Skip to main content

കഥകളുടെ കൊടുംകാട്

ഏകാന്തത ഒരു കലാപമാണ്. സ്വത്വത്തിനും ഭൂതാര്‍ത്ഥത്തിനും ഇടയില്‍ ചിതറിക്കിടക്കുന്ന ഒറ്റപ്പെടലിന്റെ കലഹം ഏകാകിത്വത്തെ രൂപപ്പെടുത്തുന്നു. അതാകട്ടെ ജീവിതവുമായി വളരെയേറെ ബന്ധപ്പെട്ടു കിടക്കുന്നു. അതിനുള്ളില്‍ നിന്നുള്ള മോചനത്തേക്കാള്‍ ആa അവസ്ഥയോട് സാവധാനത്തില്‍ സമരസപ്പെടുന്നതിലേയ്ക്കാണ് മിക്കവരും എത്തിപ്പെടുന്നത്. അശാന്തമായ ചിന്തകളെ സൃഷ്ടിക്കുന്ന ഒറ്റപ്പെടലിന്റെ ശൂന്യതയില്‍ നിന്നും സ്വയം തിരിച്ചറിയപ്പെടുന്ന അര്‍ത്ഥവ്യാപ്തിയിലേയ്ക്ക് ഇഴഞ്ഞുകയറുന്ന സമയങ്ങള്‍ ക്ഷണികമാക്കപ്പെട്ട് ഏകാന്തതയുടെ ശാന്തിയിലേയ്ക്കും സ്വയം നവീകരണത്തിലേയ്ക്കും എത്തിപ്പെടുന്നു.

ചിത്രയുടെ മൗനം ഏകാന്തതയുടേതാണ്. അവളതിലേയ്ക്ക് അലിഞ്ഞുചേര്‍ന്നിരിക്കുന്നു. ഒറ്റപ്പെടലിന്റെ വേവലാതികളൂം ദു:ഖസൂചകങ്ങളും അവളെ അലട്ടുന്നില്ല. പിടിച്ചുവെച്ചതിനെ തുറന്നുവിടുന്നപോലെ കുമുദോമന അവളുടെ ഒറ്റപ്പെടലിനെ വെളിപ്പെടുത്തുന്നതുപോലും ചിത്രയെ ബാധിക്കുന്നില്ല. വിവാഹിതയായ ഒരു പെണ്ണിനുമേല്‍ നിക്ഷിപ്തമായ ഉത്തരവാദിത്തങ്ങളില്‍ നിന്നുള്ള ഒഴിഞ്ഞുമാറ്റങ്ങളെക്കുറിച്ചല്ല, എല്ലാം നിര്‍വ്വഹിച്ചിട്ടും ലഭിക്കാതെ പോകുന്ന പരിഗണനയാണ് കുമുദോമനയെ തളര്‍ത്തുന്നത്. പുരുഷകേന്ദ്രീകൃതമായ സമൂഹത്തില്‍ ഒരു സ്ത്രീ ഏറ്റവും പരിഗണിക്കപ്പെടുന്നവളും ബഹുമാനിക്കപ്പെടുന്നവളും സ്വാതന്ത്ര്യത്തിന്റെ ഉന്നതിയില്‍ ആനന്ദിക്കുന്നവളുമാകും. എന്നാല്‍ പുരുഷനിയന്ത്രണത്തിലുള്ള സമൂഹത്തില്‍ അവള്‍ക്കിതൊന്നും ലഭിക്കുകയില്ല എന്നുമാത്രമല്ല പുരുഷനെ സേവിക്കുന്ന, അവന്റെ ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ മാത്രമുള്ള ഒരു വസ്തു മാത്രമാകുന്നു. പ്രശാന്ത് അത്തരമൊരു സമൂഹത്തെ പ്രതിനിധീകരിക്കുന്നു. ഭാര്യയുടെ സാഹിത്യതത്പരത വിവാഹത്തിനുമുന്‍പേ അറിഞ്ഞിരുന്നിട്ടും വിവാഹശേഷം അയാളതിനൊന്നും ഒട്ടും പ്രാധാന്യം നല്‍കുന്നില്ല എന്നുമാത്രമല്ല സ്ത്രീപുരുഷ വിവേചനത്തിന്റെ വിത്തുകള്‍ സ്വന്തം മകനിലും മുളപ്പിച്ചെടുക്കുന്നു. തിരുത്താനും ശബ്ദമുയര്‍ത്താനും കഴിയാത്തൊരു ചങ്ങല ബന്ധങ്ങളുടെ നിഴലില്‍ അവളെ നിശ്ചലയാക്കുന്നു. ആ നിര്‍ജീവതയില്‍ നിന്നും ഒരു ആശ്വാസമെന്നോണമാണ് അവള്‍ ചിത്രയേയും കൂട്ടി യാത്ര ചെയ്യുന്നത്. നിര്‍വികാരമായ ഒരു സ്ത്രീയുടെ രൂപമെന്ന പോലെ ചിത്ര കുമുദോമനയ്ക്കരികില്‍ ഇടിഞ്ഞുതൂങ്ങിയിരിക്കുന്നു. ചിത്രയുടെ മൗനവും കുമുദോമനയുടെ തുറന്നു പറച്ചിലും ഒന്നുതന്നെ. ചിത്ര അവളുടെ ഏകാന്തതയെ ഇഷ്ടപ്പെട്ടു തുടങ്ങിക്കഴിഞ്ഞിരുന്നു. കുമുദോമനയാകട്ടെ ഒറ്റപ്പെടലിന്റെ ചുഴിയിലേയ്ക്ക് താഴ്ത്തപ്പെട്ടുകൊണ്ടിരിക്കുന്നു.

