Skip to main content

PIET MONDRIAN – അടിമ സംഗീതം (Jazz) അമൂര്‍ത്തകലയിലുണ്ടാക്കിയ സ്വാധീനം

കല എങ്ങിനെയൊക്കെയാണ് അനുഭൂതികളുടെ പ്രതിബിംബങ്ങളായി പ്രവര്‍ത്തിക്കുന്നത് എന്ന ഗഹനമേറെയുള്ള അന്വേഷണങ്ങളാല്‍ പുതുമ തേടിപോകുന്നവരാണ് നമ്മളിപ്പോഴും. വസ്തുനിഷ്ഠമായ കലാനിരൂപണങ്ങള്‍ കൊണ്ട് സമൃദ്ധമായിരുന്നു പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന കാലം വരെയുള്ള രേഖപെടുത്തലുകള്‍. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളില്‍ സംഗീതവും ചിത്രകലയും സിനിമയും സാഹിത്യവും പരസ്യകലയും ഇഴുകിച്ചേര്‍ന്ന ഒരു പുതിയ നിരൂപണം സംജാതമാവുന്നുണ്ട്. വ്യക്തത അവകാശപ്പെടാനാവില്ലെങ്കിലും റോമാന്റ്റിസിസം മുതലേ ചിത്രകലയില്‍ അമൂര്‍ത്തമായി ചിന്തിക്കുന്നവര്‍ ഉണ്ടായിരുന്നു.

ഫ്രഞ്ച് വിപ്ലവവും ഫാസിസത്തിന്റെ കടന്നുകയറ്റവും അവന്റ് ഗാര്‍ഡ് സങ്കല്‍പ്പങ്ങളും ഒന്നാം ലോകയുദ്ധവും റഷ്യന്‍ വിപ്ലവവും ചിത്രകലയിലുണ്ടാക്കിയ മാറ്റിതീര്‍ക്കലുകളില്‍, നമുക്ക് ഏറെ പരിചയമുണ്ടായിരുന്ന ഭാവങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരുപാട് അനുഭൂതികളെ സമൂഹത്തിലേക്ക് പരിചയപ്പെടുത്താനുള്ള തത്രപ്പാടുകളാവണം അബ്‌സ്ട്രാക്ട് ആര്‍ട്ട് എന്ന ഒരു പൂര്‍ണരൂപത്തിലേക്ക് ചിത്രകല എത്താനുണ്ടായ കാരണം. അബ്‌സ്ട്രാക്ട് ആര്‍ട്ടിന്റെ ചരിത്രം സുവ്യക്തമാവുന്നതിന് ജാസ് എന്ന സംഗീതശാഖയുടെ 1917ലെ വിപ്ലവത്മകമായ കടന്നുവരവും അത് ഡച്ച് ചിത്രകാരനായ പിയെറ്റ് മൊണ്‍ട്രിയാനെ സ്വാധീനിക്കുന്നത് എങ്ങിനെയായിരുന്നു എന്നുള്ള പഠനത്തിലും അധിഷ്ഠിതമാണ്.

Red Tree Piet Mondrian

അഭൂതപൂര്‍വമായ അദ്ദേഹത്തിന്റെ ലാന്‍ഡ്‌സ്‌കേപ്പ് ചിത്രങ്ങളില്‍ നിന്ന് ക്രമേണ മേഘങ്ങള്‍ ഇല്ലാതാകുന്നതും മരങ്ങളുടെ അഖ്യാനരീതികളില്‍ മാറ്റങ്ങള്‍ വരുന്നതും പശ്ചാത്തല നിറങ്ങളുടെ തീവ്രത കൂടുന്നതും അങ്ങിനെ ഗണിതസംജ്ഞകളേറെയുള്ള അമൂര്‍ത്തതയുടെ ഉയരങ്ങളിലേക്ക് ക്രമാനുഗതമായി സഞ്ചരിക്കുന്ന മൊണ്‍ട്രിയാന്‍ ചിത്രങ്ങളുടെ തുടര്‍ വായനകളിലാണ് അബ്‌സ്ട്രാക്ട് ആര്‍ട്ടിന്റെ ഉണ്ടായിത്തീരലുകള്‍ കൃത്യമായി നമുക്കനുഭവിക്കാനാവുന്നത്.

