ആമുഖം
സാമൂഹിക വിലക്കുകളെയും, പിതൃമേധാവിത്വത്തെയും അവ സൃഷ്ടിച്ച് വയ്ക്കുന്ന സാമൂഹിക വാർപ്പു മാതൃകകളെയും ശക്തമായി ചോദ്യം ചെയ്ത സിനിമകളാണ് ദീപാ മേഹ്ത്തയുടേത് ( Deepa Mehta). അവരുടെ എലമെന്റ്സ് ട്രൈലോജി (Elements Trilogy) എന്ന സിനിമാ ത്രയം ഏറെ ശ്രദ്ധിക്കപ്പെടുകയും, മികച്ച നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു. ഫയർ (Fire – 1996), എർത്ത് (Earth – 1998), വാട്ടർ (Water – 2005) എന്നീ ചിത്രങ്ങളാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്.
എലമെന്റ്സ് ട്രൈലോജിയിലെ ആദ്യത്തെ ചിത്രമായ ‘ഫയർ’ അത് വരെ നിലനിന്നിരുന്ന സമൂഹത്തിന്റെ ലിംഗപരമായ സ്ഥിരസങ്കൽപ്പങ്ങങ്ങളെ (Gender stereotype) തകർത്തു കളഞ്ഞു. ലെസ്ബിയൻ പ്രണയം ചിത്രീകരിക്കുന്നതിനാൽ അത് മത വികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്ന നിലയിൽ ഇന്ത്യയിൽ പല ഭാഗങ്ങളിലെ തിയറ്ററുകളിലും സംഘർഷങ്ങളുണ്ടായി. സിനിമയുടെ പ്രദർശനം തടസ്സപ്പെട്ടു. മാസങ്ങൾക്ക് ശേഷം കോടതിയുടെ അനുകൂലമായ വിധി വരുകയും ചിത്രം റീ- റിലീസ് ചെയ്യപ്പെടുകയും ഉണ്ടായി.
ഒരു സിനിമയെ ഇത്രത്തോളം തടയാൻ ഒരു കൂട്ടം ആളുകളെ പ്രേരിപ്പിച്ചത് എന്താവാം?. സമൂഹത്തിലെ പല മുൻവിധികളെയും, പിതൃമേധാവിത്വത്തെയും ചോദ്യം ചെയ്തതിലുണ്ടായ മനോവിഷമമാണ് അതിന് കാരണം എന്ന് നിസ്സംശമായി പറയാം. സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളെയും, പിതൃമേധാവിത്വത്തെയും (Patriarchy) സ്വവർഗ പ്രണയബന്ധത്തോടുള്ള (Same-sex love / Same Sex Romance) സാമൂഹിക വിരോധത്തെയും ദീപാ മേത്ത മികച്ച രീതിയിൽ ദൃശ്യവത്കരിച്ചിരിക്കുന്നു.

കഥാപാത്രങ്ങളും ജീവിതവീക്ഷണങ്ങളും
സ്ട്രോക്ക് ബാധിച്ച് സംസാരശേഷി നഷ്ടപ്പെട്ട്, തളർന്നു കിടക്കുന്ന ബിജി എന്ന അമ്മ, അവരുടെ മൂത്ത മകനായ അശോക്, ഇളയ മകനായ ജതിൻ, അശോകന്റെ ഭാര്യയായ രാധ, ജതിന്റെ ഭാര്യയായ സീത, വീട്ടിൽ പണിക്ക് നിൽക്കുന്ന മുണ്ടു തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ.
കുടുംബത്തിലെ പഴയ ആചാരങ്ങളുടെയും പരമ്പരാഗത ജീവിതക്രമത്തിന്റെയും പ്രതീകമായ കഥാപാത്രമാണ് ബിജിയുടേത്. സംസാരശേഷി നഷ്ടപ്പെട്ട അവരുടെ മൗനത്തിനും സിനിമയിൽ ചില ഭാഗത്ത് സംവിധായിക ശബ്ദം നൽകിയിട്ടുണ്ട്.

