Skip to main content

അധിനിവേശം

കറുത്ത് ഇടതൂര്‍ന്ന
പനങ്കുല പോലുള്ള മുടിയായിരുന്നു.
വെളുത്ത നുഴഞ്ഞു
കയറ്റക്കാര്‍ കയറിക്കൂടും വരെ.
ഒളിപ്പോരാളികള്‍
ആക്രമണം തുടങ്ങിയത്
രഹസ്യമായിട്ട് ആയിരുന്നു.
മൈലാഞ്ചി തേച്ചും
എണ്ണ കാച്ചിയും
ചെറുത്തു നില്‍പ്പുകള്‍ പലകുറി നടത്തി നോക്കി
ഫലം കണ്ടില്ല.
വെളുത്ത പടയാളികളെ തോല്‍പ്പിക്കാന്‍
പണം വാരിയെറിഞ്ഞു കറുപ്പ് മഷി കൊണ്ട് തല മൂടി.

ഒളിച്ചിരുന്ന് പടവെട്ടിയ
വെളുത്ത പോരാളികള്‍
അത് കണ്ട്
തല നീട്ടി ചിരിച്ചു.
അത് വെളുപ്പല്ലെന്നും
ചാര നിറമാണെന്നും
അതാണ് പുതു രീതികളെന്നും
നുണക്കഥകള്‍
പറഞ്ഞു നോക്കി.
അതിനെല്ലാം ഇടയിലൂടെ
അധിനിവേശം തുടര്‍ന്ന് കൊണ്ടേയിരുന്നു.
വെള്ളക്കാര്‍ കയ്യേറിയ
ഇടങ്ങളെല്ലാം കീഴടക്കി.
കറുത്ത പടയാളികള്‍
എങ്ങോ പോയ് മറഞ്ഞു.
യുദ്ധം ജയിക്കാന്‍ വഴിയില്ലാതെ വന്നപ്പോള്‍
ഉന്മൂലനം എന്ന ആശയം
മുന്നില്‍ തെളിഞ്ഞു.
അങ്ങനെ തല മൊട്ടയടിച്ച്
വെളുത്ത പടയെ തുരത്തി
ഞാന്‍ അജയ്യനായി.

***

The opinions and positions expressed in articles published and comments posted here are those of its authors and not of chenda.co The author has full responsibility for the views. Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act. Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.