
മുതിർന്ന നാടക‐സിനിമാ – നടി സാവിത്രി ശ്രീധരൻ അഞ്ച് ദശാബ്ദം നീണ്ട സപര്യയ്‌ക്കു ശേഷം 2026 സെപ്‌തംബർ 23 ന് 85‐ാം വയസ്സിൽ നിര്യാതയായിരിക്കയാണ്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മാങ്കാവിലെ വീട്ടിലായിരുന്നു വിയോഗം.അമച്വർ നാടകങ്ങളിലൂടെയാണ് അഭിനത്തുടക്കം. പതിനാറാം വയസിൽ വളയനാട് കലാസമിതിയുടെ കറുത്ത വെള്ള നാടകത്തിലാണ് വിവാഹ ശേഷം വേഷമിട്ടത്. ബന്ധം ഉറപ്പിക്കുംമുമ്പ് അച്ഛന്‍ ഭർത്താവിന്റെ വീട്ടുകാരോട് ഒരു കാര്യം ധരിപ്പിച്ചു; കല്യാണം കഴിഞ്ഞും സാവിത്രി നൃത്തത്തിനു പോകും, സമ്മതമെങ്കിലേ മുന്നോട്ട് പോകാനാവൂ. വരനും ബന്ധുക്കളും സമ്മതിച്ചു. അതിനും മുമ്പ് നൃത്തവേദിയിലുണ്ടായിരുന്നു. പൊതുവിൽ പെണ്‍കുട്ടികള്‍ കലാമേഖലയിലേക്ക് പ്രവേശിക്കുന്നതില്‍ കുടുംബത്തിനും സമൂഹത്തിനും അത്ര താൽപര്യമില്ല. എന്നാൽ സാംസ്‌കാരിക തൽപ്പരനായിരുന്ന അച്ഛൻ ഉറച്ച പിന്തുണയായി. ആ കാലയളവിൽ കോഴിക്കോട്ട് കലാ‐ സാംസ്‌കാരിക ട്രൂപ്പുകൾ ഏറെയുണ്ടായിരുന്നു. അവയുടെ വാര്‍ഷികത്തിന് പാട്ടും നൃത്തവും നാടകവും ഉണ്ടാകും. സാവിത്രിയെ അച്ഛന്‍ അത്തരം വേദികളിലെല്ലാം കൊണ്ടു പോകും. നാടകമേഖലയിലെ സൂപ്പര്‍ നായികമാരായ കുട്ടിയേടത്തി വിലാസിനിയും ശാന്താദേവിയുമൊക്കെ അവളുടെ ആരാധാനാ പാത്രങ്ങളായി.

അഞ്ഞൂറിലേറെ നാടകങ്ങള്‍, പതിനായിരിത്തിനടുത്ത് വേദികള്‍
നാടകത്തോടും അഭിനേതാക്കളോടും തോന്നിയ ഇഷ്ടം സാവിത്രിയില്‍ ഒരു അഭിനേത്രിയെ ജനിപ്പിച്ചു. തനിക്കും നാടകം കളിക്കണമെന്ന് അച്ഛനോട് ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍ അദ്ദേഹത്തിന് മകള്‍ നൃത്തരംഗത്ത് തുടരുന്നതായിരുന്നു താൽപ്പര്യം. നാടകവും നൃത്തവും ഒരുമിച്ച് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടാവുമെന്ന് മാത്രമെ അച്ഛന്‍ പറഞ്ഞുള്ളൂ, അല്ലാതെ മകള്‍ നാടകത്തിലേക്ക് പോകുന്നതിൽ എതിർഞ്ഞില്ല. അങ്ങനെ നാടക വേദിയിലേക്ക് സാവിത്രി എത്തി. കാര യുവജന കലാസമിതിയുടെ നോട്ടുകൾ ശ്രദ്ധേയയാക്കി. ആഹ്വാന്‍ സെബാസ്റ്റ്യന്റെ വഴിയമ്പലത്തിലൂടെ സജീവം. കെ ടി മുഹമ്മദ്, എം ടി. വാസുദേവൻനായർ, തിക്കോടിയൻ, ടി ദാമോദരൻ എന്നിവർ ചേർന്നെഴുതിയതായിരുന്നു അത്. അമച്ച്വർ നാടക രംഗത്ത് രണ്ട് പതിറ്റാണ്ട് തെളിഞ്ഞ് പ്രൊഫഷണൽ മേഖലയിലേക്ക് പ്രവേശിച്ചു, 1984 ൽ കെടി മുഹമ്മദിന്റെ കലിംഗ തിയറ്ററിന്റെ ഇത് ഭൂമിയാണ് നാടകത്തിലൂടെ. അദ്ദേഹത്തിന്റെ കലിംഗ, വിന്‍സന്‍ സാമുവലിന്റെ സംഗമം, ഇബ്രാഹിം വെങ്ങരയുടെ ചിരന്തന, വിക്രമന്‍ നായരുടെ സ്റ്റേജ് ഇന്ത്യ തുടങ്ങിയ സമിതികളുടെ സംരംഭങ്ങളിൽ ആയിരക്കണക്കിന് ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അവസരം ലഭിച്ചു. കെ ടിയെ പോലുള്ള പ്രതിഭകളുടെ ശിക്ഷണവും നെല്ലിക്കോട് ഭാസ്‌കരന്‍, ബാലന്‍ കെ നായര്‍, കുഞ്ഞാണ്ടി, കുതിരവട്ടം പപ്പു, നിലമ്പൂര്‍ ബാലന്‍, ശാന്താദേവി, കുട്ടിയേടത്തി വിലാസിനി തുടങ്ങിയ പ്രമുഖരുടെ പിന്തുണയും തിരുവണ്ണൂര്‍ എന്ന കുഗ്രാമക്കാരിയായ സാവിത്രിയെ സംസ്ഥാനത്തും വെളിയിലും ശ്രദ്ധേയായാക്കി. അമേച്വര്‍-‐പ്രൊഫഷണല്‍ ഉള്‍പ്പെടെ അഞ്ഞൂറിലേറെ നാടകങ്ങള്‍, പതിനായിരിത്തിനടുത്ത് വേദികള്‍-. സാവിത്രിയുടെ നാടകജീവിതം വലിയൊരു കാൻവാസിലാണ് പകര്‍ത്തപ്പെടേണ്ടത്. കാഫർ, സൃഷ്ടി, ദീപസ്തംഭം മഹാശ്ചര്യം, അച്ഛനും ബാപ്പയും, സാക്ഷാത്ക്കാരം, കുചേലവൃത്തം, സമന്വയം എന്നിങ്ങനെ അക്കാലത്ത് കലിംഗ അവതരിപ്പിച്ച എല്ലാ നാടകത്തിലും വേഷമിട്ടിരുന്നു. രാജ്യസഭ, ഖഫർ,ഇജ്ജ് നല്ലൊരു മണിസ്സനകൻ നോക്ക്, പകിട 12,പടനിലം, മേടപ്പത്ത്, അക്കരപച്ച, ആൽമരട്ടം, താഴ്‌വര, തത്വമസി, വഴിയമ്പലം, ക്ഷാണിക്കുന്ന് കുടുംബസമേതം തുടങ്ങിയവയും ശ്രദ്ധേയങ്ങൾ.
1977ലും 1993ലും മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരങ്ങളും അണിയറ എന്ന നാടകത്തിലെ അഭിനയത്തിന് സംഗീത നാടക അക്കാദമി അവാർഡും സമഗ്രസംഭാവനയ്ക്കുള്ള അംഗീകാരവും നേടി. സക്കരിയ മുഹമ്മദ് സംവിധാനംചെയ്‌ത് 2018 മാർച്ച് 23ന് റിലീസായ സുഡാനി ഫ്രം നൈജീരിയയിൽ ജമീല എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ഏറെ പ്രശംസ പിടിച്ചുപറ്റി. സുഡുവിനും പ്രേക്ഷകർക്കും പ്രിയങ്കരനായ മജീദിന്റെ ഉമ്മ. സൗബിൻ സാഹിർ ആദ്യമായി നായകനായെത്തിയ ചിത്രം. മലപ്പുറത്തെ സെവൻസ് ഫുട്‌ബോളാണ് പശ്ചാത്തലം. സൗബിൻ ക്ലബ്ബ് മാനേജർ മജീദ്. അയാളുടെ ടീമിൽ കളിക്കാനെത്തിയ നൈജീരിയക്കാരൻ സാമുവൽ അബിയോള റോബിൻസയ്‌ക്ക് പരുക്കേൽക്കുന്നതും പിന്നീടുള്ള സംഭവപരമ്പരകളുമാണ് കഥയെ മുന്നോട്ടുകൊണ്ടുപോയത്. 