Skip to main content

സ്നേഹമഷിയിൽ വരച്ചൊരു ജീവിതം

ചെറുപ്പം തൊട്ടേ കേൾക്കുന്ന പേരാണ് പി. വി. കൃഷ്ണൻ എന്നത്. കാസർകോട് മായിപ്പാടി സ്കൂളിൽ ചിത്രകലയുടെ അധ്യാപകനായിരുന്നു അദ്ദേഹം. കാസർകോട് പട്ടണത്തിലെ സാംസ്കാരിക വട്ടങ്ങളിൽ പല നാടുകളിലുള്ള അധ്യാപകരും മറ്റുമാണ് ഉണ്ടായിരുന്നത്. മാധ്യമപ്രവർത്തകരും. ടി. ഉബൈദ് മാഷും സി. രാഘവൻ മാഷും പി. അപ്പുക്കുട്ടൻ മാഷും ബാലകൃഷ്ണൻ മാങ്ങാടും കെ. എം. അഹമ്മദ് മാഷും പി. എ. എം. ഹനീഫും തമ്പി മാഷും ടി. എച്ച്. കോടമ്പുഴയും മറ്റും മറ്റുമായി ഒരു നല്ല കൂട്ടം. അവരുടെ നല്ല നല്ല ആലോചനകൾ, ആവിഷ്കാരങ്ങൾ.

May be an illustration of text

ഞാൻ കുട്ടിയാണ്. ഈ കൂട്ടായ്മയെക്കുറിച്ച് പിന്നീട് അപ്പുക്കുട്ടൻ മാഷിൽ നിന്നും മറ്റുമായി കേട്ടറിഞ്ഞ അറിവേയുള്ളൂ. അത് സർഗാത്മകവും ജനാധിപത്യബോധമുള്ളതും മതേതരവുമായിരുന്നു എന്ന് മനസ്സിലാക്കാനായി.

തളിപ്പറമ്പിനടുത്ത അരോളിക്കാരനാണ് കൃഷ്ണൻ മാസ്റ്റർ. അങ്ങനെ പറയാം. എങ്ങനെയാണ് പരിചയപ്പെട്ടത് എന്ന് ഇപ്പോൾ ഓർത്തെടുക്കാൻ ആവുന്നില്ല.

പിലിക്കോട് കാലിക്കടവിൽ ഒരു പ്രദർശനം നടക്കുന്നുണ്ടായിരുന്നു. പബ്ലിക് റിലേഷൻസ് വകുപ്പ് ഒരു പവലിയൻ ഒരുക്കിയിട്ടുണ്ട്. അതൊക്കെ കാണാൻ പോയപ്പോഴാണ് അന്ന് പി.ആർ.ഡിയിൽ ഉദ്യോഗസ്ഥനായിരുന്ന കൃഷ്ണൻ മാഷെ കണ്ട് മിണ്ടിയത്. കുഞ്ചുവിന് അന്ന് അഞ്ചോ ആറോ വയസ്സാണ്. മാഷ് അവന് ഐസ്ക്രീം വാങ്ങിക്കൊടുത്തു. ഒരുപക്ഷേ അവൻ തിന്ന ആദ്യത്തെ ഐസ്ക്രീം അതായിരിക്കും.

Cartoonist P.V. Krishnan passes away in Keralam - The Hindu

‘കുട്ടൻ കണ്ടതും കേട്ടതും’ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കുറെക്കാലം അവസാനത്തെ പുറങ്ങളിൽ കണ്ടുവായിച്ചു. പാവംപിടിച്ച ഒരു കുട്ടിയുടെ യാഥാർഥ്യാവിഷ്കാരത്തിലൂടെ ഒരു ചെറുപട്ടണത്തിന്റെ ജീവിതം കൂടി ചിത്രപ്പെടുത്തുകയായിരുന്നു കൃഷ്ണൻ മാഷ്. വേറിട്ട വരയും എഴുത്തും.

തീവണ്ടിയിൽവെച്ചും തിരുവനന്തപുരത്തുവെച്ചും പലപ്പോഴും മാഷെ കണ്ടു. ഒരുതവണ മാഷ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയുണ്ടായി. ടീച്ചറുടെ സ്നേഹവാത്സല്യങ്ങൾ അന്നാണ് നന്നായി അറിഞ്ഞത്. മേഴ്സിയും കൃഷ്ണനും സ്വയം തീരുമാനിച്ച് ഒന്നായവരാണ്. ഇത്തരം ആധുനികർ ഇന്നും വളരെ കുറവാണല്ലോ.

