മസീനി-ഫെറാസ് ദമ്പതികളുടെ വിഡ്ഢികളായ നാലു പുത്രന്മാർ പകൽ മുഴുക്കെ മുറ്റത്തെ ബഞ്ചിലിരുന്നു. ചുണ്ടുകൾക്കപ്പുറത്തേക്ക് നാക്കു നീട്ടി, ഒട്ടും ഉന്മേഷമില്ലാത്ത കണ്ണുകളുമായി ഇരുന്നു. തലതിരിക്കുമ്പോഴെല്ലാം അവർ വായ് തുറന്നു.
മുറ്റത്തെ നിലം മണ്ണായിരുന്നു. പടിഞ്ഞാറു ഭാഗത്തൊരു ചുമരുണ്ട്. ആ ചുമരിൽ നിന്ന് അഞ്ചടി ദൂരെയാണ് ബഞ്ച്. അതിനു സമാന്തരമായി, ഇഷ്ടികകളിൽ കണ്ണുറപ്പിച്ച്, ചലനമില്ലാതെ അവരിരുന്നു. സന്ധ്യയടുത്തപ്പോൾ സൂര്യൻ ചുമരിനപ്പുറത്തേക്കു മറഞ്ഞുതുടങ്ങി. അതുകണ്ട് ആ വിഡ്ഢികൾ ആനന്ദിച്ചു. എല്ലാം ഇരുട്ടാക്കുന്നതാണെപ്പോഴും അവരുടെ ശ്രദ്ധയാദ്യം ആകർഷിക്കുക. സാവധാനത്തിൽ അവരുടെ കണ്ണുകളിൽ വെളിച്ചം വന്നു തുടങ്ങി. അവസാനം അവർ ഉച്ചത്തിൽ ചിരിക്കാൻ തുടങ്ങി. അവരിൽ ഓരോരുത്തരിലും അസ്വസ്ഥമായ ഒരു ആഹ്ളാദം. അവർ പക്ഷേ മൃഗീയാനന്ദത്തോടെ സൂര്യനെ തുറിച്ചു നോക്കി. അതെന്തോ ഭക്ഷ്യവസ്തുവാണെന്നതുപോലെ തുറിച്ചു നോക്കി.
അല്ലാത്തപ്പോഴും അവരിങ്ങനെ ബഞ്ചിൽ ഒത്തുകൂടാറുണ്ട്. ഒത്തുകൂടി മണിക്കൂറുകളോളം മൂളിപ്പാട്ടുപാടാറുണ്ട്. ഉച്ചത്തിലുള്ള സ്വരങ്ങൾ അവരെ അവരുടെ ആലസ്യത്തിൽ നിന്നുണർത്തും. അപ്പോൾ അവർ മുറ്റത്തോടിക്കളിക്കും. നാക്കു വളച്ചും മാർജ്ജാരസ്വരങ്ങളുണ്ടാക്കിയും ഓടിക്കളിക്കും. എന്നാൽ അധികസമയം അവർ ഇരുണ്ട, പ്രസന്നതയില്ലാത്ത, അലസതയിലാകും. വിഡ്ഢിത്തത്തിന്റെ അലസത. ദിവസം മുഴുക്കെ ബഞ്ചിലിരിക്കും. ഞാത്തിയിട്ട കാലുകൾ പോലും ചലിപ്പിക്കില്ല. തുപ്പലൊലിപ്പിച്ച് അവർ അവരുടെ പാന്റ്സ് നനയ്ക്കും.
അവരിൽ ഏറ്റവും മുതിർന്നവന് പന്ത്രണ്ട് വയസ്സായി. ഏറ്റവും ഇളയവന് എട്ടും. വൃത്തിഹീനവും അശ്രദ്ധമായതുമായ അവരുടെ രൂപം അവർക്ക് മാതാവിന്റെ ശ്രദ്ധയൊട്ടും ലഭിക്കുന്നില്ല എന്നതിനു തെളിവായിരുന്നു.
ഈ നാലു വിഡ്ഢികളും പക്ഷേ ഒരു കാലത്തവരുടെ മാതാപിതാക്കളുടെ സന്തോഷമായിരുന്നു. വിവാഹം കഴിഞ്ഞ് മൂന്നു മാസമായപ്പോൾ മസീനിയും ബെർറ്റയും ഒരു പുരുഷനും സ്ത്രീയും എന്ന നിലയിൽ സ്വയം കേന്ദ്രീകൃതമായ പ്രണത്തിലമർന്നിരുന്നു. ഭാര്യയും ഭർത്താവും. അതുവഴി അവർ ഒരു മകനെന്നതിലേക്കെത്തിപ്പെട്ടു. പ്രണയിക്കുന്ന രണ്ടു പേർക്ക്, ലക്ഷ്യരഹിതമായ പ്രണയത്തിന്റെ നികൃഷ്ടമായ സ്വാർത്ഥതയിൽ നിന്നും, അതിലുപരി അതിലും മോശമായ പ്രണയത്തിൽ നിന്നും, പുനരാവർത്തനത്തിനോ നവീകരണത്തിനോ പ്രത്യാശ നൽകാത്ത പ്രണയത്തിൽ നിന്നും, മോചിതമായ സ്നേഹബന്ധത്തിനായി ലഭിക്കുന്ന അനുഗൃഹീതമായ ഇത്തരം പവിത്രീകരണത്തേക്കാൾ വലിയ ആനന്ദമെന്തുണ്ട്?
