Skip to main content

മെയ് 14 – ആൾദൈവം ആകേണ്ട ഗതികേട് വരാതിരുന്ന മതനിരപേക്ഷനായ സന്യാസി ഗുരു നിത്യചൈതന്യയതിയുടെ ഓർമ്മദിനം

112 കൃതികൾ മലയാളത്തിലും Neither this Not that But… Aum, Love and Devotion ഉൾപ്പെടെ 58 കൃതികൾ ഇംഗ്ലീഷിലും രചിച്ചിട്ടുള്ള നാരായണഗുരു പറയുന്ന “അറിവിലുമേറെ അറിഞ്ഞ” ഭാഷയുടെ നിത്യ ചൈതന്യമായിരുന്ന ഗുരു നിത്യചൈതന്യയതിയുടെ ഓർമ്മ ദിനമാണ് ഇന്ന്. വ്യക്തിപരമായി അദ്ദേഹത്തിൽ ഞാൻ യോജിക്കുന്നവയും വിയോജിക്കുന്നവയുമായ കാര്യങ്ങൾ ഉണ്ട്. എങ്കിലും അദ്ദേഹം ഒരു ആൾദൈവം ആയിരുന്നില്ല. ആശയദാരിദ്ര്യമാണ് ആൾദൈവങ്ങളെ ഉണ്ടാക്കുന്നത്. നമുക്ക് യോജിക്കാനും വിയോജിക്കാനും സാധ്യത നൽകുന്ന വിശാലമായ ഒരു ആശയലോകം അദ്ദേഹത്തിന് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആൾദൈവമാകേണ്ട ഗതികേട് അദ്ദേഹത്തിന് ഉണ്ടായില്ല. തന്നെ ദൈവപുത്രനാക്കാന്‍ ശ്രമിച്ചവര്‍ക്കു മുന്നില്‍ പച്ചമനുഷ്യൻറെ വിക്രിയകള്‍ കാട്ടി അവരെ പരിഹസിക്കുകയാണ് അദ്ദേഹം ചെയ്തത്. ഒരാള്‍ക്ക് അയാളായിരിക്കുവാനേ കഴിയുകയുള്ളൂ എന്നതായിരുന്നു അദ്ദേഹത്തിൻറെ പ്രമാണം.

ദുഃഖനിവൃത്തിക്കായി ദൈവത്തെ തേടാതെ മദ്യം തേടുന്നതെന്തുകൊണ്ട്? ദൈവത്തിലേക്കുള്ള മാര്‍ഗ്ഗം സുഗമമല്ല!' | Mathrubhumi

’മലയാള സാഹിത്യലോകത്തും ആധ്യാത്മിക മേഖലയിലും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുകയും മതേതരത്വത്തിനും മാനവികതക്കും വേണ്ടി നിലകൊള്ളുകയും ചെയ്ത ഗുരു നിത്യചൈതന്യയതിയുടെ ‘നളിനി എന്ന കാവ്യശില്പം‘ എന്ന പഠന ഗ്രന്ഥത്തിന് 1977 ൽ സാഹിത്യ നിരൂപണത്തിനുള്ള കേരള സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു. ഗുരുവും ശിഷ്യനും, ദൈവം സത്യമോ മിഥ്യയോ, മന:ശാസ്ത്രം ജീവിതത്തിൽ, വിമോചന സാമൂഹ്യ ശാസ്ത്രം, മാക്‌സിം ഗോർക്കി – ഒരു പഠനം, മനുഷ്യപുത്രനായ യേശു, ഊർജതാണ്ഡവം, നടരാജഗുരുവും ഞാനും തുടങ്ങിയവ മലയാളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട കൃതികൾ ആയിരുന്നു.