നാട്ടിലെ ഒരു സ്വാമി പറയുന്നത് മാത്രം വിശ്വസിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന വ്യക്തിയാണ് അശോക്. ലൈംഗിക ബന്ധം സന്താനോൽപ്പാദനത്തിനുവേണ്ടിയുള്ള പ്രവൃത്തിയായി മാത്രം കാണുന്ന അയാൾ തന്റെ ഭാര്യക്ക് ഗർഭം ധരിക്കാൻ കഴിയില്ല എന്ന് ഡോക്ടർ പറഞ്ഞതോടു കൂടി ബ്രഹ്മചര്യ ജീവിതം നയിക്കാൻ ശ്രമിക്കുന്നു. സ്ത്രീയെ സന്താനോൽപ്പാദത്തിനുള്ള ഉപാധിയായി മാത്രം കാണുന്ന മനുഷ്യരുടെ ഒരു പ്രതിനിധിയാണ് അശോക്. ആഗ്രഹങ്ങളുടെ പിന്നാലെ പോകുന്നത് പാപമാണ് എന്ന് സ്വാമി പറയുന്നത് അക്ഷരം പ്രതി വിശ്വസിച്ച് അയാൾ ജീവിക്കുന്നു.
അശോകിന്റെ ഇളയ സഹോദരനായ ജതിൻ ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തനായ കഥാപാത്രമാണ്. പഴഞ്ചൻ ആചാരങ്ങളും, അന്ധവിശ്വാസങ്ങളും അയാൾ മുറുകെ പിടിക്കുന്നില്ല. വീടിന് മുമ്പിലുള്ള തന്റെ കാസറ്റ് കടയിൽ മറ്റ് കാസറ്റുകൾക്കിടയിൽ അശ്ശീല കാസറ്റുകളും വാടകക്ക് കൊടുക്കുന്നു. ചൈനീസ് യുവതിയായ ജൂലിയുമായി അയാൾ പ്രണയ ബന്ധം പുലർത്തുന്നു. വിവാഹ ശേഷവും അയാൾ അത് തുടരുന്നുണ്ട്. ജൂലിക്ക് വിവാഹത്തിന് താല്പര്യമില്ലാത്തതു കൊണ്ട് വിഷമിച്ചിരിക്കുന്ന ജതിൻ, കുടുംബത്തിന്റെയും സമൂഹത്തിന്റെയും സമ്മർദ്ദത്തിന്റെ ഫലമായാണ് സീതയെ വിവാഹം കഴിക്കുന്നത്. വ്യക്തി സ്വാതന്ത്ര്യത്തിനുമേൽ ഇങ്ങനെ ചങ്ങല പോലെ വരിഞ്ഞു മുറുക്കുന്ന സാമൂഹിക ചിന്തകളെ ജതിന്റെ കഥാപാത്രം പരിഹസിക്കുന്നുണ്ട്. ഇവിടെ സംവിധായിക സമൂഹത്തിൽ പുരുഷൻ അനുഭവിക്കുന്ന പ്രശ്നങ്ങങ്ങളെയും ജതിന്റെ കഥാപാത്രത്തിലൂടെ അവതരിപ്പിക്കുകയാണ്. പരമ്പരാഗത സാമൂഹിക ചട്ടകൂടുകൾക്കുള്ളിൽ പുതിയ തലമുറയിലെ പുരുഷന്മാരും കുടുങ്ങി കിടക്കുന്നത് ഇവിടെ ചിത്രീകരിക്കപ്പെടുന്നു.