വിവാഹത്തിന്റെ പതിനാലാം മാസത്തിൽ മകനെത്തിയപ്പോൾ മസീനിയുടേയും ബെർറ്റയുടേയും മനസിലുണ്ടായത് ഇത്തരം ചിന്തകളായിരുന്നു. അവരുടെ സന്തോഷം പരിപൂർണ്ണമായിരിക്കുന്നു എന്നും അവർ കരുതി. മകൻ സുന്ദരനായി വളർന്നു വന്നു. ഒന്നര വയസ്സായി. പക്ഷേ ഇരുപതാമത്ത മാസത്തിൽ അവനിൽ അപസ്മാര ലക്ഷണം കണ്ടു. പിറ്റേന്ന് അവന് അവന്റെ മാതാപിതാക്കളെ തിരിച്ചറിയാനാകാതായി. ഡോക്ടർ പരിശോധിച്ചു. രോഗകാരണങ്ങളാരായുന്നതിനും മാതാപിതാക്കളിലുള്ള ബലക്ഷയങ്ങളറിയുന്നതിനും അയാൾ ശ്രമിച്ചു.
ഏതാനും ദിവസങ്ങൾ പിന്നിട്ടപ്പോൾ കുട്ടിയുടെ തളർച്ച ബാധിച്ച കൈകാലുകൾ അവയുടെ ചലനം വീണ്ടെടുത്തു തുടങ്ങി. എന്നാൽ ആത്മാവ്, ധിഷണ, സഹജവികാരങ്ങൾ എന്നിവയെല്ലാം എന്നന്നേക്കുമായി നഷ്ടമായിട്ടുണ്ടായിരുന്നു. അവനൊരു വിഡ്ഢിയായി, മന്ദബുദ്ധിയായി, ചത്തവനെപ്പോലെ അമ്മയുടെ മടിയിൽ കിടന്നു.
“എന്റെ പൊന്നുമോനേ!” എന്ന് അമ്മ തേങ്ങി. തന്റെ ആദ്യപുത്രന്റെ അവസ്ഥ കണ്ട് തേങ്ങി.
നിരാശനായ അച്ഛൻ ഡോക്ടർക്കൊപ്പം പുറത്തിറങ്ങി.
“വലിയ പ്രതീക്ഷയൊന്നുമില്ല എന്നു പറയട്ടെ. അതല്ലാതെ ഒന്നും പറയാനില്ല. ഒരു പക്ഷേ ഇത്തിരി മെച്ചപ്പെട്ടേക്കാം. അവന്റെ മന്ദബുദ്ധിത്വം അനുവദിക്കുന്നതിനനുസരിച്ച് കുറച്ചൊക്കെ പഠിപ്പിച്ചെടുക്കാം. അതിലപ്പുറം ഒന്നും ചെയ്യാനാകില്ല.” ഡോക്ടർ അറിയിച്ചു.
“ശരി.” മസീനി സമ്മതിച്ചു. “ഇത് പാരമ്പര്യ രോഗമാണോ എന്നൊന്ന് പറയാമോ?”
“എന്നു വിശ്വസിക്കണം. പിതാവിന്റെ പക്ഷത്തുനിന്നുള്ള എന്റെ കാഴ്ചയാണിപ്പോൾ ഞാൻ പറഞ്ഞത്. നിങ്ങളുടെ മകനെ കണ്ടപ്പോൾ എനിക്കു തോന്നിയത്. അമ്മയുടെ കാര്യത്തിൽ അത്ര സുഖകരമല്ലാത്ത ഒരു ശ്വാസകോശം കാണുന്നു. അതല്ലാതെ ഒന്നുമില്ല. അമ്മയുടെ ശ്വസനം അത്ര നല്ലതല്ല. ഒന്ന് പരിശോധിപ്പിച്ചോളൂ.”
പശ്ചാത്താപ വിവശനായ മസീനി തന്റെ മകനോടുള്ള സ്നേഹം ഇരട്ടിപ്പിച്ചു. അച്ഛാച്ഛന്റെ അമിത്വങ്ങൾക്ക് വിലകൊടുക്കേണ്ടി വന്ന പേരക്കുട്ടിയോടുള്ള സ്നേഹം. അതിനൊപ്പം അയാൾക്ക് ബെർറ്റയെ സമാധാനിപ്പിക്കുകയും ചെയ്യേണ്ടിയിരുന്നു. ആദ്യമായി മാതാവായതു തന്നെ ഒരു പരാജയമായതിൽ വേദനിച്ചുകൊണ്ടിരുന്ന ബെർറ്റയെ.
സ്വാഭാവികമായും ദമ്പതികൾ അവരുടെ എല്ലാ പ്രതീക്ഷയും സ്നേഹവും രണ്ടാമതൊരു മകനായി അർപ്പിച്ചു. രണ്ടാമത്തെ മകൻ ജനിച്ചു. അവന്റെ ആരോഗ്യവും ചിരിയുടെ വ്യക്തതയും അവരിൽ അസ്തമിച്ചു കിടന്നിരുന്ന പ്രതീക്ഷകൾക്ക് വീണ്ടും ഊർജ്ജം നൽകി. എന്നാൽ പതിനെട്ടാം മാസത്തിൽ ആദ്യത്തെ സന്തതിയിൽ കണ്ട അതേ അപസ്മാര ബാധ ഇവനിലും കണ്ടു. പിറ്റേന്ന് ആ രണ്ടാമത്തെ മകനും ഒരു വിഡ്ഢിയായി ഉണർന്നു.
അതോടെ മാതാപിതക്കൾ പൂർണ്ണ നിരാശയിലായി. അവരുടെ രക്തം, അവരുടെ പ്രണയം, ശപിക്കപ്പെട്ടതാണ്. പ്രത്യേകിച്ചും അവരുടെ പ്രണയം. അവനപ്പോൾ ഇരുപത്തിയെട്ട്. അവൾക്ക് ഇരുപത്തിരണ്ടും. അവരിലുള്ള തീവ്രസ്നേഹം നിറഞ്ഞ മൃദുലവികാരങ്ങൾക്ക് സാധാരണ ജീവിതത്തിന്റെ ഒരണുവിനെ സൃഷ്ടിച്ചെടുക്കാനായില്ല. ആദ്യ സന്തതി പിറക്കുന്നതിനു മുമ്പ് അവർ അവൻ സുന്ദരനും വിവേകിയുമായിരിക്കണേ എന്നു പ്രാർത്ഥിച്ചിരുന്നു. ഇപ്പോൾ അതൊന്നുമില്ല. ഒരു മകനുണ്ടായാൽ മാത്രം മതി. മറ്റു കുട്ടികളെപ്പോലെയുള്ളവനായാൽ മാത്രം മതി.