2018 -ലെ ജനപ്രിയചലച്ചിത്രത്തിനുള്ള സംസ്ഥാന അവാർഡ്,മികച്ച നടൻ, തിരക്കഥ, നവാഗത സംവിധായകൻ, സ്വഭാവനടിമാർ എന്നിങ്ങനെ അഞ്ച് സംസ്ഥാന പുരസ്കാരങ്ങളും നേടി. കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലായായിരുന്നു ചിത്രീകരണം. ഷാനു സമത്ത് സംവിധാനം ചെയ്ത് ബേനസീർ അബ്ദുൾ നസീർ നിർമിച്ച് 2019-ൽ പുറത്തിറങ്ങിയ മൊഹബത്തിൻ കുഞ്ഞബ്ദുള്ളയിലും ചെറിയ വേഷം. പ്രധാന വേഷം ചെയ്യേണ്ടിയിരുന്ന കെ ടി സി അബ്ദുള്ളയുടെ പെട്ടെന്നുള്ള വിയോഗം കാരണം ഇന്ദ്രൻസ് നായകനായതും പ്രത്യേകത. എസ് കെ പൊറ്റെക്കാട്ടിന്റെ കടത്തുതോണി ചെറുകഥ ആസ്പദമാക്കി എം ടി വാസുദേവന്‍ നായര്‍ രചനയും സംവിധാനവും നിർവഹിച്ച 1991 ലെ കടവിലൂടെയാണ് സിനിമാ അരങ്ങേറ്റം. അതിൽ അമ്മ വേഷം. തുടർന്ന് രണ്ട് പതിറ്റാണ്ടിനടുത്ത് സിനിമയിൽനിന്ന് വിട്ടുനിന്നു. എന്തിനായിരുന്നു ആ തീരുമാനമെന്ന ചോദ്യത്തിന് സാവിത്രയുടെ മറുപടി എനിക്ക് എന്നെപ്പറ്റി ഒരു മതിപ്പില്ലായിരുന്നു, ഒരുതരം അപകര്‍ഷതാബോധം. ഞാനൊരു നല്ല നടിയാണെന്ന് ന്നു തോന്നിയിരുന്നില്ല. കെ.ടി. മുഹമ്മദ്, ഇബ്രാഹിം വേങ്ങര, വാസു പ്രദീപ്, രവി തുടങ്ങിയ ഗുരുക്കന്മാരുടെ അനുഗ്രഹവും പ്രോത്സാഹനവും ശിക്ഷണവും കൊണ്ട് മുന്നോട്ടു പോയൊരാള്‍ മാത്രം. എന്റെ എല്ലാ ഗുരുക്കന്മാരെയും മനസ്‌കൊണ്ട് വണങ്ങിക്കൊണ്ടായിരുന്നു എന്നും അഭിനയിച്ചിരുന്നത് എന്നായിരുന്നു. പൊക്കക്കുറവായിരുന്നു സാവിത്രിയെ അലട്ടിയ പ്രധാന കാര്യം. എന്നാൽ നടിയെന്ന നിലയില്‍ അതൊരു ന്യൂനതയായിരുന്നില്ലെന്നാണ് ഒ.മാധവനെപോലും വിസ്‌മയിപ്പിച്ച നടനത്തിലൂടെ തെളിഞ്ഞത്. ഉയരം കുറഞ്ഞതിനാൽ കെ ടി യുടെയും ഇബ്രാഹിം വെങ്ങരയുടെയുമെല്ലാം കൃതികളില്‍ തനിക്ക് ചെറിയ പെണ്‍കുട്ടിയുടെ വേഷമായിരിക്കും. മകളും പേരക്കിടാവും ഉണ്ടായ സമയത്താണ് ചിരന്തനയുടെ ‘രാജ്യസഭ’യിൽ പതിനഞ്ചുകാരിയായത്. അതിന് സംസ്ഥാന പുരസ്‌കാരവും ലഭിച്ചുവെന്നാണ് സാവിത്രിയുടെ സാക്ഷ്യം.
