തന്നിലെ ഭാവപ്രപഞ്ചത്തെ ആവിഷ്കരിക്കാന്‍ കഥാഖ്യാനങ്ങള്‍ മാത്രം മതിയെന്ന് ഉറപ്പിച്ച എഴുത്തുകാരനാണ് ടി പത്മനാഭന്‍. എല്ലാ സാഹിത്യരൂപങ്ങളും കവിതയെ എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രചുരപ്രചാരമാര്‍ന്ന വിശ്വാസത്തിനും ‘നാടകാന്തം കവിത്വം’ എന്നിങ്ങനെയുള്ള ചൊല്ലുകള്‍ക്കും അപ്പുറം എല്ലാ സാഹിത്യകൗതുകങ്ങളുടെയും അടിയില്‍ കഥാഖ്യാനമുണ്ടെന്ന തിരിച്ചറിവില്‍ ഇദ്ദേഹം എത്തിച്ചേര്‍ന്നിരുന്നു. ടി പത്മനാഭന്‍ കഥകള്‍ മാത്രം എഴുതി. കവിതയും സംഗീതവും ഉള്‍പ്പെടെ ഇതര കലാരൂപങ്ങള്‍ കൂടി ഇദ്ദേഹത്തിന്‍റെ സര്‍ഗക്രിയയില്‍ കഥയുടെ രൂപം ധരിച്ചു. ‘നിധി ചാല സുഖമാ’ കല്യാണി രാഗത്തില്‍ കഥയായി എഴുതി. മഹത്തായ സംഗീതം പറഞ്ഞു മനസ്സിലാക്കി കൊടുക്കാനുള്ളതല്ലെന്നു കരുതുന്ന കഥാകാരന്‍ മഹത്തായ കഥയേയും അങ്ങനെ തന്നെയാകും കാണുക! മനുഷ്യന്‍റെ നിസ്സഹായതകളും ഏകാകിത്വവും ബന്ധങ്ങളിലെ അനിശ്ചിതത്വവും എഴുതിയ പത്മനാഭതൂലിക സ്ത്രീ-പുരുഷബന്ധങ്ങളിലെ അസാധാരണമാനങ്ങള്‍ പിടിച്ചെടുത്തു. ‘കടയനെല്ലൂരിലെ സ്ത്രീ’ അങ്ങനെയാകണം എഴുതപ്പെട്ടത്. മണല്‍പ്പരപ്പിനു താഴെ ആരുമറിയാതെ ഒഴുകുന്ന നദി പോലെ പുറത്തേക്കു പ്രവഹിക്കാത്ത കാമനകളുമായി ഒരു സ്ത്രീ! ഈ കഥയില്‍, ആ നദി മണ്ണിന്നടിയില്‍ നിന്നും ബഹിര്‍ഗമിക്കുന്നു.

കഥയുടെ തുടക്കത്തിൽ തന്നെ കടയനെല്ലൂര്‍ എന്ന ഗ്രാമത്തിന്റെ ഭൂപ്രകൃതി ഒരു പ്രതീകാത്മകഘടനയായി ഉയർന്നു വരുന്നു. ഗ്രാമം പശ്ചിമഘട്ടത്തിന്റെ തണലിലാണെന്നല്ല, നിഴലിലാണെന്ന് എഴുതിയിരിക്കുന്നു. കടയനെല്ലൂര്‍ സഹ്യാദ്രിയുടെ നിഴലിൽ വീർപ്പുമുട്ടുന്നു. ഈ പ്രകൃതിവിവരണം കഥയിലെ പ്രധാന കഥാപാത്രങ്ങളുടെ മാനസികാവസ്ഥയുടെ ഭൗതികാവിഷ്കാരമാണെന്ന പ്രതീതിയുമുണ്ടാക്കുന്നു. തരിശുഭൂമി, കറുത്ത പാറകൾ, പച്ചപ്പിന്‍റെ അഭാവം, മണ്ണില്‍ നിന്നും ഉയരുന്ന പൊടിപടലങ്ങള്‍ ഇവയെല്ലാം അവിടെ എത്തിച്ചേര്‍ന്നിരിക്കുന്ന ബാലചന്ദ്രന്റെ അന്തർലോകത്തെ കൂടി കാണിച്ചുതരുന്നു. അയാളുടെ ജീവിതത്തില്‍ ഒരു ശൂന്യതയുണ്ടെന്നതിന്‍റെ സൂചനകളായിരിക്കണം ഇവയെല്ലാം. “ഇങ്കെ റൊമ്പ കഷ്ടം” എന്ന വാക്കുകളിൽ കടയനെല്ലൂരിലെ സ്ത്രീയുടെ ദീർഘമായ ആത്മവേദന നാം പിന്നീടു കേള്‍ക്കുന്നുണ്ട്.