”എന്റെ ഏകാന്തത ആളുകളുടെ സാന്നിധ്യത്തെയോ അഭാവത്തെയോ ആശ്രയിക്കുന്നില്ല; മറിച്ച്, എനിക്ക് യഥാര്‍ത്ഥ സൗഹൃദം വാഗ്ദാനം ചെയ്യാതെ എന്റെ ഏകാന്തത മോഷ്ടിക്കുന്നവരെ ഞാന്‍ വെറുക്കുന്നു”– Friedrich Nietzsche

സംരക്ഷണത്തിന്റെ തണലും അധികാരത്തിന്റെ കൂച്ചുവിലങ്ങും ഒരാളിലേയ്ക്ക് ചുരുങ്ങുന്ന സാമൂഹിക ജീര്‍ണ്ണതയുടെ, ഘോഷിക്കപ്പെടുന്ന പാരമ്പര്യത്തിന്റെ സങ്കീര്‍ണ്ണമായ ചുറ്റുപാടുകളുടെ ‘കദനകുതൂഹലം’ എല്ലാ കാലത്തിന്റേയും കഥയാണ്.

വിഷാദത്തിന്റെ പുകമറയ്ക്കുള്ളില്‍ നിന്നും രക്ഷപ്പെടാന്‍ സന്ധ്യ ആഗ്രഹിക്കുന്നില്ല. ഭൂതകാലത്തിലെ എന്തോ ഒരു ആഘാതം അവളില്‍ പടര്‍ന്നിരിക്കുന്നു. അതൊരുപക്ഷേ പ്രേമഭംഗമാകാം. നിര്‍ബന്ധിതമായ വിവാഹബന്ധത്തിലേയ്ക്ക് ഉന്തിതള്ളിവിട്ടതിലൂടെ അവളിലേയ്ക്ക് പരകായം ചെയ്യപ്പെട്ട ഉദാസീനതയാകാം. ഒരു കുഞ്ഞിനെ പ്രസവിക്കുന്നതുവരെ അവള്‍ ഒരു ഭാര്യയുടെ വേഷം മോശമാക്കിയില്ല. ശേഷം, യാന്ത്രികമായൊരു ജീവിതത്തെ അവള്‍ പിന്തുടര്‍ന്നു. ഭര്‍ത്താവായ കുഞ്ഞൂട്ടന് അവിടെ യാതൊരു സ്ഥാനവുമുണ്ടായിരുന്നില്ല. ഒരു വീട്ടില്‍ അപരിചിതരായ രണ്ട് മനുഷ്യരായി അവര്‍ തുടര്‍ന്നു. മകനായ കുഞ്ഞൂട്ടനെക്കുറിച്ച് അമ്മയ്ക്ക് ആശങ്കയുണ്ട്. എന്നാല്‍ അതെ മനോഭാവം സന്ധ്യയോട് അവര്‍ക്കില്ല. മകനും മരുമകള്‍ക്കും ഒരേ നഷ്ടമാണ് ജീവിതത്തില്‍ സംഭവിക്കുന്നതെന്ന് അവര്‍ മനപ്പൂര്‍വം മറക്കുന്നു. മകന്റെ ലൈംഗികതാത്പര്യങ്ങള്‍ക്ക് സമര്‍ത്ഥമായി വഴിയൊരുക്കാന്‍ അമ്മ കഠിനമായി ശ്രമിക്കുന്നു. അടുക്കളക്കാരിയായ നൂര്‍ജഹാനോട് കുഞ്ഞൂട്ടന് യാതൊരു അഭിനിവേശവും തോന്നിയിട്ടില്ല. എന്നാല്‍ സ്വന്തം മകന്റെ ശാരീരിക ആവശ്യങ്ങള്‍ക്കായി അമ്മ പറഞ്ഞുവിട്ട നൂര്‍ജഹാന്‍ അയാളില്‍ മോഹമുണര്‍ത്തുന്നു. സന്ധ്യയും മകനും തമ്മിലുള്ള