
അങ്ങനെയാണെന്ന് (സാധാരണ നിലയില്‍) അംഗീകരിക്കപ്പെടാറില്ലെങ്കിലും സാര്‍വ്വലൗകികമായ ഒരു അറിവാണ് സമൂഹത്തെ ഏറ്റവും നന്നായി മനസിലാക്കാനാകുന്നത് അതിന്റെ ശിക്ഷാ വ്യവസ്ഥകളിലൂടെയാണെന്നത്. `ദ സെല്‍ ആന്‍ഡ് ദ സോള്‍` (The Cell and the Soul: A Prison Memoir) എന്ന ജയിലോര്‍മ്മക്കുറിപ്പുകളില്‍ ആനന്ദ് ടെല്‍തുംബ്ദെ നിരീക്ഷിച്ചിരിക്കുന്നതുപോലെ ”തടവുപുള്ളികള്‍ ശൂന്യാകാശത്തുനിന്ന് വരുന്നവരല്ല. സമൂഹത്തില്‍ നിന്നു തന്നെയുള്ളവരാണ്.” പക്ഷേ, നിയമലംഘനം നടത്തി എന്ന ധാരണയില്‍ സമൂഹം പരിത്യജിച്ചവരെ ജയില്‍ ”പരിഷ്‌കരിക്കുന്നു” എന്നതിനാല്‍ തടവിനോടൊപ്പം എഴുതിച്ചേര്‍ത്തിരിക്കുന്ന വാക്കുകളാണ് തിരസ്‌കാരവും ബഹിഷ്‌കരണവും. ജയിലിലടക്കപ്പെട്ടവര്‍ കുറ്റവിചാരണ നേരിടുന്നവരാണോ അതോ കുറ്റവാളികളായി പ്രഖ്യാപിക്കപ്പെട്ടവരാണോ എന്നതിനിതില്‍ വ്യത്യാസമൊന്നുമില്ല. ”ഒരു കുറ്റവാളി എന്നാല്‍ തെമ്മാടിയും, ധാര്‍ഷ്ട്യക്കാരനും, അസന്മാര്‍ഗ്ഗിയും വിനയമില്ലാത്തവനുമായ വ്യക്തിയാണെന്ന് പുറത്തുള്ളവര്‍ കരുതുന്നതിനാല്‍” ഇതിന് യാതൊരു പ്രാമുഖ്യവുമില്ല എന്ന് ടെല്‍തുംബ്ദെ എഴുതിയിരിക്കുന്നു. പ്രാമുഖ്യമുള്ളത് കുറ്റവാളികളെക്കുറിച്ചുള്ള സമൂഹത്തിന്റെ ധാരണകളെ സര്‍ക്കാര്‍ എങ്ങനെ നിയമവിധേയമാക്കിയിരിക്കുന്നു എന്നതിനാണ്. അതുപോലെ ജയിലിന് ഏതൊക്കെ വിധത്തില്‍ ജയിലിലടക്കപ്പെട്ടവര്‍ക്കു മീതെ വ്യവസ്ഥാപിത നിയന്ത്രണമുണ്ടോ എന്നതിനും. അതിനാല്‍ തന്നെ മറ്റൊരു സത്യമുണ്ട്. ജയിലുകള്‍ അറിയപ്പെടുന്നത് അതിനെ അതിജീവിച്ചവരുടെ നാമത്തിലാണ്. ”തകര്‍ന്ന വ്യവസ്ഥ?യുടെ ”നരകക്കുഴി”യെ അതിജീവിച്ചവര്‍. ടെല്‍തുംബ്ദെ തന്റെ രണ്ടദ്ധ്യായങ്ങള്‍ക്ക് ഇങ്ങനെയാണു പേരു നല്‍കിയിരിക്കുന്നത്.

അറിയപ്പെടുന്ന എഴുത്തുകാരനും ചിന്തകനുമാണ് ആനന്ദ് ടെല്‍തുംബെ. തന്റെ ധീരമായ എഴുത്തുകള്‍ക്ക് പ്രസിദ്ധനാണദ്ദേഹം. അത് ഏറ്റവും മികച്ച രീതിയില്‍ പ്രത്യക്ഷപ്പെട്ടത്ത്, `ദ ഐകൊണൊക്‌ളാസ്റ്റ്: അ റിഫ്‌ളക്ടീവ് ബയോഗ്രഫി ഓഫ് ഡോക്ടര്‍ ബാബാസാഹെബ് അംബേദ്കര്‍? (2024) എന്ന പുസ്തകത്തില്‍ അംബേദ്കറൈറ്റ്‌സ് എന്ന് വിളിക്കപ്പെടുന്ന അംബേദ്കറിന്റെ ആശയങ്ങള്‍ പിന്തുടരുന്നവര്‍ എന്ന് സ്വയം സമര്‍ത്ഥിക്കുന്നവരെ വിമര്‍ശിച്ചതിലും, ”വളര്‍ന്നുകൊണ്ടേയിരിക്കുന്ന ഇന്ത്യയിലെ തിരഞ്ഞെടുപ്പു വിപണിയില്‍ അഭിവൃദ്ധിപ്പെടുന്ന രാഷ്ട്രീയ നിക്ഷേപങ്ങളില്‍ ജീവിതമാര്‍ഗ്ഗം കണ്ടെത്തിയവരിലെ (നേതാക്കളിലെ) നല്ലൊരു വിഭാഗം,” എന്ന വാക്കുകളിലുമാണ്. അതിനാല്‍ തന്നെ ”അര്‍ദ്ധരാത്രിയ്ക്ക്” ടെല്‍തുംബ്ദെയും കുടുംബവും ”അംബേദ്കര്‍ കുടുംബത്തിലെ അംഗങ്ങള്‍ എന്ന നിലയില്‍ ബാബാസാഹെബിന്റെ ചിതാഭസ്മം സൂക്ഷിച്ചിരുന്ന രാജഗൃഹത്തിലേക്ക്, അദ്ദേഹത്തിന്റെ ജന്മദിനത്തിന്റെയന്ന് അഭിവാദനമര്‍പ്പിക്കാന്‍ എത്തിയപ്പോള്‍” സംഭവിച്ച വിരോധാഭസത്തിനു തെറ്റുപറ്റിയില്ല. ടെല്‍തുംബ്ദെ അവിടേക്ക് അഭിവാദനങ്ങളര്‍പ്പിക്കാന്‍ മാത്രമെത്തിയതായിരുന്നില്ല ”അംബേദ്കറാല്‍ രചിക്കപ്പെട്ടതെന്ന് കരുതപ്പെടുന്ന ഭരണഘടനയ്ക്ക് കീഴില്‍ ഒരു കുറ്റാരോപിതനെന്ന നിലയില്‍ പോലീസിനു കീഴടങ്ങാനും” എത്തിയതായിരുന്നു.