ബാലചന്ദ്രന്‍ വിദ്യാഭ്യാസമുള്ളവനും ഉദ്യോഗസ്ഥനുമാണ്. എങ്കിലും മറ്റു മനുഷ്യരോട് ഒരു ശിശുവിന്റെ ഭീതിയോടെയാണ് അയാള്‍ ബന്ധപ്പെടുന്നത്. അയൽവീട്ടിലെ സ്ത്രീയോടു സംസാരിക്കാൻ പോലും അയാള്‍ക്കു നാണവും ഭയവും സങ്കോചവുമുണ്ട്. അവളോടുള്ള അടുപ്പം സാദ്ധ്യമാകുന്നതു ക്രമേണയാണ്. എന്നാല്‍, ആ ബന്ധം പതുക്കെ പതുക്കെ വളരുന്നു. അവളെ പരിചയപ്പെടുന്നതിനുള്ള വൈഷമ്യത്തിനിടയില്‍ അയാള്‍ വെള്ളം ചോദിക്കുന്നത് തൊണ്ടയിലെ ദാഹം കൊണ്ടല്ല! അയാളില്‍ മറഞ്ഞിരിക്കുന്ന ഇച്ഛകളുടെയും മനസ്സിലെ ദാഹത്തിന്‍റെയും അബോധതലത്തിലെ പ്രകടനമായിരിക്കണം അത്.
കടയനെല്ലൂരിലെ സ്ത്രീ ആദ്യകാഴ്ചയില്‍ ഒരു നിഷ്കളങ്കയായ പെൺകിടാവിന്‍റെ രൂപത്തില്‍ ബാലചന്ദ്രനു മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. അവളുടെ ക്ഷണികസാന്നിധ്യങ്ങൾ – വാതിൽക്കൽ നിന്നു മറയുന്ന അവൾ, വെള്ളം നൽകുന്ന അവൾ – ഇവയൊക്കെ ബാലചന്ദ്രന്റെ കാഴ്ചയിൽ ഒരു ദൂരസ്ഥസൗന്ദര്യമാണ്. എന്നാല്‍, വെള്ളത്തിന്‍റെ പാത്രം തിരികെ നല്‍കുന്ന സന്ദര്‍ഭത്തിലെ സ്പര്‍ശത്തില്‍ അയാള്‍ കടിയേറ്റ പോലെ കൈ പിന്‍വലിക്കുമ്പോള്‍ അവള്‍ മാതളപ്പൂ പോലെ ചിരിക്കുന്നു. അടുത്ത ദിവസത്തെ സംഭാഷണങ്ങളില്‍ അവളുടെ വിഷാദവും അടക്കിവെച്ച വികാരങ്ങളും തെളിഞ്ഞുവരുന്നു. പുരുഷദൃഷ്ടിയു
ഒച്ചപ്പാടുകളില്ലാതെ, അതീവ സൂക്ഷ്മതയോടെ ഈ കഥയില്‍ ലൈംഗികത പരിചരിക്കപ്പെട്ടിരിക്കുന്നു. നേരിട്ടുള്ള വിവരണങ്ങളല്ല, മറിച്ച് സൂചനകളും ചലനങ്ങളും സ്പർശങ്ങളുമാണ് അതിന്റെ ഭാഷ. വെള്ളം കൈമാറുമ്പോഴുള്ള വിരൽസ്പർശം, പിന്നീട് അവൾ തന്റെ ശരീരം സ്പർശിക്കാൻ ആവശ്യപ്പെടുന്ന രംഗം – ഇവിടെയൊക്കെ ശരീരത്തിന്റെ ആഗ്രഹങ്ങള്‍ വാക്കുകളെ മറികടക്കുന്നു. ആഗ്രഹത്തിന്റെ വ്യക്തമായ പ്രകടനം അവൾ തന്റെ ശരീരം ബാലചന്ദ്രന്റെ മുന്നിൽ അവതരിപ്പിക്കുന്ന രംഗത്തിലാണ്. “തൊട്ടു പാരുങ്കളേ” എന്ന അവളുടെ അഭ്യർത്ഥന സാധാരണമായ രോഗപരിശോധനയിൽ മറഞ്ഞു നിൽക്കുന്നുവെങ്കിലും