തിരിച്ചുവരവായ വലിയങ്ങാടി
2010ൽ വലിയങ്ങാടിയിൽ അഭിനയിച്ചാണ് സിനിമയിലേക്കുള്ള തിരിച്ചുവരവ്. സലിം ബാബ സംവിധാനം ചെയ്ത് 2010- മാർച്ച് അഞ്ചിന് ആദ്യ പ്രദർശനത്തിനെത്തിയ അതിൽ നമ്പൂതിരിയുടെ ഭാര്യയായിരുന്നു. രാഹുൽ റിജി നായർ ഒരുക്കിയ ഡാകിനി‐2018- (റോസ്മേരി) ദിലീപ് പൊന്നന്റെ തിരക്കഥയ്‌ക്ക് നാദിർഷായുടെ അഭ്രഭാഷ്യമായ മേരാ നാം ഷാജി( 2019 ഏപ്രിൽ അഞ്ച്) ആഷിഖ് അബുവിന്റെ 2019- ലെ വൈറസിലെ ജമീല, ജിബി ‐ജോജുവിന്റെ 2019 സെപ്‌തംബർ ആറിന്റെ ചിത്രം ഇട്ടിമാണി മേഡ് ഇന്‍ ചൈന, ബെന്യാമിന്റെയും ജി ആർ ഇന്ദുഗോപന്റെയും തിരക്കഥയിൽ ആൽവിൻ ഹെൻറി ആദ്യമായി സംവിധാനം ചെയ്ത് 2023-ൽ പുറത്തിറങ്ങിയ ക്രിസ്റ്റി, സി ഷിജുവും ഫൈസൽ അബ്ദുള്ളയും എഴുതി പപ്പൻ നരിപ്പറ്റ സംവിധാനം ചെയ്ത് 2024-ൽ പുറത്തിറങ്ങിയ വയസേത്രയായീ മുപ്പത്തിയെ, 1981-ലെ പീറ്റർ സാജന്റെ ഒരു കടത്ത് നാടൻ കഥ, ആർ ജെ ഷാൻ തിരക്കഥയെഴുതി ജോഷി സംവിധാനം ചെയ്ത് 2022-ൽ ഇറങ്ങിയ ക്രൈം ത്രില്ലർ പാപ്പന്‍(ചാക്കോയുടെ അമ്മ കുഞ്ഞമ്മ) കെ എം കമലിന്റെ പട, സാകേത് ശ്രീമോഹൻ രചനയും സംവിധാനവും നിർവഹിച്ച ദി മാംഗോ പീപ്പിൾ (2015-) ആക്ഷേപഹാസ്യ ചിത്രത്തിൽ സാവിത്രി ശ്രീധരൻ, കാർത്തിക് ശങ്കർ, നിത്യ ശ്രീ എന്നിവർക്കൊപ്പം പ്രധാനവ വേഷത്തിലെത്തി. അന്താരാഷ്ട്ര മേളകളിൽ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയ അജയ് ഗോവിന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2022-ൽ പുറത്തിറങ്ങിയ കുട്ടികളെ കേന്ദ്രീകരിച്ചുള്ള മടപ്പള്ളി യുണൈറ്റഡ്, ഡോ. സ്മിയിലി ടൈറ്റസും പ്രധീഷ് ഉത്തമനും സംവിധാനം ചെയ്ത് 2022-ൽ ഇറങ്ങിയ അഡ്വഞ്ചർ ഫാന്റസി ത്രില്ലർ ചലച്ചിത്രം ബിയോണ്ട് ദി സെവൻ സീസ്, ആക്ഷേപഹാസ്യ ചിത്രമായ ജിബു ജേക്കബിന്റെ മേ ഹൂം മൂസ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. 2013ൽ ബ്രേക്ക്ഫാസ്‌റ്റ്, ഓൾഡ് ട്രെയിൻ പാസഞ്ചർ എന്നീ ഹ്രസ്വചിത്രങ്ങളിലും 2015ൽ ദിമാംഗോ പീപ്പിൾ എന്ന ഹ്രസ്വചിത്രത്തിലും വേഷമിട്ടു. 2020ൽ ഉർമിള എന്ന സംഗീത ആൽബത്തിലും 2021ൽ ഐസ് ഒറത്തി എന്ന ചിത്രത്തിലും അഭിനയിച്ചു.

