ബിംബകല്പനയുടെ നിർവചനപ്രശ്നങ്ങളെക്കുറിച്ചുള്ള ലേഖനത്തിൽ കെ.പി. അപ്പൻ എഴുതുന്നു:
“കവിത സ്ഥലപരമായ ഒരു കലയാണെന്നും ഇന്ദ്രിയസംവേദനങ്ങളുടെ ജ്യാമിതീയ രൂപങ്ങൾ നിർമ്മിക്കുകയാണ് സാഹിത്യകലയിലൂടെ എഴുത്തുകാർ ചെയ്യുന്നതെന്നുമുള്ള സിദ്ധാന്തം അവതരിപ്പിച്ചവരുടെ ചിന്തകൾ ബിംബകല്പനകളെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ ഇപ്പോൾ വേണ്ടവിധം സമ്പന്നമാക്കിയിട്ടുണ്ട്.”
(കെ.പി. അപ്പന്റെ തെരഞ്ഞെടുത്ത കൃതികൾ, ഭാഗം ഒന്ന്)
ജീവിതത്തിന്റെ വൈവിധ്യമാർന്ന അനുഭവങ്ങളെ ദൃശ്യബിംബങ്ങളാക്കി മാറ്റി അനുഭവങ്ങളുടെ പകർന്നാട്ടമാണ് അനു പാപ്പച്ചന്റെ ചെഞ്ചോരപ്പരത്തി എന്ന കവിതാസമാഹാരം നിർവഹിക്കുന്നത്. അനുഭവങ്ങളെ വെറുതെ പകർത്തുകയല്ല കവി ചെയ്യുന്നത്. അവയെ ബിംബങ്ങളിലൂടെയും രൂപകങ്ങളിലൂടെയും പുനർനിർമിച്ച് വായനക്കാരന്റെ അനുഭവലോകത്തിന്റെ ഭാഗമാക്കുകയാണ്. എഴുത്തും വായനയും രാഷ്ട്രീയ പ്രവർത്തനമാണെന്ന് രചനകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും നിരന്തരം പ്രഖ്യാപിക്കുന്ന എഴുത്തുകാരിയാണ് അനു പാപ്പച്ചൻ. അവരുടെ കവിതകൾ വായിച്ചുതീരുമ്പോൾ വായനക്കാരന്റെ മനസ്സിൽ രൂപപ്പെടുന്ന ആശയങ്ങൾ പരസ്പരം സംവദിക്കാൻ തുടങ്ങുന്നു. വ്യക്തിപരമായ അനുഭവങ്ങൾ സാമൂഹികമായ ചോദ്യങ്ങളായി വികസിക്കുകയും സ്വകാര്യമായ ഓർമകൾ പൊതുബോധത്തെ അഭിമുഖീകരിക്കുകയും ചെയ്യുന്നു. ചെഞ്ചോരപ്പരത്തിയിലെ കവിതകളും ഈ ധർമം നിർവഹിക്കുന്നവയാണ്.
സ്വത്വാന്വേഷണത്തിന്റെ വഴികൾ
സമാഹാരത്തിലെ സ്വത്വാന്വേഷണവുമായി ബന്ധപ്പെട്ട കവിതകളുടെ സഞ്ചാരം സിനിമയിലെ ഫ്ലാഷ്ബാക്ക് സങ്കേതത്തെ ഓർമിപ്പിക്കുന്ന രീതിയിലാണ് സഞ്ചാരം. പണ്ട്… പണ്ട്… എന്ന പേരിലുള്ള ആദ്യ കവിതയിൽ ‘ഞാൻ ഞാനായി തുടങ്ങിയ’ അനുഭവത്തെക്കുറിച്ച് കവി സൂചിപ്പിക്കുന്നു. എങ്ങനെയാണ് ആ ‘ഞാൻ’ രൂപപ്പെട്ടത് എന്ന അന്വേഷണം പിന്നീടുള്ള കവിതകളിലൂടെ വികസിക്കുന്നതു കാണാം.
