Skip to main content

ചുങ്താം ദുരന്തം

സിക്കിമിന്റെ തലസ്ഥാനമായ ഗംഗ് ടോക്കിൽ നിന്നും ഏകദേശം 30 കിലോമീറ്റർ വടക്ക് മാറി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ചുങ്ങ്താം. വടക്കു കിഴക്കൻ സംസ്ഥാനമായ സിക്കിമിന്റെ 40 ശതമാനത്തിൽ അധികം ഭാഗം വനഭൂമിയാണ്. തദ്ദേശീയരായ ഗോത്ര ജനവിഭാഗമായ ലപ്ച്ചകളാണ് സിക്കിമിലെ ആദിമ നിവാസികൾ. മലനിരകളിൽ താമസം ഉറപ്പിച്ച ബൂട്ടിയകൾ പതിനാലാം നൂറ്റാണ്ടിലാണ് സിക്കിമിലെത്തുന്നത്. നേപ്പാളി വംശജർ അതിനുശേഷവും. ശാന്തശീലരായ ലേപ്ച്ചകൾ ടീസ്റ്റ നദിയുടെ തീരങ്ങളിൽ താമസിക്കുന്നു.
ടീസ്റ്റ നദിയാകട്ടെ സിക്കിം ജനതയുടെ ജീവിതവും സംസ്കാരവും വിശ്വാസങ്ങളുമായി അഭേദ്യമായ ബന്ധം പുലർത്തുന്നു.

16 Lepcha people - yesteryears ideas to save today | sikkim, yesteryear,  people and more
Lepcha Tribe

വടക്കൻ സിക്കിമിലെ ടിബറ്റൻ അതിർത്തിയിൽ 23,189 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ടീസ്റ്റ കാങ്സേ ഹിമാനികളിൽ നിന്നുമാണ് ടീസ്റ്റ നദി ഉത്ഭവിക്കുന്നത്.. അവിടെ നിന്നും ഹിമാലയത്തിലെ മലയിടുക്കുകളിലൂടെയും താഴ്വാരങ്ങളിലൂടെയും താഴേക്ക് ഒഴുകി യെത്തുന്നു.. ടീസ്റ്റയുടെ പ്രധാന പോഷകനദികൾ ആയ ലാച്ചൻ നദിയും ലാച്ചുങ്ങ് നദിയും സംഗമിക്കുന്നത് ചുങ് താം ഗ്രാമത്തിൽ വച്ചാണ്.

TEESTA RIVER (2026) All You Need to Know BEFORE You Go (with Photos) -  Tripadvisor
Teesta River

2023 ഒക്ടോബർ നാലാം തീയതി അർദ്ധരാത്രി 12 മണിയോടെയാണ് ഗ്രാമത്തിനെയും സിക്കിമിനെയും നടുക്കിയ ആ ദുരന്തം സംഭവിച്ചത്. സിക്കിമിലെ ഏറ്റവും വലിയ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് ആയ ചുങ്ങതാം Dam 2017ൽ കമ്മീഷൻ ചെയ്തതേ ഉണ്ടായിരുന്നുള്ളൂ. ടീസ്റ്റാ നദിക്ക് കുറുകയുള്ള ഈ ഡാം പ്രോജക്ടിൽ നിന്നും 1200 മെഗാ വാട്ട് വൈദ്യുതി ഉല്പാദനം ആണ് സംസ്ഥാനം ലക്ഷ്യമിട്ടിരുന്നത്. സിക്കിം സംസ്ഥാനത്തിന്റെ ആവശ്യത്തിന് വേണ്ടതിന്റെ 12 ഇരട്ടിയായിരുന്നു ഇത്. അധിക വൈദ്യുതി വെസ്റ്റ് ബംഗാൾ അടക്കമുള്ള അയൽ സംസ്ഥാനങ്ങൾക്ക് വിൽക്കുക എന്നതായിരുന്നു ലക്ഷ്യമിട്ടിരുന്നത്.13,000 കോടിയോളം മുതൽ മുടക്കിയാണ് ഡാം പണി പൂർത്തിയാക്കിയത്.

ടീസ്റ്റ നദിയുടെ പോഷകനദിയായ ലാച്ചൻ നദി ഹിമാലയത്തിലെ സൗത്ത് ലോനാക്ക് ഗ്ലെസിയർ തടാകത്തിൽ നിന്നുമാണ് ഉത്ഭവിക്കുന്നത്. സമുദ്രനിരപ്പിൽ നിന്നും 5200 m( 17,100 ft) ഉയരത്തിലാണ് ലോനക് ഹിമാനിയുടെ ഉരുകലിൽ നിന്നും ഈ തടാകം രൂപം കൊണ്ടിട്ടുള്ളത്. ടിബറ്റൻ പീഠഭൂമിയെയും അതിനെ ചുറ്റുന്ന ഹിന്ദുക്കു ഷ്,കാരക്കോണം, ഹിമാലയൻ പർവതനിരകളെയും മൂന്നാമത്തെ ധ്രുവം ( third pole)എന്നാണ് വിശേഷിപ്പിക്കുന്നത്. ആർട്ടിക്,അ ന്റാർട്ടിക്ക, അലാസ്‌ക, ഗ്രീൻലാൻഡ് എന്നീ സ്ഥലങ്ങൾ ഒഴിച്ചു നിർത്തിയാൽ ഏറ്റവും കൂടുതൽ ഹിമാനികൾ ഉള്ളത് ഇവിടെയാണ്.