അഭിനയിച്ച സിനിമകളില്‍ ഏറ്റവും ശ്രദ്ധേയം സുഡാനി ഫ്രം നൈജീരിയയിലെ ഉമ്മ വേഷമായിരുന്നു. അതിലെ പ്രകടനത്തിന് 66‐ാാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശം, മികച്ച നടിക്കുള്ള സംസ്ഥാന അംഗീകാരം തുടങ്ങിയവും തേടിയെത്തി. സംവിധായകൻ സക്കരിയ മുഹമ്മദിന്റെ അനുസ്‌മരണം വികാരതീവ്രമാണ്. സാവിത്രിച്ചേച്ചിയുടെ അമ്മമാജിക് അദ്ദേഹം തന്റെ ആദ്യ ചലച്ചിത്ര പരീക്ഷണത്തിലെ രണ്ട് ഉമ്മമാരെ അവതരിപ്പിക്കാൻ അന്വേഷിച്ചത് കോഴിക്കോട്ടെ പഴയകാല നാടക വർത്തകരെ. സാവിത്രി ശ്രീധരന്റെ മൃദു മൊഴികളും മുഖ ചലനങ്ങളും മജീദിന്റെ ഉമ്മയ്ക്കു ഇണങ്ങുമെന്ന് ഉറപ്പിച്ചു. ഓഡിഷന് വിളിച്ചു. എങ്ങനെ സംസാരിച്ചാലും നൈജീരിയൻ ഫുട്ബോളറെ അവതരിപ്പിച്ച സാമുവലിനുൾപ്പെടെ മാതൃത്വ അനുഭൂതിയുണ്ടാക്കാൻ കഴിയുമെന്ന് മനസിലാക്കിയതോടെ തീരുമാനം ഉറപ്പിക്കുകയായിരുന്നു. അഞ്ച് ദശാബ്ദം നാടകമേഖലയിൽ നിറഞ്ഞുനിൽക്കുകയും സംസ്ഥാനതല അംഗീകാരങ്ങൾ ഉൾപ്പെടെ കരസ്ഥമാക്കുകയുംചെയ്ത അഭിനേത്രിയാണ് അവർ. എങ്കിലും ചിത്രീകരണത്തിനിടെ കൊച്ചുകുട്ടിയുടെ കൗതുകത്തോടെയാണ് ഓരോ കാര്യങ്ങളും തിരക്കിയത്. അഭിനയത്തിലാകട്ടെ അമ്പരപ്പിക്കുന്ന സ്വാഭാവികത കഥാപാത്രത്തിന് അതിശയകരമാംവിധം പൂർണർണതയേകി. അഭിനയത്തിലെ പ്രത്യേക മാന്ത്രികത അവർക്ക് സ്വായത്തമാണെന്ന് അനുഭവപ്പെട്ടു. പിന്നീടുള്ള സിനിമകളിലും പരസ്യങ്ങളിലും ആ വ്യത്യസ്‌തത കണ്ടു. ചിത്രീകരണത്തിനിടെ ഏറെ ബഹു മാനത്തോടെയായിരുന്നു പെരുമാറ്റം. ആ വ്യക്തിസവിശേഷതയുടെ ഭാഗമായിരുന്നു അത്. എന്നാൽ തുടക്കക്കാരായ ഞങ്ങൾക്കത് ചെറിയ മാനസിക പ്രയാസമുണ്ടാക്കി. ഒരു ഘട്ടത്തിൽ അവരെക്കാൾ എത്രയോ പരിചയം കുറഞ്ഞവരാണ് ഞങ്ങളെന്നും ആദ്യ സംരംഭമാണെന്നുമെല്ലാം വിശദീകരിക്കേണ്ടിവന്നു. സിനിമ എന്ന കലയോടുള്ള ആദരവാണ് അവർ പ്രകടിപ്പിച്ചത്. ആ സിനിമയിൽ ആരംഭിച്ച അടുപ്പം പിന്നീടും തുടർന്നു. ഇടയ്ക്കിടെ ഫോണിൽ വിളിച്ചു സംസാരിക്കുമായിരുന്നു. സംവിധായകനെന്നതിനപ്പുറത്തെ സ്നേഹബന്ധം. ഹൈദരാബാദിലെ പുരസ്‌കാരദാന ചടങ്ങിന് ഒരുമിച്ച് വിമാന യാത്ര ചെയ്തപ്പോഴാണ് വ്യക്തിപരമായി കൂടുതൽ അടു റിഞ്ഞത്. സിനിമയിലെ മറ്റൊരു ഉമ്മ കഥാപാത്രം ചെയ്ത സരസ ബാലുശേരിയുമുണ്ടായിരുന്നു ഒപ്പം. നാടക വും ജീവിതവുമായി ബന്ധപ്പെട്ട ഒട്ടേറെ അനുഭവങ്ങൾ അടുത്ത ചങ്ങാതിയോടെന്നപോലെ പങ്കുവച്ചുവെന്നാണ് സക്കരിയ മുഹമ്മദ് അനുസ്‌മരിച്ചത്.