ആമുഖവും ഭരതവാക്യവും കൂടാതെ 22 അദ്ധ്യായങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ദ സെല്‍ ആന്‍ഡ് ദ സോള്‍ ഒരു രാഷ്ട്രീയ രചനയാണ്. ജയിലുകള്‍ ഇല്ലാതാക്കല്‍, ”ഇന്ത്യയുടെ നിര്‍ദ്ദയത്വമുള്ള നിയമങ്ങളുടെ വിശാലമായ ആയുധപ്പുര അതിന്റെ ജനാധിപത്യത്തെക്കുറിച്ച് വ്യക്തമായും വിരുദ്ധമായ ഒരു ചിത്രമെന്തുകൊണ്ട് വരച്ചിടുന്നു” എന്നതിനെ പ്രതിയുള്ള തീവ്രവലതു പക്ഷ ജയില്‍ രാഷ്ട്രീയം, തുടങ്ങി അസംഖ്യം വിഷയങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങളും സംഭവങ്ങളുടെ കാലഗണനയും ഇവിടെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അതിനൊപ്പം ഇതൊരു സ്വകാര്യ ഡയറികൂടിയാണ്. ”തീര്‍ത്തും ദരിദ്രമായ, ഒരു പക്ഷേ ദരിദ്രരിലും ദരിദ്രമായ കുടുംബത്തില്‍ നിന്നു” തുടങ്ങിയ ടെല്‍തുംബ്ദെയുടെ യാത്ര ആ ഡയറിയിലുണ്ട്. അതുപോലെ വളര്‍ന്നപ്പോള്‍ ”ജീവിതത്തിന്റെ `ചാര നിറമുള്ള വശ`ങ്ങളോട് ഒരു അഭിനന്ദനം” തന്റെ ”മനസ്സില്‍ പതിഞ്ഞു” എന്നും, അത് ”ഈ ലോകം കാണുന്നയത്ര ലളിതമല്ല എന്നതോര്‍മ്മിപ്പിക്കുകയായിരുന്നു” എന്നും, അദ്ദേഹം പറയുന്നു. ജയിലില്‍ പ്രവേശിച്ചപ്പോള്‍ ”ദാരിദ്ര്യത്തിനോപ്പം നീങ്ങുന്ന പ്രവചിക്കാവുന്ന ചില വിഷമതകളില്‍ നിന്ന് വിമുക്തനായ” തനിക്ക് ഇത്തരത്തില്‍ ഒരു ക്‌ളേശത്തെ അതിജീവിക്കാനാകുമോ എന്നു ചിന്തിക്കുകയുണ്ടായി അദ്ദേഹം.
‘ദ സെല്‍’ എന്ന അദ്ധ്യായം, 31 മാസം ടെല്‍തുംബ്ദെയ്ക്ക് ”ഇന്ത്യയുടെ ധനികഭരണത്തെ നിയമവും ക്രമസമാധനവും പരിപാലിക്കാന്‍ നിയുക്തമായ സംസ്ഥാപനങ്ങളുടെ പ്രാന്തങ്ങളിലുള്ളതിലധികം ഒരാള്‍ക്ക് മറ്റൊരിടത്തും കണ്ടെത്താനാകില്ല” എന്ന യാഥാര്‍ത്ഥ്യം മനസിലാക്കുന്നതിനു മതിയായ സമയവും അവസരവും നല്‍കുകയുണ്ടായി എന്നു പറയുന്നു.
”ചലിച്ചുകൊണ്ടേയിരിക്കുന്ന ചിന്തക”നായ അംബേദ്കറില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ടെല്‍തുംബ്ദെ ”പഠിക്കാനും, പഠിച്ചതിനെ മനസ്സില്‍ നിന്നു ബഹിഷ്‌കരിക്കാനും മാറാനുമുള്ള അവകാശത്തെ” ഉള്‍ക്കൊണ്ടിരിക്കുന്നു. ഭരണകൂടവുമൊത്തുള്ള കലഹങ്ങള്‍ക്ക് പുറമെ അദ്ദേഹം തന്നെ സഹോദരനാക്കിയ തടവുപുള്ളിസമൂഹത്തെക്കുറിച്ചും എഴുതുന്നുണ്ട്. അവര്‍ക്കൊപ്പം ജയില്‍ നൈതികതയായ ”ഉള്ളതു പങ്കുവയ്ക്കുക” എന്നതില്‍ ഭാഗമാക്കുന്നതിനെക്കുറിച്ച്. ”കോടതിയില്‍ നിന്നുള്ള ”തമാശകള്‍” നിറഞ്ഞ യാത്രകളെ അദ്ദേഹം ഓര്‍മ്മിച്ചെടുക്കുന്നു. അതില്‍ സഖാക്കളായുണ്ടാകുക ”കവികളുടേയും ഗായകരുടേയും സംഘമാണ്” അതിനൊപ്പം ”രസിപ്പിക്കുന്നതിനു ഖ്യാതിയുള്ളവരും.” എന്നിരുന്നാലും ജയിലഴികള്‍ക്കകത്തെ ജീവിതം ഇരകള്‍ക്ക് അത്യധികം വിഷമമുണ്ടാക്കുന്നതാണ്. പ്രത്യേകിച്ചും നീതിയ്ക്ക് വേണ്ടി പോരാടാന്‍ സ്രോതസ്സുകളില്ലാത്തവര്‍ക്ക്. ഒരു അദ്ധ്യായം മുഴുക്കെ അദ്ദേഹം അജ്ഞാതനായ ഒരു ജയില്‍ പുള്ളിക്കായി നീക്കിവച്ചിരിക്കുന്നു. അതില്‍ ഒരു കവിതയുമുള്‍പ്പെടുന്നു. ഭോല എന്നാണാ ജയില്പുള്ളിയുടെ പേര്. ”സാധാരണക്കാരനായ തൊഴിലാളി ജയില്‍ പുള്ളിയുടെ സത്തെന്ന് വിളിക്കാവുന്ന ആദര്‍ശരൂപമാണ്” ഭോല. ഒരു രാത്രിയില്‍ അയാള്‍ തൂങ്ങി മരിക്കുന്നു.
