Skip to main content

വാക്കുകൾക്കിടയിൽ ഒരു ജീവിതം – ഷാഫി ചെറുമാവിലായി

കണ്ണൂരിൽ സാധാരണ ജീവിതത്തിന്റെ പൊടിയും വിയർപ്പും പറ്റിപ്പിടിച്ച ഒരു മനുഷ്യനുണ്ട്. പകൽ അയാൾ ഒരു കൂലിപ്പണിക്കാരനാണ്. കെട്ടിടങ്ങളുടെ ചുമരുകൾ പണിയുന്നവൻ. കല്ലും മണലും സിമന്റും ചേർത്ത് മറ്റുള്ളവർക്കായി വീടുകൾ ഉയർത്തുന്നവൻ. എന്നാൽ പകൽ അവസാനിക്കുമ്പോൾ അയാളുടെ കൈകളിൽ മറ്റൊരു ലോകമുണരുന്നു. ഒരു പേനയെത്തുന്നു. അപ്പോൾ അയാൾ തമിഴിന്റെ വിശാലമായ സാഹിത്യലോകത്തെയും മലയാളത്തിന്റെ വായനാമനസ്സിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാലമായി മാറുന്നു. അയാളാണ് ഷാഫി ചെറുമാവിലായി.

Shafi Cherumavilayi

ജീവിതം ഒരിക്കലും അയാൾക്കുമുന്നിൽ എളുപ്പവഴി വിരിച്ചിട്ടില്ല. സാമ്പത്തികമായി പിന്നാക്കം നിന്ന ഒരു കുടുംബത്തിലായിരുന്നു ജനനം. പിതാവ് മത്സ്യവ്യാപാരം നടത്തി കുടുംബം പുലർത്തി. പഠനം പത്താം ക്ലാസിൽ അവസാനിച്ചു. മുന്നോട്ടുള്ള വിദ്യാഭ്യാസത്തിന് സാമ്പത്തികശേഷിയുണ്ടായിരുന്നില്ല. ജീവിതം അയാളെ പല നഗരങ്ങളിലേക്കും പല തൊഴിലുകളിലേക്കും കൊണ്ടുപോയി. പൂനെയിൽ ജോലി ചെയ്തു. പിന്നീട് ബെംഗളൂരുവിലെത്തി. അവിടെ ഒരു ചായക്കടയിൽ ജോലി ചെയ്യുന്നതിനിടയിലാണ് ജീവിതത്തിന്റെ മറ്റൊരു വാതിൽ തുറന്നത്.

ചായക്കടയിലേക്ക് തമിഴ് തൊഴിലാളികൾ വരുമായിരുന്നു. ചായ കുടിക്കുന്നതിനിടയിൽ അവർ തമിഴിൽ സംസാരിക്കും. അവരുടെ സംഭാഷണങ്ങളിലെ അപരിചിതമായ വാക്കുകൾ ഷാഫിയുടെ മനസ്സിൽ കൗതുകമുണർത്തി.

ഒരു സ്ഥാപനത്തിൽ ചേർന്ന് തമിഴ് പഠിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. പക്ഷേ പഠിക്കാനുള്ള ആഗ്രഹത്തിനതിരുകളില്ലായിരുന്നു. ജോലി കഴിഞ്ഞ രാത്രികളിൽ അയാൾ തമിഴ് സിനിമകളുടെ പോസ്റ്ററുകൾ വായിച്ചു. കടയിലെ തമിഴ് ഉപഭോക്താക്കൾ കൊണ്ടുവരുന്ന ലഘുലേഖകളും പത്രമാസികകളും പുസ്തകങ്ങളും വായിച്ചു. അക്ഷരങ്ങൾ ആദ്യം അപരിചിതമായിരുന്നു. പിന്നീട് അവ വാക്കുകളായി. വാക്കുകൾ വാക്യങ്ങളായി. വാക്യങ്ങൾ പതിയെ ഒരു വലിയ സാഹിത്യലോകത്തിന്റെ വാതിലായി.