അമ്മാമ്മയും ചെഞ്ചോരപ്പരത്തിയും, ഞായറാഴ്ചക്കുളി, ഏകാന്തതയ്ക്ക് പക്ഷികളുടെ പേരിടാം തുടങ്ങിയ കവിതകളെല്ലാം ഈ ആത്മാന്വേഷണത്തിന്റെ ഭാഗമായാണ് വായിക്കാനാവുക. അവതാരികയിൽ വി. അബ്ദുൽ ലത്തീഫ് സൂചിപ്പിക്കുന്നതുപോലെ, “ആത്മസ്മരണകളിലൂടെ അസ്തിത്വത്തിന്റെ തേടലുകളിലായി രൂപാന്തരപ്പെടുകയാണ് മേൽസൂചിപ്പിച്ച കവിതകൾ.”
എന്നാൽ ആത്മാന്വേഷണത്തിന്റെ വൃത്തത്തിനുള്ളിൽത്തന്നെ കവി ഒതുങ്ങിനിൽക്കുന്നില്ലെന്ന് സൂക്ഷ്മവായന വ്യക്തമാക്കുന്നു. സ്വന്തം അനുഭവങ്ങളിൽനിന്ന് ബാഹ്യലോകത്തേക്ക് പടരുന്ന കവിതകളിൽ, തനിക്കും ആകാശത്തിന്റെ പാതി അവകാശപ്പെട്ടതാണെന്നു പ്രഖ്യാപിക്കുന്ന സ്ത്രീയെയാണ് നാം കാണുന്നത്. സ്വകാര്യമായ ആത്മാവിഷ്കാരം അവിടെ സാമൂഹികമായ ഇടപെടലായി മാറുന്നു.
ഞായറാഴ്ചക്കുളിയിൽ സ്ത്രീശരീരം ഒരു പ്രധാന പ്രമേയമായി കടന്നുവരുന്നു. ശരീരത്തെക്കുറിച്ചുള്ള സാമൂഹിക ധാരണകളും പെണ്ണത്തത്തെ നിർവചിക്കുന്ന സദാചാരസങ്കൽപ്പങ്ങളും സ്ത്രീയുടെ ആഗ്രഹങ്ങൾക്കുമേൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളും കവിതയുടെ വായനയിൽ തെളിഞ്ഞുവരുന്നു. സ്ത്രീയുടെ ശരീരം അവളുടെ സ്വതന്ത്രമായ അനുഭവലോകമെന്നതിലുപരി, സമൂഹം നിരന്തരം നിരീക്ഷിക്കുകയും വിധിക്കുകയും ചെയ്യുന്ന ഒന്നായി മാറുന്നതിലെ വൈരുധ്യം ഇവിടെ പ്രസക്തമാണ്.
കഴപ്പ് എന്ന കവിതയിലേക്കെത്തുമ്പോൾ വിവാഹാനന്തര ജീവിതത്തിൽ മാതൃകാകുടുംബം എന്ന സങ്കൽപ്പം നിലനിർത്തുന്നതിനായി സ്ത്രീക്ക് ത്യജിക്കേണ്ടിവരുന്ന ആഗ്രഹങ്ങളിലേക്കാണ് കവിതയുടെ ശ്രദ്ധ തിരിയുന്നത്. സ്ത്രീയുടെ ലൈംഗികാഭിലാഷങ്ങളെ അപമാനിക്കാനും അവളെ മോശക്കാരിയായി ചിത്രീകരിക്കാനും സമൂഹം ഉപയോഗിക്കുന്ന പദത്തെത്തന്നെ കവിതയുടെ തലക്കെട്ടായി സ്വീകരിക്കുന്നതിലൂടെ കവി കപടസദാചാരത്തിന്റെ ഭാഷയെ ചോദ്യം ചെയ്യുന്നു. സ്ത്രീയുടെ ആഗ്രഹങ്ങളെ അപരാധമായി കാണുന്ന സാമൂഹികബോധത്തിനെതിരായ രാഷ്ട്രീയപ്രഖ്യാപനമായി ഈ ശീർഷകം മാറുന്നു.