രണ്ടാമത്തെ അപകടം അവരിൽ വേദനിക്കുന്ന പ്രണയത്തിന്റെ പുതിയ അഗ്നിജ്വാലകളുണർത്തി. അവരുടെ ലോലത്വം, മൃദുത്വം, വീണ്ടെടുക്കണം എന്ന ആഗ്രഹമുണ്ടായി. മൂന്നാമതായി വന്നത് ഇരട്ടകളായിരുന്നു. പടിപടിയായി മൂത്ത രണ്ടു പുത്രന്മാരുടെ അതേ ചരിത്രം ആവർത്തിക്കപ്പെട്ടു.

നീരസങ്ങളെല്ലാമുണ്ടായിരുന്നു എങ്കിലും, നിരാശയുണ്ടായിരുന്നു എങ്കിലും, മസീനിയും ബെർറ്റയും അവരുടെ നാലുപുത്രന്മാരോടും അനുകമ്പയും കരുണയും കാണിച്ചു. അവരിലെ മൃഗീയത്വത്തിൽ നിന്ന് അവരുടെ നഷ്ടപ്പെട്ട ആത്മാക്കളെയല്ല സഹജവാസനകളെ വീണ്ടെടുക്കേണ്ടിയിരിക്കുന്നു. കുട്ടികൾക്ക് ഭക്ഷണമിറക്കാനാകുന്നില്ലായിരുന്നു, ചലിക്കാനോ സ്വയമൊന്നെഴുന്നേറ്റിരിക്കാനോ ആകുന്നില്ലായിരുന്നു. വളരെ ശ്രമങ്ങൾക്ക് ശേഷമവർ നടക്കാൻ പഠിച്ചു. പക്ഷേ നടത്തത്തിനിടയിൽ ചുറ്റിലുമുള്ളതെന്തൊക്കെ എന്നതിലേക്ക് ശ്രദ്ധയെത്താത്തതിനാൽ പലതിലും ചെന്നിടിച്ചു. കുളിപ്പിക്കാനൊരുങ്ങിയാൽ മുഖം കഴുകുന്നതുവരെ അവർ പൂച്ചകളെപ്പോലെ മോങ്ങും. വെള്ളം വായിലെടുക്കും. അവരെ ഏറ്റവും ആകർഷിച്ചത് ഭക്ഷണമായിരുന്നു. പിന്നെ വിവിധ വർണ്ണങ്ങളും ഇടിമുഴക്കവും. അപ്പോൾ അവർ ചിരിക്കും. ഉന്മത്തമായ ചിരി. നാക്ക് പുറത്തിട്ട് ഉമിനീരൊലിപ്പിച്ച് ചിരിക്കും. അതല്ലാത്തപക്ഷം ചിലതെല്ലാം അനുകരിക്കാനാകും എന്നല്ലാതെ മറ്റൊന്നിനും അവർക്കാകുന്നില്ലായിരുന്നു.
വിധിയുടെ ഈ ക്രൂരത ആ ഇരട്ടക്കുട്ടികളോടെ അവസാനിച്ചു എന്നു തോന്നി. പക്ഷേ മൂന്നു വർഷം പിന്നിട്ടപ്പോൾ മസീനിക്കും ബെർറ്റയ്ക്കും ഇനിയുമൊരു കുഞ്ഞുകൂടി വേണം എന്ന ആഗ്രഹം കലശലായി. തങ്ങളുടെ വിപരീത വിധി ഈ ദീർഘകാലയളവിനകം ഇല്ലാതായിട്ടുണ്ടാകും എന്നുമവർ വിശ്വസിച്ചു.
പക്ഷേ അവരുടെ ആഗ്രഹം പൂർത്തീകരിക്കപ്പെട്ടില്ല. ആഗ്രഹമങ്ങനെ ജ്വലിച്ചു നിന്നു. അതിൽ നിന്നുണ്ടായ നിരാശ ഭാര്യാഭർത്താക്കന്മാർക്കിടയിൽ നീരസമായി. അതുവരേക്കും മക്കൾ മൂലമുള്ള ദുരിതങ്ങളും ഉത്തരവാദിത്വങ്ങളും അവർ പങ്കിട്ടെടുത്തിരുന്നു. പക്ഷേ ജന്തുസമാനരായ ആ കുട്ടികളുടെ മോചനത്തിനോ പുരോഗതിക്കോ സാധ്യതയില്ലെന്ന ബോധ്യം അവരിൽ മറ്റേയാളെ കുറ്റപ്പെടുത്തുക എന്ന ഒരു ആധിപത്യസ്വഭാവം സൃഷ്ടിച്ചു. അതിൽ നികൃഷ്ട ഹൃദയങ്ങളുടെ അനന്തരവാകാശ പ്രവണതയുണ്ടായിരുന്നു.
ഉപയോഗിക്കപ്പെടുന്ന സർവ്വനാമങ്ങളിലാണാദ്യം മാറ്റം വന്നത്. `നിന്റെ` കുട്ടികൾ. മറുപക്ഷത്തെ കെണിയിൽ പെടുത്താനും അപമാനിക്കാനും ലക്ഷ്യമിട്ടിരുന്നതിനാൽ അന്തരീക്ഷമാകെ മാറി.
“ഈ കുട്ടികളെ ഒന്നുകൂടി വൃത്തിയിൽ നടത്താൻ നിനക്കാകും എന്നെനിക്ക് തോന്നുന്നു.” അകത്തേക്ക് കയറിവന്ന് കൈ കഴുകിക്കൊണ്ടിരുന്ന മസീനി പറഞ്ഞു. ബെർറ്റ അത് കേട്ടില്ല എന്നു നടിച്ചു. വായന തുടർന്നു.