സർവകലാശാലകളിൽ പഠിച്ചിട്ടില്ല. ഒരു ഭാഷാധ്യാപകനു മുന്നിലുമെത്താനായാൾക്കായില്ല. ജീവിതം തന്നെയായിരുന്നു ഗുരു. വായനയായിരുന്നു പാഠശാല. കൗതുകമായിരുന്നു ആദ്യത്തെ അക്ഷരം. പുസ്തകങ്ങളോടുള്ള സ്നേഹമായിരുന്നു പഠനത്തിന്റെ അവസാനമില്ലാത്ത വഴികാട്ടി.

ചെറുമാവിലായിയിലെ പൊതുഗ്രന്ഥശാലകളും അദ്ദേഹത്തിന്റെ ജീവിതത്തിൽ വലിയ പങ്കുവഹിച്ചു. കൈയിൽ കിട്ടിയതെല്ലാം വായിക്കുന്ന ശീലമായിരുന്നു. പുസ്തകങ്ങൾ സ്വന്തമാക്കാൻ പലവിധ ജോലികളും ചെയ്തു. സ്കൂളിലെ അധ്യാപകർ വായനയെ പ്രോത്സാഹിപ്പിച്ചിരുന്നു. പക്ഷേ പിന്നീട് ജീവിതം അതിന്റെ കഠിനമായ മുഖം കാണിച്ചു. കുടുംബം പുലർത്താൻ പാടുപെടുന്ന കാലത്ത് സാഹിത്യത്തിനു വേണ്ടി മാത്രം ജീവിക്കുക എളുപ്പമായിരുന്നില്ല. എങ്കിലും വായനയെ അദ്ദേഹം ഉപേക്ഷിച്ചില്ല. തമിഴ് വായിച്ചുകൊണ്ടിരിക്കെ ചില കഥകൾ അദ്ദേഹത്തെ ആകർഷിച്ചു. ഇഷ്ടപ്പെട്ട കഥകളുടെ എഴുത്തുകാർക്ക് കത്തുകളെഴുതി. പുസ്തകങ്ങൾ ചോദിച്ചു. അവ വിവർത്തനം ചെയ്യാനുള്ള അനുവാദവും തേടി. പല എഴുത്തുകാരും സ്നേഹത്തോടെ അനുവാദം നൽകി. അങ്ങനെ വായന പതിയെ വിവർത്തനമായി മാറി.

ഷാഫിയുടെ ആദ്യകാല വിവർത്തനങ്ങളിൽ ഒന്ന് ജനയുഗം പത്രത്തിൽ പ്രസിദ്ധീകരിച്ചു. ഷാഫി എന്ന വിവർത്തകന്റെ ജീവിതത്തിൽ അതൊരു ചെറിയ സംഭവമായിരുന്നില്ല. സ്വന്തം ഭാഷയിൽ, സ്വന്തം പേരിൽ, മറ്റൊരു ഭാഷയുടെ സാഹിത്യത്തെ എത്തിച്ച നിമിഷമായിരുന്നു അത്. എന്നാൽ ഷാഫിയുടെ വിവർത്തനജീവിതത്തിന് നിർണായകമായ വഴിത്തിരിവ് വന്നത് തോപ്പിൽ മുഹമ്മദ് മീരാന്റെ കൃതികളിലൂടെയാണ്.

