എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ടി. അനീഷിന്റെ ‘പരാജിത നായകർ: തമിഴ് താര രാഷ്ട്രീയത്തിന്റെ കഥ എന്ന പുസ്തകത്തിന്റെ വായന.
തമിഴ് രാഷ്ട്രീയത്തിലെ സിനിമാസ്വാധീനത്തെ കുറിച്ചും താര രാഷ്ട്രീയത്തിന്റെ തിരച്ചുഴികളിൽ പെട്ട് പരാജിതരായ ചലച്ചിത്ര നായകരെക്കുറിച്ചും എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ടി അനീഷ് എഴുതിയ പുസ്തകമാണ് “പരാജിത നായകർ “ തമിഴ് താര രാഷ്ട്രീയത്തിന്റെ കഥ. 1967 നു ശേഷമാണ് തമിഴ് രാഷ്ട്രീയത്തിൽ സിനിമയുടെ സ്വാധീനം എല്ലാ അർത്ഥത്തിലും ശക്തിപ്പെടുന്നത്. 1967എന്ന വർഷം ഇന്ത്യൻ ജനാധിപത്യത്തിന്റെ പല ക്ഷേത്രങ്ങളിൽ നിന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ സാന്നിധ്യം ദുർബലപ്പെടുന്ന വർഷം കൂടി ആയിരുന്നു. അത്തരത്തിൽ അധികാരം നഷ്ടപ്പെട്ട ഒരു സംസ്ഥാനമായിരുന്നു തമിഴ്നാട്. 1967 നു വളരെ മുമ്പ് തന്നെ ദ്രാവിഡകഴക സംസ്ക്കാരവും രാഷ്ട്രീയവും തമിഴ് ജനതയുടെ ജനാധിപത്യ ബോധത്തെ നിരന്തരം സ്വാധീനിക്കാൻ ശ്രമിച്ചിരുന്നു. അടിച്ചേൽപ്പിക്കപ്പെടുന്ന ഹിന്ദി ഭാഷയുടെയും വടക്കേയിന്ത്യൻ സവർണ്ണ ദേശീയതയുടെയും സമ്മർദ്ദങ്ങളെ എന്നും പ്രതിരോധിച്ചിരുന്ന ഒരു പ്രദേശമാണ് തമിഴ്നാട്. അവരുടെ എഴുത്തും വായനയും ദൃശ്യ പാരമ്പര്യവും അതിന് എല്ലാകാലത്തും പിന്തുണ നൽകിയിരുന്നു. പ്രത്യേകിച്ചു നാടക, സിനിമ പ്രവർത്തനങ്ങൾ. ദ്രാവിഡ മുന്നേറ്റ കഴക പ്രസ്ഥാനങ്ങളിൽ നേതൃത്വപരമായി പ്രവർത്തിച്ചിരുന്നവർ നാടക – സിനിമ മേഖലകളിൽ സജീവസാന്നിധ്യം രേഖപ്പെടുത്തി യവർ കൂടിയായിരുന്നു, എടപ്പാടി പഴനി സ്വാമി, ഓ പന്നീർസെൽവം തുടങ്ങിയവരൊഴികെ, സി എൻ അണ്ണാദുരൈ മുതലിങ്ങോട്ടുള്ള എല്ലാ മുഖ്യമന്ത്രിമാരും ഈ രംഗവുമായി അടുത്ത ബന്ധമുള്ളവരാണ്.

2026 ലെ തിരഞ്ഞെടുപ്പു വരെ ഇരു ദ്രാവിഡ മുന്നേറ്റകഴകങ്ങളും മാറി മാറി ഭരിച്ച സംസ്ഥാനത്ത് ഏറ്റവും ഒടുവിൽ നടന്ന തിരഞ്ഞെടുപ്പിലും സിനിമ രംഗത്ത് നിന്നുള്ള ഒരു സൂപ്പർതാരത്തെ തമിഴ് ജനത തങ്ങളെ നയിക്കാൻ തിരഞ്ഞെടുത്തു. ഈ വിജയത്തിൽ പോലും സിനിമരാഷ്ട്രീയത്തിലെ ജനരക്ഷകനായ നായകന്റെ ബിംബപ്രതീതിയാണ് ജോസഫ് വിജയ് എന്ന നായകനടന് അടിസ്ഥാനപരമായി പ്രയോജനപ്പെട്ടതെങ്കിലും ദേശീയ തലത്തിലെ അസഹിഷ്ണുതാരാഷ്ട്രീയത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന ആളെന്ന പ്രതിഛായയും നിലവിലുണ്ടായിരുന്ന ഭരണവിരുദ്ധ വികാരത്തോടൊപ്പം അദ്ദേഹത്തിന് തുണയായി.

കലാസാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങളെ രാഷ്ട്രീയ വിശ്വാസങ്ങൾക്കൊപ്പം പരിപക്വമായ വിധത്തിൽ സംയോജിപ്പിച്ച് 1967 മുതൽ 2026 വരെ യുള്ള കാലയളവിൽ തമിഴ് നാട്ടിൽ അധികാരം നിലനിർത്തിയിരുന്ന ഇരു പക്ഷവും പരാജയപ്പെട്ട രാഷ്ട്രീയപശ്ചാത്തലത്തിലും തമിഴ്നാട്ടിലെ താരരാഷ്ട്രീയം വലിയ തോതിൽ ചർച്ചയാവുകയും ചെയ്ത സാഹചര്യത്തിലും സിനിമ രംഗത്ത് നിന്നും കക്ഷിരാഷ്ട്രീയം വഴി അധികാരത്തിലേക്ക് സഞ്ചരിച്ചു പാതിവഴിയിൽ വിഴുകയോ, ലക്ഷ്യം ഉപേക്ഷിച്ചു പിൻവാങ്ങുകയോ, വാചകങ്ങളിൽ മാത്രം മോഹം അവസാനിപ്പിച്ചു നിശബ്ദനാവുകയോ ചെയ്ത ചലച്ചിത്ര താരങ്ങളുടെ (ചിലർ സംവിധാനമടക്കം ചെയ്തിരുന്ന ബഹുമുഖ പ്രതിഭകൾ കൂടി ആയിരുന്നു ) രാഷ്ട്രീയപ്രവേശങ്ങളുടെ ചരിത്രാഖ്യാനം സാംസ്കാരികപഠന മാതൃകയിൽ വിശകലനം ചെയ്തു അവതരിപ്പിക്കുക എന്ന ഫലവത്തായ ഉദ്യമമാണ് ടി അനീഷിന്റെ ഈ പുസ്തകം.
കലാ സാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങൾ വഴി ലഭിക്കുന്ന താരപദവി രാഷ്ട്രീയ അധികാരത്തിനു വേണ്ടി ഉപയോഗപ്പെടുത്തുന്നത് ലോകത്ത് സർവസാധാരണമാണ്. താഴെക്കിടയിൽ പ്രവർത്തിച്ചു വളർന്നുവരുന്ന രാഷ്ട്രീയപ്രവർത്തകനു പകരം, ഉയർന്നു വരുന്ന ഒരു താരത്തെ മുൻനിർത്തി പ്രത്യയശാസ്ത്ര, തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ ജനപ്രിയമാക്കി അധികാരത്തിലേക്കുള്ള വഴി എളുപ്പമാക്കുന്ന രാഷ്ട്രീയ തന്ത്രം ദ്രാവിഡ പ്രസ്ഥാനങ്ങളുടെ ഒരു സവിശേഷതയായിരുന്നു. താരങ്ങളോടുള്ള സാധാരണജനവിഭാഗത്തിന്റെ അതിവൈകാരിക അടുപ്പവും നിരവധി സിനിമകളിലൂടെ നായകർ സൃഷ്ടിച്ചെടുത്ത രക്ഷകബിംബവും ഇതിനു ഉൾപ്രേരകമായി ഭവിച്ചു.
ഇടശ്ശേരിയുടെ കവിതയിൽ എന്ന പോലെ തമിഴ് ജീവിത പരിസരത്തെ “കറുത്ത ചെട്ടിച്ചിക’കളായി കണ്ടുവന്ന മലയാളിയുടെ തറവാടിത്ത ഘോഷണം അധികാരരാഷ്ട്രീയത്തിൽ തമിഴ് ജനത പിൻപറ്റിയ ഈ സവിശേഷതയെ എന്നും പരിഹസിക്കാനാണ് ശ്രമിച്ചത്. നാടിന്റെ ഇതര ഭാഗങ്ങളിൽ നിറഞ്ഞു തുള്ളുന്ന കപട ദേശീയതയെ സ്വന്തം ഭാഷയും സംസ്കാരവും കൊണ്ട് പ്രതിരോധിക്കുന്നവരുടെ അനന്യവും പ്രകടവുമായ സ്വത്വവിഷ്കാരം കൂടിയാണ് ഈ സിനിമാരാഷ്ട്രീയസങ്കലനം. സിനിമയും രാഷ്ട്രീയവും ചേർന്ന അധികാരരൂപത്തിന്റെ നിർമ്മാണത്തിനു മൂർത്തമായ തുടക്കം ഉണ്ടാകുന്നത് ദ്രാവിഡപ്രസ്ഥാനങ്ങളുടെ അധികാരലബ്ധി മുതലാണ് എന്ന് പറഞ്ഞല്ലോ. സിനിമ തമിഴ്നാട് രാഷ്ട്രീയത്തിൽ സജീവമായി ഇടപെടുകയും താരപദവി അധികാരചിഹ്നമായി മാറുകയും ചെയ്യുന്ന പതിറ്റാണ്ടുകൾ ആരംഭിക്കുന്നത് അവിടം മുതലാണ്. പുസ്തകത്തിന്റെ അവതാരികയിൽ പി എൻ ഗോപികൃഷ്ണൻ ആശങ്കപ്പെട്ടതു പോലെ സാമൂഹിക ജനാധിപത്യമെന്ന ഡോ : ബി ആർ അംബേദ്കറുടെ പരികല്പന പരാജയപ്പെടുന്ന ഒരു അവസ്ഥ താരപദവി മൂലമുള്ള ഈ അധികാരസ്ഥിതി മൂലം ഉണ്ടാവാൻ സാധ്യതയുണ്ട് താനും. ഇതിന്റെ മറുപക്ഷം അന്വേഷിക്കാനും നിലവിലുള്ള മിത്തുകളെ അപനിർമ്മിക്കാനുമാണ് വിജയിച്ച രണ്ടോ മൂന്നോ നായകർക്കെതിരെ പതിനൊന്നോളം പരാജിത നായകരുടെ മുൻനിർത്തി അവരുടെ ചരിത്രാഖ്യാനത്തിലൂടെയും അത് മുന്നോട്ടു വെക്കുന്ന സാംസ്കാരിക പാഠത്തിലൂടെയും അനീഷ് ശ്രമിക്കുന്നത്.