തന്നെയും ചുറ്റുപാടുകളെയും തിരിച്ചറിയാനുള്ള ഉപകരണങ്ങളായാണ് അനു ബിംബങ്ങളെയും രൂപകങ്ങളെയും ഉപയോഗിക്കുന്നതെന്ന് കവിതകളുടെ ആന്തരികലോകത്തിലൂടെ സഞ്ചരിക്കുമ്പോൾ ബോധ്യമാകും. അനുഭവങ്ങളെ ദൃശ്യവൽക്കരിക്കുന്നതിനപ്പുറം, അവയെ പുതിയ അർഥങ്ങളിലേക്ക് തുറന്നുവിടാനുള്ള ശേഷിയും ഈ ബിംബങ്ങൾക്കുണ്ട്.
ഓർമകളുടെ രസതന്ത്രം
സർഗാത്മക രചനകളെ ഏറ്റവും ആഴത്തിൽ സ്വാധീനിക്കുന്ന ഇന്ദ്രിയാനുഭവങ്ങളിലൊന്നാണ് ഓർമ. ചെഞ്ചോരപ്പരത്തിയിലെ നിരവധി കവിതകളിൽ ഓർമ കേവലം ഭൂതകാലത്തിന്റെ ശേഷിപ്പല്ല; അത് വർത്തമാനത്തെ പുനർനിർമിക്കുന്ന സജീവശക്തിയാണ്. മറവിയുടെ അടരുകൾക്കുള്ളിൽ ഒളിച്ചുകിടക്കുന്ന ഓർമകളെ ഓരോന്നായി പുറത്തെടുത്ത് സ്ത്രീയുടെ സ്വത്വാന്വേഷണത്തിന് ഊർജം പകരുന്ന രാസത്വരകങ്ങളാക്കി മാറ്റുകയാണ് കവി ചെയ്യുന്നത്. സമാഹാരത്തിലെ കാട്ടുമുല്ല ശക്തമായ സ്ത്രീ ഊർജം മുഴക്കുന്ന കവിതയാണ്.
സ്ത്രീയുടെ അനുഭവലോകത്തെയും അതിനുമേൽ സമൂഹം ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളെയും വിമർശനാത്മകമായി സമീപിക്കുന്ന കവിതയുടെ രാഷ്ട്രീയപ്രസക്തി അതിന്റെ പ്രമേയത്തിൽ മാത്രമല്ല, അതിനെ ആവിഷ്കരിക്കുന്ന രീതിയിലും നിലകൊള്ളുന്നു.
ഏകാന്തതയ്ക്ക് പക്ഷികളുടെ പേരിടാം എന്ന കവിത ഏകാന്തതയെ ഗൃഹാതുരമായ ഓർമകളുമായി ചേർത്തുവെച്ച് സവിശേഷമായ ഒരു വൈകാരികാന്തരീക്ഷം സൃഷ്ടിക്കുന്നു. മാനത്തുകണ്ണി, അവളും ഞാനും, മണ്ണിര തുടങ്ങിയ കവിതകളിലും ഏകാന്തതയോടുള്ള ഒരുതരം പ്രണയം വായിച്ചെടുക്കാം. ഇവിടെ ഏകാന്തത കേവലം ഒറ്റപ്പെടലല്ല. ഓർമകൾക്ക് കൂടുകൂട്ടാനും സ്വയം തിരിച്ചറിയാനും സ്വന്തം ആഗ്രഹങ്ങളെ കേൾക്കാനും കഴിയുന്ന ഒരിടം കൂടിയാണത്.