Sree Narayana Guru's poetry offers lessons in conflict resolution and winning over adversaries – Ullekh NP
ശ്രീനാരായണ ഗുരു

ആധ്യാത്മിക ചിന്തകനായിരുന്നെങ്കിലും ശ്രീനാരായണ ഗുരുവിന്റെ ആത്മീയ പാതയിൽ സഞ്ചരിച്ച യതി മറ്റു സന്യാസിമാരിൽ നിന്നും തീർത്തും വ്യത്യസ്തനായിരുന്നു. തത്വചിന്ത, ശാസ്ത്രം, മതം, വിദ്യാഭ്യാസം, മന:ശാസ്ത്രം തുടങ്ങിയ വ്യത്യസ്ത മേഖലകളുമായി ബന്ധപ്പെട്ട അദ്ദേഹം കർമ്മയോഗിയും ജ്ഞാന യോഗിയുമായിരുന്നു. ഒരു പ്രത്യേക ചിന്താപദ്ധതിയുടെ കള്ളിയിൽ ഒതുക്കി നിർത്താനാവാത്തവിധം വിപുലമായ രചനാ ജീവിതവും ദർശനവും വഴി കേരളീയ സാംസ്കാരിക ജീവിതത്തിൽ നിറഞ്ഞുനിന്നു. നല്ല ഒരു ചിത്രകാരനും വയലിനിസ്റ്റും കൂടിയായിരുന്നു കലയെയും സംഗീതത്തെയും പ്രകൃതിയെയും സ്നേഹിച്ച അദ്ദേഹം. ഇന്ത്യയിൽ ആദ്യമായി കമ്പ്യൂട്ടർ ഉപയോഗിച്ചിരുന്ന സന്യാസിയും അദ്ദേഹമാണ്.

കൊല്ലം എസ് എൻ കോളേജിൻറെ മുൻ സൈക്കോളജി ഹെഡ് ആയിരുന്ന അദ്ദേഹം മദ്രാസ് ക്രിസ്ത്യൻ കോളേജിലും ആലുവ യു സി കോളേജിലും അദ്ധ്യാപകനായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റികോളേജിലെ പൂർവ്വ വിദ്യാർത്ഥിയാണ്.

ഇൻഡ്യൻ സന്യാസിമാര്‍ക്കിടയില്‍ ഒട്ടുമേ പ്യൂരിറ്റനല്ലാതെ വര്‍ത്തിച്ചുവെന്നതാണ് ഗുരു നിത്യചൈതന്യ യതിയുടെ ഏറ്റവും വലിയ അനന്യത. മതം, ലൈംഗികത എന്നീ വ്യവഹാരങ്ങളില്‍ അദ്ദേഹം പുലര്‍ത്തിയ ഉല്‍പതിഷ്ണുത്വം കാലം തിരിച്ചറിയേണ്ടതുണ്ട്. ദസ്തയേവിസ്കിയെയും വാന്‍ഗോഗിനെയും ബീഥോവനെയും പ്രണയിച്ച യതിക്ക് രമണ മഹർഷിയുടെ മാര്‍ഗം ഉപദേശിക്കാനും കഴിഞ്ഞു (‘മൂന്നു കഴുവേറികള്‍’ എന്നായിരുന്നു അദ്ദേഹം അവര്‍ക്കു നല്‍കിയ ഓമനപ്പേര്!). ഖലീല്‍ ജിബ്രാൻറെ നരകതീര്‍ഥാടനങ്ങളെക്കുറിച്ചും വാന്‍ഗോഗിൻറെ ഉന്മാദദിനങ്ങളെക്കുറിച്ചും വള്ളത്തോളിൻറെ ദരിദ്രകാലത്തെക്കുറിച്ചുമോര്‍ത്ത് അദ്ദേഹം ചകിതനായി. ഇങ്ങനെ ഒക്കെ എഴുതാന്‍ കഴിയുമെങ്കില്‍ തനിക്കും അയ്യപ്പനെപ്പോലെ അല്‍പം കള്ള് കുടിച്ചുനോക്കിയാല്‍ കൊള്ളാമെന്നായിരുന്നു എന്ന് കവി എ. അയ്യപ്പനെക്കുറിച്ച് നിത്യ പറയുമായിരുന്നു.

Madhavikutty (Kamala Surayya) Biography, Age, Books, Awards - Aksharathalukal
Madhavikutty (Kamala Surayya)

യതിക്ക് ഏറെ പാരസ്പര്യമുള്ള മലയാളി എഴുത്തുകാരിയായിരുന്നു കമലാസുരയ്യ. ഊട്ടി ഗുരുകുലത്തിലെ കാവ്യസന്ധ്യകളില്‍ നിറസാന്നിധ്യമായിരുന്നു സുരയ്യ. മതംമാറ്റത്തിൻറെ സംഘര്‍ഷനിര്‍ഭരമായിരുന്ന കാലത്ത് തൻറെ ശിഷ്യന്മാരെ അയച്ച് യതി അവര്‍ക്ക് ആശ്വാസവചനങ്ങള്‍ പകര്‍ന്നുനല്‍കിയിരുന്നു. ഒരു മതത്തിനും ദൈവത്തിനും യതി കീഴടങ്ങിയില്ല. നാരായണഗുരുപോലും തൻറെ അനേകം പൂവാടികളിലൊന്നായിരുന്നുവെന്നാണ് ഒരിക്കല്‍ പറഞ്ഞത്.

