Skip to main content

ക്വി ബാഷി

ചൈനീസ് ചിത്രകലയ്ക്ക് സഹസ്രാബ്ദങ്ങളുടെ ചരിത്രമുണ്ട്. മൗലികമായ പല കാര്യങ്ങൾകൊണ്ടും പാശ്ചാത്യ നാച്ചുറലിസ്റ്റ് രീതികളിൽനിന്നും സങ്കേതങ്ങളിൽനിന്നും അത് വ്യത്യസ്തമാണ്. പാശ്ചാത്യസംസ്കാരത്തിന്റെ ഭൗതിക പ്രവണമായ ദർശനത്തിൽനിന്നു വ്യത്യസ്തമായി താവോയിസത്തിന്റെയും കൺഫ്യൂഷ്യാനിസത്തിന്റേയും, ബുദ്ധിസവുമായി ബന്ധപ്പെട്ട മറ്റു മിസ്റ്റിക് പാരമ്പര്യങ്ങളുടേയുമെല്ലാം ദാർശനികപരിസരങ്ങളാണ് ചൈനീസ് കലാകാരനെ സ്വാധീനിച്ചിട്ടുള്ളത്. പ്രകൃതിയോടുള്ള അഗാധബന്ധത്തിന്റേതായ ഒരു സാംസ്കാരികധാരയാണ് അത്.

ആദിമകാലം മുതൽ ഇരുപതാം നൂറ്റാണ്ടിലെ ആധുനികത വരെയുള്ള പാശ്ചാത്യചിത്രകലയുടെ ചരിത്രം രേഖീയമായ ഒരു വളർച്ചയുടെ ചരിത്രമാണെന്നു പറയാം. എന്നാൽ ചൈനീസ് ചിത്രകലയുടെ കാര്യത്തിൽ ഇത് വ്യത്യസ്തമാണ്. ചൈനീസ് ചിത്രകലയുടെ ചരിത്രത്തിലെ ഏറ്റവും മഹത്തായ ഘട്ടമായി പൊതുവിൽ വിലയിരുത്തപ്പെടുന്നത് CE പത്തു മുതൽ പതിമൂന്നു വരെയുള്ള നൂറ്റാണ്ടുകളാണ്. ചൈനയുടെ ചരിത്രവുമായി ബന്ധപ്പെടുത്തി പറയുകയാണെങ്കിൽ സങ് (Song Dynasty) രാജവംശത്തിന്റെ കാലഘട്ടം. പ്രത്യേകിച്ചും പ്രകൃതിദൃശ്യ ചിത്രരചനയുടെ കാര്യത്തിലാണ് ഈ കാലഘട്ടം ഏറ്റവും പ്രശസ്തമായിട്ടുള്ളത്. പ്രകൃതിദൃശ്യങ്ങളെക്കൂടാതെ മനുഷ്യാകാരചിത്രങ്ങൾ, പുഷ്പങ്ങളെയും പക്ഷികളെയും മൃഗങ്ങളെയും മീനുകളെയും ഷഡ്പദങ്ങളെയും മറ്റു ചെറുജീവികളെയുമെല്ലാം സൂക്ഷ്മതയോടെ ആവിഷ്കരിക്കുന്ന ചിത്രങ്ങൾ, മുളകൾ, മരച്ചില്ലകൾ തുടങ്ങിയ വിഷയങ്ങൾ, ഇവയെല്ലാം ഈ കാലഘട്ടത്തിൽ അസാധാരണമായ കരവിരുതോടെ രചിക്കപ്പെടുന്നുണ്ട്.

പതിമൂന്നാം നൂറ്റാണ്ടിനു ശേഷമുള്ള ചൈനീസ് ചിത്രകല, പൊതുവായ ഒരു വിലയിരുത്തൽ നടത്തുകയാണെങ്കിൽ, അവരുടെ ഗതകാലപ്രതാപത്തിന്റെ നിഴലായിട്ടാണ് അഥവാ അനുകരണമായിട്ടാണ് ഒരു വലിയ പരിധിവരെ നിലനിന്നത്. വ്യക്തിത്വമുള്ള ചിത്രകാരന്മാർ ഈ കാലഘട്ടത്തിൽ ഉണ്ടായിട്ടുണ്ടെങ്കിൽപ്പോലും പൊതുവായ ശൈലിയിലും ദർശനത്തിലും അവർ തങ്ങളുടെ മുൻഗാമികളെ പിന്തുടരുന്ന രീതികളാണ് അവലംബിച്ചത്. ആ പരമ്പരയുടെ ഭാഗവും തുടർച്ചയുമായി പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ജനിച്ച്, പരമ്പരാഗത ചൈനീസ് ചിത്രരചനാരീതികളിൽ തന്റെ കാലഘട്ടത്തിലെ അഗ്രഗണ്യന്മാരിൽ ഒരാളായി വളർന്ന പ്രതിഭാശാലിയാണ് ക്വി ബാഷി (Qi Baishi).