ഈ കവിതകൾ വായനക്കാരന്റെ മനസ്സിലും നോവിന്റെയും ഗൃഹാതുരത്വത്തിന്റെയും ഓർമകളുടെയും വേലിയേറ്റം സൃഷ്ടിക്കുന്നു. അതേസമയം, പ്രപഞ്ചത്തിന്റെ അത്ഭുതലോകത്തിലേക്ക് സഞ്ചരിക്കാനും പക്ഷിയായി ചിറകുവിരിച്ച് പ്രണയത്തിന്റെ ആകാശങ്ങളിലേക്ക് പറന്നുയരാനും വെമ്പുന്ന ഒരു മനസ്സിനെയും അവ ആവിഷ്കരിക്കുന്നു. അനുഭവത്തിന്റെ വേദനയും സ്വപ്നത്തിന്റെ സ്വാതന്ത്ര്യവും ഒരേ കാവ്യഭൂമിയിൽ സമ്മേളിക്കുന്നതാണ് ഈ കവിതകളുടെ സവിശേഷത.
ഭാഷയുടെ വൈവിധ്യം
ചെഞ്ചോരപ്പരത്തിയിലെ കവിതകളിൽ ഏകമാനകമായ ഭാഷയ്ക്കു പകരം വൈവിധ്യമാർന്ന ഭാഷാരൂപങ്ങളുടെ സാന്നിധ്യം കാണാം. നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന സംസാരഭാഷയും പ്രാദേശിക പ്രയോഗങ്ങളും കവിതയുടെ സൗന്ദര്യത്തെ സമ്പന്നമാക്കുന്നു. ഭാഷയുടെ ഈ സ്വാഭാവികത കവിതകളെ ജീവിതത്തോട് കൂടുതൽ അടുപ്പിക്കുകയും അനുഭവങ്ങളുടെ വൈവിധ്യത്തെ നിലനിർത്തുകയും ചെയ്യുന്നു. പ്രാർത്ഥന, പടച്ചോനും ഇബ്ലീസും എന്നീ കവിതകളിൽ വ്യത്യസ്ത മതസാംസ്കാരിക പശ്ചാത്തലങ്ങളുമായി ബന്ധപ്പെട്ട ഭാഷാരൂപങ്ങളുടെ സാന്നിധ്യം ശ്രദ്ധേയമാണ്. ഭാഷയുടെ ഈ ബഹുസ്വരത ജീവിതത്തിന്റെ വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന ഒരു കാവ്യലോകം സൃഷ്ടിക്കുന്നു.
കവിതയും ചിത്രവും: രണ്ട് ആവിഷ്കാരഭാഷകൾ
ചെഞ്ചോരപ്പരത്തിയെക്കുറിച്ചുള്ള ആലോചന അതിന്റെ കവിതകളിൽ മാത്രം അവസാനിക്കുന്നില്ല. പുസ്തകത്തിന്റെ കവർചിത്രവും അകത്തുള്ള ചിത്രീകരണങ്ങളും ഈ കാവ്യാനുഭവത്തിന്റെ അവിഭാജ്യഭാഗമാണ്.
അനു കുറിച്ചിട്ട വരികളെ ഒറ്റച്ചിത്രത്തിൽ പകർത്തിയാൽ എങ്ങനെയിരിക്കുമെന്ന ചോദ്യത്തിനുള്ള മനോഹരമായ ഉത്തരമാണ് വിഷ്ണു റാം ഒരുക്കിയ കവർചിത്രം. സൈക്കിളിൽ സഞ്ചരിക്കുന്ന പെൺകുട്ടി. അവൾ അന്തരീക്ഷത്തിലേക്ക് ഊതിപ്പറത്തി വിരിയുന്ന ചെഞ്ചോരപ്പരത്തി. ചലനവും സ്വാതന്ത്ര്യവും സ്വപ്നവും ഒരേ ദൃശ്യത്തിൽ സംഗമിക്കുന്നു. സൈക്കിൾ മുന്നോട്ടുള്ള യാത്രയുടെ അടയാളമാകുമ്പോൾ, ചെമ്പരത്തി സ്വപ്നങ്ങളുടെയും വിപ്ലവത്തിൻ്റെയും ആകാശത്തേക്ക് പടരുന്ന ഭാവനയായി മാറുന്നു. കവിതകളുടെ ആന്തരികലോകത്തെ ഇത്രയും ചലനാത്മകമായി ദൃശ്യവൽക്കരിക്കാനാകുന്നത് കവർചിത്രത്തിന്റെ മികവാണ്.