”ഓര്‍മ്മകളുടെ കൊടുങ്കാറ്റിലകപ്പെട്ട” ടെല്‍തുംബ്ദെയുടെ ലോകം, കറകളഞ്ഞ മാവോയിസ്റ്റായ തന്റെ സഹോദരന്‍ കൊല്ലപ്പെട്ടു എന്നറിഞ്ഞപ്പോള്‍ തകര്‍ന്ന് വീഴുന്നു. മറ്റുള്ളവയുമായി ബന്ധമില്ലാത്ത ഒരു അദ്ധ്യായത്തില്‍ അദ്ദേഹം കൊല്ലപ്പെട്ട തന്റെ സഹോദരനെ ഓര്‍ക്കുന്നു. തന്നേക്കാള്‍ പതിനഞ്ചു വയസ്സിനിളപ്പമാണയാള്‍. കൊലപാതകത്തിന്റെ വാര്‍ത്ത എങ്ങനെയാണ് ”ദീര്‍ഘിച്ച, ഇഴഞ്ഞു നീങ്ങിയിരുന്ന ഒരു പേക്കിനാവിനന്ത്യമായത്” എന്നദ്ദേഹം അതില്‍ പറയുന്നുണ്ട്. എന്നിരുന്നാലും അനന്യസാധാരണത്വമുള്ള തന്റെ സഹോദരന്റെ ജീവിതത്തെ ഓര്‍ത്തെടുക്കുമ്പോള്‍, അതിനൊപ്പം മറ്റുള്ളവരേയുമോര്‍ക്കുമ്പോള്‍, ഒരു വിരോധാഭാസം അദ്ദേഹത്തിലുണ്ടാകുന്നു. അപ്പോഴത്തെ കേസില്‍ അവരെ ഒന്നിച്ചു ബന്ധിപ്പിച്ച വിധി എന്ന വിരോധാഭാസം. ”വേദന അസഹനീയമായിരുന്നു.” അതിനാല്‍ തന്നെ അദ്ദേഹത്തിന് ”നിശ്ശബ്ദം തേങ്ങിക്കരയാനായില്ല.” മരിച്ച സഹോദരനില്‍ നിന്ന് ജീവിച്ചിരിക്കുന്ന അമ്മയിലേക്ക് തിരിഞ്ഞപ്പോള്‍ വേദനയും അതിനൊപ്പം നീങ്ങുന്നു. അമ്മയുടെ സ്ഥിതിയെക്കുറിച്ചോര്‍ക്കുന്നു. അമ്മയുടെ ആരാലും ചൊല്ലിപ്പുകഴ്ത്താത്ത ”ധീരതയെക്കുറിച്ചും നിശ്ചയദാര്‍ഢ്യത്തെക്കുറിച്ചും” ഓര്‍ത്ത് ”യഥാര്‍ത്ഥ ദളിത് ചരിത്രത്തെ, രേഖപ്പെടുത്താത്തതും ആലപിക്കാത്തതുമായ ചരിത്രത്തെ” പ്രതിനിധീകരിക്കുന്ന ”മുഖമില്ലാത്ത സ്ത്രീകള്‍ അനേകമുണ്ട്” എന്ന് നിരീക്ഷിച്ച് അദ്ദേഹം ആ അദ്ധ്യായം അവസാനിപ്പിക്കുന്നു.

ജയിലറകളില്‍ നിന്നുള്ള കൃതികളിലേക്ക് പ്രധാനപ്പെട്ട ഒരു കൂട്ടിച്ചേര്‍ക്കലാണ് ‘ദ സെല്‍’. ഈ ശ്രേണിയിലെ ആദ്യ പുസ്തകങ്ങളില്‍ ലാല ലജ്പത് റായി, അരബിന്ദൊ ഘോഷ്, എന്നിവരുടെ കൃതികളുണ്ട്. അവയെല്ലാം ഏകദേശം നൂറുവര്‍ഷം മുമ്പെഴുതിയവയാണ്. എന്നാല്‍ വിവിധങ്ങളായ ഈ കൃതികളെ ഏകോപിപ്പിക്കുന്നത് കാരാഗൃഹവാസം എന്നതാണെങ്കിലും അതിലുപരി ഇവയെ താത്കാലികതയും ചരിത്രവും എന്ന രീതിയിലും നിര്‍വചിക്കാവുന്നതാണ്. ഈ കാരണം കൊണ്ട്, വിശാലമായ പാരമ്പര്യങ്ങള്‍ക്കുള്ള സംഭാവന എന്നതിനാല്‍ തന്നെ ടെല്‍തുംബ്ദെയുടെ ഓര്‍മ്മക്കുറിപ്പിനു പ്രാധാന്യം വരുന്നു. താനും മറ്റ് പതിനഞ്ചുപേരും കടന്നുപോയ ക്‌ളേശങ്ങള്‍ക്കും പീഢനങ്ങള്‍ക്കും സാക്ഷിയെന്ന നിലയിലുള്ള പ്രാധാന്യം. ഈ പതിനഞ്ചില്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയുണ്ട്. അദ്ദേഹത്തെ പൊതുവില്‍ ഭീമ കോരെഗാവ് (ബികെ-16) അഥവാ എല്‍ഗാര്‍ പരിഷദ് കേസ് എന്ന മാവോയിസ്റ്റ് ഗൂഢാലോചനയിലാണറസ്റ്റ് ചെയ്തിരുന്നത്.
ടെല്‍തുംബ്ദെയും ”ബികെ കേസിലെ പത്താം നമ്പര്‍ കുറ്റാരോപിതന്‍” എന്ന നിലയിലാണു തന്റെ ഓര്‍മ്മകളെ അടുക്കിയെടുത്തിരിക്കുന്നത്. ബികെ-16 ലെ വ്യക്തികളില്‍ മിക്കവരാലും എഴുതപ്പെട്ടിട്ടുള്ള അസാധാരണമായ കൃതികളില്‍, ടെല്‍തുംബ്ദെയുടെ ഓര്‍മ്മക്കുറിപ്പിനെ ആ ഗ്രന്ഥസമൂഹത്തിന്റെ ഒരു നല്ല ഉദാഹരാണമയി കരുതാവുന്നതാണ്. ഇന്നു ലഭ്യമായ കാരാഗൃഹ ഓര്‍മ്മ സാഹിത്യത്തിലെ അനന്യസാധാരണമായ ഒരു വ്യത്യസ്തതയായി.