അതുകൊണ്ട് തന്നെ താരങ്ങളുടെ ജയവും വിജയവും അവരവരുടെ നേതൃഗുണം, പ്രത്യയ ശാസ്ത്ര ദൃഢത, ക്ഷേമരാഷ്ട്രം സംബന്ധിച്ച കാഴ്ചപ്പാടുകൾ, ജനവിശ്വാസം തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ആ കഴിവുകൾ ഉള്ളത് കൊണ്ടാണ് എം ജി ആർ, ജയലളിത, ജോസഫ് വിജയ് എന്നിവർ ജയിച്ചു കയറിയതും കമൽഹാസൻ, ശിവാജിഗണേശൻ, വിജയ് കാന്ത് തുടങ്ങിയവർ വീണുപോയതും. അങ്ങനെ തോറ്റു പോയവരുടെ രാഷ്ട്രീയജീവിതങ്ങളാണ് ഈ പുസ്തകത്തിൽ അനാവരണം ചെയ്യപ്പെടുന്നത്. സാമൂഹിക ജനാധിപത്യത്തിന്റെ കാതൽ തമിഴ് നാടിന്റെ തിരഞ്ഞെടുപ്പു ചരിത്രത്തിന്റെ പരിസരത്തിൽ വായിച്ചുകൊണ്ടു, തിരിച്ചറിയാൻ സഹായിക്കുന്ന ഗ്രന്ഥമാണിത്. താര സാമ്രാജ്യങ്ങൾ ഉള്ള ഒരു ഭൂമികയിൽ സംഭവിക്കുന്ന ജയപരാജയങ്ങളുടെ കാര്യകാരണങ്ങൾ കൃത്യമായി ഈ പുസ്തകം പറയുന്നുണ്ട്. സിനിമയിൽ നിറയുന്ന ജാതിയും സിനിമയ്ക്കൊപ്പം അധികാരത്തെ നിർണ്ണയിക്കുന്ന ഘടകമാവുന്നത് ഈ പഠനങ്ങളിലൂടെ തിരിച്ചറിയാൻ കഴിയും. ഓരോ ലേഖനവും ആഴക്കാഴ്ചകളും കൗതുകം നിറക്കുന്ന കഥകളും കൂടിയാണ്. ജയിച്ചു നിന്നിരുന്ന ഒരു താരജീവിതത്തിൽ നിന്നും അധികാരത്തെ ജയിക്കാൻ ഇറങ്ങി പരാജയപ്പെട്ട 10പേരുടെ ഇരു ലോകങ്ങളിലെയും ജീവിതാഖ്യാനങ്ങൾ ചേർത്തു വെച്ച് തമിഴ്നാട് രാഷ്ട്രീയത്തിന്റെ പൊതുചിത്രം സൃഷ്ടിക്കാനാണ് ഗ്രന്ഥകാരൻ ശ്രമിക്കുന്നത്. ഇവരുടെ രാഷ്ട്രീയ ബലവും ബലഹീനതയും എന്തായിരുന്നുവെന്നു സവിസ്തരം പ്രതിപാദിക്കുകയും ചെയ്യുന്നു ഈ ലേഖനങ്ങൾ. തോൽവി ഭയന്ന് രാഷ്ട്രീയ പ്രവേശം നീട്ടിക്കൊണ്ടുപോയി ഒടുവിൽ പിന്മടങ്ങിയ, എന്നാൽ പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ ഇടപെടലുകൾ നടത്തിയ രജിനികാന്ത് എന്ന സിനിമ പ്രതിഭാസത്തെയും അദ്ദേഹം സൃഷ്ടിച്ച രാഷ്ട്രീയ കടങ്കഥകളെയും പ്രത്യേകമായി നിർധാരണം ചെയ്യുന്നു ഈ എഴുത്തുകാരൻ.