“ആദ്യമായാണ് നിന്റെ മക്കളിൽ നിനക്കെന്തെങ്കിലും താത്പര്യമുള്ളതായി ഞാൻ കാണുന്നത്” ഒരു ഇടവേളക്കു ശേഷം അവൾ പറഞ്ഞു. അതുകേട്ട് മുഖത്തു പുഞ്ചിരി നിർബന്ധിച്ചു വരുത്തി അവൻ അവളിലേക്ക് തല തിരിച്ചു. “നമ്മുടെ മക്കളല്ലേ?”
“ശരി, നമ്മുടെ മക്കൾ. നിനക്കങ്ങനെയാകണമെങ്കിൽ അങ്ങനെ.”
ഇത്തവണ മസീനി വളച്ചുകെട്ടില്ലാതെ കാര്യം പറഞ്ഞു. “എന്നെയാണു കുറ്റപ്പെടുത്തേണ്ടതെന്ന് പറയുകയല്ലല്ലോ നീ?”
“അങ്ങനെയല്ല.” ബെർറ്റ ഒന്ന് പുഞ്ചിരിച്ചു. വിളറി. “പക്ഷേ കുറ്റക്കാരി ഞാനുമല്ല എന്നാണെന്റെ അനുമാനം. എനിക്കത്രെയേ വേണ്ടൂ…” അവൾ മന്ത്രിച്ചു.
“എന്താണത്? എന്താണു നിനക്കു വേണ്ടത്?”
“ആരെയെങ്കിലും കുറ്റപ്പെടുത്തണമെങ്കിൽ അതെന്നെയാകരുത്. അതോർമ്മയുണ്ടാകണം. അത്രയേ ഉദ്ദേശിച്ചുള്ളു.”
ഭർത്താവിനു കോപമടക്കാനായില്ല. അയാൾ അവളെ രൂക്ഷമായൊന്ന് നോക്കി. അവളെ പരിക്കേല്പിക്കുകയെങ്കിലും വേണം എന്നാ നോട്ടത്തിലുണ്ടായിരുന്നു.
“മതി. നമുക്ക് നിർത്താം.” അയാൾ കൈ തുടച്ചുകൊണ്ട് പറഞ്ഞു.
“നിന്റെ ഇഷ്ടം. എന്നാലും നീ ഉദ്ദേശിച്ചത്…”
“ബെർറ്റാ”
“നിന്റെ ഇഷ്ടം.”
ഇതായിരുന്നു ആദ്യ സംഘർഷം. അതിന്റെ ആവർത്തനങ്ങളും തുടർച്ചകളുമുണ്ടായി. ഓരോന്നിനു ശേഷവും അനിവാര്യമായ സമവായങ്ങളും ഒത്തുതീർപ്പുകളും. മറ്റൊരു കുഞ്ഞുകൂടി വേണമെന്ന ആഗ്രഹം അപ്പോഴൊക്കെ അവരുടെ മനസിൽ ഇരട്ടിയായി.
അങ്ങനെ ഒരു മകൾ പിറന്നു. രണ്ടു വർഷത്തോളം വലിയ ആകാംക്ഷയിൽ മസീനിയും ബെർറ്റയും അവൾക്കരികിൽ നിന്ന് മാറാതെ നിന്നു. ഒരപകടം ഏതു നിമിഷത്തിൽ വേണമെങ്കിലുമുണ്ടാകാം എന്ന് പ്രതീക്ഷിക്കുന്നതുപോലെ. പക്ഷേ അതുണ്ടായില്ല. എന്നിട്ടും മാതാപിതാക്കൾ മകളിൽ നിന്ന് ശ്രദ്ധ വ്യതിചലിപ്പിച്ചില്ല. മകളാകട്ടെ അതിൽ നിന്ന് ലാഭമെടുത്തു. തന്നിഷ്ടക്കാരിയായി. മോശം പെരുമാറ്റങ്ങളുണ്ടായി.
തുടർന്നുള്ള വർഷങ്ങളിലും ബെർറ്റ നാലുപുത്രന്മാരുടെ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടായിരുന്നു എങ്കിലും ബെർറ്റിറ്റയുടെ ജനനശേഷം അവരെ മിക്കവാറും അവഗണിച്ചതുപോലെയായി. അവരെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയാൽ തന്നെ അവൾ അസ്വസ്ഥയാകും. ഭയപ്പെടും. തീർത്തും അതിഭയാനകവും അത്യാചാരവുമായ എന്തൊക്കെയോ ചെയ്യാൻ തന്നെ നിർബന്ധിക്കുകയാണെന്നതുപോലെയാകും. മസീനിയുടെ കാര്യവും വ്യത്യസ്തമായിരുന്നില്ല. എന്നാൽ ബെർറ്റയുടെ അത്ര തീവ്രമായിരുന്നില്ലെന്നു മാത്രം.
