
കാന്വാസുകളിലൂടെയുണ്ടാകുന്നത് സ്വയം അനുഭവിച്ച പറച്ചിലുകളാകുമ്പോഴാണ് സ്രഷ്ടാവും ആസ്വാദകനും സഞ്ചരിക്കുന്ന സമാന്തര പാതകളുടെ ഉദാത്തമായ ഒരു കൂടിച്ചേരലായി ചിത്രകല മാറുന്നത്. യഥാര്‍ത്ഥ ആസ്വാദനത്തിന്റെ രുചിഭേദങ്ങള്‍ക്ക് കൗതുകമേറുന്നതും ഇത്തരത്തിലാണ്.
ഓട്ടോ ഡിക്സ് എന്ന ജര്‍മന്‍ കലാകാരന്റെ ചിത്രങ്ങളെ കുറിച്ചുള്ള സൂക്ഷ്മമായ നിരീക്ഷണങ്ങള്‍ മുന്‍മ്പ് പറഞ്ഞതുപോലെ ഇവിടെ അന്വര്‍ത്ഥമാകുന്നുണ്ട്.
ഇരുപത്തിമൂന്നാം ജന്മദിനത്തിലാണ് ഓട്ടോ ഡിക്സ് ജര്‍മന്‍ പട്ടാളത്തില്‍ വൊളണ്ടിയര്‍ ആയി ചേരുന്നത്. ഒന്നാം ലോക യുദ്ധത്തില്‍ പങ്കെടുക്കുന്നതിനു മുന്‍മ്പ് അദ്ദേഹം വരച്ച ചിത്രങ്ങളും ശേഷമുള്ളവയും ത്രസിപ്പിക്കുന്ന അനുഭവങ്ങളാകുന്നത് അവയെ രണ്ടു ഘട്ടങ്ങളായി അവലോകനം ചെയ്യുമ്പോഴാണ്. യുദ്ധമെന്താണെന്ന് യഥാര്‍ത്ഥത്തില്‍ തിരിച്ചറിയുന്നത് കലാകാരന്മാര് മാത്രമാണ് എന്ന അദ്ദേഹത്തിന്റെ പ്രസിദ്ധമായ പ്രസ്ഥാവനയില്‍ അടങ്ങിയ മുറിവുകളുടെ ആഴങ്ങളും വിശപ്പും ഒറ്റപ്പെടലുകളും സമ്മര്‍ദ്ദങ്ങളും, മാനവികതയുടെ തേയ്മാനങ്ങളും അദ്ദേഹത്തിന്റെ സൃഷ്ടികളില്‍ നിന്ന് നമ്മളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കും.

യുദ്ധത്തിന്റെ ഇരുണ്ട നിറങ്ങള്‍ തൊട്ടടുത്തു നിന്ന് കണ്ട ഓട്ടോ ഡിക്സിനെ പല സെല്‍ഫ് പോര്ട്രൈറ്റുകളിലും നമുക്ക് കാണാനാകും, എന്നാല്‍ ചോരയോലിക്കുന്ന മുഖങ്ങളും തകര്‍ന്നു വീണ കെട്ടിടങ്ങളും പകുതി ജീവനുള്ള കുതിരകളും ബോംബുകളും നിറഞ്ഞ പശ്ചാത്തലത്തില്‍ കേന്ദ്രഭാഗത്തുള്ള വിഹ്വലമായ ഡിക്സിനെ കാണുക ഭീതിതമാണ്. (Self portrait as mars)
അദ്ദേഹം വരച്ച നൂറ്റി അറുപതോളം സെല്‍ഫ് പോര്‍ട്രൈറ്റുകള്‍ വിവിധങ്ങളായ കഥകള്‍ പറയുന്നവയാണെങ്കിലും ഓരോ മുഖവും വരച്ചതിനുശേഷം കാന്‍വാസുകളില്‍ നിന്ന് വ്യത്യസ്ത മാനസിക വ്യവഹാരങ്ങള്‍ താരതമ്യം ചെയ്ത് പഠിച്ചിരുന്ന ഒരു പ്രത്യേക രീതി ചായാചിത്രരചനയിലുടനീളം അദ്ദേഹം അനുവര്‍ത്തിച്ചുവന്നിരുന്നു.
1915 മുതല്‍ 1918 വരെ യുദ്ധതാളങ്ങളില് അമ്പരന്നുപോയ ഡിക്സ് 1920 ല്‍ പട്ടാളത്തില്‍ നിന്ന് വിരമിച്ച് തിരിച്ചെത്തിയ രണ്ടാം ഘട്ടത്തിലാണ് പ്രകൃതി സൗന്ദര്യ പഠനങ്ങളും ഭംഗിയുള്ള മനുഷ്യരും പാടെ ഒഴിവാക്കപ്പെട്ട് യുദ്ധങ്ങളുടെ ദയനീയ യാഥാര്‍ഥ്യങ്ങളായി അദ്ദേഹത്തിന്റെ ക്യാന്‍വാസുകള്‍ പരിണമിക്കാന്‍ തുടങ്ങിയത്.