വേലക്കാരനായ മുണ്ടു എന്ന കഥാപാത്രത്തിന് ഈ സിനിമയിൽ വളരെയധികം പ്രാധാന്യമുണ്ട്. അടക്കി വച്ച ആഗ്രഹങ്ങൾ അയാളെ ബുദ്ധിമുട്ടിക്കുന്നു. തനിക്ക് എല്ലാ ദിവസവും പണി തന്നെയുള്ളൂ എന്ന് ചിന്തിച്ച് വിഷമിക്കുന്ന അയാൾ ആനന്ദം കണ്ടെത്തുന്നത് അശ്ശീല സിനിമകൾ കണ്ട് സ്വയം ഭോഗം ചെയ്യുമ്പോളാണ്. ജതിന്റെ കാസറ്റ് ശേഖരത്തിൽ നിന്ന് അശ്ശീല കാസറ്റ് മോഷ്ടിക്കുന്ന മുണ്ടു, അത് കാണുന്നത്, ബിജിക്ക് (അശോകിന്റെയും ജതിന്റെയും അമ്മ ) രാമായണം കാണിച്ചു കൊടുക്കാനാണ് എന്ന വ്യാജേനയാണ്. സംസാരശേഷി ഇല്ലാത്ത ബിജിക്ക് ഇത് ആരോടും പറയാൻ കഴിയുന്നില്ല.ബിജി സഹായത്തിനായ അടിക്കുന്ന മണി മുണ്ടു ആ സമയത്ത് മാറ്റി വയ്ക്കുന്നു. ബിജിയെ പിറകിലിരുത്തി ടി.വി. കണ്ടുകൊണ്ട് അയാൾ സ്വയം ഭോഗം ചെയ്ത് ആനന്ദിക്കുന്നു. കേവലം ആനന്ദത്തെക്കാളുപരി ഇവിടെ മുണ്ടു എന്ന കഥാപാത്രത്തിന് തന്നെ അടിമയെ പോലെ കാണുന്ന കുടുംബത്തോടുള്ള അമർഷമാണ് ഇവിടെ ചിത്രീകരിക്കപ്പെടുന്നത്. ഇവിടെ അയാളുടെ പരപീഡന മനോഭാവവും (Sadist) വ്യക്തമാകുന്നു. ബിജിയെ അപമാനിക്കുന്നതിലൂടെ അവരുടെ മുഴുവൻ കുടുംബത്തെയും അപമാനിക്കുന്ന നിലയിൽ സംതൃപ്തി തേടുന്ന കഥാപാത്രമാണ് മുണ്ടു.

രാധയും സീതയും: പ്രണയവും പ്രതിരോധവും
അശോകിന്റെ ഭാര്യയായ രാധ, വീട്ടിലെ കാര്യങ്ങളിൽ പരിചയ സമ്പന്നയാണ്. ഭർത്താവിന്റെ അന്ധവിശ്വാസങ്ങളിലും വീട്ടിലെ പരമ്പരാഗത ആചാരങ്ങളിലും മനം മടുത്തിട്ടുണ്ടെങ്കിലും അവർ ഒന്നിനും കുറവ് വരാതെ വീട്ടിലെ കാര്യങ്ങൾ ചെയ്യുന്നു. ബിജിക്ക് ഭക്ഷണം കൊടുക്കുന്നതും വീട്ടിലെ ജോലിയുമെല്ലാം അവർ ഒരുമിച്ച് കൊണ്ടുപോകുന്നു.
അവരുടെ പഴയ ചിന്തകളെല്ലാം തകർന്ന് പുതിയ ചിന്തകൾ ഉടലെടുക്കുന്നത് ജതിന്റെ ഭാര്യയായ സീത വരുമ്പോളാണ്. പുതിയ തലമുറയിലെ സ്ത്രീയുടെ പ്രതിനിധിയായ സീതക്ക് പഴയ ആചാരങ്ങളിലും അന്ധവിശ്വാസങ്ങളിലും താല്പര്യമുണ്ടായിരുന്നില്ല. സീതക്ക് ഭർതൃ ഗൃഹത്തിൽ കടുത്ത ഏകാന്തത അനുഭവപ്പെടുന്നു. ഈ സമയത്തെല്ലാം അവൾക്ക് സാന്ത്വനമാകുന്നത് രാധ തന്നെയാണ്.