എന്നിരുന്നാലും അവരുടെ ആത്മാവിനു ശാന്തി ലഭിച്ചില്ല. മകൾക്കുണ്ടാകുന്ന ചെറിയ അസ്വസ്ഥകൾ പോലും അവളെ നഷ്ടപ്പെടുമോ എന്ന ഭയത്തിനു കാരണമായി. അവരുടെ ബുദ്ധിമാന്ദ്യം സംഭവിച്ച സന്താനങ്ങൾ സൃഷ്ടിച്ച കയ്പ്പു രസത്തെ ഉണർത്തി. ഇത്രയും കാലം ഉള്ളിലടിഞ്ഞുകൂടിയ നീരസം അന്തർധമനികളിൽ നിന്ന് വിഷമായി പുറത്തേക്കൊഴുകാൻ തയ്യാറെടുത്തു. വിഷലിപ്തമായ ആദ്യ വഴക്കിനു ശേഷം തന്നെ അവർക്കിടയിലുണ്ടായിരുന്ന പരസ്പര ബഹുമാനം നഷ്ടപ്പെട്ടിരുന്നു. എന്തിനെങ്കിലും തുടക്കമിട്ടാൽ മറുപക്ഷത്തെ പൂർണ്ണമായും അപമാനിക്കാതെ അവർക്ക് സംതൃപ്തി ലഭിക്കില്ലായിരുന്നു. ക്രൂരമായ സംതൃപ്തി. മനുഷ്യനെ ആകർഷിക്കുന്ന മറ്റൊന്നില്ലല്ലോ. മുമ്പെല്ലാം അവർക്കുണ്ടായ പരാജയങ്ങൾ അവരെ ഇരുവരേയും ഒരുപോലെ നിയന്ത്രിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഒരു വിജയമുണ്ടായപ്പോൾ, അതിന്റെ ശ്രേയസ്സ് ഇരുവരും അവകാശപ്പെട്ടു. അതിനൊപ്പം ആ നാല് വികൃത സന്താനങ്ങളുടെ കളങ്കം മറ്റേയാൾ തന്നിൽ അടിച്ചേല്പിച്ചതാണെന്ന് ഉറച്ചു വിശ്വസിക്കുകയും ചെയ്തു.
വികാരങ്ങൾ ഇങ്ങനെയൊക്കെയായിരിക്കെ ആ നാലുപുത്രന്മാരോട് മമതയുണ്ടാകുക, സ്നേഹമുണ്ടാകുക, അസാധ്യമായിരുന്നു. പരിചാരിക അവർക്ക് ഭക്ഷണം നൽകി, വസ്ത്രം ധരിപ്പിച്ചു, ഉറക്കി. അതെല്ലാം ഒട്ടും സ്നേഹമില്ലാതെ ക്രൂരമായാണവർ ചെയ്തുകൊണ്ടിരുന്നത്. കുളിപ്പിക്കുക എന്നതൊന്നും അവരങ്ങനെ ചെയ്യാറില്ലായിരുന്നു. അവർ ദിവസം മുഴുക്കെ ആ ചുമരിനെ നോക്കി ഇരുന്നു. ആരുടെയെങ്കിലും അനുകമ്പയോ തലോടലോ ലഭിക്കുക എന്നതില്ലാതെ അവരങ്ങനെ ഇരുന്നു.
അങ്ങനെയിരിക്കെ ബെർറ്റിറ്റയുടെ നാലാം പിറന്നാളായി. അന്നു രാത്രി അവൾ ആവശ്യപ്പെട്ടയത്ര മധുരം നൽകാതിരിക്കാൻ മാതാപിതാക്കൾക്കായില്ല. അവർക്കത് നിരസിക്കാനായില്ല. ആ രാത്രിയിൽ തന്നെ അവൾക്ക് പനി തുടങ്ങി. അവൾ മരിച്ചുപോകും അല്ലെങ്കിൽ മന്ദബുദ്ധിയാകും എന്നൊരു ചിന്ത അതോടെ മാതാപിതാക്കളിൽ ഭയമായി വളർന്നു.
മൂന്നു മണിക്കൂറോളം അവർ പരസ്പരം സംസാരിച്ചില്ല. മസീനിയുടെ വേഗം കൂടിയ ഉലാത്തൽ പിന്നെ സംസാരമാരംഭിക്കുന്നതിനൊരു കാരണമായി.
“ദൈവമേ! എന്തൊരു വേഗമാണിത്. ഒന്നു മെല്ലെ നടന്നുകൂടേ….”
“ശരി. ശരി. ഞാൻ മറന്നു. ഇനി നടക്കുന്നില്ല. അങ്ങനെ എന്തെങ്കിലും വിചാരിച്ച് നടന്നു തുടങ്ങിയതൊന്നുമല്ല.”
അവൾ പരിഹസിച്ച് ചിരിച്ചു.
“ഇല്ല. ഇല്ലെന്ന് എനിക്കറിഞ്ഞുകൂടെ.”
“നീ അങ്ങനെ വിശ്വസിക്കില്ല എന്നെനിക്കറിയാം…നശിച്ചവളാണു നീ.”
“എന്താ പറഞ്ഞത്?”
“ഒന്നുമില്ല.”
“നീ എന്തോ പറഞ്ഞത് ഞാൻ കേട്ടു. എന്താണെന്ന് എനിക്കറിയില്ല. എന്തായാലും നിങ്ങളെപ്പോലെ ഒരാളല്ല എന്റെ അച്ഛൻ.”
മസീനി വിളറി.
അയാൾ പല്ലു ഞെരിച്ചു. “അവസാനമിതാ ഇതും. നീ ഇതുവരെ പറയാനാഗ്രഹിച്ചത് പറഞ്ഞുവല്ലോ, വിഷം.”
“അതെ വിഷമാണ്. പക്ഷേ എനിക്ക് ആരോഗ്യമുള്ള മാതാപിതാക്കളുണ്ടായിരുന്നു. മനസിലായോ? ആരോഗ്യമുള്ളവർ. എന്റെ അച്ഛൻ ജ്വരം ബാധിച്ച് ഉന്മത്തനായല്ല മരിച്ചത്. എനിക്കും മറ്റുള്ളവരെപ്പോലെ നല്ല കുട്ടികളുണ്ടാകുമായിരുന്നു. ഈ നാലെണ്ണം നിങ്ങളുടെ കുട്ടികളായി പോയി.“
അതു കേട്ടതും മസീനി പൊട്ടിത്തെറിച്ചു.