പുസ്തകങ്ങളിലൂടെ, വ്യാഖ്യാനങ്ങളിലൂടെ, അഭിപ്രായങ്ങളിലൂടെ, അഭിമുഖങ്ങളിലൂടെയെല്ലാം ബികെ-16 കേസിലെ സാമൂഹ്യവും രാഷ്ട്രീയവുമായ യാഥാര്‍ത്ഥ്യങ്ങള്‍ ശ്രദ്ധ നേടിയതെങ്ങനെ എന്ന് ടെല്‍തുംബെ എഴുതുന്നു. പൊതുജനങ്ങളില്‍ നിന്നു ലഭിച്ച ഈ പിന്തുണ ജയിലറകളിലെ മാനവികമല്ലാത്ത അവസ്ഥകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് നവവീര്യം പകര്‍ന്നു. ജയിലില്‍ കിടന്നിരുന്നവരുടെ കുടുംബങ്ങളും സുഹൃത്തുക്കളും തമ്മിലുള്ള ദൃഢബന്ധം വളര്‍ത്തി. ”തീര്‍ച്ചയായുള്ളതെന്ന് കരുതപ്പെട്ടിരുന്ന സ്വാതന്ത്ര്യങ്ങളെ’‘ക്കുറിച്ചുള്ള ചര്‍ച്ചകളുടെ മാനദണ്ഡമുയര്‍ത്തി. അതിനൊപ്പം ശ്രദ്ധിക്കേണ്ടതാണ് ബികെ-16 അംഗങ്ങള്‍ എങ്ങനെയാണവരുടെ പേന ഉപയോഗിച്ചതെന്നത്. ജയിലനകത്തു നിന്നും, ജാമ്യത്തില്‍, നിയന്ത്രിതാവസ്ഥയില്‍, ആയിരുന്നപ്പോഴും പേന എങ്ങനെ ഉപയോഗിച്ചു എന്നത്.

ഇതിനേറ്റവും നല്ല ഉദാഹരണമാണ് സുധ ഭരധ്വാജിന്റെ `ഫ്രം ഫാന്‍സി യാഡ്` (2023). ആ ഓര്‍മ്മക്കുറിപ്പിന് അവാഡുകളും പല ഭാഗങ്ങളില്‍ നിന്നും പ്രകീര്‍ത്തനങ്ങളും ലഭിക്കുകയുണ്ടായി. ഭരധ്വാജും ടെല്‍തുംബ്ദെയും തങ്ങളുടെ ജയില്‍ കുറിപ്പുകളെ പുസ്തകങ്ങളാക്കി എന്നതിനാണ് പ്രാധാന്യം. എന്നാല്‍, ”വിചിത്രവും വിവിധവര്‍ണ്ണങ്ങളുമുള്ളതുമായ സ്ത്രീകളുടെ ജയില്‍ എന്ന് വിളിക്കുന്ന ജീവിയെ” പൊലിപ്പിച്ച് കാണിക്കുമ്പോഴും സ്വയം നിഴലില്‍ നില്‍ക്കുന്ന ഭരധ്വാജില്‍ നിന്ന് വ്യത്യസ്തമായി ടെല്‍തുംബെ ”ബന്ധനത്തിന്റെ പൊള്ളത്തര”ത്തിനകത്തുനിന്ന് തന്റെ കഥ പറയുന്നു. മുന്നില്‍ നിന്നു തന്നെ പറയുന്നു. ഈ ഒരു വ്യത്യാസം നമ്മെ ജയിലിലെ ”ഞാന്‍” എന്നതിന്റെ വൈവിധ്യത്തെക്കുറിച്ച് ജാഗതയുള്ളവരാക്കുന്നു. ബികെ-16 എഴുത്തുകളെ രൂപപ്പെടുത്തിയ പല വര്‍ണ്ണങ്ങളെക്കുറിച്ച് ജാഗ്രതയുള്ളവരാക്കുന്നു.
ബികെ-16 ഗ്രന്ഥസമൂഹം: കാരാഗൃഹവാസത്തെ മാറ്റിയെഴുതുമ്പോള്‍
ബികെ-16 ഗ്രന്ഥസമൂഹത്തിലുള്‍പ്പെട്ടിരിക്കുന്ന കാലയളവ് നിയമപോരാട്ടം തുടരുന്നതിനോളം മാത്രമാണ്. മുന്‍ അനുഭവമുള്ള ചിലര്‍ ജയിലെഴുത്ത് എന്ന വിഭാഗത്തിലേക്ക് വിവിധങ്ങളും പ്രധാനപ്പെട്ടതുമായ സംഭാവന നല്‍കിയിട്ടുണ്ട്. ഉദാഹരണത്തിനായി, എണ്‍പതുകളിലെത്തിയ വരവര റാവുവിനെ അദ്ദേഹത്തിന്റെ എഡിറ്റര്‍ ”സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഒരുപക്ഷേ ഏറ്റവും അധികം ജയില്‍വാസമനുഭവിച്ചിട്ടുള കവി” എന്നാണു വിവരിച്ചിരിക്കുന്നത് (വരവര റാവൊ: അ ലൈഫ് ഇന്‍ പോയട്രി, 2023). അദ്ദേഹം അറിയപ്പെടുന്നതു തന്നെ ജയിലിലെ അവസ്ഥകളെ കവിത എന്ന മാധ്യമമുപയോഗിച്ച് ചോദ്യം ചെയ്യുന്നതിനും ”തടങ്കലിലെ ഭാവനയുടെ” വ്യാകരണം വീണ്ടും കണ്ടെത്തുന്നതിനുമാണ്. മറ്റൊരു ഭാഗത്ത്, അരുണ്‍ ഫെരേരയുടെ ഓര്‍മ്മക്കുറിപ്പിലെ ശുഭാപ്തി വിശ്വാസം, ”മിഥ്യയ്ക്കും യാഥാര്‍ത്ഥ്യത്തിനും, പ്രതീക്ഷയ്ക്കും നിരാശയ്ക്കും” ഇടയിലുള്ള നിതാന്തമായ ഒളിച്ചുകളിയെ ജയില്പുള്ളികള്‍ക്ക് തകര്‍ക്കാനാകും എന്നദ്ദേഹം ഉറപ്പോടെ പറയുന്നതില്‍ കാണാവുന്നതാണ്. അതിനായി അദ്ദേഹം ആവശ്യപ്പെടുന്നത് ഒരു ”കൗശല”ത്തിനു മീതെ ആധിപത്യം നേടിയിരിക്കിണം എന്നാണ്. അതായത് ‘ യാഥാര്‍ത്ഥ്യത്തില്‍ മിഥ്യയെ ഉപയോഗിച്ച് ദ്വാരങ്ങളിടാതിരിക്കുകയും നിരാശ പ്രതീക്ഷയെ മറികടക്കാതിരിക്കുകയും ചെയ്യണം” എന്ന്. (കളേഴ്‌സ് ഓഫ് കെയ്ജ്, 2014).