പാരീസ് ന്യൂയോര്‍ക് ലണ്ടന്‍ യാത്രകള്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളിലുണ്ടാക്കിയ മാറ്റങ്ങളും വാന്‍ ഗോഗ്, പിക്കാസോ, ബ്രാക്ക് എന്നിവരുടെ സ്വാധീനങ്ങള്‍ അദ്ദേഹത്തിന്റെചിത്രങ്ങളിലെ രൂപ സമന്വയ ഘടനയില്‍ ഉണ്ടാക്കിയ ചലനങ്ങളും വ്യക്തമായി പഠിക്കുക ഏറെ കൗതുകമുള്ളതാണ്. 1920 മുതലുണ്ടായ വ്യത്യസ്തമായ രചനാരീതികളിലൂടെ അദ്ദേഹം ഉണ്ടാക്കിയെടുത്ത നിയോ പ്ലാസ്റ്റിസിസം (ഇതിനെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കേണ്ടതുണ്ട്) എന്നൊരു സങ്കല്‍പ്പത്തിന്റെ വികാസ പരിണാമങ്ങള്‍ ന്യൂയോര്‍ക്കിലെ അവസാന വര്‍ഷങ്ങളില്‍ ജാസ് സംഗീതവുമായുണ്ടായ വൈകാരികതയുടെ തീവ്രതയില്‍ നിന്നുടലെടുത്തതാണ്.

‘ബ്രോഡ് വെ ബൂഗി വുഗി’ എന്ന ചിത്രപരമ്പരകളില്‍ അതവസാനിക്കുമ്പോള്‍ ആ ചിത്രം തെരുവുകളിലെ നിയോണ്‍ പ്രകാശങ്ങളുടെ ജാസ് നൃത്തച്ചുവടുകളാണെന്നും ഒരു ചുവട് പിന്നിലേക്ക് അതായത് ഭൂതകാലത്തിലേക്ക് വെക്കുന്നതും അത് ചെറിയചതുരങ്ങളായും മറ്റേ ചുവട് മുന്‍മ്പിലേക്ക് അതായത് ഭാവിയിലേക്ക് വെക്കുന്ന വലിയ ചതുരങ്ങളാണെന്നുമുള്ള ആക്കാലത്തെ കലാനിരൂപകരുടെ വ്യാഖ്യാനങ്ങള്‍ മൊണ്‍ട്രിയാന്‍ പോലും നിഷേധിച്ചിരുന്നില്ല. അടിമ സംഗീതം എന്നു വിവക്ഷിച്ചു ലോകസംഗീതത്തെ തന്നെ മാറ്റിമറിച്ച ഒരു സംഗീത ശാഖയുടെ, മൊണ്‍ട്രിയാന്‍ സൃഷ്ടിച്ചെടുത്ത ഭ്രമാത്മകമായ ദൃശ്യപ്രതലങ്ങള്‍ റോജര്‍ ഗോള്‍ഡന്‍ബര്‍ഗ്, എല്ലന്‍ പ്രീസ്റ്റ് തുടങ്ങിയ ഇന്നത്തെ സമകാലിക കലാപ്രവര്‍ത്തകരിലൂടെ ജാസ് പെയിന്റിങ് എന്ന രൂപത്തില്‍ ഇപ്പോഴും സജീവമാണ്.

1920ല്‍ തുടങ്ങിയ മൊണ്‍ട്രിയാന്റെ ഗണിതഭിംബങ്ങളിലെ കറുത്ത രേഖകളുടെ വേര്‍തിരിവുകള്‍ മാറി വേറെ നിറങ്ങളാകുന്നതും നിയോപ്ലാസ്റ്റിസിസത്തിനുണ്ടായ രാഷ്ട്രീയ ചലനങ്ങളും കാന്റിന്‍സ്‌കി, മലേവിച്, തിയോ വാന്‍ ഡോസ്ബെര്‍ഗ് എന്നീ കലാകാരന്മാരെ കുറിച്ചും ദേ സ്റ്റിജ്ല്‍, സൂപ്പര്‍മാറ്റിസം, കോണ്‍സ്ട്രക്ടിവിസം തുടങ്ങിയ ചലനങ്ങളെ കുറിച്ചും പറയുമ്പോള്‍ മാത്രമാണ് അബ്‌സ്ട്രാക്ട് ആര്‍ട്ടിലേക്ക് കുറച്ചെങ്കിലും നമ്മളെത്തുന്നുണ്ട് എന്നൊരു തോന്നല്‍ നമുക്കുണ്ടാകുക… അത്തരം വിപുലീകരണങ്ങള്‍ വല്ലാതെ നീണ്ടുപോകും എന്നുള്ളതുകൊണ്ട് അതിന്റെ വിശദീകരണങ്ങള്‍ പിന്നീടാവട്ടെ.


Piet Mondrian
(1872 – 1944)

One Reply to “PIET MONDRIAN – അടിമ സംഗീതം (Jazz) അമൂര്‍ത്തകലയിലുണ്ടാക്കിയ സ്വാധീനം”

Your Email address will not be published.