Skip to main content

കുര്‍ബാന്‍ – ഹരിത സാവിത്രി

ഹരിത സാവിത്രിയുടെ രണ്ടാമത്തെ നോവലാണ് കുര്‍ബാന്‍. ആദ്യ നോവലായ ‘സിന്‍ ‘ 2023 ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവര്‍ഡിനര്‍ഹമായി. കുര്‍ബാന്‍ എന്ന വാക്കിന് ത്യാഗം, ബലി, സമര്‍പ്പണം എന്ന അര്‍ത്ഥങ്ങള്‍ വരുന്നുണ്ട്.

ലോകത്ത് പല രാജ്യങ്ങളിലും നിലനില്‍ക്കുന്ന സമഗ്രാധിപത്യ ഭരണകൂടങ്ങളുടെയും നിലനില്‍പിന്നായി അവര്‍ പ്രധാനമായും അപരവിദ്വേഷത്തിന്റെ ആശയ മണ്ഡലം ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യുന്നത്. അമേരിക്കയിലത് കറുത്തവനും കുടിയേറ്റ തൊഴിലാളിയുമാണെങ്കില്‍ ഇന്ത്യയിലത് മുസ്ലീങ്ങളും, ക്രിസ്ത്യാനികളും, കമ്മ്യൂണിസ്റ്റുകളുമാണ്.

വംശം, ജാതി, മതം, ഭാഷ, ലിംഗം, സംസ്‌ക്കാരം, ശുദ്ധത തുടങ്ങി ഒരുപാട് ഘടകങ്ങളെ ഇതിനായി അത്തരം ഭരണകൂടങ്ങളും അവരുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഉപയോഗപ്പെടുത്താറുണ്ട്.

ഹരിതയുടെ നോവലിന്റെ ഭൂമിക തുര്‍ക്കിയാണ്. നൂറ്റാണ്ടുകളായി കുര്‍ദിഷ് വംശജര്‍ വംശീയമായി വലിയ വിവേചനം നേരീടുകയാണ്. തുര്‍ക്കി, ഇറാന്‍, ഇറാക്ക്,സിറിയ,അല്‍മേനീയ പ്രദേശങ്ങളിലാണ് ഇവര്‍ ജീവിക്കുന്നത്. സ്വന്തമായ ഭാഷയും സംസ്‌കാരവുമുള്ള ഈ ജനതയുടെ സ്വതന്ത്രവ്യക്തിത്ത്വം വകവെച്ച് കൊടുക്കാന്‍ അവര്‍ ജീവിക്കുന്ന രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ തയ്യാറാകുന്നില്ല.കൂടാതെ 1920 ന് ശേഷം വലിയ രീതിയിലുള്ള അടിച്ചമര്‍ത്തലുകള്‍ക്ക്‌ ഇവര്‍ വിധേയമാകുന്നു.

ഹരിതയുടെ നോവല്‍, നിലനില്‍ക്കുന്ന തുര്‍ക്കി മതഭീകരഭരണകൂടത്തിന്‍ കീഴില്‍ ജനാധിപത്ത്യവും, പൗരാവകാശങ്ങളും, ജൂഡീഷറിയുടെ (നീതിയുടെ) തകര്‍ച്ചയും കൃത്ത്യതയോടെ വരച്ച്കാട്ടുമ്പോള്‍ അതോരു തുര്‍ക്കിയിലെ മാത്രം പ്രശ്‌നമാകാതെ ഇന്ത്യയടക്കമുള്ള സമഗ്രാധിപത്യ
ഭരണകൂടങ്ങളോടുള്ള വിമര്‍ശനമായി മാറുന്നു. അതാണീ നോവലിന്റെ കാലിക പ്രസക്തിയും.