തിരസ്കരിക്കപ്പെട്ട രാഷ്ട്രീയനായകൻ എന്നു പേരിട്ട ലേഖനത്തിൽ ശിവാജി ഗണേശനെ കുറച്ചു പറയാൻ തുടങ്ങുമ്പോൾ അനീഷ് സൂചിപ്പിക്കുന്ന തമിഴ് നാട്ടിലെ അക്കാലത്തെ പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ കാഴ്ച്ചയുണ്ട്. ദ്രാവിഡകഴകത്തിന്റെ രാഷ്ട്രീയവേദികളിൽ സിനിമാതാരങ്ങൾക്ക് നൽകുന്ന അമിതപ്രാധാന്യത്തെക്കുറിച്ചാണത്. ഇതിനെ കുറിച്ച് നിശിതമായ വിമർശനങ്ങൾ ഉണ്ടായിട്ടും സിനിമാതാരങ്ങളെ വിട്ടൊരു നീക്കത്തിനും ദ്രാവിഡ കഴകനേതൃത്വം തയ്യാറായിരുന്നില്ല. എം ജി ആറിന് മുൻപും താരങ്ങൾ സ്ക്രീനിൽ സൃഷ്ടിച്ച അതിമാനുഷ നായകത്വത്തെ രാഷ്ട്രീയത്തിൽ പ്രയോജനപ്പെടുത്തുന്നതിൽ നേതൃത്വം ശ്രദ്ധ ചെലുത്തിയിരുന്നു. സിനിമയിൽ അസാമാന്യ പ്രതിഭ ഉണ്ടായിട്ടും വഴിയിൽ വീണുപോയ രാഷ്ട്രീയമോഹത്തിന്റെ ആദ്യത്തെ ഉദാഹരണമാണ് ശിവാജിഗണേശൻ. എം ജി ആറിനു ലഭിച്ച നേതൃത്വത്തിന്റെ പ്രത്യേക പരിഗണന ശിവാജിയുടെ രാഷ്ട്രീയമോഹങ്ങൾക്ക് ചെറുതൊന്നുമല്ല പരുക്കേൽപ്പിച്ചത്. അഭിനയരംഗത്ത് ഒരു സംക്രമണദൂതനായി പ്രവർത്തിച്ച ശിവാജിക്ക് രാഷ്ട്രീയത്തിൽ നിലനിന്നു പോകാൻ ആദ്യാവസാനം വരെ പ്രയാസപ്പെടേണ്ടി വന്നു. എത്തിച്ചേർന്ന ഇടങ്ങളിൽ നിന്നും കിട്ടിയ അവഗണന പുതിയ പുതിയ മേച്ചിൽ പുറങ്ങൾ തേടാൻ കാരണമായി. പിന്നീട് ചേർന്ന കോൺഗ്രസിലും സുഖകരമായിരുന്നില്ല അവസ്ഥ. ഇന്ദിരാഗാന്ധിയുടെ കാലത്തു കേന്ദ്ര നേതൃത്വവുമായി ഉണ്ടായിരുന്ന സൗഹൃദം തുടരാൻ കഴിഞ്ഞില്ല. രാജ്യസഭംഗമായി നിയമിക്കപ്പെട്ടെങ്കിലും തമിഴ് രാഷ്ട്രീയത്തിലെ മൂപ്പിളമ തർക്കങ്ങളിൽപ്പെട്ട് നഷ്ടം വന്ന രാഷ്ട്രീയജീവിതമായിരുന്നു ശിവാജിയുടെത്. പ്രതിസന്ധികളെ വൈകാരികമായി മാത്രം സ്വീകരിച്ച കാഴ്ചപ്പാട് ജനങ്ങളെ തൃപ്തിപ്പെടുത്താൻ പോന്നതായിരുന്നില്ല. അനീഷ് സൂചിപ്പിച്ചത് പോലെ ജനങ്ങളിൽ വിശ്വാസം അർപ്പിക്കാൻ സാധിക്കാത്ത ശിവാജിയുടെ രാഷ്ട്രീയബോധ്യങ്ങളും കാരുണ്യപ്രവർത്തനങ്ങളിൽ പുലർത്തിയിരുന്ന വിമനസ്കതയുമൊക്കെ ശിവാജി ഗണേശനു തിരിച്ചടിയായി.

സിനിമയിലും രാഷ്ട്രീയത്തിലും ആദർശപരതയുടെ പര്യായമായ, അക്കാരണം കൊണ്ടു തന്നെ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കാൻ നിർബന്ധിതനായ ഒരാളെ കുറിച്ച് അനീഷ് എഴുതുമ്പോൾ നമുക്ക് തമിഴ് സിനിമ -രാഷ്ട്രീയ ലോകത്തെ വ്യത്യസ്തനായ ഒരാളെ അറിയാൻ കഴിയുന്നു. ദ്രാവിഡ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രബോധങ്ങളിൽ നിന്നും അണുവിട മാറാത്ത, അഭിനയത്തിൽപോലും അതിനു വിരുദ്ധമായ വേഷങ്ങൾ ചെയ്യാത്ത എസ് എസ് രാജേന്ദ്രൻ ആണത്. രാജേന്ദ്രൻ പെരിയാർ രാമസ്വാമി നായ്ക്കരുടെ അനുയായിയായിട്ടാണ് രാഷ്ട്രീയത്തിൽ വരുന്നത്. ഹിന്ദി പ്രക്ഷോഭമടക്കമുള്ള സമരങ്ങളിൽ നിറഞ്ഞു നിന്നും, ഇന്ത്യൻ ദേശീയതയിൽ അവിശ്വാസം പ്രകടിപ്പിച്ചും രാഷ്ട്രീയം തുടർന്ന രാജേന്ദ്രൻ നിയമസഭയിൽ അംഗമായ രാജ്യത്തെ ആദ്യത്തെ സിനിമാതാരമാണ്. ഇരു ദ്രാവിഡമുന്നേറ്റകഴകങ്ങളിലും പ്രവർത്തിച്ച രാജേന്ദ്രന്റെ രാഷ്ട്രീയജീവിതവും സിനിമ കഥയിലെ തിരമാലകൾ കണക്കെ ഉയർന്നും താണും അവസാനിച്ചു. താരപ്രഭ കൊണ്ട് മാത്രം രാഷ്ട്രീയപ്രയാണത്തിനു ഇന്ധനം നിറക്കാൻ കഴിയില്ലെന്നതിന്റെ ക്ളാസിക് ഉദാഹരണമായിട്ടാണ് എസ് എസ് രാജേന്ദ്രന്റെ രാഷ്ട്രീയജീവിതത്തെ അനീഷ് വിശേഷിപ്പിക്കുന്നത്.