”വിഷപ്പാമ്പാണു നീ. അതു തന്നെയാണു നിന്നെ ഞാൻ വിളിച്ചതും. അതാണു നിന്നോടെനിക്ക് പറയാനുള്ളത്. ഈ കുട്ടികളുടെ രോഗത്തിനുത്തരവാദി ആരാണെന്ന് നീ ഡോക്ടറോടൊന്ന് ചോദിക്ക്. എന്റെ അച്ഛനാണോ അതോ നിന്റെ അഴുകിയ ശ്വാസകോശമോ? വിഷപ്പാമ്പ്.“
അവരിലെ ആക്രമണോത്സുകത വർദ്ധിച്ചു. ബെർറ്റിറ്റയിൽ നിന്ന് ഒരു ഞരക്കം വന്നയുടൻ അവർ പക്ഷേ വായടച്ചു. പ്രഭാതത്തിൽ ഒരു മണിയോടെ ആ കുട്ടിയിൽ അതുവരെ കണ്ടിരുന്ന ചെറിയ വയറിളക്കം നിലച്ചു. പരസ്പരം തീവ്രമായി സ്നേഹിക്കുന്ന യുവദമ്പതികളിലെല്ലാം കാണുന്നതുപോലെ ഇരുവരും പെട്ടെന്ന് ഒത്തുതീർപ്പിലായി.
പിറ്റേന്നത്തെ പ്രഭാതം സുന്ദരമായിരുന്നു. പക്ഷേ ഉണർന്നെഴുന്നേറ്റ ബെർറ്റ ചോര തുപ്പി. അന്നു രാത്രിയിൽ അവളനുഭവിച്ച പീഢ അതിഭീകരമായിരുന്നു എന്നതിൽ സംശയമില്ല. അതായിരിക്കണം ഇങ്ങനെ ചോരതുപ്പിയതിനു കാരണം. അതു കണ്ട് മസീനി അവളെ ദീർഘമായി ആലിംഗനം ചെയ്തു. അവൾ നിരാശപൂണ്ട് ഉറക്കെ കരഞ്ഞു. പക്ഷേ ഇരുവർക്കും ആശ്വാസവാക്കുകൾ പറയാനാകുന്നില്ലായിരുന്നു.
പത്തു മണിയോടെ, ഉച്ചഭക്ഷണം കഴിഞ്ഞാൽ ഒന്നു പുറത്തിറങ്ങാം എന്ന നിർണ്ണയത്തിൽ അവരെത്തി. ഉച്ചഭക്ഷണം തയ്യാറാക്കാൻ അവരുടെ കൈവശം അധികം സമയമില്ലായിരുന്നു. അതിനാൽ ഒരു കോഴിയെ കൊല്ലാൻ അവർ പരിചാരികയോട് ആവശ്യപ്പെട്ടു.
സുന്ദരമായ പ്രഭാതം ആ ആൺകുട്ടികളെ പതിവുപോലെ അവരുടെ ബഞ്ചിലെത്തിച്ചു. പരിചാരിക അടുക്കളയിൽ കോഴിയുടെ കഴുത്ത് മുറിക്കാൻ തയ്യാറെടുത്തു. ഇത്തിരി ലുബ്ധോടെ ചോരയൊഴുകാൻ തുടങ്ങി. (ഇങ്ങനെ ചെയ്താൽ മാംസത്തിന്റെ പുതുമ നഷ്ടപ്പെടാതിരിക്കും എന്ന് ബെർറ്റയുടെ അമ്മ അവളെ പഠിപ്പിച്ചിരുന്നു.) അപ്പോഴാണ് പുറകിൽ നിന്ന് ആരുടെയൊക്കെയോ ശ്വസനം വരുന്നോ എന്ന ശങ്കയുണ്ടായത്. അവൾ തിരിഞ്ഞു നോക്കി. നാലു വിഡ്ഢികളും തോളോട് തോളുരുമ്മി അവിടെ നിൽക്കുന്നു. അവിടെ നടക്കുന്ന പ്രവർത്തനം അന്ധാളിപ്പോടെ നോക്കിക്കാണുകയാണവർ….ചുവപ്പ്…ചുവപ്പ്…എന്നവർ പറയുന്നുമുണ്ട്.
“സെനോറാ… കുട്ടികൾ അടുക്കളയിൽ വന്ന് നിൽക്കുന്നു” പരിചാരിക വിളിച്ചു കൂവി.
ബെർറ്റ ഓടിയെത്തി. കുട്ടികൾ അടുക്കളയിൽ കാലുകുത്തുന്നത് അവർക്കിഷ്ടമല്ല. സർവ്വം മാപ്പാക്കിയിരിക്കുന്ന, എല്ലാം മറന്നിരിക്കുന്ന, സന്തോഷം തിരിച്ചു പിടിക്കപ്പെട്ടിരിക്കുന്ന ഈ നിമിഷത്തിലായാലും അതിഷ്ടമല്ല. ഇതൊരു ഭീകര കാഴ്ചയാണ്. കാരണം ഭർത്താവിനോടും മകളോടുമുള്ള സ്നേഹം എത്രകണ്ട് ഹർഷത്തിലാകുന്നോ അത്രയും ഈ ഭീകരജീവികളോടുള്ള
വെറുപ്പും വർദ്ധിക്കുന്നു.
“ഇവിടെ നിന്ന് പുറത്ത് കടക്ക്. ഇവയെ പുറത്താക്ക് മറിയ. വലിച്ചെറിയ്.”
ആ പാവം വന്യമൃഗങ്ങളെ മറിയ വലിച്ചിഴച്ചും. തൊഴിച്ചും പുറത്താക്കി. അവർ അവരുടെ ബഞ്ചിലേക്ക് മടങ്ങി.
ഉച്ചഭക്ഷണത്തിനു ശേഷം എല്ലാവരും പുറത്തു പോയി. പരിചാരിക ബ്യുണോസ് അയേഴ്സിലേക്കും ദമ്പതികളും കുട്ടിയും ഗ്രാമത്തിലൊന്ന് നടക്കാനും. അവർ മടങ്ങിയെത്തിയപ്പോഴേക്കും അസ്തമയമായിത്തുടങ്ങിയിരുന്നു. എന്നിട്ടും വഴിയിൽ കണ്ടവരോടും അയൽക്കാരോടും ബെർറ്റ സംസാരിച്ചു നിന്നു. അവരുടെ മകൾ വീട്ടിലേക്കോടി.
