Skip to main content

സിൽവിയ പ്ലാത്ത് – ജീവിതത്തിനും മരണത്തിനുമിടയിലെ വാക്കുകൾ

1963 ഫെബ്രുവരി 11-നാണ് സിൽവിയ പ്ലാത്ത് ആത്മഹത്യ ചെയ്തത്. അവരുടെ സമാഹൃത കവിതകളിലെ അവസാന കവിതയാണ് Edge (അറ്റം). ഒരുപക്ഷേ, അവരുടെ അവസാന കവിത. ആത്മഹത്യ ചെയ്യുന്നതിന് ആറു ദിവസം മുമ്പ്, ഫെബ്രുവരി 5-ന് എഴുതിയത്.

സിൽവിയ പ്ലാത്ത് വെറും 31 വയസ്സുവരെ മാത്രമാണ് ജീവിച്ചത്. സിൽവിയ പ്ലാത്തിന്റെ കവിതകളിൽ ഏതു നേരത്തും മരണം കടന്നുവരുന്നു. SYLVIA PLATH, COLLECTED POEMS കുറച്ചു പതിറ്റാണ്ടുകൾക്കു മുമ്പ് അന്നത്തെ ബോംബെയിൽനിന്ന് എന്റെ കൂടെ വന്നു. ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റൽ എന്ന കാൻസർ ആശുപത്രിയിൽ എന്റെ അച്ഛന്റെ കൂട്ടിരിപ്പുകാരനായിരുന്നു ഞാൻ. ചുറ്റിലും മരണമുണ്ടായിരുന്നു. പരേലിലെ ദേശി ദാരു വിൽക്കുന്ന ഒരു കടയിലെ ബെഞ്ചിലിരുന്നാണ് അതിന്റെ ആദ്യ താളുകൾ ഞാൻ മറിച്ചത്. ഇന്ന് കണ്ണൂരിലെ ഈ പ്രഭാതത്തിൽ ഞാൻ വീണ്ടും അത് വായിക്കാൻ കൈയിലെടുക്കുന്നു.

കവിത – ‘അറ്റം’ – സിൽവിയ പ്ലാത്ത്

ആ സ്ത്രീ പൂർണ്ണതയിലെത്തി.
അവളുടെ മൃതദേഹത്തിൽ
സാഫല്യത്തിന്റെ പുഞ്ചിരിയുണ്ട്,
ഒരു ഗ്രീക്ക് അനിവാര്യതയുടെ വികല്പം
അവളുടെ മേലാടയുടെ ചുരുളുകളിൽ
ഒലിക്കുന്നുണ്ട്.

ഇവിടെ വരെ എത്തി, അത് തീർന്നു
എന്ന് അവളുടെ നഗ്നപാദങ്ങൾ
പറയുന്നതുപോലെ.

മരിച്ചുപോയ ഓരോ കുഞ്ഞും ചുരുണ്ട്
ഒരു വെളുത്ത സർപ്പത്തെപ്പോലെ
ഓരോരോ കുഞ്ഞു പാൽഭരണികളിൽ,
ഇപ്പോൾ അവ ശൂന്യം.

ഒരു തമോപുഷ്പത്തിന്റെ
മാധുര്യമേറിയ, ആഴമേറിയ
കണ്ഠനാളത്തിൽനിന്ന്
ഗന്ധങ്ങളുടെ ചോരയൊലിക്കുമ്പോൾ,
ഒരു പൂന്തോട്ടം കല്ലിച്ചുപോകുമ്പോൾ,
അടഞ്ഞുപോകുന്ന
പനിനീർപ്പൂവിന്റെ ഇതളുകൾപോലെ,
അവരെയെല്ലാം അവൾ തിരിച്ച്
തന്റെ ശരീരത്തിലേക്ക്
മടക്കിവെക്കുന്നു.

ചന്ദ്രന് വ്യസനിക്കാനൊന്നുമില്ല,
അസ്ഥികളുടെ മൂടുപടത്തിലൂടെ
അവൾ തുറിച്ചുനോക്കുന്നു.
ഇതൊക്കെ അവൾക്ക് പരിചിതം.

അവളുടെ ഇരുളുകൾ
പൊടിഞ്ഞുകൊണ്ടിരിക്കുന്നു,
പിന്നിൽ ഇഴഞ്ഞുകൊണ്ടും.

***

പ്രതാപന്‍ എ.

The opinions and positions expressed in articles published and comments posted here are those of its authors and not of chenda.co The author has full responsibility for the views. Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act. Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.