അടിതെറ്റി വീണ ഒരു ആരാധകന്റെ രാഷ്ട്രീയജീവിതമാണ് കെ ഭാഗ്യരാജിന്റേത്. നർമ്മബോധങ്ങൾ കൊണ്ടും നിർബന്ധബുദ്ധികൊണ്ടും ജീവിക്കുന്ന നായകകഥാപാത്രങ്ങളെ സൃഷ്ടിച്ച ഭാഗ്യരാജ് സിനിമയിലും ജീവിതത്തിലും എം ജി ആറിനെ ആരാധിച്ചു പിന്തുടർച്ച നേടാൻ ശ്രമിച്ചു. എന്നാൽ സ്വന്തം കഥാപാത്രങ്ങളുടെ ‘അബദ്ധജീവിതം’ രാഷ്ട്രീയജീവിതത്തിലും കാഴ്ച്ചവെക്കാനായിരുന്നു വിധി. സാധാരണക്കാരന്റെ ജീവിതസമരങ്ങൾ, ധാർമികപ്രതിസന്ധികൾ എന്നിവ സിനിമയിൽ അടയാളപ്പെടുത്തിയ ഭാഗ്യരാജ് അതിന്റെ പിൻബലത്തിൽ രാഷ്ട്രീയത്തിലെ പ്രായോഗിക നായകൻ ആവാനുള്ള ശ്രമമാണ് നടത്തിയത്. സിനിമയിലെ തുടർച്ച രാഷ്ട്രീയത്തിൽ നടന്നില്ല. മറ്റു പല താരങ്ങളേയും ഇരു തോണികൾ മാറി മാറി കയറാൻ നേതൃത്വത്തിന് മുന്നിൽ വന്നു നിന്നു. തോണികളുടെ ഉടമസ്ഥർ ആകട്ടെ ആളുകളെ ആകർഷിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി താരങ്ങളെ കയറ്റി ഇരുത്തുകയും ചെയ്തു. ഭാഗ്യരാജും അതിന്റെ ഒരു ഇരയായി മാറി. ദൈവതുല്യനായി കരുതിയിരുന്ന എം ജി ആർ എന്ന നേതാവിന്റെ അനുഗ്രഹവും താരപരിവേഷവും ഒരിക്കലും ഭാഗ്യരാജിന്റെ ഭാഗ്യാന്വേഷണത്തിൽ തുണയായില്ല.

ഇതിനിടെ തനിച്ചു വഴി വെട്ടി നടന്ന ഒരാളുടെ കഥ അനീഷ് പറയുന്നുണ്ട്. “അടുക്ക് മൊഴി” യുടെ വക്താവായ ടി രാജേന്ദർ ആണ് ആ താരം. ആളുകളെ ആകർഷിക്കുന്ന ലഘുതര ഭാവുകത്വം സിനിമയിലും തുടർന്ന് രാഷ്ട്രീയത്തിലും ഉപയോഗിച്ചു വിജയിക്കാൻ ശ്രമിച്ച ഒരാളാണ് രാജേന്ദർ. ഡി എം കെ യിൽ തുടങ്ങിയ രാഷ്ട്രീയയാത്രയിൽ തന്റെ ഒറ്റയാൾപ്പട നിലപാട് രാഷ്ട്രീയസഞ്ചാരത്തിലെ നിലപാടില്ലായ്മക്കു കാരണമായെന്നു അനീഷ് അഭിപ്രായപ്പെടുന്നുണ്ട്. അണ്ണാദൂരെ, പെരിയാർ ഇവരുടെ അനുയായി എന്ന നിലയിൽ ഡി എം കെ വഴി രാഷ്ട്രീയത്തിൽ പ്രവേശനം നടത്തിയ രാജേന്ദർ അവിടെ നിന്നും ഇറങ്ങിയും വീണ്ടും കയറിയും അതിവാചലത നടത്തിയും രാഷ്ട്രീയം തുടർന്നു. എന്നാൽ ജനകീയ പ്രശ്നങ്ങളിൽ ഇറങ്ങിച്ചെല്ലാതെ വൈകാരിക പ്രതികരണങ്ങൾ കൊണ്ടു മാത്രം രാഷ്ട്രീയം പ്രവർത്തിച്ച ഒരാളുടെ പരാജയം ഒഴിവാക്കാൻ രാജേന്ദറിലെ ദ്രാവിഡരാഷ്ട്രീയബോധം സഹായിച്ചില്ല.