അതിനു വ്യത്യസ്തമായ ആന്തരികാർത്ഥങ്ങളുണ്ട്. അത് ഒരു സ്ത്രീയുടെ ശരീരത്തെ തിരിച്ചറിയാനും അതിലൂടെ അവളെ അംഗീകരിക്കാനുമുള്ള ആവശ്യമാണ്. ശരീരം ഭാഷയാക്കി ആഗ്രഹം പ്രകടിപ്പിക്കുന്ന നിമിഷത്തില്‍ അവൾ നിഷ്ക്രിയതയിൽ നിന്നും മാറി ആത്മബോധത്തിലേക്കുണരുന്നു. അവളുടെ പ്രവൃത്തി സാമൂഹികസദാചാരത്തിന്‍റെ അതിരുകൾ ലംഘിക്കുന്നതാണ്. അത് വിമോചനത്തിന്റെ ലളിതരൂപവുമല്ല. ഇപ്പോള്‍, ബാലചന്ദ്രൻ തന്‍റെ സദാചാരബോദ്ധ്യങ്ങള്‍ക്കും ആഗ്രഹത്തിനും ഇടയിലെ സംഘര്‍ഷങ്ങളില്‍ പെടുന്നു. അയല്‍വക്കത്തെ കുട്ടി എന്ന അയാളുടെ ധാരണ തകർന്നുപോകുന്നു. ഇത് ബാലചന്ദ്രന്റെ ആത്മബോധത്തിലും വഴിത്തിരിവായി മാറുന്നു. ബാലചന്ദ്രൻ അവളെ ആദ്യം നിഷ്കളങ്കമായ ഒരു രൂപത്തിൽ കാണുന്നുവെങ്കിലും ഇവരുടെ സംഭാഷണങ്ങൾ ആദ്യം സാധാരണവിഷയങ്ങളെ ചുറ്റിപ്പറ്റിയാണെങ്കിലും അവരിൽ പതുക്കെ അടുപ്പം വളരുന്നുണ്ടായിരുന്നു. ഈ ആത്മീയസൗഹൃദം അവളുടെ ഉള്ളിലെ ശൂന്യതയെയും അഭാവത്തെയും സ്പർശിക്കുന്നതിനാൽ അത് ക്രമേണ ജൈവികവും ലൈംഗികവുമായ ആഗ്രഹങ്ങളുടെ രൂപം സ്വീകരിക്കുന്നു.
അവള്‍ ലൈംഗികജീവിതത്തില്‍ നിരാശിതയായിരുന്നുവെന്നത് നിര്‍ണ്ണായകമായ ഒരു വായനാസാദ്ധ്യതയാണ്. അതുമാത്രം അന്തിമസത്യമായി ഘോഷിക്കാന്‍ പാടില്ലെന്നു മാത്രം. അവളുടെ റഹിമാനുമായുള്ള ബന്ധം ശബ്ദശൂന്യമാണ്. ഇത് വികാരശൂന്യതയെ സൂചിപ്പിക്കുന്നതുമാണ്. അവൾ ബാലചന്ദ്രനോട് തന്‍റെ ശരീരം തൊടാൻ ആവശ്യപ്പെടുന്ന രംഗം ‘ഞാൻ ഉണ്ട്, എന്റെ ശരീരം ഉണ്ട്’ എന്ന അധികം ഒച്ചയില്ലാത്ത പ്രഖ്യാപനവുമാണ്. അവളുടെ മോഹങ്ങള്‍ ആരാലും തിരിച്ചറിയപ്പെടുന്നില്ലെന്ന യാഥാര്‍ത്ഥ്യം ഇവിടെ പ്രകടമാകുന്നു. അന്യദേശത്ത് സംസ്കാരികമായ ഒറ്റപ്പെടലിലാണ് അവള്‍ കഴിയുന്നതെന്ന കാര്യം ഇതിനോടൊപ്പം ചേര്‍ത്തു കാണണം. അവൾ ലൈംഗികമായി നിരാശിതയാണെന്ന വായന വികാരപരവും മാനസികവും ശാരീരികവുമായ ശൂന്യതകളുടെ കൂട്ടായ്മയില്‍ കാണുമ്പോഴാണ് കൂടുതൽ പൂർണ്ണമാകുന്നത്.