കല്യാണം കഴിച്ചതിനുശേഷം വീട്ടിലും, വീടിന് പുറത്തുള്ള ഹോട്ടലിലും മാത്രമായി ജീവിതം ഒതുങ്ങി പോയ രാധ, സീതയുടെ കൂടെ പുറത്ത് പോകുന്നു ആസ്വദിക്കുന്നു. മുണ്ടുവിനെ പോലെ ആഗ്രഹങ്ങൾ അടിച്ചമർത്തപ്പെട്ട് ജീവിച്ച രാധയും സീതയും സ്വാതന്ത്ര്യം അനുഭവിക്കുന്നു. മാനസികമായ അടുപ്പത്തോടൊപ്പം ശാരീരികമായ അടുപ്പവും അവരുടെ ബന്ധത്തിന്റെ ഭാഗമാകുന്നു. സ്വന്തം ആഗ്രഹങ്ങളും വികാരങ്ങളും തിരിച്ചറിഞ്ഞ് സ്വന്തം സ്വത്വം തിരിച്ചറിയുന്ന ഈ കഥാപാത്രങ്ങളുടെ ബന്ധം പിതൃമേധാവിത്വപരമായ കുടുംബ വ്യവസ്ഥയും പരമ്പരാഗത സദാചാര സങ്കൽപ്പങ്ങളും ഉയർത്തുന്ന നിയന്ത്രണങ്ങളെ ചോദ്യം ചെയ്യുന്നു.അങ്ങനെ അവരുടെ പ്രണയം വ്യക്തിപരമായ അടുപ്പത്തിനപ്പുറം സ്ത്രീയുടെ സ്വാതന്ത്ര്യത്തിന്റെയും സ്വയംനിർണയത്തിന്റെയും പ്രതിരോധത്തിന്റെയും തലങ്ങൾ കൈവരിക്കുന്നു.

സിനിമയുടെ അവസാന ഭാഗത്ത് അശോക് ഇതെല്ലാം അറിഞ്ഞ് രാധയെ അധിക്ഷേപിക്കുന്നു, ഈ സന്ദർഭത്തിൽ സ്റ്റൗവിൽനിന്ന് രാധയുടെ സാരിയിൽ തീ പ പിടിക്കുന്നു. ഇത് വിഷമത്തോടെ നോക്കി കൊണ്ട് ബിജിയെ അവിടെ നിന്ന് എടുത്ത് അശോക് രക്ഷപ്പെടുന്നു. ഇവിടെ രാമായണത്തിലെ സീതയുടെ അഗ്നിപരീക്ഷ സൂചനയായി ഉപയോഗിച്ചിരിക്കുകയാണ്. ഇവിടെ തീ പരിശുദ്ധി തെളിയിക്കാനുള്ള ഒന്നല്ല മറിച്ച്. സ്ത്രീയുടെ ലൈംഗികതയ്ക്ക് മേൽ സമൂഹം ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളായി ഇതിനെ കണക്കാക്കാം. ഈ നിയന്ത്രണങ്ങളെ മറികടന്നു കൊണ്ട് രാധ സീതയെ കാണുന്ന സന്ദർഭത്തിലാണ് സിനിമ അവസാനിക്കുന്നത്. ഈ രംഗത്തോടു കൂടി സിനിമയുടെ ശീർഷകമായ ഫയർ (Fire) അന്വർത്ഥമാകുന്നു.

ഉപസംഹാരം
സമൂഹം നിഷിദ്ധമായി കണ്ടിരുന്ന സ്ത്രീകൾ തമ്മിലുള്ള പ്രണയത്തെയും പിതൃമേധാവിത്വത്തെയും സാമൂഹിക മുൻവിധികളെയും മൂന്ന് പതിറ്റാണ്ടുകൾക്കു മുമ്പുതന്നെ ധീരമായി അഭിസംബോധന ചെയ്ത ദീപാ മേത്തയുടെ ചലച്ചിത്രദർശനം പ്രശംസനീയമാണ്. പ്രണയത്തിന്റെയും സ്ത്രീസ്വാതന്ത്ര്യത്തിന്റെയും പ്രസക്തി ഓർമിപ്പിക്കുന്ന ഫയർ എന്നും ശ്രദ്ധേയമായ ഒരു സിനിമയായി നിലകൊള്ളുമെന്നത് നിസ്സംശയമാണ്.







No Comments yet!