അതുപോലെ തന്നെ ”പുതിയതും, കൂടുതല്‍ നീതിയുള്ളതുമായ സമൂഹത്തില്‍” വെര്‍നണ്‍ ഗോണ്‍സാല്‍വസിനുള്ള വിശ്വാസം അദ്ദേഹത്തിന്റെ ”പഴയ, വര്‍ഗ്ഗപോരാട്ടക്കാരന്‍” എന്ന, ബാലനായ ഒരു വിചാരണ തടവുകാരന്റെ മങ്ങിയതും വ്യവസ്ഥാപിതമായി അനീതികള്‍ നിറഞ്ഞതുമായ ജീവിത വീക്ഷണങ്ങളെ കാണിക്കുന്നതാണ്. 2013 ല്‍ ദ കാരവനില്‍ പ്രസിദ്ധീകരിച്ച ”ജബ്ബാര്‍ ജയില്‍ബേഡ്” എന്ന പ്രമാണസാക്ഷ്യത്തില്‍ ഇതു കാണാനാകും. ഇങ്ങനെ എഴുതപ്പെട്ടവ കൂടാതെ, രമേഷ് ഗൈചോര്‍, സാഗര്‍ ഗോര്‍ഖെ എന്നിവരെല്ലാം പൊതുവേദികളില്‍ നടത്തിയ വാചികമായ സാക്ഷ്യങ്ങളും, അവരുടെ ഗാനങ്ങളും, നാടകങ്ങളും കവിതകളും, നാടന്‍ പാട്ടുകളും, ജയിലിനെ തെരുവിലെത്തിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. വിമര്‍ശകര്‍ ജയില്‍പുള്ളികളെക്കുറിച്ചുള്ള വിവരണങ്ങള്‍ എന്നു വിളിക്കുന്ന സാഹിത്യരൂപത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം തന്നെ ഈ വൈവിധ്യമാര്‍ന്ന രൂപങ്ങള്‍ ബികെ-16 ഗ്രന്ഥസമൂഹങ്ങളെ, ഗ്രന്ഥകര്‍ത്താക്കളിലുള്ള തുടര്‍ച്ചയും അവ കൂടുതല്‍ സമീപസ്ഥമായ കാലങ്ങളിലേതാണെന്നതും, സമ്പന്നമാക്കുന്നു.
വര്‍ത്തമാന കാല യാഥാര്‍ത്ഥ്യങ്ങള്‍ വിവരിക്കുന്ന ബികെ-16 എഴുത്തുകള്‍ പുതുമയാര്‍ന്ന രാഷ്ട്രീയ തിരിച്ചറിവ് നല്‍കുന്നു. ”നീതിയുടെ പേരില്‍ അനീതിയെ പ്രതിഷ്ഠിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നതിനായി” ജയിലുകള്‍ വഹിക്കുന്ന മൂര്‍ത്തമായ ഭാഗധേയം എന്തെന്ന് പറയുന്നു. തുടര്‍ച്ചയായ ബന്ധനത്തിന്റെ പ്രഭാവം സുധീര്‍ ധവാലെയുടെ കവിതകളില്‍ കാണാനാകും. ധവാലെയെ ടെല്‍തുംബ്ദെ വിവരിച്ചിരിക്കുന്നത് ”പ്രതിജ്ഞാബദ്ധനായ അംബേദ്കറൈറ്റ്” എന്നാണ്. എഴുത്തിന്റെ ലോകത്തിന് ധവാലെ പുതിയ മുഖമല്ല. എന്നാല്‍ ജയിലിലെ മുന്നനുഭവങ്ങളെക്കുറിച്ച് അദ്ദേഹം അധികം എഴുതിയിട്ടില്ല. എന്നിരുന്നാലും ബികെ-16 കേസിലെ ജയില്‍ വാസം അദ്ദേഹത്തിനെക്കൊണ്ട് ജയില്‍ ജീവിതത്തെക്കുറിച്ചെഴുതിപ്പിച്ചു. `പ്രിസണേഴ്‌സ് ഓഫ് കോണ്‍ഷ്യസ്‌നെസ്” എന്ന അദ്ദേഹത്തിന്റെ വിവരണാത്മകമായ കവിത, ജയിലഴികള്‍ക്കകത്തെ അനീതികള്‍ക്കെതിരെയുള്ള പൊള്ളുന്ന തിരസ്‌കാരമാണ്.
”ദളിതരുടെയും അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റേയും” ”പുതിയ പേഷ്വയെ കുഴിച്ചുമൂടുക” എന്ന ആഹ്വാനം എങ്ങനെയാണ് ”പൂനയിലെ ഉന്നതസ്ഥരായ തത്തകള്‍” ഒരു ഗൂഡാലോചനയാക്കി ബോധപൂര്‍വ്വം നിര്‍മ്മിച്ചെടുത്തത് എന്നതിനെ ഓര്‍മ്മിപ്പിച്ച് ആലങ്കാരിക പദപ്രയോഗങ്ങളെ ധവാലെ രാഷ്ട്രീയവത്കരിക്കുന്നു. അദ്ദേഹത്തിന്റെ കവിത ചരിത്രത്തിനും ഓര്‍മ്മയ്ക്കുമായി ഇപ്പോഴും തുടരുന്ന ദളിത് പോരാട്ടങ്ങളെ, ജാതികള്‍ക്കും സാമൂഹ്യ സംഘങ്ങള്‍ക്കും അതീതമായി, ”പുതിയ പേഷ്വാ” ഭരണകൂടങ്ങളുടെ ആധിപത്യപരമയ ഭൂരിപക്ഷവാദത്തിനെതിരെ വിപുലീകരിക്കണമെന്ന ആഹ്വാനത്തെ ശക്തിപ്പെടുത്തുന്നു, ഊര്‍ജ്ജസ്വലമാക്കുന്നു. പ്രതിരോധത്തിന്റേതായ ഈ ഭാഷാശൈലി രമേഷ് ഗൈചോറിന്റെ ”ജയില്‍ എന്നത് ഇന്നത്തെ പുതു പേഷ്വാ വ്യവസ്ഥയുടെ പ്രതിഫലനമാണ്” എന്ന തീര്‍പ്പിലും ആവര്‍ത്തിക്കപ്പെടുന്നു. ”നമ്മള്‍ വണങ്ങാന്‍ വിസ്സമ്മതിച്ച” ഒരു വ്യവസ്ഥയാണത്, എന്നദ്ദേഹം പറയുന്നു. അതുപോലെ, ”ദളിതരെ ബഹിഷ്‌കരിക്കുകയും അവരിലെ മാനവികതയെ തിരസ്‌കരിക്കുകയും ചെയ്യുന്ന ജാതി വ്യവസ്ഥയെപ്പോലെ മനോവൈലക്ഷണത്തോടെ, വഴിപിഴച്ച രീതിയില്‍, പെരുമാറുന്ന” വ്യവസ്ഥാപിതമായ അടിമത്തത്തെ സാഗര്‍ ഗോഖലെ ആക്രമിക്കുന്നതും കാണാം.
രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കപ്പുറത്ത്, അടിച്ചമര്‍ത്തലിന്റെ, പ്രത്യേകിച്ചും കോവിഡ് കാലത്തെ അടിച്ചമര്‍ത്തലിന്റെ, വിവരണങ്ങളും ഇതില്‍ കാണാവുന്നതാണ്. ഗൗതം നവ്‌ലാഖയുടെ ഇരുപത്തിയേഴു ദിവസത്തെ ഭീതിജനകമായ ക്വാറന്റൈന്‍ അനുഭവങ്ങള്‍ നോക്കുക. അതില്‍ അദ്ദേഹം ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ നിന്ന് ഖാര്‍ഗറിലെ തലോജ ജയില്‍ പരിസരത്തുള്ള ഒരു സ്‌കൂളിലേക്കുള്ള വിചിത്രമായ യാത്രയും ഉള്‍പ്പെടുത്തിയിരിക്കുന്നു. കൂടാതെ സുധ ഭരദ്വാജിന്റെ ”പേക്കിനാവുകള്‍ക്ക് തുല്യമായ” 45 ദിവസത്തെ ”ക്വാറന്റൈന്‍ ജയില്‍ ജീവിതവുമുണ്ട്.” ബൈക്കുളയിലെ ജയിലിലായിരുന്നു അത്. അതവര്‍ ”ഫ്രം ഫന്‍സി യാഡില്‍” ഓര്‍മ്മിച്ചിരിക്കുന്നു. അരുണ്‍ ഫെരേരയും ടെല്‍തുംബ്ദെയും ആള്‍ത്തിരക്കേറിയ ബാരക്കുകള്‍ക്ക് പുറത്ത് സാമൂഹ്യ അകലം പാലിക്കണമെന്നത് അസംബന്ധമാം വിധത്തില്‍ നടപ്പില്‍ വരുത്തിയതിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. പകര്‍ച്ചവ്യാധിയാല്‍ നയിക്കപ്പെട്ട യുക്തിഹീനതയേയും, കര്യക്ഷമതയില്ലായ്മയേയും ഫെരേര സംഗ്രഹിച്ചിരിക്കുന്നത് ”ആത്മാര്‍ത്ഥതയുള്ള പോംവഴികളുടെ അപഹാസ്യമായ നടപ്പിലാക്കല്‍, അപഹാസ്യമായ പോംവഴികളുടെ ആത്മാര്‍ത്ഥമായ നടപ്പിലാക്കല്‍” എന്നാണ്.
ശാശ്വതമായി അഴിമതി നിറഞ്ഞതും തകര്‍ന്നതുമായ ജയില്‍ വൈദ്യ വ്യവസ്ഥ, മഹാമാരിയുടെ കോപം കൂടിയായപ്പോള്‍ അന്തേവാസികള്‍ കൂടുതല്‍ അടിച്ചമര്‍ത്തലിനും ക്രൂരതകള്‍ക്കും വിധേയമാകുന്നത് തുറന്ന് കാണിച്ചു. മഹാമാരിയുടെ കാലം നിത്യേനയുള്ള അവസ്ഥകള്‍ തന്നെ അടിച്ചമര്‍ത്തലിന്റേയും ഏകപക്ഷീയതയുടേയുമായിരുന്നല്ലോ. തന്റെ മുന്‍ ജയില്‍ വാസക്കാലത്തെ ”ഉപയോഗം കൊണ്ട് ചുളിവുകള്‍ വീണതും മഞ്ഞച്ചതുമായ, സുഹൃത്തായ” ”വിശ്വസനീയമായ റൈറ്റിങ്ങ് പാഡ്” തനിക്കു നല്‍കാന്‍ അധികാരികള്‍ വിസ്സമ്മതിച്ചത് ഗോണ്‍സാല്‍വസ് വിവരിക്കുന്നു. അത് ഏകപക്ഷീയതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് കാരണമാകുന്നു. അധികാരികളുടെ അക്ഷരഭ്യാസമില്ലായ്മയും ”അറിയാത്തതിനെ അവിശ്വസിക്കുക” എന്ന അവരുടെ ചിന്താഗതിയും പുസ്തകങ്ങളും സ്റ്റേഷണറിയും നിരോധിക്കുന്ന വിധം ഏതൊരു യുക്തിസഹമായ വിശദീകരണത്തേയും മറികടക്കുന്നു. നിത്യേനയുള്ള അടിച്ചമര്‍ത്തലുകള്‍ ദുരിതങ്ങള്‍ക്കും തീവ്രവേദനകള്‍ക്കും കാരണമകുന്നുണ്ട്. ഇത് സാഗര്‍ ഗോര്‍ഖെയുടെ ”വേദനയുടേയും ദുഃഖത്തിന്റേയും പൊട്ടിത്തെറി” എന്നതില്‍ ദൃഷ്ടാന്തരീകരിക്കപ്പെടുന്നു.
ഔട്ട്‌ലുക്കിന്റെ ഒക്ടോബര്‍ മൂന്നാം തിയതിയിലെ പതിപ്പില്‍ സുധീര്‍ ധവാലെ എഴുതിയ ആത്മപരിശോധനാപരമായ ”തലോജ ജയില്‍: ലൈവ്‌സ് ഫേയ്ഡിങ്ങ് ഇന്‍ സൈലന്‍സ്” എന്നതില്‍ ”ജയില്‍ മൊത്തമായി തന്നെ ഒരു ആതുരശാലാവാര്‍ഡായ”തെങ്ങനെ എന്ന് കാണിച്ചിരിക്കുന്നു. അത് ജയിലിലെ ഏകാന്തതയുടെ അസഹനീയമായ പ്രകൃതത്തെ വര്‍ണ്ണിച്ചിരിക്കുന്നു. ”ഫോര്‍ സച്ചിദാനന്ദന്‍” എന്നത്, ഹാനി ബാബുവിന്റെ, മലയാളം കവി സച്ചിദാനന്ദന്റെ ”വേനല്‍ മഴ” എന്ന കവിതയ്ക്കുള്ള കവിതയിലുള്ള മറുപടിയാണ്. അതില്‍ അദ്ദേഹം പ്രകൃതിപോലും വിദ്വേഷമുള്ളതും സഹകരണമില്ലാത്തതുമാണെന്ന് പറയുന്നു. തലോജയിലെ ഇടിവെട്ടോടുകൂടിയ മഴയില്‍ നിറയെ ”തേരട്ടകളും പെരിച്ചാഴികളുമാണ്” എന്ന്. ”എല്ലാ രാത്രിയിലും താന്‍ വരുന്നതിനായി കാത്തിരിക്കാറുള്ള തന്റെ കൊച്ചുമകള്‍/വീടിന്റെ ഭാരമിപ്പോള്‍ ചുമക്കുന്ന ഭാര്യ” എന്നിവയെക്കുറിച്ചുള്ള ബാബുവിന്റെ ഓര്‍മ്മകള്‍ വളരെ തീവ്രങ്ങളാണ്. (ഹൗ ലോങ്ങ് കാന്‍ ദ മൂണ്‍ ബി കേയ്ജ്ഡ്, 2023).
