങളെ
ഒറ്റു കൊടുത്തേക്കാം

അവർ നിങ്ങൾ
കണ്ട സ്വപ്നങ്ങൾ
മുഴുവൻ തിരിച്ചെടുക്കുകയോ
അഴമേറിയ ഒരു കുഴിയിലെറിഞ്ഞ്
ഉണർത്തുകയോ ചെയ്യാം.

പരിചിതമല്ലാത്ത ഒരു സ്വപ്നത്തിൽ
നിങ്ങളെ കാത്തിരിക്കുന്നത്
പഴയ ഒരു പ്രണയമാണെന്ന് കരുതുക

അത് ഒരു ദീർഘമായ
നടത്തയുടെ അവസാനത്തെ
ചുവടുപോലെ മെലിഞ്ഞതാവാം

നിങ്ങളില്ലാതിരുന്നപ്പോൾ
പതുങ്ങിയെത്തി ചുറ്റിക്കയറിയ
പ്രണയം പോലെന്തോ കൊണ്ട്
ശ്വാസം മുട്ടുന്നതാവാം

ഇപ്പോൾ തുറന്നു കിട്ടിയ
ജനലുകളുടെ സ്വാതന്ത്ര്യത്തിൽ
ആഹ്ലാദിക്കുന്നതുമാവാം

പക്ഷേ അതൊരിക്കലും
നിങ്ങളെ ഒറ്റുകൊടുക്കില്ല
ഉണർത്തുകയില്ല

അതിന്റെ ആഴംകൊണ്ട്
കൊല്ലാതെ കൊല്ലുകയേ ഉള്ളൂ.

***

കവിപരിചയം :

ജുനൈദ് റഹ്മാൻ

മലയാളത്തിലും ഇംഗ്ലീഷിലും കവിതകൾ എഴുതുന്നു. കവിതകൾ, കുറിപ്പുകൾ, ഫോട്ടോഗ്രാഫുകൾ തുടങ്ങിയവ ഭാഷാപോഷിണി, ഇന്ത്യൻ ലിറ്ററേച്ചർ തുടങ്ങിയ സാഹിത്യ പ്രസിദ്ധീകരണങ്ങളിലും നിരവധി ഓൺലൈൻ ജേർണലുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇംഗ്ലീഷ് കവിതകൾ Indo Australian Anthology of Contemporary Poetry, Acerbic Anthology, How to Translate an Earthworm തുടങ്ങിയ സമാഹാരങ്ങളിലും ഉൾപ്പെടുത്തിയിട്ടുണ്ട്. നിരവധി ഹ്രസ്വചിത്രങ്ങൾക്കും സബ്ടൈറ്റിലുകൾ തയ്യാറാക്കിയിട്ടുണ്ട്.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.