കോഴിക്കോട് കോർപ്പറേഷൻ നടത്തിയ നാടകമത്സരത്തിലാണ് ആദ്യ പുരസ്കാരം
1964 ൽ കോഴിക്കോട് കോർപ്പറേഷൻ നടത്തിയ നാടകമത്സരത്തിലാണ് ആദ്യ പുരസ്കാരം. കാര യുജന കലാസമിതിയുടെ നോട്ടുകൾ നാടകത്തിലെ അഭിനയമാണ് ശ്രദ്ധേയയാക്കിയത്. കെ ടി മുഹമ്മദിന്റെ ദീപസ്തംഭം മഹാശ്ചര്യമാണ് അഭിനയ ജീവിതത്തിൽ നിർണായകം. സുഡാനി ഫ്രം നൈജീരിയയിലൂടെ വലിയ പ്രേക്ഷക പ്രശംസ നേടിയ സാവിത്രിയ്‌ക്ക് ആ വേഷം എത്തിയപ്പോൾ ചില ആശങ്കകളുണ്ടായി. അര നൂറ്റാണ്ടിലേറെ നാടകം ചെയ്തതിനാൽ സിനിമയിലെ അഭിനയത്തിൽ നാടകം വരുമെന്ന ഭയമായിരുന്നു പ്രധാനം. സിനിമ തീരെ പരിചയമില്ലെന്ന് പറയാൻ സാധിക്കില്ല. വളരെ വർഷങ്ങൾക്ക് മുമ്പാണ് എംടിയുടെ കടവിൽ ഭാഗഭാക്കായത്. 27 വർഷം മുന്പ്. പിന്നെ സിനിമാ രംഗത്തേക്കേത്ത് പോയില്ല. നാടകം മാത്രമായിരുന്നു. 50 വർഷത്തിൽ കൂടുതൽ രംഗവേദിയിതന്നെ. ആ സിനിമയ്ക്ക് ശേഷം വലിയ മാറ്റമാണ് വന്നത്. ഞങ്ങൾക്ക് വൻ സ്വീകരണമായിരുന്നു. ആദരവും ഉദ്ഘാടനങ്ങളുമൊക്കെയായി തിരക്കോട് തിരക്ക്. നാടകത്തിലായിരുന്നപ്പോൾ അതുമായി ബന്ധപ്പെട്ട എല്ലാവരും അറിയും. സിനിമയിൽ വന്നപ്പോഴാണ് എല്ലാവരും അറിയാൻ തുടങ്ങിയതെന്നാണ് ഒരിക്കൽ സാവിത്രി പ്രതികരിച്ചത്. മേജർ രവി പറഞ്ഞത് സരസ ബാലുശേരിയ്ക്ക് അവാർഡ് കിട്ടാത്തതിൽ തനിക്ക് വിഷമം ഉണ്ടെന്നാണ്. അത്രയും ദൃഢമാണ് ഇരുവരും തമ്മിലെ ബന്ധം. സുഡാനി ഫ്രം നൈജീരിയയ്‌ക്കു ശേഷം കുറേ സിനിമകൾവന്നുചേർന്നു. വിളിക്കുമ്പോൾ മറുപടി സരസയുണ്ടെങ്കിൽ താനും തയ്യാറാണെന്ന്. നാടക രംഗത്ത് തിളങ്ങിയ നടി സരസ യാണ് സുഡാനി ഫ്രം നൈജീരിയയിൽ സാവിത്രിക്കൊപ്പം പ്രധാന വേഷം ചെയ്‌തത്. ആ അടുത്ത ചങ്ങാതിമാർ പ്രൊഫഷണൽ നാടക രംഗത്തിലൂടെയാണ് ബന്ധം കൂടുതൽ ശക്തവും സജീവവുമായത്. സരസയുമായുള്ള സാവിത്രിയുടെ ആത്മബന്ധം ഏറെ പ്രശസ്തമായിരുന്നു. ഇരുവരുടെയും കോമ്പോ സിനിമയിലും ജീവിതത്തിലും വലിയ നിലയിൽ ആഘോഷിക്കപ്പെട്ടു. ഏതൊരു സിനിമയിലേക്ക് ക്ഷണിച്ചാലും സരസ കൂടി ഉണ്ടെങ്കിലേ വരൂവെന്ന് അണിയറ പ്രവർത്തകരോട് അവർ സ്നേഹപുർവം വാശിപിടിക്കുമായിരുന്നു. അരങ്ങിലും വെള്ളിത്തിരയിലും ഒരേപോലെ കഴിവും ലാളിത്യവും സമർപ്പണവും തെളിയിച്ച സാവിത്രിയുടെ വേർപാട് മലയാളിക്ക് വേഗം