പ്രശ്‌നം എന്താണെന്നോ സന്ധ്യയെന്ന സ്ത്രീയുടെ മാനസികാവസ്ഥ എന്താണെന്നോ അറിയാനോ ആ അമ്മ ശ്രമിക്കുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം മകന്റെ സന്തോഷം മാത്രമാണ് കാര്യം. തീര്‍ത്തും വ്യത്യസ്തമായ മൂന്ന് സ്ത്രീകളെയാണ് ‘പകരം’ അനാവരണം ചെയ്യുന്നത്. ഉത്തരവാദിത്തങ്ങളിലും ഇല്ലായ്മയിലും സ്വയം താഴ്ന്നുപോകുന്ന സ്ത്രീയായി സന്ധ്യയെന്ന ഭാര്യയും അമ്മയും ഉരുകുന്നു. നിശബ്ദതയേക്കാള്‍ മറ്റൊന്നും അവള്‍ ആഗ്രഹിക്കുന്നുമില്ല. നൂര്‍ജഹാനാകട്ടെ കൗശലയക്കാരിയായ സ്ത്രീയും. തൊഴില്‍ നഷ്ടപ്പെടാതിരിക്കുക എന്നുമാത്രമല്ല, അമ്മയെയും മകനേയും സന്തോഷിപ്പിക്കുന്നതിലൂടെ കിട്ടാന്‍ പോകുന്ന ധനലാഭത്തെക്കുറിച്ച് അവള്‍ ബോധവതിയുമാണ്. കഥയിലുടനീളം നിറഞ്ഞു നില്‍ക്കുന്ന അമ്മയെന്ന കഥാപാത്രം സ്വാര്‍ത്ഥത നിറഞ്ഞ സ്‌നേഹബന്ധത്തിന്റെ പ്രതിരൂപമാണ്. കുഞ്ഞൂട്ടന്റെ കാമനകളോട് ചേര്‍ന്ന് നില്‍ക്കാന്‍ കഴിയുമെങ്കിലും സന്ധ്യയ്ക്ക് പകരമാകാന്‍ നൂര്‍ജഹാന് കഴിയണമെന്നില്ല. പുരുഷന്‍ ആത്യന്തികമായി സ്ത്രീത്വത്തെ ഇഷ്ടപ്പെടുന്നു. കാമം പലരിലേയ്ക്കും പ്രാപിക്കുമെങ്കിലും അവ സ്ഥിരതയില്ലാത്ത ആവശ്യകത മാത്രമാണ്.

‘നാലുപേരുടെ മഴ’ മഴയുടെ ഭാവങ്ങളെക്കുറിച്ചല്ല, നാലുപേരും മഴ നനയുന്നതെങ്ങനെയെന്ന ഭാവസൗന്ദര്യമാണ് കാണിച്ചുതരുന്നത്. വെള്ളിക്കട്ടകള്‍ക്ക് വരാന്‍ എത്ര കാതം ദൂരം? പെണ്ണിന്റെ ആഗ്രഹങ്ങളുടേയും സ്വപ്നങ്ങളുടേയും ബാഹുല്യം എത്ര എറിയാലും ആണിന് അവളിലെ നിര്‍മ്മലതയോടാണ് ഇഷ്ടം. അതിലേക്കുള്ള ദൂരത്തെ അവന്‍ വലിച്ചടുപ്പിക്കും. അവളുടെ ഗന്ധത്തെ, അവളുടെ നോട്ടത്തെ, അവളുടെ പ്രസരിപ്പിനെ അങ്ങനെയെല്ലാം അവന്‍ ഗാഢമായി ആഗ്രഹിക്കും. കൈവിട്ടുപോയ പെണ്ണിന്റെ ഓര്‍മ്മകള്‍ അവനെ നിരന്തരം വേട്ടയാടും.