ആദ്യകാലജീവിതം

1864 -ൽ ചൈനയിലെ ഹുനാൻ (Hunan) പ്രവിശ്യയിൽ ഒരു കർഷകകുടുംബത്തിലാണ്‌ ക്വി ബാഷി ജനിക്കുന്നത്. ബാല്യത്തിൽത്തന്നെ ചിത്രകലയിൽ താല്പര്യമുണ്ടായിരുന്നുവെങ്കിലും ആ താല്പര്യത്തെ പോഷിപ്പിക്കാൻ പറ്റുന്ന സാഹചര്യം ഉണ്ടായിരുന്നില്ല. പന്ത്രണ്ടോ പതിമൂന്നോ വയസ്സുള്ളപ്പോൾ അദ്ദേഹം ഒരു മരപ്പണിക്കാരന്റെ സഹായിയായി പരിശീലനംനേടി. കുറച്ചുകാലം ആ ജോലിയിൽ തുടർന്നതിനു ശേഷമാണ് ക്വി ബാഷി അതല്ല തന്റെ വഴി എന്ന് തീരുമാനിക്കുന്നത്.

ചൈനീസ് ചിത്രകലയുടെ പാരമ്പരാഗതമായ പാഠങ്ങൾ ക്വി ബാഷി ആദ്യമായി പഠിച്ചത് പ്രധാനമായും ‘Manual of the Mustard seed Garden’ പോലെയുള്ള പുസ്‌തകങ്ങളെ ആശ്രയിച്ചാണ്. പ്രാദേശികമായി സമീപിക്കാൻ കഴിയുന്ന ചില മുതിർന്ന ചിത്രകാരന്മാരിൽനിന്നും പിൽക്കാലത്തു വിവിധ ശൈലികളിൽ അദ്ദേഹം പാഠങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്‌. വരയ്ക്കാനുള്ള വിഷയങ്ങളും പ്രചോദനവും തേടി യാത്രചെയ്യുന്ന രീതി അദ്ദേഹത്തിനുണ്ടായിരുന്നു. ഈ ഉദ്ദേശ്യത്തോടുകൂടി അദ്ദേഹം കാര്യമായി യാത്രചെയ്യാനാരംഭിച്ചത് നാല്പതുവയസ്സിനു ശേഷമാണ്.

ബീജിങ്ങിലേയ്ക്ക് താമസം മാറുന്നു

1917 -ൽ, വളർന്നുവരുന്ന ഒരു ചിത്രകാരൻ എന്നനിലയിൽ കൂടുതൽ അവസരങ്ങൾ തേടി ക്വി ബാഷി തലസ്ഥാന നഗരമായ ബീജിങ്ങിലേയ്ക്ക് താമസം മാറി. അദ്ദേഹത്തിന്റെ ചിത്രങ്ങൾ രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെട്ടുതുടങ്ങുന്നതും കാലാഭിജ്ഞരായ ആളുകൾ അദ്ദേഹത്തിന്റെ ചിത്രങ്ങൾ കാര്യമായി ശേഖരിക്കാൻ തുടങ്ങുന്നതും ഈ കാലഘട്ടം മുതൽക്കാണ്. താരതമ്യേന ആധുനികമായ ദൃശ്യബോധവും വീക്ഷണങ്ങളുള്ള നാഗരികമനുഷ്യനെ ചൈനയുടെ അതിസമ്പന്നമായ പരമ്പരാഗത ശൈലിയോട്, അതിന്റെ ദർശനത്തോട്, അടുപ്പിച്ചു കൊണ്ടുവരുകയാണ് അദ്ദേഹം തന്റെ രചനകളിലൂടെ ചെയ്തത്. പ്രകൃതിയിലെ ചെറുജീവികളുടെ ചിത്രീകരണത്തിൽ, പുൽച്ചാടി, തവള, കൊഞ്ച്, ഞണ്ട്, ശലഭം, തേനീച്ച തുടങ്ങിയ വിവിധതരം ജീവികളുടെ ലോലവും സൂക്ഷ്മവുമായ ചിത്രീകരണത്തിൽ അദ്ദേഹം അദ്വിതീയനായിരുന്നു. കാണുമ്പോൾ ലളിതമായി തോന്നിച്ചേക്കാമെങ്കിലും വാസ്തവത്തിൽ ഇത് അത്ര ലളിതമായ ഒരു കാര്യമല്ല. അനേകവർഷങ്ങളുടെ നിരന്തരസാധനയിലൂടെയാണ് ഈ വൈദഗ്‌ദ്ധ്യം അദ്ദേഹം സ്വായത്തമാക്കിയത്. വിഷയത്തിന്റെ രൂപപരമായ അനുകരണമല്ല മറിച്ച് അതിന്റെ സത്തയെ ആവിഷ്കരിക്കാനാണ് താൻ ശ്രമിക്കുന്നതെന്ന് ക്വി ബാഷി പറയാറുണ്ടായിരുന്നു.

