Skip to main content

പീലാത്തോസിന്റെ പടയാളികള്‍

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

ദുഃഖവെള്ളിയാഴ്ചകളിലാണ് ഞങ്ങള്‍ കുട്ടികള്‍
ഓന്തുവേട്ടക്കാരായി ഇറങ്ങിപ്പുറപ്പെടാറ്
പീലാത്തോസിന്റെ പടയാളികളെപ്പോലെ
കമ്പും കവണയുമായി എല്ലാ മുള്‍വേലികളും
ഞങ്ങള്‍ കൂകിയാര്‍ത്തു കാടിളക്കും
കവണയ്ക്കു വീഴ്ത്തിയും വിലാപുറത്തു കുത്തിയും
അര്‍ദ്ധപ്രാണനാക്കിയ ഓന്തിനെ ഞങ്ങള്‍
നിര്‍ദ്ദയം വിചാരണ ചെയ്യും,
”ഇവന്‍, ഗീവര്‍ഗ്ഗീസിന്റെ കന്യകകളെ ശാപ്പിടുന്നവന്‍,
കുരിശേറിയ ദൈവപുത്രന് മൂത്രം കൊടുത്തവന്‍” ….
ആ സാത്താന്റെ സന്തതിയെ ക്രൂശിക്കും മുന്‍പ്
ഞങ്ങളവനെ കമ്മട്ടിപ്പശ* കുടിപ്പിക്കും
ഭ്രാന്തിളകിയ നീതിമാനായ ഓന്ത്
ഗാഗുല്‍ത്തായിലെ വേലിപ്പൊത്തുവരെ പരക്കംപായും
പിന്നെ, വാഴപ്പോളയില്‍ തീര്‍ത്ത വിശുദ്ധകുരിശില്‍
അവന്റെ കൈകളും വാലും വലിച്ചുചേര്‍ത്ത്
കാരമുള്ളിന്റെ ആണി ഞങ്ങള്‍ അടിച്ചുകയറ്റും
മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേല്‍ക്കാതിരിക്കാന്‍
അവന്റെ കുഴിമാടത്തിനു മുകളില്‍ ഞങ്ങള്‍
വലിയ പാറക്കല്ലുകള്‍ ഉരുട്ടിവയ്ക്കും
കായേലിന്റെ സന്തതികളായ ഞങ്ങള്‍
ദൈവഭയത്തോടെ കാരമസോവു*കളായി വളര്‍ന്നു
ഞായറാഴ്ച കുര്‍ബാനയിലെ പുരോഹിതന്റെ ചീര്‍ത്ത വാക്കുകള്‍
യേശുവിന്റെ ഗിരിപ്രഭാഷണം പോലെ ആസ്വദിച്ചു
മേടകളുടെ വളര്‍ത്തുമക്കളായ ഞങ്ങള്‍
വ്യാപാരക്കടലിലെ കപ്പലോട്ടക്കാരായി,
അരക്കെട്ടില്‍ അണലിപ്പാമ്പു തലയുയര്‍ത്തി കിടക്കുന്ന
ഘോര പ്രഘോഷകരായി,
സമുദായത്തിലും സഭാമന്ദിരങ്ങളിലും ചുംബനംകൊണ്ട്
ബലിയ്ക്കുള്ളവരെ തെരഞ്ഞെടുക്കുന്നവരായി…
കുട്ടിക്കാലത്തെ വിശുദ്ധ വിനോദമായിരുന്ന ഓന്തുവേട്ട
ഞങ്ങളിപ്പോഴും മറന്നിട്ടില്ല
ഷൈലോക്കി*ന്റെ അനന്തരവന്‍മാരായ ഞങ്ങളിന്ന്
രക്തം പൊടിയാതെ മാംസം മുറിച്ചെടുക്കാന്‍
മിടുക്കുള്ളവരാണ്!

***

*1 ഒരിനം പാലയുടെ പശ
*2 ദസ്‌തെയെവ്‌സ്‌കിയുടെ വിഖ്യാത നോവല്‍, കാരമസോവ് സഹോദരന്മാര്‍
*3 ഷേക്‌സ്പിയര്‍ കഥാപാത്രം

(ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക – സമകാലിക മലയാളം ഓണ്‍ലൈന്‍)

:: കവി പരിചയം ::

സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/അഗസ്റ്റിൻ കുട്ടനെല്ലൂർ. - Schoolwiki

അഗസ്റ്റിന്‍ കുട്ടനെല്ലൂര്‍

കവി, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍ .’പൊരുള്‍’ എന്ന കവിതാ സമാഹാരവും, ‘കനല്‍വഴിയിലെ പ്രവാചകന്‍’ എന്ന ഫാദര്‍ സ്വാമി അച്ചന്റെ ജീവചരിത്രവും, ‘ഓര്‍മ്മയിലെ നക്ഷത്രങ്ങള്‍’ഒരു എഡിറ്റഡ് പുസ്തകവും പ്രസിദ്ധപ്പെടുത്തി. സമകാലിക സാഹിത്യമാസികകളില്‍ കവിതകളും ലേഖനങ്ങളും പഠനങ്ങളും എഴുതുന്നു.

അംഗീകാരങ്ങള്‍: സാംസ്‌കാരിക വകുപ്പ് പുരസ്‌കാരം (2014, 2016), ദേശമംഗലം ഗ്രന്ഥശാല പുരസ്‌കാരം, പത്തനംതിട്ട അക്ഷര സാംസ്‌കാരികവേദി പുരസ്‌കാരം (2017).

 

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.