ഒരിക്കല്‍ വിവസ്ത്രയായാല്‍ പിന്നീട് അതേ പുരുഷനുമുന്നില്‍ അവള്‍ക്ക് ലജ്ജയുണ്ടാകില്ല. സ്‌നേഹത്തിന് അടിമപ്പെടുമ്പോള്‍ സോഫിയ്ക്ക് അതേക്കുറിച്ച് കൂടുതല്‍ അറിയില്ലായിരുന്നു. യൗവനത്തിന്റെ ചടുലത വാര്‍ദ്ധക്യത്തിലേയ്ക്ക് മാറിയപ്പോഴാണ് സ്റ്റീവും സ്‌നേഹത്തെക്കുറിച്ച് ചിന്തിക്കുന്നത്. സോഫി സ്റ്റീവിലേയ്ക്ക്ക് അടിമപ്പെടുകയായിരുന്നു. കാമവും രതിയും സ്ത്രീപുരുഷബന്ധത്തിന്റെ തീക്ഷ്ണതയും മനസ്സിലാക്കാനാകുന്ന പ്രായത്തിന് മുന്നേ അവള്‍ സ്റ്റീവിലേയ്ക്ക് അടിമപ്പെട്ടു. അഥവാ സ്റ്റീവ് അവളുടെ നിഷ്‌കളങ്ക പ്രായത്തെ ചൂഷണം ചെയ്തു. കൗമാരത്തില്‍ നിന്നും യൗവനത്തിന്റെ മധ്യത്തിലേയ്ക്ക് എത്തുമ്പോള്‍ സോഫി അമ്മയെന്ന മറ്റൊരു പദവിയെ എടുത്തണിയുന്നതും യുവാക്കളായ കാമുകന്മാരോടൊത്തുള്ള സമയത്തെ വിവരിക്കുന്നതും സ്റ്റീവിനോടുള്ള പക പോക്കല്‍ കൂടിയാണ്. ദുര്‍ബലനെന്ന് ഒരു പുരുഷനെ സ്വയം അറിയിക്കുന്നതിനോളം കാഠിന്യം മറ്റൊരു പ്രതികാരത്തിനുമില്ല. ഏതൊരു നഗ്‌നതയാണോ അയാളെ മോഹിപ്പിച്ചത് അതേ നഗ്‌നത കൊണ്ട് അയാളില്‍ ഭയം സൃഷ്ടിക്കാന്‍ അറിയാതെയെങ്കിലും അവള്‍ക്ക് കഴിഞ്ഞു. സ്വന്തം മകളോടൊപ്പം പിന്നീടുള്ള ദിവസങ്ങളില്‍ സ്റ്റീവിനോടൊപ്പം കഴിയുന്നതിലൂടെ അവള്‍ പൂര്‍ണ്ണമായും വിജയിച്ച സ്ത്രീയാകുന്നു. പദ്മ ലക്ഷ്മിയുടെ വാക്കുകള്‍ അപൂര്‍ണ്ണമല്ലാത്ത പ്രഖ്യാപനം കൂടിയാണ്, ‘വസ്ത്രം ധരിക്കാത്തപ്പോള്‍ പൂര്‍ണ്ണമായും നിങ്ങള്‍ ഒന്നും മറയ്ക്കാനില്ലാത്ത വെറും വ്യക്തിയാകുന്നു.’ സോഫി അവള്‍ക്കുപോലും മനസ്സിലാകാന്‍ കഴിയാത്ത വെറുമൊരു സ്ത്രീയായി സ്റ്റീവിനരികെ നിറഞ്ഞു നില്‍ക്കുന്നു.

അയ്യങ്കാളി, കോടൈയരശന്‍, ഒന്നിലധികം മരണപ്പെട്ട മാധവന്‍കുട്ടി, ചിത്തശാന്തി, റായകോട്ടയിലെ പാറകള്‍ എന്നിവയെല്ലാം തന്നെ കഥയുടെ തീവ്രമായ വൈകാരികതകളെ തേടിപ്പിടിക്കുന്നു. ‘കദനകുതൂഹലം’ നിഗൂഢതയും വന്യതയും നിശബ്ദതയും നിറഞ്ഞ കഥകളുടെ കൊടുംകാടാണ്.


കദനകുതൂഹലം (കഥകള്‍)
രചന : സുസ്‌മേഷ്‌ ചന്ത്രോത്ത്
പ്രസാധനം : സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം
വില : 220 രൂപ

The opinions and positions expressed in articles published and comments posted here are those of its authors and not of chenda.co The author has full responsibility for the views. Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act. Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.