മുന്നോട്ടുള്ള പാത
ബികെ-16 ലെ അംഗങ്ങളില്‍ പലരും ഇന്നും ജയിലിനകത്താണ്. അതിനാല്‍ ഈ എഴുത്തുകളിലേക്ക് അകത്തുള്ളതിന്റെയും പുറത്തുള്ളതിന്റേയും വ്യത്യാസങ്ങളുടെ വിചിത്രമായ ഒരു വിള്ളല്‍ വ്യാപിച്ചിട്ടുണ്ട്. അതില്‍ മുഖ്യവും ഏറ്റവും സംഗതവും ബികെ-16 അംഗമായ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ നഷ്ടപ്പെട്ടതാണ്. സ്റ്റാനിന്റെ തളാരാത്ത ശുഭാതിവിശ്വാസം, ജനങ്ങളുടെ അവകാശങ്ങളില്‍ അദ്ദേഹത്തിനുണ്ടായിരുന്ന വിശ്വാസവും അതിനദ്ദേഹം നടത്തിയ പോരാട്ടവും, അദ്ദേഹത്തിന്റെ ലാളിത്യം, ”ക്രിമിനല്‍ നിഷ്‌കളങ്കത” എന്നിവ, അദ്ദേഹത്തെക്കുറിച്ചുള്ള പ്രബലമായ ഓര്‍മ്മകളില്‍ കോപത്തോടെ കുറിച്ചിരിക്കുന്നു. ”കൂട്ടിലടച്ച പക്ഷിയുടെ” ഗാനാലാപനം ചെറുത്തു നില്‍പിനു കരുത്തു പകരുന്നു എന്നത് സ്വാമിയുടെ വിശ്വാസമായിരുന്നു. സഹ-പ്രതിരോധകരുടെ ഐകമത്യം നിരാഹാര സമരത്തിനു കരുത്തു പകരുന്നു എന്ന അദ്ദേഹത്തിന്റെ വിശ്വാസത്തിന്. അങ്ങനെയൊരു സമരത്തില്‍ അവര്‍ ”ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ വ്യവസ്ഥാപിതമായ കൊലപാതകത്തെ”ക്കുറിച്ച് ഊന്നിപ്പറയുകയുണ്ടായി. ”ഭരണകൂടത്തിന്റെ രക്തദാഹിയായ, ക്രൂരമായ മുഖം എല്ലാവര്‍ക്കു മുന്നിലും വെളിച്ചത്തിലായ ആ ദിവസത്തിന്റെ ഓര്‍മ്മയില്‍ എങ്ങനെ ക്രോധത്താല്‍ പ്രക്ഷുബ്ധമായി” എന്ന് അവര്‍ അതിലുറപ്പിച്ചു പറയുന്നു. ആ രോഷം ഓര്‍മ്മകളെ ആവരണം ചെയ്യുമ്പോള്‍, അവരുടെ ഓര്‍മ്മകളില്‍ ”അടിച്ചമര്‍ത്തലുകള്‍ നിശ്ചിതമാണെന്ന് ചരിത്രം കാണിക്കുന്നു. അതിനെ അതിജീവിക്കാനാകില്ല എന്ന”തിനാലുള്ള ഉള്‍വലിയല്‍ ഇരട്ടിയാകുന്നു.
അതെ, അടിച്ചമര്‍ത്തലുകളെ അതിജീവിക്കാനാകില്ല. പക്ഷേ പിന്നെ മുന്നോട്ടുള്ള പാതയെന്താണ്? ഈ ഓര്‍മ്മക്കുറിപ്പിന്റെ ഏകദേശം അവസാനത്തില്‍, ടെല്‍തുംബ്ദെയും മുന്നോട്ടുള്ള പാതയെക്കുറിച്ച് ആശ്ചര്യപ്പെടുന്നുണ്ട്. എന്നിട്ടതിനുത്തരമായി ”അതു നമ്മള്‍ സ്വയം നിര്‍മ്മിക്കേണ്ടതാണ്. പലപ്പോഴും നമ്മുടെ മുന്നോട്ടുള്ള യാത്രക്കിടയില്‍ തന്നെ നിര്‍മ്മിച്ചെടുക്കേണ്ടതാണ്. നമ്മള്‍ മുന്നോട്ടു നീങ്ങുമ്പോള്‍ പ്രതികരിച്ചുകൊണ്ട്, അവയെ തത്ക്ഷണം രചിച്ചുകൊണ്ട്.” എന്ന് പറയുന്നു. ബികെ-16 ഗ്രന്ഥസമുച്ചയം ഇത്തരത്തില്‍ തത്ക്ഷണ രചന സാധ്യമാകുന്ന പല മാര്‍ഗ്ഗങ്ങളേയും രേഖപ്പെടുത്തിയിരിക്കുന്നു. അതിലൊന്ന് സഹായഗ്രന്ഥങ്ങളിലും വിധിനിര്‍ണ്ണയങ്ങളിലും നിര്‍ബന്ധമാക്കിയിരിക്കുന്ന നിയമങ്ങളെ വേദനാജനകമായി തന്നെ അധികാരികള്‍ക്ക് മുന്നില്‍ അപേക്ഷ സമര്‍പ്പിച്ച് ചോദ്യം ചെയ്യുക എന്നതാണ്. തന്റെ, ടോള്‍സ്റ്റോയിയുടെ തിരഞ്ഞെടുത്ത കഥകളുടെ പകര്‍പ്പ് കോടതിയില്‍ അപേക്ഷിച്ചതിനു ശേഷം വരവര റാവുവിന് തിരിച്ചു ലഭിക്കുകയുണ്ടായി. എന്നാല്‍ വനിതാ ജയിലുകളില്‍ വായനയ്ക്കായുള്ള വസ്തുക്കളുടെ മുകളില്‍ പോലും വിവേചനം നിലനില്‍ക്കുന്നുണ്ട് എന്ന് ഗോണ്‍സാല്‍വസ് നിരീക്ഷിച്ചിരിക്കുന്നു.
മറ്റൊരു മാര്‍ഗ്ഗം ജയിലുകളിലെ സമരങ്ങളാണ്. ബികെ-16 ജയില്പുള്ളികള്‍ക്ക് വൈദ്യ സൗകര്യങ്ങള്‍, സന്ദര്‍ശകര്‍ എന്ന അവകാശം, ഫോണ്‍ വിളികള്‍, തുടര്‍ച്ചയായി വെള്ളം ലഭിക്കുക, എന്നു തുടങ്ങിയ സാധാരണ സൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിനായി സാഗര്‍ ഗോര്‍ഖെ നടത്തിയ എട്ടു ദിവസത്തെ നിരാഹാര സമരം ഇതിനൊരു ഉദഹാരണമാണ്. ഗാനങ്ങളുടെ കരുത്തും, മാചാന്ദ് എന്ന പേരിലറിയപ്പെടുന്ന ജയില്‍പുള്ളികളുടെ പ്രതിഷേധങ്ങളും, ”ആന്‍ഡയിലെപ്പോലെയുള്ള ജയിലുകളിലെ ഇരുണ്ടതും ശൂന്യവുമായ രാവുകളുടെ നിശ്ശബ്ദത” തകര്‍ക്കാനും ആ രാവുകള്‍ക്ക് വെളിച്ചം നല്‍കാനും നിത്യവുമുപയോഗിക്കാവുന്ന മാര്‍ഗ്ഗങ്ങളാണ്, എന്നാണ് രമേഷ് ഗൈചോര്‍ എഴുതിയിരിക്കുന്നത്.