മീരാന്റെ രചനകൾ വായിച്ചപ്പോൾ ഷാഫി ആ എഴുത്തിന്റെ ശക്തിയിൽ ആകൃഷ്ടനായി. തന്റെ ഇഷ്ടം എഴുത്തുകാരനെ അറിയിച്ച് കത്തെഴുതി. അദ്ദേഹത്തിന്റെ കഥകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യാനുള്ള ആഗ്രഹമറിയിച്ചു. അനുമതി ലഭിച്ചു. അങ്ങനെ ‘അനന്തശയനം കോളനി’ മലയാളത്തിലെത്തി. 2008-ൽ പ്രസിദ്ധീകരിച്ച ആ കൃതിക്ക് പിന്നീട് നല്ലി ദിശൈ എട്ടും വിവർത്തന പുരസ്കാരം ലഭിച്ചു. ഒരു ഔപചാരിക സാഹിത്യവിദ്യാഭ്യാസവും ലഭിക്കാത്ത, ജീവിതത്തിന്റെ പല കഠിനപ്പണികളിലൂടെ കടന്നുവന്ന ഒരാളുടെ വിവർത്തനത്തിന് ലഭിച്ച ആ അംഗീകാരം അതുകൊണ്ടുതന്നെ കൂടുതൽ അർത്ഥവത്തായി. അതിനു ശേഷമാണ് ഷാഫിയുടെ വിവർത്തനയാത്ര കൂടുതൽ വിശാലമായത്.

പെരുമാൾ മുരുകൻ, സൽമ, ജി. തിലകവതി, ചോ ധർമ്മൻ, എസ്. ബാലഭാരതി, ആർ. മാധവൻ, മേലാണ്മൈ പൊന്നുസാമി, മീരാൻ മൊഹൈദീൻ, സുബ്രഭാരതി മണിയൻ തുടങ്ങി നിരവധി തമിഴ് എഴുത്തുകാരുടെ രചനകൾ അദ്ദേഹം മലയാളത്തിലേക്ക് കൊണ്ടുവന്നു. എസ്. കന്തസാമിയുടെ ‘വിചാരണ കമ്മീഷൻ’ മലയാളത്തിൽ ‘അന്വേഷണ കമ്മീഷൻ’ എന്ന പേരിൽ എത്തി. പെരുമാൾ മുരുകന്റെ ‘അർധനാരി’, ജി. തിലകവതിയുടെ ‘കൽമരം’, മേലാണ്മൈ പൊന്നുസാമിയുടെ ‘മിൻസാരപ്പൂ’ തുടങ്ങിയ കൃതികളും അദ്ദേഹത്തിന്റെ വിവർത്തനങ്ങളിലൂടെ മലയാളവായനക്കാരിലെത്തി.

വിവർത്തനം അദ്ദേഹത്തിന് ഒരു തൊഴിലായിരുന്നില്ല. അതിന് പ്രതിഫലം ലഭിക്കണമെന്നില്ലെന്നും അദ്ദേഹം അറിഞ്ഞിരുന്നു. പലപ്പോഴും ലഭിച്ചതുമില്ല. എന്നിട്ടും വിവർത്തനം തുടർന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വിചിത്രമായ വൈരുധ്യം ഇതാണ്. പകൽ അദ്ദേഹം കെട്ടിടനിർമാണ തൊഴിലാളിയാണ്. മറ്റുള്ളവരുടെ വീടുകൾക്ക് അടിത്തറ പാകുകയും ചുമരുകൾ കെട്ടുകയും ചെയ്യുന്നു. ക്ഷീണിതനായി വീട്ടിലെത്തുന്നു. രാത്രിയിൽ ആ മനുഷ്യൻ വീണ്ടും മറ്റൊരു ലോകത്തിന്റെ നിർമ്മാണത്തിലേർപ്പെടുന്നു. അപ്പോൾ ഇഷ്ടികകൾക്ക് പകരം വാക്കുകളാണ് കൈയിൽ. സിമന്റിന് പകരം ഭാഷ.

ഇതിനിടയിൽ അദ്ദേഹം 250-ലേറെ കഥകളും നിരവധി പുസ്തകങ്ങളും തമിഴിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. തമിഴ് സാഹിത്യത്തിലെ വിവിധ തലമുറകളെയും വ്യത്യസ്ത ജീവിതാനുഭവങ്ങളെയും മലയാളത്തിലേക്ക് പരിചയപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് ശ്രദ്ധേയമാണ്. കേന്ദ്ര സാഹിത്യ അക്കാദമിയുമായി ബന്ധപ്പെട്ട വിവർത്തനപ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായി.

സ്വന്തമായി എഴുതാനുള്ള ആഗ്രഹവും അദ്ദേഹത്തിനുണ്ട്. ഏതാനും കഥകൾ എഴുതിയിട്ടുമുണ്ട്. പക്ഷേ അവയിൽ പലതും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. എഴുത്തുകാരനാകണമെന്ന ആഗ്രഹം മനസ്സിൽ സൂക്ഷിച്ചുകൊണ്ടുതന്നെ ജീവിതത്തിന്റെ അനിവാര്യതകൾക്കു മുന്നിൽ അദ്ദേഹം ജോലിയിലേർപ്പെടുന്നു. ഇവിടെയാണ് ഷാഫി ചെറുമാവിലായിയുടെ ജീവിതം നമ്മെ കൂടുതൽ ആഴത്തിൽ സ്പർശിക്കുന്നത്.

സാഹിത്യലോകത്ത് പലപ്പോഴും പ്രതിഭയ്ക്ക് മുമ്പിൽ അവസരങ്ങൾ വരുന്നു. ഷാഫിയുടെ ജീവിതത്തിൽ ആദ്യം വന്നത് അവസരങ്ങളായിരുന്നില്ല; അതിജീവനത്തിന്റെ ആവശ്യങ്ങളായിരുന്നു. പഠനം മുടങ്ങി. പല ജോലികൾ ചെയ്യേണ്ടിവന്നു. നഗരങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് സഞ്ചരിക്കേണ്ടിവന്നു. ഗൾഫിലും നിർമാണത്തൊഴിലാളിയായി ജോലി ചെയ്തു. ജീവിതം എത്ര ദൂരത്തേക്ക് കൊണ്ടുപോയാലും പുസ്തകങ്ങളോടുള്ള ബന്ധം അദ്ദേഹം വിട്ടില്ല. ഒരുപക്ഷേ, അതുകൊണ്ടാവാം അദ്ദേഹത്തിന്റെ വിവർത്തനങ്ങൾക്ക് ഒരു പ്രത്യേക മനുഷ്യസ്പർശമുള്ളത്.

അത് ഭാഷയെ ഭാഷയിലേക്ക് മാറ്റുന്ന പ്രവൃത്തി മാത്രമല്ല. ഒരു മനുഷ്യന്റെ ജീവിതത്തിൽ നിന്ന് മറ്റൊരു മനുഷ്യന്റെ ജീവിതത്തിലേക്കുള്ള യാത്രയാണ്. തമിഴിന്റെ മണ്ണിൽ പിറന്ന ഒരു കഥ കണ്ണൂരിലെ ഒരു വായനക്കാരന്റെ മനസ്സിലെത്തുമ്പോൾ അതിന്റെ പിന്നിൽ ഷാഫിയുടെ അധ്വാനമുണ്ട്. രണ്ടു ഭാഷകൾക്കിടയിൽ കാണാനാവാത്ത ഒരു പാലം അദ്ദേഹം പണിയുന്നു. ആ പാലത്തിന്റെ ഒരു അറ്റത്ത് തമിഴ് സാഹിത്യവും മറ്റേ അറ്റത്ത് മലയാളവായനക്കാരനുമുണ്ട്. അദ്ദേഹത്തിന് ലഭിച്ച നല്ലി ദിശൈ എട്ടും വിവർത്തന പുരസ്കാരം, കെ. എസ്. സുബ്രഹ്മണ്യൻ വിവർത്തന പുരസ്കാരം, ഉള്ളൂർ എസ്. പരമേശ്വര അയ്യർ പുരസ്കാരം, പടൈപ്പ് ചുടർ പുരസ്കാരം, എസ്. സുബ്രഹ്മണ്യൻ സ്മാരക പുരസ്കാരം, എം. രാഘവൻ സ്മാരക പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങൾ ആ യാത്രയിലെ ചില അടയാളങ്ങൾ മാത്രമാണ്. പക്ഷേ പുരസ്കാരങ്ങളേക്കാൾ വലുതാണ് അദ്ദേഹം നിർവഹിച്ച പ്രവൃത്തി. കാരണം, പുരസ്കാരം ഒരു പുസ്തകത്തിന് ലഭിക്കുന്ന ബഹുമതിയാണ്; വിവർത്തനം ഒരു ഭാഷയ്ക്ക് നൽകുന്ന സമ്പത്താണ്.