Narayana Gurukula @ 100 - by P R Sreekumar & Prof.Pradeepkumar P I | Narayana Guru Website in English | Bangalore
Narayana Gurukulam, Ooty

ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ അദ്ദേഹം നടത്തിയ പ്രതികരണം ഏറെ ശ്രദ്ധേയമായിരുന്നു. “രാമൻ ജനിച്ചത്‌ അയോദ്ധ്യയിൽ അല്ല. വാത്മീകിയുടെ മനസിലാണ്”എന്നായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം. ദൈവം ഒരു നാമമല്ല, ക്രിയയാണെന്നതായിരുന്നു നിത്യചൈതന്യ യതിയുടെ ഏറ്റവും വലിയ ഉപദേശം. ക്രിയയാകാത്ത ദൈവം നുണ. അനുഷ്ഠിക്കാത്ത തത്ത്വം നുണ.

“തന്റെ മുന്നിലിരിക്കുന്ന കുട്ടി തന്റെതല്ലെന്ന് എപ്പോഴാണോ തോന്നുന്നത് അപ്പോൾ അദ്ധ്യാപകൻ വിദ്യാലയത്തിന്റെ പടിയിറങ്ങണം”– ഗുരു നിത്യചൈതന്യയതി

‘നളിനി എന്ന കാവ്യശില്പം’, ഗുരുവും ശിഷ്യനും, ദൈവം സത്യമോ മിഥ്യയോ, മന:ശാസ്ത്രം ജീവിതത്തിൽ, വിമോചന സാമൂഹ്യ ശാസ്ത്രം, മാക്‌സിം ഗോർക്കി – ഒരു പഠനം, മനുഷ്യപുത്രനായ യേശു, ഊർജതാണ്ഡവം, നടരാജഗുരുവും ഞാനും, ഗുരുവരുൾ, മൗനമന്ദഹാസം, വിനായകാഷ്ടകം, ആത്മോപദേശശതകം (അർത്ഥവും വിവരണവും), കുടുംബശാന്തി ഒരു മനഃശാസ്ത്രസാധന, രോഗം ബാധിച്ച വൈദ്യരംഗം, ജനനീ നവരത്നമഞ്ജരി, മൂല്യങ്ങളുടെ കുഴമറിച്ചിൽ, സത്യത്തിന്റെ മുഖങ്ങൾ, തത്ത്വമസി: തത്ത്വവും ആത്മാവും, കലയുടെ മനഃശാസ്ത്രം, നന്മയിലേക്കൊരു വഴി, ഗീതാഞ്ജലി (വിവർത്തനം), ലാവണ്യാനുഭവവും സൗന്ദര്യാനുഭൂതിയും, ദാരശനികവീക്ഷണത്തിൽ ആരോഗ്യശാസ്ത്രം, കലാസാഹിത്യസപര്യ സമ്യഗ്ദർശനം, പരിവർത്തോനോന്മുഖ വിദ്യാഭ്യാസം, ലവ് അജീവനകലയുടെ ലാവണ്യം, ലവ് ആൻഡ് ദി ഡിവോഷൻ, ഇൻ ദി സ്റ്റ്രീം ഒഫ് കോൺഷ്യൻസ് ആൻഡ് റിലീജിയൻ, തൗസന്റ് ഗെയിംസ്, ദി ഹൗണ്ടിങ് എക്കോസ് ഒഫ് സ്പ്രിങ് തുടങ്ങി 112 കൃതികൾ മലയാളത്തിലും 58 കൃതികൾ ഇംഗ്ലീഷിലും രചിച്ചിട്ടുണ്ട്.


Courtesy : https://sahodaran.in/

No Comments yet!

Your Email address will not be published.