രാഷ്ട്രീയ അഭയാർത്ഥിയായ നായകരൂപത്തിലേക്ക് പരിണമിച്ച ശരത് കുമാറിനും മറ്റു പലരെയും പോലെ ആദ്യ വാഹനം ഡി എം കെ തന്നെയായിരുന്നു. രാജ്യസഭാ സാമാജികൻ പോലുള്ള പദവികളിൽ മതിവരാതെ പുതിയ കക്ഷി രൂപീകരിച്ചു അദ്ദേഹം. സ്വസമുദായമായിരുന്നു തുറുപ്പു ചീട്ട്. അവസരവാദപരമായ പല നിലപാടുകൾക്കുമൊടുവിൽ നരേന്ദ്ര മോദിയുടെ നേതൃത്വം അംഗീകരിച്ച് ബി ജെ പി യെ അഭയസ്ഥാനമാക്കി. തന്നിഷ്ടം നിറഞ്ഞ നിലപാടുകൾ കൊണ്ട് വീണുപോയ രാഷ്ട്രീയ യാത്രയായിരുന്നു ശരത്കുമാറിന്റേത്.

കമൽ ഹാസന്റെ രാഷ്ട്രീയത്തിലേക്ക് എത്തുമ്പോൾ അനീഷ് സൂചിപ്പിക്കുന്ന ഒരു കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. സിനിമകളിൽ നിരന്തരം പ്രയോഗിച്ച നവീകരണ ക്ഷമത രാഷ്ട്രീയത്തിലേക്കുള്ള പ്രവേശിക്കണമെന്ന ആഗ്രഹത്തിനു ഗുണപരമായ വിധത്തിൽ തന്റെ താരപ്രതിഛായയെ ഉത്തേജിപ്പിച്ചു നിർത്താൻ കമൽ ശ്രമിച്ചു. തുടക്കത്തിൽ നഗരകേന്ദ്രീകൃത യുവതയുടെ രാഷ്ട്രീയ അഭിലാഷങ്ങൾ സ്പർശിക്കാൻ അദ്ദേഹത്തിന് സാധിച്ചു. “മയ്യം വിസിൽ ” അത്തരത്തിൽ ഒന്നായിരുന്നു. ദ്രാവിഡ സത്വ രാഷ്ട്രീയത്തിനപ്പുറം വിശാലമായ ഒരു ബ്രാൻഡ് ആയി മാറാനായിരുന്നു കമലിന്റ അടുത്ത ശ്രമം. എന്നാൽ ഒറ്റയ്ക്കു അത്തരമൊരു നീക്കം അധികം മുന്നോട്ടു പോയില്ല. പ്രബലമായ രണ്ടു കഴകങ്ങളെ നേരിട്ട് മൂന്നാമതൊരു ശക്തിയായി നീങ്ങുന്നതിലെ പരിമിതിയും അപ്രായോഗികതയും നന്നായി തിരിച്ചറിഞ്ഞ ഒരാളായിരുന്നു കമൽ ഹാസൻ. പ്രായോഗിക രാഷ്ട്രീയത്തിന് കീഴടങ്ങി രാജ്യസഭയിൽ സ്ഥാനം കൊണ്ട് തുപതിപ്പെടാനായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ വിധി. ഇപ്പോൾ ദേശീയ രാഷ്ട്രീയമെന്ന വിശാല കാഴ്ചപ്പാട് സ്വീകരിച്ച കമലിനു, തമിഴ് സിനിമയിൽ കൃത്യമായ വ്യാകരണബുദ്ധിയോടെ സാഹചര്യങ്ങൾ തനിക്ക് അനുകൂലമാക്കിയത് പോലെ രാഷ്ട്രീയത്തിൽ ക്രമീകരിക്കാൻ കഴിഞ്ഞില്ലെന്നു അനീഷ് സമർത്ഥിക്കുന്നു.
വിജയകാന്തിലേക്കു വായന എത്തുമ്പോൾ അനീഷ് പരാമർശിക്കുന്ന ഒരു വസ്തുതയുണ്ട്. എം ജി ആറിനു ശേഷം വിജയ് ക്കു മുൻപ് വരെ സ്ക്രീൻ പരിവേഷം രാഷ്ട്രീയപിന്തുണയാക്കി പരിവർത്തിപ്പിക്കാൻ കഴിഞ്ഞ തമിഴ് നാട്ടിലെ ഏക താരം വിജയകാന്ത് എന്നതാണത്. തന്റെ സിനിമകളുടെ പ്രമേയങ്ങളേയും നായക കഥാപാത്രങ്ങളേയും ധാർമികതയുടെ പാഠങ്ങളായി രൂപപ്പെടുത്തിയും രക്ഷക ബിംബമായി സ്വയം അടയാളപ്പെടുത്തിയും സിനിമയ്ക്ക് പുറത്ത് കറകളഞ്ഞ മനുഷ്യസ്നേഹിയും കാരുണ്യ പ്രവർത്തകനും എന്നുള്ള പ്രതിച്ഛായ നിലനിർത്തിയും നടത്തിയ ഇടപെടൽ രാഷ്ട്രീയ പ്രവേശനത്തെ അദ്ദേഹത്തിന് എളുപ്പമാക്കി. ആരോഗ്യപ്രശ്നങ്ങളും പിഴവുകൾ നിറഞ്ഞ രാഷ്ട്രീയ നീക്കങ്ങളും നിലപാടുകളും എന്നാൽ രാഷ്ട്രീയത്തിൽ ആദ്യകാലത്ത് ഉണ്ടാക്കിയ പ്രതീക്ഷകളെ അസ്ഥാനത്താക്കി.

