
ഇംപ്രെഷനിസ്റ്റുകൾ പാശ്ചാത്യ ചിത്രകലയിൽ കൊണ്ടുവന്ന ഭാവുകത്വപരമായ മാറ്റങ്ങളെ സ്വാംശീകരിക്കുകയും അതേസമയംതന്നെ ഇംപ്രെഷനിസ്റ്റുകൾക്ക് വർണ്ണപ്രയോഗത്തിലും ഭാവത്തിന്റെ അഥവാ വൈകാരികതയുടെ ആവിഷ്കാരത്തിലും മറ്റും ഉണ്ടായിരുന്ന പരിമിതികളെ മറികടക്കാൻ തങ്ങളുടേതായരീതിയിൽ പരിശ്രമിക്കുകയും ചെയ്ത ചിത്രകാരന്മാരെയാണ് പൊതുവിൽ പോസ്റ്റ് ഇംപ്രെഷനിസ്റ്റുകൾ എന്ന് വിളിക്കുന്നത്.
1880 -കൾ മുതൽ സജീവമായിരുന്ന ഈ ചിത്രകാരന്മാരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി പറയാറുള്ള, തനതുവ്യക്തിത്വമുള്ള ശ്രദ്ധേയനായ ഒരു ചിത്രകാരനായിരുന്നു ടുളോസ് ലോത്രെ (Toulouse Lautrec). ഫ്രാൻസിൽ, മോണ്ട്മാർട്രെയിലെയും പാരീസിലേയും നിശാനൃത്ത – സംഗീത വേദികളിലും മദ്യശാലകളിലും വേശ്യാലയങ്ങളിലും തന്റെ ഹ്രസ്വമെന്നു പറയാവുന്ന ജീവിതത്തിന്റെ നല്ലൊരുഭാഗവും ചിലവഴിച്ച ലോത്രെ വരയ്ക്കാനുള്ള പ്രചോദനം കണ്ടെത്തിയതും അവിടങ്ങളിൽനിന്നുതന്നെയായിരുന്നു. ഒടുവിൽ, അമിതമായ മദ്യപാനശീലം കേവലം മുപ്പത്താറാം വയസ്സിൽ സ്വന്തം ജീവനെടുക്കുന്നതുവരെയും അദ്ദേഹം തന്റെ കലാസപര്യ തുടർന്നു. ഒരു സ്വതന്ത്ര ചിത്രകാരൻ എന്നതുപോലെതന്നെ പോസ്റ്ററുകളും മറ്റും ഡിസൈൻ ചെയ്യുന്ന, മാസികകൾക്കുവേണ്ടി ഇല്ലസ്ട്രേഷൻ ചെയ്യുന്ന, പാരീസിലെ ഏറ്റവും ശ്രദ്ധേയനായ ഒരു ഗ്രാഫിക് കലാകാരൻ കൂടിയായിരുന്നു അദ്ദേഹം.
1864 -ൽ ഫ്രാൻസിലെ ടുളോസ് എന്ന സ്ഥലത്ത് ഒരു സമ്പന്നകുടുംബത്തിലാണ് ലോത്രെ ജനിക്കുന്നത്. (‘ടുളോസ്’ എന്നത് അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ടുവരുന്ന ഒരു സ്ഥലപ്പേരാണ്). അസ്ഥികൾക്ക് ബലഹീനത ഉണ്ടാകുന്ന ഒരു പ്രത്യേകതരം രോഗം ബാല്യത്തിൽത്തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ട് കാലുകൾക്ക് സ്വാഭാവികമായ വളർച്ചയുണ്ടാകാതെ ഒരു കുള്ളനെപ്പോലെയാണ് അദ്ദേഹത്തിന്റെ ശരീരം പൂർണ്ണവളർച്ച പ്രാപിച്ചത്.

