ബാല്യവഴികളിലെ
ഇരുണ്ട ഇടനാഴികളിൽ
ഒട്ടിച്ച അവസാന ചിത്രങ്ങളിൽ
നമ്മൾ ആനമയിലൊട്ടകങ്ങൾ.
ചെമ്മാനത്ത് കാട്ടാനകൾ
മദിക്കുന്നത് കണ്ടപ്പോളവൻ
ആനയാകാമെന്നേറ്റു,
തൂണുപോലെ കാലുകളും
ചൂലുപോലെ വാലും വീശി
കറുത്തിരുണ്ട മേഘം കണക്കെ
അവൻ നിന്നു;
നീയപ്പോൾ ഒട്ടകമായി
ഒരു മരുഭൂമിയെ സ്വന്തമാക്കി,
അവിടുത്തെ നിസ്സഹായതയിൽ
ഒരിക്കലെന്നോ കാണുന്ന ഈന്തപ്പനനിഴലിൽ നീ തീ കണ്ടു.
ആ കനൽവഴികളിൽ
നഗ്നപാദങ്ങളാൽ നീ നടന്നു!
നിൻ്റെ കാഴ്ചകളിൽ
മരീചിക വിരുന്നൊരുക്കി;
ഞാനിവിടെ മയിലായി
ഇടിമുഴക്കം കേൾക്കുമ്പോഴേക്കും
പീലി വീശി ആട്ടമാരംഭിച്ചു.
വെട്ടുകിളികളുടെ മേഘമാലകൾ
എൻ്റെ പാതകളിൽ പടർന്നത്
അറിയാതെ നിന്നു;
എരിഞ്ഞടങ്ങുന്ന സംസ്കാരങ്ങൾക്ക്
എൻ്റെയും നിൻ്റെയും അവൻ്റെയും
പ്രാണരൂപങ്ങൾ,
നമ്മുടെ രൂപങ്ങളിൽ
നാം അറിയാരൂപങ്ങളായി.
***
![]()
ടി. ഐശ്വര്യ







No Comments yet!