ദെമീര്‍ (കുര്‍ദിഷ്) എന്ന ഒരു പാവപ്പെട്ട ടാക്‌സി ഡ്രൈവര്‍. അയാളുടെ താമസസ്ഥലത്തിനടുത്തുള്ള ഒരു ഷോപ്പിങ്ങ് മാളില്‍ നടക്കുന്ന ബോംബ് സ്‌ഫോടനത്തില്‍ 4 പേര്‍ മരിക്കുന്നു. സ്‌ഫോടന സമയത്ത്‌
ദെമീറിന്റെ ഏക മകന്‍ ജിയാന്‍ മാളിലുണ്ടായിരുന്നു. സംഭവവുമായി യാതൊരു ബന്ധവുമില്ലാതിരുന്നിട്ടും ആ കുടുബം അനുഭവിക്കുന്ന ഭരണകൂട വേട്ടയാടലുകളിലൂടെയുള്ള തകര്‍ച്ചയാണ് നോവല്‍ മുന്നോട്ട് വെക്കുന്നത്. ഇന്നത്തെ ഇന്ത്യയില്‍ മുസ്ലീം എന്താണോ അനുഭവിക്കുന്നത് അത് തന്നെയാണ് ഒരു കുര്‍ദിശ് വംശജനും അനുഭവിക്കുന്നതും.
ദെമീര്‍ തന്റെ മകനെ രക്ഷിക്കുന്നതിന് വേണ്ടി ഒറ്റ്ക്കാരനായി മാറുമ്പോള്‍ ഒരു മനുഷ്യന്‍ എന്ന രീതിയില്‍ അയാളനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങള്‍ വായനക്കാരനെ കൂടി ഉലയ്ക്കുന്നതാണ്.

നീതിയ്ക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ തുര്‍ക്കി ജയിലുകള്‍ക്കുള്ളിലും പുറത്തുമായി എത്രയോ മനുഷ്യര്‍ നിരാഹാര സമരത്തിലൂടെ (പട്ടിണി സമരം) കൊല്ലപ്പെട്ടു. കലാകാരന്മാര്‍, പൊതുപ്രവര്‍ത്തകര്‍, വക്കീലന്മാര്‍ നിരവധി മേഖലയിലുള്ളവര്‍.
ജയിലുകള്‍ക്കുള്ളില്‍ നടക്കുന്ന ഭീകരമര്‍ദ്ദനമുറകളേയും നിരാഹാരമിരിക്കുന്ന സമരപോരാളികളോട് പോലും കാണിക്കുന്ന ക്രൂരതകളും കൃത്ത്യതയോടെ വരച്ചു കാട്ടുന്നുണ്ട്. സ്ത്രീകള്‍ ജയിലിനകത്ത് അനുഭവിക്കുന്ന പീഡനങ്ങളും ലൈഗീകഅതിക്രമങ്ങളും ഒരു വീര്‍പ്പ്മുട്ടലോട് കൂടിയല്ലാതെ വായിക്കാന്‍ കഴിയില്ല.’

നോവലില്‍ ”ദരിയ-അലി’ എന്ന 2 കഥാപാത്രങ്ങളുണ്ട്. തൊഴിലാളികളെ സഹായിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ജയിലിലടക്കപ്പെട്ട 2 അഭിഭാഷകര്‍. ഇവരെ കൃത്രിമ സാക്ഷിയെ വെച്ച് രാജ്യദ്രോഹകുറ്റം ചുമത്തി ദീര്‍ഘകാലം (35, 40) വര്‍ഷങ്ങള്‍ തടവറക്കുള്ളില്‍ തളച്ചിടാനുള്ള ശ്രമങ്ങള്‍. അവരുടെ നിരാഹാരസമരങ്ങള്‍,എല്ലാതലങ്ങളിലും അനുഭവിക്കുന്ന പീഢനങ്ങള്‍.2 പേരുടെയും മരണങ്ങള്‍. അതില്‍ ദരിയയുടെ ശവസംസ്‌കാര ചടങ്ങില്‍ പോലും പോലീസിന്റെ മനുഷ്യത്ത്വഹീനമായ പെരുമാറ്റങ്ങള്‍. സമഗ്രാധിപത്യ ഭരണകൂടങ്ങള്‍ എത്ര നികൃഷ്ടമായാണ് പെരുമാറുക എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. നോവല്‍ വായിച്ച് കഴിഞ്ഞിട്ടും ദരിയയും കെയാനും ഒരു നൊമ്പരമായി കരച്ചിലായും ഉള്ളിലുണ്ട്.


കുര്‍ബാന്‍
ഹരിത സാവിത്രി
പ്രസാധകര്‍ : മാതൃഭൂമി ബുക്‌സ്
വില : 380 രൂപ

No Comments yet!

Your Email address will not be published.