മറ്റൊരു മാര്‍ഗ്ഗം ജയിലഴികള്‍ക്ക് പുറകില്‍ ഒരാള്‍ കണ്ടെത്തുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യുകയാണ്. ബാലവിവാഹം എന്ന സമുദായത്തിന്റെ ശീലം എങ്ങനെ സ്ത്രീകളില്‍ വികാരപരമായ കുറ്റകൃത്യങ്ങള്‍ക്ക് കാരണമാക്കുന്നു എന്ന ഷോമ സെന്നിന്റെ ഓര്‍മ്മകള്‍ വായനാപ്രാധാന്യമുള്ളതാണ്. പ്രത്യേകിച്ചും ഇപ്പോള്‍ നടക്കുന്ന വിവാഹപ്രായത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഈ വിഷയം അഭിസംബോധന ചെയ്യപ്പെടാതെയിരിക്കുന്നതിനാല്‍. തലോജ ജയിലിലെ 573 ജയില്‍പുള്ളികള്‍ക്കിടയിലിലുള്ള 90 പോസ്‌കൊ കേസുകളില്‍ മഹേഷ് റാവുത്ത് നടത്തിയ വിശദമായ സര്‍വെ, പോസ്‌കൊ നിയമം, അതിന്റെ ജീവചൈതന്യത്തിനു വിരുദ്ധമായി, യഥാര്‍ത്ഥ ശീലത്തില്‍ ”സ്വവംശത്തില്‍ നിന്നുള്ള വിവാഹം എന്ന ഘടനയെ സംരക്ഷിക്കാനുള്ള ഒരു ഉപകരണമായി, നിലവിലുള്ള സ്ഥിതിയെ ധിക്കരിക്കുന്ന യുവ കമിതാക്കളെ ശിക്ഷിച്ചുകൊണ്ടിരിക്കാന്‍” ഉപായോഗപ്പെടുത്തുന്നു എന്നു കാാണിക്കുന്നു. അദ്ദേഹത്തിന്റെ സര്‍വെയില്‍ ഉള്‍പ്പെട്ട 90 പേരില്‍ അധികവും വിചാരണ നേരിട്ടുകൊണ്ടിരിക്കുന്ന യുവാക്കളായിരുന്നു. അതിനാല്‍ തന്നെ നിയമം, ”അനുപാതരഹിതമായി അരികുവത്കരിക്കപ്പെട്ടവരെ ബാധിക്കുന്നു,” എന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. വിചാരണത്തടവുകാരുടെ ദീര്‍ഘിച്ച ജയില്‍ വാസത്തെ ഒരു ”വ്യതിരിക്ത ശിക്ഷ” എന്ന നിലയില്‍ ഹാനി ബാബുവും സുരേന്ദ്ര ഗാഡ്‌ലിങ്ങും പുനര്‍വായന നടത്തുന്നുണ്ട്. ഒഴിച്ചുകൂടാനാകാത്ത വായന നല്‍കുന്ന ആ ലേഖനം ശിക്ഷാലഘൂകരണത്തെപ്രതി നിലവിലുള്ള നിയമങ്ങളിലെ അസാധാരണത്വം എടുത്തു കാണിക്കുന്നു. അതില്‍ പുതുതായി സ്ഥാപിതമായ ഭാരതീയ നാഗരിക് സുരക്ഷ സംഹിതയും ഉള്‍പ്പെടുന്നു. ”വിചാരണയ്ക്ക് ശേഷം കുറ്റം ശരിവയ്ക്കപ്പെട്ടാല്‍, ഭരണകൂടത്തിന്റെ ഇഷ്ടത്തിനനുസരിച്ച് ശിക്ഷയെ അതിന്റെ മൂന്നിലൊന്നായി ലഘൂകരിക്കാവുന്നതാണ്” എന്നതു വ്യക്തമാക്കുന്നു. അത് അപ്പോള്‍ വിചാരണ നേരിടുന്ന ജയില്പുള്ളികളേയും വിട്ടയക്കാന്‍ ഫലവത്തായി ഉപയോഗിക്കാനാകും.
നിലവിലിലെ ഈ സ്ഥിതിയെ വെല്ലുവിളിക്കാനുള്ള ഇച്ഛാശക്തി ഉറപ്പാക്കുന്നതാണ് ബികെ-16 ന്റെ ഈ ഗ്രന്ഥശേഖരം. നാമപത്രങ്ങളുടെ, അടയാളങ്ങളുടെ, ദൃഢനിശ്ചയത്തിനു വിരുദ്ധമായി, ജയിലഴികളുടെ വഴക്കമില്ലായ്മയ്ക്ക് വിരുദ്ധമായി, ഇത് എഴുത്തിലൂടെയുള്ള ചെറുത്തു നില്പിന്റെ കരുത്തിനെ സാധൂകരിക്കുന്നു. ചെറുത്തുനില്പിനുള്ള വൈവിധ്യമാര്‍ന്ന സമ്പ്രദായം എന്ന നിലയില്‍ എഴുത്ത് കൂട്ടിലടച്ച കിളികളെക്കുറിച്ചുള്ള സംഘഗാനത്തിനു നവ ഊര്‍ജ്ജം നല്‍കുന്നു. അതിലെല്ലാം ഉപരിയായി ജയിലഴികള്‍ക്ക് പുറകില്‍, തെറ്റായ കേസുകളില്‍ അകപ്പെട്ട്, സ്രോതസ്സുകളില്ലാത്തതിനാല്‍ വിസ്മരിക്കപ്പെട്ടും ബഹിഷ്‌കൃതരായും തളരുന്നവര്‍ക്ക് പ്രതീക്ഷയുടെ നാളം നല്‍കുന്നു.
*****

Sharmila Purkayastha
Professor and Independent Researcher – Dept. of English,Miranda House,Delhi University.
Author of ” Captivity and Resistance: Women Political Prisoners in Post Colonial India ( 2023)
![]()
വിവര്‍ത്തനം: സുരേഷ് എം.ജി.

No Comments yet!