ഇതിനിടയിലൊന്നും ആ വിഡ്ഢികൾ നാലും അവരുടെ ബഞ്ചിൽ നിന്നനങ്ങിയിട്ടില്ലായിരുന്നു. സൂര്യൻ ചുമരിനപ്പുറത്തെത്തിയിരിക്കുന്നു. അവിടെ മുങ്ങിത്താഴാനാരംഭിച്ചിരുന്നു. അവരപ്പോഴും ഇഷ്ടികകളിലേക്ക് തുറിച്ചു നോക്കി ഇരിപ്പാണ്. പണ്ടത്തേതിനേക്കാൾ ഉന്മേഷമില്ലാതെയാണാ ഇരിപ്പ്.
പെട്ടെന്ന് അവരുടെ കാഴ്ചയ്ക്കും ചുമരിനും ഇടയിലേക്കെന്തോ കയറി വന്നു. അച്ഛനമ്മമാർക്കൊപ്പം നാലഞ്ചു മണിക്കൂർ നടന്ന് നാടുകണ്ട അനുജത്തിക്ക് മടുത്തിരുന്നു. അവൾക്ക് ചിലതെല്ലാം സ്വയം കാണണമെന്ന് തോന്നി. അവൾ ചുമരിനരികിൽ വന്നു നിന്നു. അവൾക്കതിനു മുകളിലേക്കു കയറണം. അതെങ്ങനെ ചെയ്യും. ഇരിപ്പിടമില്ലാത്ത ഒരു കസേര അവൾ കണ്ടെത്തി. അതിനു മുകളിൽ കയറി. എന്നിട്ടും ചുമരിനു മുകളിലേക്കെത്താനാകുന്നില്ല. ഒരു മണ്ണെണ്ണപാട്ട കിടക്കുന്നതു കണ്ടു. അത് കസേരയ്ക്ക് മുകളിൽ സ്ഥാപിച്ചു. അപ്പോൾ ചുമരിനു മുകളിലേക്കു കയറാനായി.
നാലു വിഡ്ഢികളും ഈ കാഴ്ചകളെല്ലാം ഒട്ടും ഭാവ വ്യത്യാസമില്ലാതെ കണ്ടുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. അവൾ തന്റെ സമതുലിതാവസ്ഥ വീണ്ടെടുക്കുന്നതും ചുമരിൽ രണ്ടു കയ്യും വച്ച്, തല അതിനിടയിലേക്കുയർത്തി നിൽക്കുന്നതും അവർ കണ്ടു. ഒന്നു കൂടി ഉയരത്തിലേക്കെത്താൻ ഒരു പെരുവിരലുറപ്പിക്കാനാകുന്നയിടമുണ്ടോ എന്നവൾ തിരയുന്നതും കണ്ടു.
വിഡ്ഢികളുടെ നോട്ടം സജീവമായി. അവരുടെ കണ്ണുകൾ തിളങ്ങി. ആ കണ്ണുകളെല്ലാം അവരുടെ അനുജത്തിയിലായിരുന്നു. അവരുടെ മുഖത്ത് കുറേയേറേ ഭക്ഷണം ലഭിച്ചതുപോലൊരു സന്തോഷമുണ്ടായി. സാവധാനത്തിൽ അവർ ചുമരിനരികിലേക്കു നീങ്ങി. അപ്പോഴേക്കും അനുജത്തി ചുമരിൽ ഒരു കാലുറപ്പിച്ചിരുന്നു. ഒന്നു കൂടി ശ്രമിച്ചാൽ മറുഭാഗത്തേക്ക് ചാടാം എന്നായിട്ടുണ്ടായിരുന്നു. അതിനിടയിൽ തന്റെ ഒരു കാലിലാരോ പിടിമുറുക്കിയിരിക്കുന്നോ എന്ന തോന്നലുണ്ടായി. അവൾക്ക് കിഴെ എട്ടു കണ്ണുകൾ. അതവളെ ഭയപ്പെടുത്തി.
“എന്നെ വിട്. ഞാൻ പോകട്ടെ” അവൾ കുതറി. കരഞ്ഞു. പക്ഷേ പിടി വിടുവിക്കാനായില്ല.
“മമ്മാ… പപ്പാ…ഓഹ്….മമ്മാ” അവൾ കരഞ്ഞുകൊണ്ടേയിരുന്നു. പക്ഷേ അപ്പോഴേക്കും അവളൊരു തടവുപുള്ളിയെപ്പോലെയായിട്ടുണ്ടായിരുന്നു. എങ്കിലും ചുമരിനു മുകളിലെ പിടി വിടാതിരിക്കാൻ അവൾ ശ്രമിച്ചു. താഴെ നിന്നുള്ള പിടിവലിയുടെ ശക്തിയെ പക്ഷേ അവൾക്ക് തടയാനായില്ല.
“മമ്മാ….മമ്മാ” അതോടെ അവളുടെ കരച്ചിലും നിലച്ചു. ചേട്ടന്മാരിൽ ഒരാൾ അവളുടെ കഴുത്തു പിടിച്ച് ഞെരിച്ചു. മുടിച്ചുരുളുകൾ തൂവലുകളാണെന്നതുപോലെ അകറ്റി. മറ്റ് മൂന്നുപേരും ചേർന്ന് അവളെ വലിച്ചിഴച്ചു. കാലിൽ പിടിച്ച് അടുക്കളയിലേക്ക് വലിച്ചിഴച്ചു. അന്നു കാലത്ത് അവിടെയാണ് കോഴിയുടെ രക്തമൊഴുകിയത്. അവളെ അവർ മുറുകെ പിടിച്ചു. ആ പിടുത്തം അവളിൽ നിന്ന് ഓരോ നിമിഷത്തിലും ജീവനെ അകറ്റിക്കൊണ്ടിരുന്നു.