Glacial Lake FLood destroys Teesta-3 Dam in Sikkim, brings wide-spread  destruction – SANDRP

ആഗോളതാപനത്തിന്റെ ഫലമായി ഈ ഹിമാനികൾ വലിയതോതിൽ ഉരുകിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു കാലങ്ങളായി ലോനാക് ഹിമാനി യുടെ വലിപ്പം വലിയതോതിൽ കുറയുകയും അധിക ഉരുകൽ കാരണം ഉരുകി വീഴുന്ന ഐസും വെള്ളവും ഒഴുകിയെത്തുന്ന ലോണാക് തടാകത്തിന്റെ വലുപ്പം ക്രമാതീതമായി വർദ്ധിക്കുന്നുണ്ട് എന്നും ഉപഗ്രഹ ചിത്രങ്ങളിൽ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള പല പഠനങ്ങളും ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ എല്ലായിടത്തും രാഷ്ട്രീയക്കാർ ശാസ്ത്ര സത്യങ്ങൾക്ക് നേരെ കണ്ണടച്ച് താൽക്കാലിക ലാഭം തരുന്ന വികസന പ്രവർത്തനങ്ങൾക്ക് നേരെ പാഞ്ഞടുക്കുകയാണ് ചെയ്യാറുള്ളത്.. ഇവിടെയും അതുതന്നെ സംഭവിച്ചു..

അതിന്റെ അനന്തരഫലമായിരുന്നു ചുങ്താം ദുരന്തം. Glacier Lake Outburst Flood  GLOF) എന്ന പ്രതിഭാസമാണ് ഇവിടെ വില്ലൻ ആയത്. ഹിമാനികൾ ഉരുകി ഒലിക്കുമ്പോൾ ഹിമാനികളുടെ അഗ്രഭാഗമായ terminal morains തടാകത്തിൽ വന്നടിയുകയും അവ തടാകത്തിൽ നിന്നും പുറത്തോട്ടുള്ള ജലപ്രവാഹത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യും. ഇത്തരത്തിലാണ് തടാകത്തിന്റെ വലിപ്പം അസാധാരണമാംവിധം കൂടുന്നത്.

Glacial Lake Outburst Floods (GLOFs) and Emerging Transboundary Risk in the  Himalayas – JICE IAS

ഒക്ടോബർ മൂന്നിന് രാത്രി ഉണ്ടായ മേഘവിസ്ഫോടനവും മണ്ണിടിച്ചിലും കൂടിയായപ്പോൾ ലോനാക് തടാകം തകർന്നു പോയി.. തൽഫലമായി ടീസ്റ്റ നദിയുടെ ജലനിരപ്പ് 15 അടിയിൽ അധികം ഉയരാൻ ഇടയായി.. തീരങ്ങളെ തകർത്തു കൊണ്ട് താഴേക്ക് കുതിക്കുന്ന ടീസ്റ്റയുടെ കാഴ്ച കാണാനിടയായ Indo Tibetan Border Police ലെ പട്ടാള ഉദ്യോഗസ്ഥർ വിവരം അപ്പോൾ തന്നെ ഡാം ഉദ്യോഗസ്ഥർക്ക് കൈമാറി. ഉദ്യോഗസ്ഥർ ഡാമിന്റെ സ്പില്‍ വെഗേറ്റ് തുറക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ പ്രളയജലം അലറിക്കുതിച്ചെത്തിയിരുന്നു.. പ്രളയത്തിൽ ചുങ്താം ഡാം പൂർണ്ണമായും തകർന്നു പോയി. നദിക്കു കുറുകെയുള്ള ചുങ്താൻ പാലം വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. പട്ടാള വാഹനങ്ങൾ,വീടുകൾ കടകൾ,എല്ലാം തന്നെ ഒഴുകിപ്പോയി.. അനേകം പട്ടാളക്കാർക്കും ഡാം ജീവനക്കാർക്കും തദ്ദേശ നിവാസികൾക്കും ജീവൻ നഷ്ടപ്പെട്ടു. സിക്കിമിലെ പല ജില്ലകളും വെള്ളത്തിന്റെ അടിയിലായി…
മനുഷ്യന്റെ വികസന സ്വപ്നങ്ങളും പ്രകൃതിയിലെ പ്രതിഭാസങ്ങളുടെ പ്രവചനാതീത സ്വഭാവങ്ങളും തമ്മിലുള്ള വടംവലിയുടെ ഒരു ഉദാഹരണം മാത്രമാണ് ദുരന്തം.

Gross irregularities combined to Teesta-III dam collapse and Sikkim's -  Sikkimexpress

ഈയിടെ വടക്കൻ സിക്കിമിലൂടെ നടത്തിയ യാത്രയിൽ ദുരന്തം നടന്ന സ്ഥലം സന്ദർശിക്കാൻ ഇടയായി. നാല് ചുറ്റും നിശബ്ദമായി നിലകൊള്ളുന്ന ഹിമാലയൻ പർവത നിരകളുടെ ഗാംഭീര്യത്തിന് മുമ്പിൽ തലതാഴ്ത്തി നിൽക്കുമ്പോൾ, മലമുകളിൽ നിന്നും താഴേക്ക് പതിക്കുന്ന ഒരു ചെറിയ ഉരുളൻകല്ലിനോ, വഴിമാറിയൊഴുകുന്ന ഒരു നദി പ്രവാഹത്തിനൊ, വീശി അടിക്കുന്ന കാറ്റ് ഒടിച്ചുതാഴെയിട്ടേക്കാവുന്ന ഒരു മരച്ചി ല്ലയ്ക്കോ നിങ്ങളുടെ എല്ലാ അഹങ്കാരങ്ങളെയും എന്നെന്നേക്കുമായി ഇല്ലാതാക്കാൻ കഴിയും എന്ന് മനസ്സിലിരുന്ന് ആരോ മന്ത്രിക്കുന്നുണ്ടായിരുന്നു..

No Comments yet!

Your Email address will not be published.