പുറമേ നിഷ്കളങ്കതയുടെ ശാന്തവലയമുള്ള സ്ത്രീയുടെ ഉള്ളിൽ അടക്കിപ്പിടിച്ച ജൈവികകാമനകളുടെ അഗ്നി ആളുന്നുണ്ടായിരുന്നു. അവളില്‍ ആരോപിതമായിരിക്കുന്ന നിഷ്കളങ്കത പിതൃകേന്ദ്രിതസമൂഹം സ്ത്രീയ്ക്കു നിർബന്ധിതമാക്കുന്ന മുഖാവരണം മാത്രമാണ്. അവള്‍ നിഷ്കളങ്കയാണെന്ന ബാലചന്ദ്രന്
ബാലചന്ദ്രന് ആ സ്ത്രീയോട് തുടക്കം മുതൽ ലൈംഗികാകർഷണം ഉണ്ടായിരുന്നില്ലേ? തുടക്കത്തിൽ അയാളുടെ മനസ്സില്‍ ആകര്‍ഷണത്തിന്‍റ ബീജങ്ങള്‍ ഉണ്ടായിരുന്നുവെന്നു പറയണം. അവളെ പെൺകുട്ടി എന്ന രീതിയില്‍ ലൈംഗികബാഹ്യമായി കാണുന്ന സൂചനകളെ കഥയുടെ പ്രത്യക്ഷത്തിലുള്ളൂ. പക്ഷേ, വായനക്കാരനില്‍ സന്ദേഹങ്ങള്‍ ജനിക്കുന്നുണ്ടാകണം. സ്വയംബോധത്തിനെതിരായ പ്രതിരോധമായിട്ടാണോ ബാലചന്ദ്രന്‍റെ മനസ്സ് പ്രവര്‍ത്തിക്കുന്നതെന്ന് ആരും വിചാരപ്പെട്ടേക്കാം. അയൽക്കാരന്റെ ഭാര്യ, കുട്ടി എന്നിവയെല്ലാം ഈ പ്രതിരോധത്തിനുള്ള ഉപകരണങ്ങളാണ്. എന്നാല്‍, അവളുടെ മുഖം ഓർക്കുന്നത്, അവളെ നിരീക്ഷിക്കുന്നത്, അവളുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നത് ഇവയെല്ലാം അടക്കിവെച്ച ആകർഷണത്തിന്റെ സൂചനകളുമാണ്. അവളുടെ ശരീരസ്പർശത്തിന്‍റെ നിമിഷത്തില്‍ ബാലചന്ദ്രനില്‍ ദമിതമായ ആഗ്രഹവും പെട്ടെന്നു പ്രകാശിക്കുന്നുണ്ട്. അതോടൊപ്പം സദാചാരഭയവും അയാളില്‍ ജനിക്കുന്നു.
ഏകാകിത്വം കഥയിലെ നിർണ്ണായകഘടകമാണ്. കടയനെല്ലൂരിലെ ജനങ്ങളുമായി ബാലചന്ദ്രന് ബന്ധങ്ങളില്ല. നൂൽ, തറി, ജീവിതോപാധികള്‍ – ഇവയെ ചുറ്റിപ്പറ്റിയിരിക്കുന്ന ആ സമൂഹം ബാലചന്ദ്രന് അജ്ഞാതമായ ലോകമാണ്. ഈ സന്ദര്‍ഭത്തിലാണ് അയൽവീട്ടിലെ സ്ത്രീയുമായുള്ള ബന്ധം സമാശ്വാസമാകുന്നത്. അവരിരുവരും കടയനെല്ലൂരിന് അന്യരായതിനാൽ പരസ്പരം മനസ്സിലാക്കാനുള്ള സാദ്ധ്യത കൂടുതലുണ്ട്. ബാലചന്ദ്രനും സ്ത്രീയും പങ്കുവെയ്ക്കുന്ന അന്യതാബോധവും ആ ബന്ധത്തിന്റെ അടിത്തറയാകുന്നു. ജാക്വസ് ലകാന്റെ വീക്ഷണത്തിൽ പറഞ്ഞാല്‍, ഈ ബന്ധം ആഗ്രഹം അഭാവമെന്ന നിലയില്‍ (desire as lack) കൂടുതൽ വ്യക്തത നേടുന്നതാണ്. ഇരുവര്‍ക്കുമിടയിലെ അഭാവം നിറയ്ക്കാൻ അവര്‍ പരസ്പരം സമീപിക്കുന്നു. അതിനാൽ, അവരുടെ ബന്ധം പരസ്പരം സ്നേഹത്തിന്‍റേതാണെന്നു തീര്‍ച്ചയോടെ പറയാന്‍ കഴിയില്ല. അത് അവരില്‍ നിറഞ്ഞിരിക്കുന്ന ശൂന്യതയെ കുറിച്ചുള്ള പരസ്പരഗ്രാഹ്യമാകാം.