വീടിനു മുന്നിലെത്തിയ മസീനിയ്ക്ക് മകളുടെ കരച്ചിൽ കേട്ടുവോ എന്ന സംശയം തോന്നി.
“അവൾ നിന്നെ വിളിക്കുന്നുണ്ടെന്ന് തോന്നുന്നു.” അയാൾ ബെർറ്റയോട് വിളിച്ചു പറഞ്ഞു.
അവർ കാതോർത്തെങ്കിലും സ്വരമൊന്നും വന്നില്ല. എങ്കിലും അയൽക്കാരനോട് യാത്ര പറഞ്ഞ് അവൾ തൊപ്പിധരിച്ചു. മസീനി മുറ്റത്തേക്ക് നീങ്ങി. “ബെർറ്റീറ്റാ” അയാൾ വിളിച്ചു. മറുപടിയൊന്നും വന്നില്ല.
“ബെർറ്റീറ്റാ” അയാൾ ഉച്ചത്തിൽ വിളിച്ചു.
നിശ്ശബ്ദത ഭയപ്പെടുത്തുന്നതായിരുന്നു. ഭയം എന്ന വികാരം മാത്രം നിതാന്തമായി നിലകൊള്ളുന്ന അയാളുടെ മനസ്സിൽ ഒരു തണുപ്പിരച്ചു കയറി. എന്തൊക്കെയോ അശുഭ ചിന്തകളെത്തി.
“എന്റെ മകൾ. എന്റെ മകൾ” അയാൾ ഭ്രാന്തെടുത്ത് വീടിനു ചുറ്റിലുമോടി. അടുക്കളക്കരികിലെത്തിയപ്പോൾ നിലത്ത് രക്തമൊഴുകുന്നതു കണ്ടു. രക്തത്തിന്റെ കടൽ. അയാൾ പാതിയടച്ച വാതിൽ തള്ളിത്തുറന്നു. ഭയന്ന് നിലവിളിച്ചു.
മസീനിയുടെ ആകാംക്ഷയും ഭയവും കലർന്ന വിളികൾ കേട്ട് ബെർറ്റയും ഓട്ടമാരംഭിച്ചിരുന്നു. അവരും കരയുന്നുണ്ടായിരുന്നു. അടുക്കളക്കരികിലേക്കോടിയ അവരെ മസീനി തടഞ്ഞു. ചത്തവനെപ്പോലെ വിളറിയിരുന്നു അയാൾ. അവളെ അയാൾ ബലമായി തന്നെ തടഞ്ഞുവച്ചു.
“അകത്തു പോകരുത്. അകത്തു പോകരുത്.”
പക്ഷേ ബെർറ്റ രക്തമൊഴുകുന്ന നിലം കണ്ടു കഴിഞ്ഞു. അവൾക്കൊന്ന് കരയാൻ പോലുമായില്ല. കൈകൾ തലയിലേക്കുയർന്ന് അവൾ തന്റെ ഭർത്താവിനെയൊന്ന് ചാരി നിന്നു. പിന്നെ നിലത്തേക്ക് ഊർന്ന് വീണു.

ഹറേഷിയൊ കീറോഗ
(1878-1937), ഉറുഗ്വെ
ലാറ്റിനമേരിക്കൻ സാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയരായ ചെറുകഥാകൃത്തുകളിൽ ഒരാളായിരുന്നു ഹറേഷിയൊ കീറോഗ. ഉറുഗ്വേയിലെ സാൽട്ടോയിൽ ജനിച്ച അദ്ദേഹം പിന്നീട് അർജന്റീനയിൽ സ്ഥിരതാമസമാക്കി. മനുഷ്യജീവിതവും പ്രകൃതിയും തമ്മിലുള്ള സംഘർഷം, മരണത്തിന്റെ അനിവാര്യത, ഏകാന്തത, മനുഷ്യന്റെ അഗാധമായ മാനസിക സംഘട്ടനങ്ങൾ എന്നിവയാണ് അദ്ദേഹത്തിന്റെ കഥകളിലെ പ്രധാന പ്രമേയങ്ങൾ. ക്വിറോഗയുടെ ജീവിതം ദുരന്തങ്ങളാൽ നിറഞ്ഞതായിരുന്നു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും അകാലമരണങ്ങൾ അദ്ദേഹത്തെ ആഴത്തിൽ സ്വാധീനിച്ചു. ഈ അനുഭവങ്ങളുടെ പ്രതിഫലനം അദ്ദേഹത്തിന്റെ രചനകളിൽ വ്യക്തമായി കാണാം. അർജന്റീനയിലെ മിസിയോനസ് വനപ്രദേശങ്ങളിൽ ചെലവഴിച്ച വർഷങ്ങൾ അദ്ദേഹത്തിന് പ്രകൃതിയെ അടുത്തറിയാൻ അവസരമൊരുക്കി. അതിന്റെ ഫലമായി വന്യജീവിതവും മനുഷ്യന്റെ അതിജീവനപ്പോരാട്ടവും അദ്ദേഹത്തിന്റെ കഥകളിൽ ശക്തമായി പ്രത്യക്ഷപ്പെട്ടു. സ്പാനിഷ് ഭാഷയിലെ ആധുനിക ചെറുകഥയുടെ ശിൽപ്പികളിലൊരാളായി കണക്കാക്കപ്പെടുന്ന ഹറേഷിയൊ കീറോഗയുടെ കൃതികൾ ഇന്നും ലോകമെമ്പാടുമുള്ള വായനക്കാരെയും സാഹിത്യപഠിതാക്കളെയും ആകർഷിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ രചനകൾ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സങ്കീർണബന്ധത്തിന്റെ അനശ്വരമായ ആവിഷ്കാരങ്ങളായി വിലയിരുത്തപ്പെടുന്നു)

വിവ : സുരേഷ് എം.ജി







No Comments yet!