മറക്കാനാവില്ല. പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം അറിയിക്കാൻ സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് ലഭിച്ച ദേശീയ ചലച്ചിത്ര അവാർഡ് ഏറ്റുവാങ്ങാൻ പോകാതെ ചടങ്ങ് ബഹിഷ്ക്കരിക്കുമെന്ന അവരുടെ പ്രസ്താവന ആവേശഭരിതമായിരുന്നു. കൈയിലെത്തുന്ന അംഗീകകാരങ്ങളും സ്ഥാനമാനങ്ങളും പദവികളും സ്വന്തം നിലനിൽപ്പുമല്ല, ഉറച്ച നിലപാടാണ് കലാപ്രവർത്തകർ മുറുകെപിടിക്കേണ്ടതെന്ന ഉജ്വല രാഷ്ട്രീയ ബോധ്യമാണ് ഉയർത്തിപ്പിടിച്ചത്. നാല് പ്രധാന പ്രഫഷണൽ നാടകട്രൂപ്പുകളിലെ ഏറ്റവും തിരക്കുള്ള നടിയായിരുന്നു സാവിത്രി. പക്ഷേ പിൽക്കാലത്ത് അവയുടെ സുവർണകാലം അസ്‌തമിച്ചതോടെ വിട പറയേണ്ടിവന്നു. ആരോഗ്യാവസ്ഥ വഷളായതിനെ തുടർന്നാണ് സിനിമയിൽ നിന്നും ഒഴിഞ്ഞത്. കലാരംഗത്ത് മാത്രമായിരുന്നില്ല രാഷ്ട്രീയത്തിലും സജീവമായിരുന്നു സാവിത്രി. 1995 മുതൽ 2000 വരെ കോഴിക്കോട് കോർപറേഷനിൽ തിരുവണ്ണൂർ ഡിവിഷനിൽനിന്ന് സിപിഐ എം കൗൺസിലറായി പ്രവർത്തിക്കുകയുമുണ്ടായി.

വിനോദ് കോവൂരിന്റെയും സുഡുവിന്റെയും അനുശോചനം
അന്തരിച്ച സാവിത്രി ശ്രീധരന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ വിനോദ് കോവൂർ എഴുതിയ പോസ്‌റ്റ് അവഗണിക്കാനാവില്ല. കോഴിക്കോട് നടക്കുന്ന എല്ലാ നാടകങ്ങളും കാണാൻ പോയിരുന്ന പഴയകാലം മുതൽക്കേ ചേച്ചിയുമായി പരിചയമുണ്ടായിരുന്നു. ഒന്നിച്ച് അഭിനയിക്കാനും അവസരമുണ്ടായി. സുഡാനി ഫ്രം നൈജീരിയ’ സിനിമ കണ്ട ശേഷം വീട്ടിൽ ചെന്ന് അഭിനന്ദിച്ചു. പിന്നീട് തന്റെ യൂട്യൂബ് ചാനലിലേക്ക് അവരെയും കുട്ട്യേടത്തി വിലാസിനിയെയും അഭിമുഖം ചെയ്യുകയുണ്ടായി. ഒടുവിൽ സാവിത്രി ചേച്ചിയും അരങ്ങൊഴിഞ്ഞു. അഭിനയ മികവിന് ദേശീയ പുരസ്‌കാരം ലഭിച്ചപ്പോൾ കേക്കും സമ്മാനവുമായി വീട്ടിൽ ചെന്നിരുന്നു. അന്ന് വീടിന്റെ പരിസരം മുഴുവനും വെള്ളം കയറിയ സമയം. ഞാൻ വിളിച്ചപ്പോൾ ഇങ്ങോട്ട് വരാൻ പറ്റില്ല, വെള്ളം കയറിയ സമയമാണെന്ന് പറഞ്ഞിരുന്നു. എന്നിട്ടും സാഹസപ്പെട്ട് ഞാനും കൂട്ടുകാരൻ സി ടി കബീറും അരക്കറ്റം വെള്ളം നനഞ്ഞ് വീട്ടിലെത്തിയപ്പോൾ ചേച്ചി ശരിക്കും അദ്ഭുതപ്പെട്ടു. മറ്റ് ചാനലുകാർക്ക് എത്തിപ്പെടാൻ പറ്റാത്ത സമയത്താണ് ഞങ്ങൾ വീട്ടിൽ എത്തുന്നത്. അന്ന് വളരെ സന്തോഷത്തോടെ യാത്രയാക്കി. പിന്നീടും രണ്ട് മൂന്ന് കൂടിക്കാഴ്ച്ചകളുണ്ടായി. ഒരിക്കൽ എന്നെ വിളിച്ച് തീരെ വയ്യ വർക്കിനൊന്നും പോവാൻ പറ്റാത്ത അവസ്ഥയിലാണെന്ന് പറഞ്ഞിരുന്നു. പിന്നീട് കാണാൻ പറ്റിയിട്ടില്ല. ഒരു ദിവസം ഫോണിൽ മൂന്ന് മിസ്ഡ് കോളുകള്‍ കണ്ടപ്പോൾ തിരിച്ച് വിളിച്ചു. അപ്പോൾ ഫോണെടുത്ത പെൺകുട്ടി പറഞ്ഞത് സംസാരിക്കാനൊന്നും പറ്റില്ലെന്ന്. അൾഷിമേഴ്സ് ആണെന്നും. കേട്ടപ്പോൾ വലിയ വിഷമം തോന്നി. എത്രയെത്ര നാടകങ്ങൾ അവിസ്മരണീയമാക്കിയ എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങൾ. എല്ലാവർക്കും ഏറെ ഇഷ്ട്ടമാണ് സാവിത്രി ചേച്ചിയെ. എല്ലാവരോടും അങ്ങനെയാണ് പെരുമാറിയിരുന്നത്. ഇല്ലെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ഇനി ഓർമ്മകളിൽ ജീവിക്കുമെന്നായിരുന്നു ഉപസംഹാരം. അവരിപ്പോൾ സ്വർഗത്തിലെ മാലാഖയെന്നാണ് ഓർമകളിൽ കണ്ണീരോടെ സുഡാനി ഫ്രം നൈജീരിയയിലെ ജമീലയായി മലയാളികളുടെ മനസ്സിൽ ഇടംനേടിയ നടി സാവിത്രി ശ്രീധരന്റെ വിയോഗത്തിൽ സുഡുവായി എത്തിയ നൈജീരിയൻ നടൻ സാമുവൽ അബിയോള റോബിൻസൺ വിതുമ്പിയത്. സമൂഹ മാധ്യമത്തിൽ സിനിമയുടെ ചിത്രം പങ്കുവച്ചാണ് കുറിപ്പ്. സുഡു യാത്ര പറഞ്ഞുപോവുമ്പോൾ റിയർ വ്യൂ മിററിൽ തെളിയുന്ന ജമീലയുടെ മുഖമാണതിൽ.

സുഡാനി ഫ്രം നൈജീരിയ മലപ്പുറത്തെ സെവൻസ് ഫുട്ബോളിന്റെയും അവിടെയെത്തുന്ന വിദേശ കളിക്കാരുടെയും കഥയാണ്. മാനേജർ മജീദ് ക്ലബ്ബിനായി നൈജീരിയയിൽ നിന്നും എത്തിച്ച കളിക്കാരനാണ് സാമുവൽ. കളിക്കിടെ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന് ആശുപത്രി ചെലവുകൾ താങ്ങാനാവാതായപ്പോൾ മജീദ് വീട്ടിലേക്ക് കൂട്ടി. തുടർന്ന് മജീദിന്റെ ഉമ്മ ജമീലയും അയൽവാസി ബീയുമ്മയും മകനെപ്പോലെ പരിപാലിച്ചു. അവൻ അവർക്ക് വീട്ടിൽ അഭയം തേടിയ വിദേശ കളിക്കാരനായിരുന്നില്ല; സ്വന്തം മകൻ തന്നെ, പ്രിയപ്പെട്ട സുഡു. പരസ്പരം അറിയാത്ത ഭാഷയും സംസ്കാരവും അവർക്കിടയിൽ തടസ്സം തീർത്തില്ല. ഒരു വാക്കുപോലും മനസ്സിലായില്ലെങ്കിലും വാത്സല്യ സ്പർശത്തിലൂടെ സാമുവലിന് ഉമ്മമാർ പകർന്നുനൽകിയ കരുതൽ പ്രേക്ഷകരുടെ കണ്ണുനനച്ചു.







No Comments yet!