കാർത്തിക്, കരുണാസ്, സീമാൻ എന്നിവർ പരാജിത നായകരിലെ അവസാനത്തെ മൂന്ന് പേർ.തമിഴ് സിനിമയിലെ താരങ്ങളെ പ്പൊലെ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ തന്റെ സിനിമ ജീവിതത്തെ ഉപയോഗിച്ച ഒരാളാണ് കാർത്തികും. അദ്ദേഹത്തിന്റെ പ്രേക്ഷകപ്രീതി ഉപയോഗിക്കാൻ ഇരു ദ്രാവിഡകക്ഷികളും താൽപ്പര്യം പ്രകടിപ്പിച്ചുവെങ്കിലും ഫോർവേഡ് ബ്ലോക്കിന്റെ നേതൃത്വത്തിലാണ് എത്തിപ്പെട്ടത്. ഫോർവേഡ് ബ്ലോക്കും സ്വസമുദായാവുമായുള്ള ബന്ധം തന്റെ വളർച്ചക്ക് ഗുണപ്പെടുമെന്നു അദ്ദേഹം കരുതി. എന്നാൽ സ്വന്തം ഇഷ്ടങ്ങളെ ഉപയോഗിക്കാൻ ശ്രമിച്ചതോടെ പാർട്ടിക്കും താരത്തിനും ക്ഷീണം സംഭവിച്ചു. വലിയ രാഷ്ട്രീയാഭിലാഷങ്ങൾ മുൻനിറുത്തി രാഷ്ട്രീയം കളിച്ചു പരാജയപ്പെട്ട ചരിത്രം ഇവിടെയും ഉണ്ടായി. ജനാധിപത്യപരമായ ആലോചനയും പദ്ധതികളും ഇല്ലാത്തൊരു രാഷ്ട്രീയക്കാരന്റെ അനിവാര്യമായ പതനം!. സിനിമയും ജാതിയും രാഷ്ട്രീയത്തിൽ ചെലുത്തുന്ന സ്വാധീനം തിരിച്ചറിഞ്ഞു വന്നതാണ് കരുണാസ് തമിഴ് രാഷ്ട്രീയമണ്ഡലത്തിൽ. “മുക്കുലത്തോർ പുലിപ്പടെ ” അങ്ങനെയാണ് രൂപം കൊള്ളുന്നത്. ഈ രാഷ്ട്രീയസംഘവും ഇരു മുന്നണികളിൽ ചേർന്നും അകന്നും പ്രവർത്തിച്ചു. ഒടുവിൽ വിജയ് യുടെ ടി വി കെ തരംഗത്തിൽ അടിതെറ്റിയ നീക്കമായി കരുണാസിന്റെ രാഷ്ട്രീയം മാറി. സമുദായിക നേതാവായി രംഗപ്രവേശം ചെയ്തുവെങ്കിലും സ്വന്തം സമുദായത്തിൽ നിന്നു പോലും അദ്ദേഹത്തിന് പിന്തുണ ലഭിച്ചില്ല.

തമിഴ് ദേശീയതയുടെ ചൂടും ചൂരും ഉപയോഗിച്ച് സിനിമയിൽനിന്നും രാഷ്ട്രീയത്തിൽ പ്രവേശിച്ച താരമാണ് സീമാൻ തമിഴ് വംശീയതയുടെ ശബ്ദമായി വലിയൊരു അനുയായി സംഘത്തെ സൃഷ്ടിച്ച സീമാൻ ആദ്യകാലത്തു ദ്രാവിഡ മുന്നേറ്റകഴകത്തൊട് ചേർന്ന് നിന്നു പ്രവർത്തിച്ചിരുന്നു. ആദ്യകാലത്തു കരുണാനിധിയുടെ അനുയായിരുന്ന സീമാൻ ശ്രീലങ്കൻ വിഷയത്തിൽ എൽ ടി ടി ഇ ക്കു പിന്തുണയുമായി വന്നത് ആ ബന്ധത്തിൽ ഉലച്ചിൽ ഉണ്ടാക്കി. വംശീയ വാദത്തിന്റെ വക്താവായി പ്രവർത്തിച്ച സീമാൻ നിരവധി വിവാദങ്ങളുടെ തോഴനായി മാറി. ഒട്ടനവധി യുവാക്കളെ ആകർഷിച്ച ഇദ്ദേഹത്തിനു വിജയ് യുടെ വരവ് കാര്യമായ പരിക്ക് ഉണ്ടാക്കിയിട്ടുണ്ട് എന്നത് നേരാണ്. എങ്കിലും സീമാൻ തമിഴ് രാഷ്ട്രീയത്തിൽ വേറിട്ട നേതൃത്വബിംബമാണെന്ന് അനീഷ് അഭിപ്രായപ്പെടുന്നു.