1926 ല്‍ ജര്‍മനിയിലെ Great Exhibition ലെ ആറ് ചിത്രങ്ങള്‍ ഓട്ടോ ഡിക്സ് ന്റേതായിരുന്നു.
വലിയ ശബ്ദത്തില്‍ യാഥാസ്തിക ആസ്വാദകരുടെ പ്രതിഷേധത്തിനിരയായ ചിത്രങ്ങളിലെറേയും നശിപ്പിക്കപ്പെടുകയും ഗാലറിയെ ഏറെ സംഘര്ഷഭരിതമാക്കുകയുമുണ്ടായി.
ഉപരിവര്‍ഗ ലൈംഗിക ആരാജകത്വങ്ങള്‍, അടുത്തുനിന്ന് കണ്ട യുദ്ധാനന്തര വേദനകള്‍, വേശ്യകള്‍ തുടങ്ങി സുഖപ്രദമല്ലാത്ത ഒട്ടുമിക്ക കാഴ്ചകളും ചായം പൂശിയ ഭരണകൂടത്തിനും നിര്‍ഗ്ഗുണ സദാചാര സമൂഹത്തിനും സഹിക്കാവുന്നതായിരുന്നില്ല. ‘ഇന്‍ ഗേള്‍ അറ്റ് മിറര്‍’ എന്ന ചിത്രം പിടിച്ചെടുത്തു നശിപ്പിച്ചു കളയുകയും ഓട്ടോ ഡിക്സിനെ ശിക്ഷിക്കുകയും ചെയ്തു. ഈ പ്രതികാരനിഴലുകള് മായാതെ നിന്നത് 1939 ല്‍ ഹിറ്റ്ലറിനെ വധിക്കാനുള്ള ഗൂഡാലോചനയാരോപിച്ചു വീണ്ടും അദ്ദേഹത്തെ ജയിലില്‍ അടക്കുന്നതുവരെയാണ്. യാഥാസ്തിക വര്‍ഗ്ഗം അശ്ലീലമെന്ന് മുദ്രവെച്ച ഓട്ടോ ഡിക്സിന്റെ ചിത്രങ്ങള്‍ കളിയാക്കികൊണ്ടിരുന്നത് സമകാലിക പരിഷ്കൃത സമൂഹത്തെയായിരുന്നു.
പോമറേനിയന്‍ പട്ടിയുമായി സംഭോഗത്തിലേര്‍പ്പെടുന്ന തെരുവുനായയും വേശ്യകളുമായി ലൈംഗിക വൈകൃതങ്ങളില്‍ മുഴുകിയ മേലാളരൂപങ്ങളുടെ ആരോചകനിറങ്ങളും വായയുടെ സ്ഥാനത്തു മലദ്വാരം സ്ഥാപിച്ച മനുഷ്യരും ഡിക്സിന്റെ പ്രതലകണ്ണാടികളില് പ്രകമ്പനങ്ങളായി.
ഇംപ്രഷനിസത്തില്‍ തുടങ്ങി ഫ്യൂച്ചെറിസം വരെയുള്ള പ്രായോഗികതലങ്ങളില്‍ മാസ്തിഷ്കാഘാതം വരെയുള്ള എഴുപത്തെട്ടു വര്‍ഷങ്ങള്‍ അത്യന്തം ഉദ്ദ്യേഗപരമാക്കിയ ഒരു രാഷ്ട്രീയ കലാകാരനായിരുന്നു ഓട്ടോ ഡിക്സ്. തന്നെ ചിത്രകാരനാക്കിയത് കസിന് വരയ്ക്കുന്ന ചിത്രങ്ങളില്‍ നിന്ന് തന്റെ ശിരസ്സിലേക്ക് കയറിയ എണ്ണചായത്തിന്റെ മാദക ഗന്ധമാണ് എന്നദ്ദേഹം പറയുമ്പോള്‍ പിന്നീട് ആ ഗന്ധം വഴിതുറന്ന മാനവികനിറങ്ങളുടെ ഉദാത്തമായ ഇടങ്ങളിലേക്കുള്ള ഡിക്സിന്റെ യാത്രകള്‍ കലാ വിദ്യാര്‍ത്ഥികളെ പോലെ തന്നെ മാനവികതയുടെ രാഷ്ട്രീയം അഭ്യസിക്കുന്നവര്‍ക്കും സമൃദ്ധമായൊരു പഠന ഗ്രന്ഥമായാണ് മാറിയത്.

OTTO DIX (1891-1969)
German Painter and Printmaker







Informative and explorative writing