പിൽക്കാല ജീവിതം

ബെയ്‌ജിങ്ങിൽ എത്തി അധികം വൈകാതെതന്നെ ക്വി ബാഷി യാത്രകൾ പരിമിതപ്പെടുത്തി. സ്വന്തമായി ഒരു വീടുനിർമ്മിച്ച് കുടുംബത്തോടൊപ്പം അവിടെ സ്ഥിരതാമസമാക്കി, നിരന്തരമായ വരയിൽ മുഴുകി. ആഭ്യന്തരയുദ്ധത്തിനുശേഷം 1949 -ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ചൈനയിൽ അധികാരം പിടിച്ചെടുത്തപ്പോൾ ആദ്യഘട്ടത്തിൽ ക്വി ബാഷി അതിനെ ഭയപ്പെട്ടിരുന്നു. ഉപരിവർഗ്ഗപശ്ചാത്തലമുള്ള ആളുകളുമായി അദ്ദേഹത്തിനുണ്ടായിരുന്ന ബന്ധങ്ങളായിരുന്നു ഈ ഭയത്തിനു കാരണം. എന്നാൽ പുതിയ ഗവണ്മെന്റ് ക്വി ബാഷിയുടെ കലാപ്രവർത്തനങ്ങളോട് ആദരപൂർവ്വമായ ഒരു നിലപാടാണ് എടുക്കുകയുണ്ടായത്. പ്രകടമായി രാഷ്ട്രീയമൊന്നും പറയാൻ ശ്രമിക്കുന്നില്ലാത്ത ഒരു ചിത്രകാരൻ എന്നനിലയിൽ കമ്മ്യൂണിസ്റ്റുകൾക്ക് അദ്ദേഹത്തെ ശത്രുപക്ഷത്തു നിർത്തേണ്ട ആവശ്യമുണ്ടായിരുന്നില്ല. കമ്മ്യൂണിസ്റ്റുപാർട്ടിയുടെ നേതാവായ മാവോ സേതുങ് (Mao Zedong) സ്വയം ക്വി ബാഷിയുടെ ചിത്രങ്ങൾ ഇഷ്ടപ്പെടുകയും ശേഖരിക്കുകയും ചെയ്യുന്ന ഒരാളായിരുന്നു. ചൈനയുടെ സമ്പന്നമായ പരമ്പരാഗത സാംസ്‌കാരിക മൂല്യങ്ങളോട് പ്രതിബദ്ധതയുള്ള ആധുനികകാലത്തെ ഒരു പ്രതിഭയായി ക്വി ബാഷി തിരിച്ചറിയപ്പെട്ടു. അദ്ദേഹേത്തിന്റെ സമകാലികരായ പല ചിത്രകാരന്മാരും ഈ വിലയിരുത്തൽ പങ്കുവച്ചിരുന്നു.

അവസാന വർഷങ്ങൾ

ക്വി ബാഷി നല്ല ഒരു വായനക്കാരനും സ്വന്തം നിലയിൽ ഒരു കവിയും ആയിരുന്നു. വാർദ്ധക്യത്തിൽ ചിത്രരചനയോടൊപ്പം അദ്ദേഹം വായനയിലും എഴുത്തിലും കൂടുതൽ സജീവമായി.
യൂറോപ്പും അമേരിക്കയുമുൾപ്പെടെ ലോകത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ അദ്ദേഹത്തിന്റെ പ്രദർശനങ്ങൾ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. ചൈനയിൽനിന്നുള്ള ഏറ്റവും പ്രതിഭാശാലികളായ ചിത്രകാരന്മാരിൽ ഒരാളായി അദ്ദേഹം ഇന്ന് ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. 1957 -ൽ വാർദ്ധക്യസഹജമായ കാരണങ്ങളാൽ ക്വി ബാഷി നിര്യാതനായി.


Qi Baishi - Wikipedia

ക്വി ബാഷി
ജനനം : 1864
മരണം : 1957

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.