ഓരോ കവിതയ്ക്കും ദൃശ്യജീവൻ നൽകുന്ന മറിയം ജാസ്മിന്റെ ചിത്രീകരണങ്ങളും പ്രത്യേകം ശ്രദ്ധയർഹിക്കുന്നു. കവിതകളുടെ ആശയത്തെയും ഭാവത്തെയും ഉൾക്കൊള്ളുന്ന ചിത്രങ്ങൾ, വായനക്കാരന്റെ മനസ്സിൽ രൂപപ്പെടുന്ന ദൃശ്യബിംബങ്ങളെ മറ്റൊരു കലാഭാഷയിലേക്ക് പകർത്തുന്നു. കാവ്യഭാഷയും ചിത്രഭാഷയും തമ്മിലുള്ള ഈ ഇഴയടുപ്പം പുസ്തകത്തിന്റെ വായനാനുഭവത്തെ സമ്പന്നമാക്കുന്നു.
രണ്ടാമൂഴം കലാകൗമുദിയിൽ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചിരുന്ന കാലത്ത്, നോവൽ വായിക്കുന്നതിനുമുമ്പുതന്നെ നമ്പൂതിരി ചിത്രീകരണങ്ങളിലൂടെ അതിന്റെ ദൃശ്യലോകവുമായി വായനക്കാർ പരിചയപ്പെട്ടിരുന്നു. മഹാഭാരതം പോലുള്ള ഇതിഹാസങ്ങളിൽനിന്ന് പൊതുബോധത്തിൽ പതിഞ്ഞ ബിംബങ്ങളെ സ്വന്തം രേഖാശൈലിയിലൂടെ പുനർവ്യാഖ്യാനിക്കുകയായിരുന്നു നമ്പൂതിരി. എന്നാൽ ചെഞ്ചോരപ്പരത്തിയിലെ ചിത്രീകരണത്തെ സവിശേഷമാക്കുന്നത് മറ്റൊരു തലമാണ്. ഓരോ കവിതയിലും എഴുത്തുകാരിയുടെ മനസ്സിൽ രൂപപ്പെട്ട ദൃശ്യലോകത്തോട് മറിയം ജാസ്മിന്റെ വരകൾ സംവദിക്കുന്നു എന്ന അനുഭവം ഇവിടെ പ്രധാനമാണ്. കവിതയും ചിത്രവും തമ്മിൽ രൂപപ്പെടുന്ന ഈ പൊരുത്തം യാദൃച്ഛികമായ അലങ്കാരമല്ല പുസ്തകത്തിന്റെ ആവിഷ്കാരസൗന്ദര്യത്തിന്റെ ഭാഗമാണ്. കവിതകളെ കൂടുതൽ ആസ്വാദ്യകരവും പാരായണക്ഷമവുമാക്കുന്നതിൽ മറിയം ജാസ്മിന്റെ ചിത്രീകരണങ്ങൾ നിർണായകമായ പങ്കുവഹിക്കുന്നു.
പുസ്തകത്തിന്റെ ദൃശ്യഭംഗിയും ആവിഷ്കാരമികവും ഒരുമിച്ചുചേർക്കുന്നതിൽ ലോഗോസ് ബുക്സും ശ്രദ്ധേയമായ പങ്കാണ് വഹിച്ചിരിക്കുന്നത്. ചെഞ്ചോരപ്പരത്തിയുടെ രൂപകല്പനയിൽ പങ്കാളികളായ ഓരോരുത്തർക്കും ഈ കൃതിയുടെ സൗന്ദര്യത്തിൽ അഭിമാനിക്കാം.