ഒ. എൻ. വിയുടെ എൺപതാം പിറന്നാളിനോ മറ്റോ തിരുവനന്തപുരത്ത് ഒരു ആദരയോഗം നടന്നു. അതിൽ പ്രസംഗിക്കാൻ പോയിരുന്നു. പ്രസംഗത്തിനുശേഷം ഉച്ചയൂണ്. സുഗതകുമാരിയോടും മറ്റുമൊപ്പം ഒ. എൻ. വിയും ഭാര്യയും ഊണുകഴിക്കുന്നു. അവർക്ക് പിറകിൽ കുറച്ചാളുകൾ നിൽക്കുന്നുണ്ട്. അക്കൂട്ടത്തിൽ പോയി നിൽക്കാൻ കൃഷ്ണൻ മാഷ് എന്നോട് പറഞ്ഞു. എന്തിനാണെന്നറിയില്ല. എങ്കിലും മാഷെ അനുസരിച്ചു. എല്ലാവരെയും ചേർത്ത് ഫോട്ടോ എടുക്കാനായിരുന്നു. ഫോട്ടോ പിന്നീട് മാഷ് അയച്ചുതരുന്നുണ്ട്.

മാഷ് ചിലപ്പോൾ പയ്യന്നൂരിൽ വരാറുണ്ടായിരുന്നു. മാത്തിലോ മറ്റോ മാഷ്ക്ക് റബർ തോട്ടമുണ്ട്. അതിന്റെ കഥ ശരിക്കും അറിയില്ല. അഭിവൃദ്ധി ഉണ്ടായില്ല എന്നോ മറ്റോ അറിയാം. എതിർദിശ മാസികയുടെ അന്നത്തെ മുറിയിൽവെച്ചാണ് മാഷെ കണ്ടിരുന്നത്.

Reflection of life and times, all in a line - The Hindu

മാഷുടെ മകൾ ജോലി ചെയ്യുന്ന കാസർകോട്ടെ ഹുബാഷിക ബുക്ക് സ്റ്റാളിൽവെച്ചാണ് അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് അറിഞ്ഞത്. മേഴ്സി ടീച്ചറുടെ മരണത്തിനുശേഷം മാഷ് ശരിക്കും രോഗാതുരനായിരുന്നു. ഒന്നുരണ്ട് തവണ ഫോണിൽ ബന്ധപ്പെടാൻ നോക്കി. ഓർമ്മക്കുറവ് മാഷെ നന്നായി അലട്ടിത്തുടങ്ങിയിരുന്നു. ഫോൺസംസാരം മതിയാക്കിയതുപോലെ തോന്നി.

കാസർകോട് എം. വി. സന്തോഷ് കുമാറിന്റെയും മറ്റും ഉത്സാഹത്തിൽ മാഷുടെ ജീവിതത്തെക്കുറിച്ച് ഒരു മീറ്റിംഗ് നടത്തുകയും രണ്ടുമൂന്നു പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഒരു പുസ്തകത്തിൽ എഴുതാനുള്ള അവസരം കിട്ടിയിരുന്നു. സന്തോഷിന്റെയും മറ്റും ആ പ്രവർത്തനം നല്ല ഒന്നാണ്.

അപ്പുക്കുട്ടൻ മാസ്റ്ററുടെ മരണദിവസം പലരും കൃഷ്ണൻ മാസ്റ്റർ കൂടി അംഗമായിരുന്ന പഴയ കാസർകോട്ടെ ചങ്ങാതിക്കൂട്ടത്തെപ്പറ്റി ഓർമ്മിച്ചുപറഞ്ഞു. അതും ഇപ്പോൾ ഓർമ്മിക്കുന്നു.

ഒരിക്കൽ മാഷ് എന്റെ ഒരു ചിത്രം — കാരിക്കേച്ചർ — വരച്ച് അയച്ചുതരികയുണ്ടായി. ചോദിക്കാതെയാണ് അത് കിട്ടിയത്. സ്നേഹമഷി കൊണ്ടാണ് അത് വരച്ചത്.

പ്രിയപ്പെട്ട മാഷ് ഇന്നലെ വിടവാങ്ങിയിരിക്കുന്നു. സർഗാത്മകവും സ്നേഹനിർഭരവുമായിരുന്നു പി. വി. കൃഷ്ണൻ മാസ്റ്ററുടെ ജീവിതം. അതേക്കുറിച്ചുള്ള ഓർമ്മകൾക്കുതന്നെയും നല്ല മൂല്യമുണ്ട്.


May be an image of one or more people and dais

ഇ.പി. രാജഗോപാലന്‍

The opinions and positions expressed in articles published and comments posted here are those of its authors and not of chenda.co The author has full responsibility for the views. Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act. Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.