റഹിമാൻ സ്നേഹസമ്പന്നനായ ഭർത്താവായി പ്രത്യക്ഷപ്പെടുന്നില്ല. ദൈനംദിനജീവിതത്തിന്റെ ക്ഷീണവും മൗനവും ചുമക്കുന്ന ആളായി മാത്രമാണ് അയാള്‍ കാണപ്പെടുന്നത്. അയാളോടൊപ്പം ജീവിക്കുന്നവള്‍ക്ക് ജൈവികവും ലൈംഗികവുമായ ആഗ്രഹങ്ങൾ അമർത്തിവയ്ക്കേണ്ടി വരുന്നു. അവൾക്ക് തന്റെ ആഗ്രഹങ്ങൾ പ്രകടിപ്പിക്കാൻ സുരക്ഷിതമായ ഇടം ലഭ്യമല്ല. അതിനാൽ അവ ആന്തരികമായ ഒരു സമ്മർദ്ദമായി നിലനിൽക്കുന്നു. റഹിമാന്‍റെ മൗനവും സങ്കോചവും ദൗര്‍ബല്യങ്ങളും കാണുന്ന ബാലചന്ദ്രന് അയാള്‍ ഒരു വിഡ്ഢിയാണെന്നു തോന്നുന്നു. തന്റെ നിലപാടുകളെ ബാലചന്ദ്രൻ സ്വയം പരിശോധിക്കുമ്പോൾ ഈ ധാരണ തകരുന്നു. സാമൂഹികസ്ഥാനത്തിന് മനുഷ്യബന്ധങ്ങളെ നിർണ്ണയിക്കുന്നതില്‍ വലിയ പങ്കില്ലെന്ന ആശയം ഉയർന്നുവരുന്നു.
കടയനെല്ലൂർ ഗ്രാമം കഥയുടെ പ്രധാനഘടകമാണ്. നൂലിനെയും തറിയെയും ചുറ്റിപ്പറ്റിയുള്ള ഉല്‍പ്പാദനബന്ധങ്ങളും ദാരിദ്ര്യവും മനുഷ്യരുടെ ജീവിതത്തെ നിർണ്ണയിക്കുന്ന സാമ്പത്തികഘടനകളെ വെളിവാക്കുന്നു. ബാലചന്ദ്രൻ ഒരു കോ-ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ എന്ന നിലയിൽ ഭരണകൂടത്തിന്റെ പ്രതിനിധിയായി നിലകൊള്ളുമ്പോഴും വ്യക്തിപരമായ ദൗര്‍ബല്യം അയാളെ മദ്ധ്യവർഗ്ഗപ്രതിനിധിയായി കാണാന്‍ നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. വികസനസിദ്ധാന്തങ്ങളും റിപ്പോർട്ടുകളും ഗ്രാമജീവിതത്തിന്റെ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ല. ഇത് മേൽനിലയിലെ ആശയങ്ങളും താഴ്നിലയിലെ ജീവിതാവസ്ഥകളും തമ്മിലുള്ള വൈരുദ്ധ്യത്തെ തുറന്നുകാട്ടുന്നു. അദ്ധ്വാനിയായ റഹിമാന്റെ മൗനത്തിലും ഇതു വായിക്കാം. അവന്റെ ഭാര്യയുടെ ഒറ്റപ്പെടലില്‍ സാമ്പത്തികഘടനകളുടെ മറവിലുള്ള ലിംഗപരമായ അസമത്വത്തിന്റെ പ്രകടനവുമുണ്ടാകണം. ബാലചന്ദ്രനിലെ മാനസികസംഘര്‍ഷങ്ങള്‍, സ്ത്രീയുടെ ഏകാകിത്വവും നിരാശാപൂര്‍ണ്ണമായ ലൈംഗികജീവിതവും, ഗ്രാമത്തിന്റെ സാമ്പത്തികയാഥാർത്ഥ്യം – ഇവയെല്ലാം കൂടിച്ചേരുന്ന സാന്ദ്രമായ അനുഭവമണ്ഡലമാണ് കഥയില്‍ അര്‍ത്ഥം നിറയ്ക്കുന്നത്. ഇവിടെ, വ്യക്തികര്‍ത്തൃത്വം പരിമിതമാണെങ്കിലും പ്രാധാന്യമർഹിക്കുന്നതാണ്. എന്‍