കുട്ടിക്കാലം മുതൽതന്നെ ചിത്രംവരയിൽ താൽപ്പര്യം പ്രദർശിപ്പിച്ചിരുന്ന ലോത്രെയെ മാതാപിതാക്കൾ അദ്ദേഹത്തിന്റെ പതിനാലാം വയസ്സുമുതൽ ഒരു മുതിർന്ന ചിത്രകാരന്റെ അടുത്ത് പരിശീലനത്തിനായി അയച്ചു. 1882 -ൽ ലോത്രെ അമ്മയോടൊപ്പം പാരീസിലേയ്ക്കുപോയി. അവിടെ ആദ്യത്തെ മൂന്നുവർഷം രണ്ടു വ്യത്യസ്ത ചിത്രകാരന്മാരുടെ അടുത്തുനിന്ന് പരിശീലനം നേടി.
1885 -ൽ ഒരു സ്വതന്ത്രചിത്രകാരനാകാൻ ഉദ്ദേശിച്ച് ഒരു സുഹൃത്തിനോടൊപ്പം ലോത്രെ പാരീസിന് അടുത്തുതന്നെയുള്ള മോണ്ട്മാർട്രെയിലേക്ക് പോയി. സംഗീത – നൃത്തശാലകളിലും കാബറെ വേദികളിലും വിരുന്നുസൽക്കാരവേദികളിലും മദ്യശാലകളിലുമെല്ലാം ലോത്രെ നിത്യസന്ദർശകനായിത്തീരുന്നത് ഈ കാലഘട്ടം മുതൽക്കാണ്. വിൻസെന്റ് വാൻഗോഗ്, എമിലി ബെർണാഡ്, ഒരു അലക്കുകാരിയായി ജീവിതം തുടങ്ങി

പിൽക്കാലത്ത് സ്വന്തം നിലയിൽ ഒരു ചിത്രകാരിയായിത്തീർന്ന സൂസന്നെ വാലഡൻ (Suzanne Valadon) – ഇവരുടെയെല്ലാം സൗഹൃദം ലോത്രെ കണ്ടെത്തുന്നത് മോണ്ട്മാർട്രെയിൽവച്ചാണ്. അതുപോലെതന്നെ എടുത്തുപറയേണ്ട ഒന്നാണ് അക്കാലത്തു പാരീസിലെ പ്രശസ്ത ഗായകനായിരുന്ന അരിസ്റ്റിഡ് ബ്രുവാന്റുമായുള്ള (Aristide Bruant) അടുത്ത സൗഹൃദം. അരിസ്റ്റിഡിന്റെ സംഗീതപരിപാടികൾക്കുവേണ്ടി ലോത്രെ ആകർഷകമായ ധാരാളം പോസ്റ്ററുകൾ ചെയ്തിട്ടുണ്ട്.

1888 മുതൽ ലോത്രെ തന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചുതുടങ്ങി. പാരീസിലെ അവാങ് ഗാർഡ് (Avant – Garde) വൃത്തങ്ങളിൽ പെട്ടെന്നുതന്നെ അദ്ദേഹം ശ്രദ്ധേയനായി. 1890 കളുടെ ആദ്യവർഷങ്ങളിൽ ലോത്രെ തന്റെ ഏറ്റവും ശ്രദ്ധേയമായ ചില പെയിന്റിങ്ങുകൾ പൂർത്തിയാക്കി. അർദ്ധരാത്രിയോളം നീളുന്ന ചിത്രരചന, അതോടൊപ്പം തുടരെയുള്ള മദ്യപാനം, ഇതായിരുന്നു അദ്ദേഹത്തിന്റെ സാധാരണ രീതി. അമിത മദ്യപാനവും വേശ്യാലയങ്ങളിലെയും നിശാക്ലബ്ബുകളിലെയും കുത്തഴിഞ്ഞ ജീവിതവും ലോത്രെയുടെ ആരോഗ്യത്തെ കാര്യമായി ബാധിച്ചുതുടങ്ങി.

വേശ്യാലയങ്ങളിലെ ജീവിതം വിഷയമാക്കി ലോത്രെ ധാരാളം പെയിന്റിങ്ങുകൾ ചെയ്തിട്ടുണ്ട്. അക്കൂട്ടത്തിൽ ശ്രദ്ധേയമായ ഒന്നാണ് 1894 -ൽ ചെയ്ത “The Salon at the Rue des Moulins’ എന്ന പേരിൽ അറിയപ്പെടുന്ന പെയിന്റിങ്. ഒരു ആഡംബര വേശ്യാലയത്തിന്റെ സ്വീകരണമുറി ആണ് ഇവിടെ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ലോത്രെ പലപ്പോഴും താമസിച്ചിരുന്ന ഒരു ഇടംതന്നെയാണിത്. ഇടപാടുകാരെ കാത്തിരിക്കുന്ന വേശ്യകളായ സ്ത്രീകളാണ് ഇവിടെ കാണുന്ന മനുഷ്യരൂപങ്ങൾ.

ടുളോസ് ലോത്രെ
ജനനം :1864
മരണം : 1901







No Comments yet!