46 കവിതകളടങ്ങിയ ഈ സമാഹാരത്തിലെ ഓരോ കവിതയെയും സൂക്ഷ്മമായി വിലയിരുത്തുകയല്ല ഈ കുറിപ്പിന്റെ ലക്ഷ്യം. എങ്കിലും, വൈവിധ്യമാർന്ന അനുഭവങ്ങളിലൂടെ സഞ്ചരിക്കുന്ന കവിതകൾ വായനക്കാരന്റെ മനസ്സിൽ പുതിയ ചോദ്യങ്ങൾ അവശേഷിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല. സ്വന്തം സ്വത്വത്തെ തിരിച്ചറിയുകയും അതിന് ഭാഷ നൽകുകയും ചെയ്യുന്നതിനൊപ്പം, സ്വന്തം ഇടം കണ്ടെത്താനുള്ള സ്ത്രീയുടെ യാത്രയ്ക്കും ചെഞ്ചോരപ്പരത്തി ഊന്നൽ നൽകുന്നു. ഇവിടെ സ്വത്വാന്വേഷണം സ്വയം കണ്ടെത്തുന്നതിൽ അവസാനിക്കുന്നില്ല. തനിക്കായി നിർണയിക്കപ്പെട്ട അതിരുകൾ തിരിച്ചറിയാനും അവയെ മറികടക്കാനും സ്വന്തം ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും അംഗീകരിക്കാനുമുള്ള ശ്രമമായി അത് വികസിക്കുന്നു.
ഓർമകൾക്ക് പുതിയ അർഥങ്ങൾ നൽകിയും ശരീരത്തിന് സ്വന്തം ഭാഷ കണ്ടെത്തിക്കൊടുത്തും സ്വകാര്യാനുഭവങ്ങളിൽനിന്ന് സാമൂഹികയാഥാർഥ്യങ്ങളിലേക്ക് സഞ്ചരിക്കുന്ന കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. ബിംബങ്ങളും രൂപകങ്ങളും ഭാഷയുടെ വൈവിധ്യവും ചേർന്ന് അനുഭവങ്ങളെ സൗന്ദര്യാത്മകമായ ആവിഷ്കാരങ്ങളാക്കി മാറ്റുന്നു. അതേസമയം, ആ സൗന്ദര്യം ജീവിതത്തിലെ വൈരുധ്യങ്ങളിൽനിന്ന് മുഖംതിരിക്കുന്നില്ല. മറിച്ച്, അവയെ തിരിച്ചറിയാനും ചോദ്യം ചെയ്യാനും വായനക്കാരനെ പ്രേരിപ്പിക്കുന്നു.
ഒറ്റവാക്കിൽ പറഞ്ഞാൽ, ചെഞ്ചോരപ്പരത്തി സ്വന്തം സ്വത്വത്തെ അടയാളപ്പെടുത്തുന്നതിനൊപ്പം, സ്ത്രീക്ക് തന്റേതായ ഇടം കണ്ടെത്താനും സ്വതന്ത്രമായി നിലകൊള്ളാനുമുള്ള ആഹ്വാനം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയപ്രസക്തിയുള്ള കവിതാസമാഹാരമാണ്. കവിതയുടെ സൗന്ദര്യം അതിന്റെ വാക്കുകളിൽ മാത്രമല്ല, വായനയ്ക്കുശേഷവും നമ്മളിൽ അവശേഷിക്കുന്ന ആ അനുഭവലോകത്തിൽക്കൂടിയാണ്.
ലേഖകപരിചയം :

വി.പി. ബാലചന്ദ്രൻ
വയനാട് മാനന്തവാടി സ്വദേശി. സോഷ്യൽ മീഡിയയിലും ആനുകാലികങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.
ചെഞ്ചോരപ്പരത്തി (കവിതകൾ)
രചന : അനു പാപ്പച്ചൻ
കവർചിത്രം: വിഷ്ണു റാം
ചിത്രീകരണം: മറിയം ജാസ്മിൻ
പ്രസാധകർ: ലോഗോസ് ബുക്സ്
വില: ₹190







No Comments yet!