കഥാന്ത്യത്തില്‍ മഴയുടെ ദൃശ്യങ്ങള്‍ കടന്നുവരുന്നു. പ്രകൃതിയുടെ വികാരം മനുഷ്യവികാരങ്ങളുമായി ലയിക്കുന്ന പ്രതീതി സൃഷ്ടിക്കുന്നു. ഇടിയും മിന്നലും മഴയും നിറഞ്ഞ ആ രാത്രി ബാലചന്ദ്രന്റെ അന്തർസംഘർഷങ്ങളെ മറ്റുരൂപങ്ങളില്‍ കാണിച്ചുതരുന്നു. സ്ത്രീയുടെ ഭയം, അവളുടെ വിളി, അയാള്‍ ആദ്യം പ്രതികരിക്കാത്തത്, പിന്നീടുള്ള പ്രവേശനം – ഇവയെല്ലാം ബാലചന്ദ്രന്റെ മാനസികയാത്രയുടെ ഘട്ടങ്ങളാണ്. എത്രമാത്രം ഒറ്റപ്പെട്ടിരുന്നുവെന്ന് അവളുടെ കരച്ചില്‍ കാണിക്കുന്നുണ്ട്. ബാലചന്ദ്രന്റെ ആത്മപരിവർത്തനത്തിന്റെ നിമിഷവും പ്രധാനമാണ്. അവൻ കടയനെല്ലൂര്‍ വിട്ടുപോകാൻ തീരുമാനിച്ചെങ്കിലും പിന്നീട് ആ തീരുമാനം ഉപേക്ഷിക്കുന്നു. ഈ മനംമാറ്റത്തിനു ശേഷം അവൻ മനസ്സില്‍ കാണുന്ന കടയനെല്ലൂരിലെ സ്ത്രീ പഴയ പെൺകുട്ടിയല്ല. അവള്‍ സാകല്യത്തിലുള്ള ഒരു മനുഷ്യസാന്നിദ്ധ്യമാണ്.
പത്മനാഭന്‍റെ പല കഥകളിലും പ്രത്യക്ഷപ്പെടുന്ന ‘അയാള്‍’ എന്നപോലെ ഈ കഥയിലെ നായികയും സര്‍വ്വനാമം കൊണ്ടാണ് വിളിക്കപ്പെടുന്നത്. എന്തുകൊണ്ടാണ് കടയനെല്ലൂരിലെ സ്ത്രീയുടെ നാമം ദമിതമായിരിക്കുന്നതെന്ന് വായനക്കാര്‍ ആലോചിക്കാതിരിക്കില്ല. സ്ത്രീയുടെ ഭര്‍ത്താവും അയല്‍വീട്ടിലെ പുതിയ സുഹൃത്തും അവരുടെ പേരു കൊണ്ടുവിളിക്കപ്പെടുമ്പോള്‍ കഥാകേന്ദ്രം തന്നെയായ അവള്‍ക്കു നാമമില്ല. കടയനെല്ലൂരിലെ സ്ത്രീ ഒറ്റയാളല്ല, അത് സ്ത്രീകളുടെ വലിയൊരു ഗണമാണ്. സര്‍വ്വനാമം കൊണ്ട് എഴുതപ്പെടേണ്ട സാര്‍വ്വലോകമാനമുള്ളവള്‍!
കടയനെല്ലൂരിന്റെ വരണ്ടമണ്ണിൽ മനുഷ്യഹൃദയത്തിന്റെ ഈർപ്പം ഒളിഞ്ഞിരിക്കുന്നതാണ് നാം വായിക്കുന്നത്.
പത്മനാഭന്‍റെ കഥ നേരിട്ട് ഒന്നും പ്രഖ്യാപിക്കുന്നില്ല. സൂചകങ്ങളുടെ നിഴൽപ്പാടുകളിലൂടെ കഥാകാരന്‍ ആഖ്യാനകലയിലെ സൗന്ദര്യലോകങ്ങള്‍ സൃഷ്ടിക്കുന്നു. മനുഷ്യബന്ധങ്







No Comments yet!