മലയാള സിനിമയില്‍ ഗ്രാമീണകഥാപാത്രങ്ങളെ രസികത്വം നിറഞ്ഞ സംഭാഷണംകൊണ്ട് സരസവും സ്വാഭാവികവുമായ അഭിനയശൈലിയിലൂടെ ജനമനസ്സുകളില്‍ ജീവിക്കുന്ന നടനാണ് ഒടുവില്‍ ഉണ്ണികൃഷ്ണന്‍.
1943 ഫെബ്രുവരി 13-ന് തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ ജനനം.

ചെറുപ്പംമുതലേ സംഗീതത്തില്‍ തല്‍പരനായിരുന്നു. അക്കാലത്ത് തബല, മൃദംഗം മുതലായ വാദ്യോപകരണങ്ങല്‍ അഭ്യസിച്ചു. കലാമണ്ഡലം വാസുദേവപണിക്കര്‍ ആയിരുന്നു ഗുരു. സംഗീതത്തിലെ കഴിവ് കെ.പി.എ.സി, കേരളകലാവേദി എന്നീ നാടകസംഘങ്ങളില്‍ എത്തിച്ചു. അവിടെ പ്രധാനമായും തബലിസ്റ്റായാണ് പ്രവര്‍ത്തിച്ചത്.
1970-ല്‍ പ്രദര്‍ശനത്തിനെത്തിയ പി.എന്‍.മേനോന്‍ സംവിധാനം ചെയ്ത ‘ദര്‍ശനം’ ആയിരുന്നു ആദ്യം അഭിനയിച്ച ചിത്രം.
അഭിനയത്തിനുപുറമെ നിരവധി ആല്‍ബങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്.
2002-ല്‍ അടൂരിന്റെ ‘നിഴല്‍ക്കുത്ത്’ എന്ന ചിത്രത്തില്‍ കാളിയപ്പനെന്ന ആരാച്ചാരുടെ ആത്മസംഘര്‍ഷങ്ങള്‍ അവതരിപ്പിച്ചതിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു. സ്വാഭാവികമായ ചലനങ്ങളിലൂടെ നമ്മളില്‍ ഒരാളായി വെള്ളിത്തിരയില്‍ ജീവിച്ച ഒടുവില്‍ ഉണ്ണികൃഷ്ണന്‍ 2006 മെയ് 27-ന് അന്തരിച്ചു.

അകൃത്രിമമായ അഭിനയം, ഭാവങ്ങളുടെ നൈര്‍മല്യം, സഹജമായ ഗ്രാമീണനിഷ്‌കളങ്കത, സംഭാഷണത്തിലും അവതരണത്തിലുമുള്ള അനായാസത എല്ലാറ്റിലുമുപരി ചില നോട്ടങ്ങളും മൂളലുകളും കൊണ്ടു കൈവരുത്തുന്ന സ്വാഭാവികത ഇതെല്ലാം ഒടുവിലിന്റെ സവിശേഷതയായിരുന്നു.
പൊന്‍മുട്ടയിടുന്ന താറാവ്, മഴവില്‍ കാവടി, സന്ദേശം, നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍, തലയണമന്ത്രം, വരവേല്‍പ്പ്, സസ്നേഹം, ആകാശക്കോട്ടയിലെ സുല്‍ത്താന്‍, കണ്‍കെട്ട്, കളിക്കളം, ശുഭയാത്ര, യോദ്ധ, സല്ലാപം, മേലേപ്പറമ്പില്‍ ആണ്‍വീട്, അനിയന്‍ബാവ ചേട്ടന്‍ബാവ, മീശമാധവന്‍, തിളക്കം, പട്ടാളം, സര്‍ഗം, പരിണയം, ഭരതം, സുകൃതം, ദേവാസുരം, ആറാം തമ്പുരാന്‍, ഒരു ചെറു പുഞ്ചിരി, കഥാപുരുഷന്‍, തൂവല്‍കൊട്ടാരം തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങളാണ്.







No Comments yet!