ഈ പുസ്തകത്തിലെ അനുബന്ധ ലേഖനം ഒരു പരാജിതനായകന്റെ കഥയല്ല പറയുന്നത്. അദ്ദേഹം പരാജിതനാവാൻ ആഗ്രഹിച്ചിരുന്നില്ല അഥവാ തന്റെ സഹപ്രവർത്തകരിൽ പലർക്കും നേരിടേണ്ടി വന്ന കയ്പ്പേറിയ അനുഭവങ്ങളെ മുൻനിർത്തി സ്വയം ഒരു എടുത്തുചാട്ടത്തെ നിരുൽസാഹപ്പെടുത്തുകയായിരുന്നു. എന്നാൽ പതിറ്റാണ്ടുകളോളം തമിഴരുടെ രാഷ്ട്രീയമടുപ്പിന്റെ ബദൽ പ്രതീക്ഷയായി നിലകൊള്ളാൻ രജനികാന്ത് എന്ന ആ താരനായകന് സാധിച്ചു. ആ അർത്ഥത്തിൽ രജനി എന്ന രാഷ്ട്രീയ പ്രതിഭാസത്തെക്കുറിച്ചുള്ള ലേഖനം ഈ പുസ്തകത്തിന്റെ ഹൈലൈറ്റ് ആണെന്ന് പറയാം. പരീക്ഷിക്കപ്പെടാത്ത രജിനിയുടെ രാഷ്ട്രീയജീവിതത്തിന്റെ വിശകലനത്തിൽ ദ്രാവിഡ പ്രത്യയ ശാസ്ത്രത്തിന്റെയും ദളിത് തൊഴിലാളി മുന്നേറ്റങ്ങളുടെയും ഭൂമികയിൽ സവിശേഷമായ എന്നാൽ പ്രതിലോമകരമെന്നു വിലയിരുത്താവുന്ന സാംസ്ക്കാരിക പ്രതിഭാസം എങ്ങനെ രൂപം കൊണ്ടു എന്നത് പ്രധാനമായും പരിഗണിക്കപ്പെടേണ്ട വിഷയമാണെന്ന് അനീഷ് ചൂണ്ടിക്കാട്ടുന്നു.
ഈ പുസ്തകം ആസ്വദിച്ചു വായിച്ചു മടക്കി വെക്കുമ്പോൾ അയൽ പക്കത്ത് സിനിമ കൊണ്ടു ഒരു ദേശം ഭരിക്കപ്പെടുന്നതും സാമൂഹിക ജനാധിപത്യമെന്ന അടിസ്ഥാന അവകാശം ഇല്ലാതാവുന്നതും പോലുള്ള നമ്മുടെ ഉപരിപ്ലവമായ മുൻവിധികളുടെ മഞ്ഞുരുകും. തമിഴരുടെ രാഷ്ട്രീയ ബോധ്യങ്ങൾക്കാണ് ‘പരാജിത നായകർ’ സാക്ഷ്യം പറയുന്നത്.
പരാജിത നായകര്
രചന : ടി. അനീഷ്
പ്രസിദ്ധീകരണം : ലോഗോസ് ബുക്സ്
വില : 220 രൂപ

ടി. അനീഷ്
കലാകൗമുദിയിൽ പത്രപ്രവർത്തകൻ, കോളേജ് അധ്യാപകൻ, സൂര്യ ടി വിയിൽ സബ് എഡിറ്റർ, മാതൃകാന്വേഷി മാസിക, WTPLive ഓൺലൈൻ ആഴ്ചപ്പതിപ്പ് എന്നിവയുടെ എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു, നിലവിൽ സൺ സ്യൂസ് എന്ന തമിഴ് വാർത്താ ചാനലിൽ മാധ്യമ പ്രവർത്തകനാണ്. അച്ചടി, ഓൺലൈൻ മാധ്യമങ്ങളിൽ ആനുകാലിക, രാഷ്ട്രീയ, സാംസ്കാരിക സാഹിത്യ വിഷയങ്ങളെക്കുറിച്ചും തമിഴ്നാട് രാഷ്ട്രീയത്തെ കുറിച്ചും എഴുതാറുണ്ട്. വിവർത്തകനുമാണ്. ചെന്നൈയിൽ താമസം.
ലേഖകപരിചയം

കെ ഗോപിനാഥൻ
തൃശൂർ ജില്ലയിലെ തളിക്കുളത്തു ജനനം. ചെർപ്പുളശ്ശേരി, അടക്കാപുത്തൂർ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. നാട്ടിക ശ്രീനാരായണ കോളേജ്, തൃശൂർ ശ്രീകേരളവർമ്മ കോളേജ്, റിംസെ മൈസൂർ എന്നിവിടങ്ങളിൽ കോളേജ് പഠനം. രസതന്ത്രത്തിൽ ബിരുദവും, അദ്ധ്യാപക ബിരുദവും. മലയാളത്തിലും, സോഷ്യോളജിയിലും ബിരുദാനന്തര ബിരുദങ്ങൾ. അടുത്ത കാലത്ത് ബാങ്കിങ്മേഖലയിലെ ജോലിയിൽ നിന്നും വിരമിച്ചു. ആനുകാലികങ്ങളിൽ കവിതകൾ എഴുതുന്നു
“കോരപ്പനാല് വെയിലേൽക്കാത്ത ഒരു പേര്”, “കവിത പടിവാതിലില്ലാത്ത വീടാണ്” ” ഒരു പൂവ് വിരിയുമ്പോൾ ജലത്തിനു സംഭവിക്കുന്നത്” എന്നീ കവിതാ സമാഹാരങ്ങൾ.
“കവിത പടിവാതിലില്ലാത്ത വീടാണ് “ എന്ന സമാഹാരത്തിന് വടകര എൻ ആർ ഐ ഫോറത്തിന്റെ 2024 ലെ “കടത്തനാട്ട് മാധവി അമ്മ പുരസ്കാരം” ലഭിച്ചു.







No Comments yet!