ഷാഫിയുടെ ജീവിതത്തിൽ സാഹിത്യം ഒരിക്കലും ആഡംബരമായിരുന്നില്ല. അപ്പം നേടാൻ പണിയെടുത്ത കൈകൾക്കിടയിൽ പുസ്തകം പിടിച്ചു. ശരീരത്തിന്റെ ക്ഷീണത്തിനിടയിലും മനസ്സിന്റെ ജാഗ്രത കാത്തുസൂക്ഷിച്ചു. ജീവിതം ഉപജീവനത്തിനായി അദ്ദേഹത്തെ പലയിടങ്ങളിലേക്ക് കൊണ്ടുപോയപ്പോഴും, പുസ്തകങ്ങളുടെ ലോകത്തിൽ നിന്നദ്ദേഹം ദൂരെപ്പോയില്ല. അതിനാലാണ് ഷാഫി ചെറുമാവിലായിയുടെ കഥ ഒരു വിവർത്തകന്റെ കഥ മാത്രമാകാത്തത്.

വായിക്കാനുള്ള മനുഷ്യന്റെ അടങ്ങാത്ത ആഗ്രഹത്തിന്റെ കഥയാണത്. പഠിക്കാൻ അവസരം ലഭിക്കാതിരുന്ന ഒരാൾ സ്വയം ഒരു പാഠശാലയായി മാറിയ കഥ. പകൽ കല്ലുകൾ ചുമന്ന കൈകൾ രാത്രി വാക്കുകൾ ചുമന്ന കഥ.
ജീവിതം അപ്പം മാത്രം ചോദിച്ചപ്പോഴും മനസ്സ് പുസ്തകം ചോദിച്ച കഥ.

തമിഴിൽ നിന്ന് മലയാളത്തിലേക്ക് അദ്ദേഹം കൊണ്ടുവന്ന ഓരോ കഥയും രണ്ട് ഭാഷകളുടെ അതിർത്തിയിൽ തെളിഞ്ഞ ചെറിയൊരു വിളക്കാണ്. ആ വിളക്കിന്റെ വെളിച്ചത്തിൽ നമ്മൾ കാണുന്നത് തമിഴ് സാഹിത്യത്തെ മാത്രമല്ല; വായനയോടും ഭാഷയോടും സാഹിത്യത്തോടും മനുഷ്യന് പുലർത്താനാകുന്ന അതിരില്ലാത്ത സ്നേഹത്തെയാണ്.

ഷാഫി ചെറുമാവിലായി ഇന്നും നിർമ്മാണ തൊഴിലാളിയായി പണിയെടുക്കുന്നു. ചുമരുകൾ ഉയർത്തുന്നു. വീടുകൾ പണിയുന്നു. എന്നാൽ അതിന്റെ ഇടവേളകളിലും, രാത്രിയുടെ നിശ്ശബ്ദതയിലും, ഒരു പേന അദ്ദേഹത്തിന്റെ കൈയിൽ ഉണർന്നിരിക്കുന്നു. പകലായാലും രാത്രിയായാലും ഷാഫി ചെറുമാവിലായി തന്റെ ജീവിതംകൊണ്ട് പണിതത് മറ്റൊരാൾക്ക് താമസിക്കാനായുള്ളയിടം. തമിഴിനും മലയാളത്തിനുമിടയിൽ, അധ്വാനത്തിനും സാഹിത്യത്തിനുമിടയിൽ, സാധാരണ ജീവിതത്തിനും അസാധാരണമായ സ്വപ്നത്തിനുമിടയിൽ.

The opinions and positions expressed in articles published and comments posted here are those of its authors and not of chenda.co The author has full responsibility for the views. Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act. Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.