Skip to main content

കാത്തെ കോൾവിറ്റ്സ്

ചിത്രകലയുടെ ചരിത്രത്തിൽ ഏതെങ്കിലും പ്രത്യേക പ്രസ്ഥാനങ്ങളുടെ ഭാഗമാകാതെ ശക്തവും സ്വതന്ത്രവുമായ തനതു വ്യക്തിത്വംകൊണ്ടു മാത്രം ചിരപ്രതിഷ്ഠനേടിയ ഒറ്റപ്പെട്ട ചില അപൂർവ്വ പ്രതിഭകളുണ്ട്. അവരുടെ കൂട്ടത്തിൽ എടുത്തുപറയേണ്ട ഒരാളാണ് ജർമ്മൻകാരിയായ കാത്തെ കോൾവിറ്റ്സ് (Käthe Kollwitz). ചിത്രകലയുടെ മേഖലയിൽ ലോകനിലവാരത്തിൽ അറിയപ്പെടുന്ന വനിതകൾ താരതമ്യേന കുറവാണ്. എന്നാൽ കാത്തെ ആകട്ടെ പുരുഷന്മാർക്കുപോലും എളുപ്പത്തിൽ എത്തിപ്പിടിക്കാൻ കഴിഞ്ഞിട്ടില്ലാത്ത തരത്തിൽ സവിശേഷമായ തന്റെ കലാവ്യക്തിത്വത്തെ രചനകളിലൂടെ സാക്ഷാത്ക്കരിച്ച ഒരാളാണ്.

ചാർക്കോളും ലിത്തോഗ്രാഫ് പ്രിന്റുകളും എച്ചിങ്ങുകളും തന്റെ പ്രധാന രചനാമാധ്യമങ്ങളായി തിരഞ്ഞെടുത്ത കാത്തെ ഒരു ചിത്രകാരി എന്ന നിലയിൽ അപൂർവ്വം സന്ദർഭങ്ങളിൽ മാത്രമേ വരയ്ക്കാൻ നിറങ്ങൾ ഉപയോഗിച്ചിട്ടുള്ളു. ഇടക്കാലത്ത് ശില്പകല പരിശീലിക്കാനും അവർ സമയം കണ്ടെത്തി. മനുഷ്യൻ ആയിരുന്നു എന്നും അവരുടെ ചിത്രങ്ങളുടെ കേന്ദ്ര പ്രമേയം. പ്രത്യേകിച്ചും തൊഴിലാളികളും കർഷകരുമെല്ലാം ഉൾപ്പെട്ട അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ പ്രതിനിധികളായ മനുഷ്യർ.

ജർമ്മനിയിൽ പുരോഗമനാശയങ്ങളുള്ള മാതാപിതാക്കളുടെ മകളായി 1867 -ലാണ് കാത്തെ കോൾവിറ്റ്സ് ജനിക്കുന്നത്. കുട്ടിക്കാലത്തുതന്നെ ചിത്രകലയിൽ താൽപ്പര്യം പ്രകടിപ്പിച്ച മകളെ പിതാവ് പ്രോൽസാപ്പിച്ചിരുന്നു. പിന്നീട് പതിനെട്ടാം വയസ്സിൽ അവർ ബെർലിനിലുള്ള ഒരു ആർട്ട് സ്കൂളിൽ ചേർന്നു പരിശീലനം ആരംഭിച്ചു. ആ കാലഘട്ടം മുതൽക്കുതന്നെ റിയലിസ്റ്റു രീതിയിൽ അധ്വാനവർഗ്ഗത്തിൽപ്പെട്ട ആളുകളുടെ ജീവിതദൃശ്യങ്ങൾ ചിത്രീകരിക്കാനുള്ള താൽപ്പര്യം അവർ പ്രകടിപ്പിക്കുന്നുണ്ട്.

പിന്നീട് 1888 – 89 കാലഘട്ടത്തിൽ മ്യൂണിക്കിൽ ഒരു മുതിർന്ന ചിത്രകാരന്റെ സ്റ്റുഡിയോയിൽ കാത്തെ പെയിന്റിങ് പരിശീലിക്കാനായി ചേർന്നു. പരിശീലനം നേടിയെങ്കിലും നിറങ്ങൾ ഉപയോഗിച്ചുള്ള ചിത്രരചനയല്ല തന്റെ വഴിയെന്ന് ആ കാലഘട്ടത്തിൽത്തന്നെ അവർ തിരിച്ചറിഞ്ഞിരുന്നു. സമ്പന്നരുടെയോ മധ്യവർഗ്ഗ വിഭാഗങ്ങളുടെയോ ജീവിതമല്ല മറിച്ച് തൊഴിലാളികളുടെയും കർഷകരുടേയുമെല്ലാം ജീവിതമാണ് തന്റെ സൗന്ദര്യബോധത്തെ ആഴത്തിൽ സ്വാധീനിച്ചിട്ടുള്ളതെന്ന്‌ കാത്തെ പറഞ്ഞിട്ടുണ്ട്. ഒരുപക്ഷെ പറയുന്നതിനേക്കാൾ ഫലപ്രദമായി അവർ അത് വരച്ചു കാണിച്ചുതന്നിട്ടുണ്ട്.

1890 -കളുടെ തുടക്കത്തിൽ കാത്തെ ജർമ്മനിയിലെ ദുരിതമനുഭവിക്കുന്ന നെയ്ത്തുതൊഴിലാളികളുടെ കലാപഭരിതമായ ജീവിതം വിഷമായുള്ള ഒരു നാടകം കാണാനിടയായി. പ്രശസ്തനായ ജർമ്മൻ നാടകകൃത്ത് ജർഹാർട് ഹോപ്ട്മാന്റെ (Gerhart Hauptmann) ‘The Weavers’ എന്ന നാടകമായിരുന്നു അത്. 1844 -ൽ കൂലിവർദ്ധനവിനും മാന്യമായ ജീവിതസാഹചര്യങ്ങൾക്കും വേണ്ടി ജർമ്മനിയിലെ തുണിമില്ലുകളിലെ തൊഴിലാളികൾ തൊഴിലുടമകൾക്കെതിരായി നടത്തിയ ഐതിഹാസികമായ സമരങ്ങളായിരുന്നു ആ നാടകത്തിന്റെ പ്രമേയപരമായ പശ്ചാത്തലം. നാടകം കാത്തെയെ ആഴത്തിൽ സ്പർശിച്ചു. തുടർന്ന്, ഏറ്റെടുത്തിരുന്ന മറ്റുചില ജോലികൾ മാറ്റിവച്ച് അവർ നെയ്ത്തുകാരുടെ ജീവിതവും സമരങ്ങളും ചിത്രീകരിക്കുന്ന ഒരു ചിത്രപരമ്പരയ്‌ക്കു തുടക്കംകുറിച്ചു. ലിത്തോഗ്രാഫ് പ്രിന്റുകളും എച്ചിങ്ങുകളും ചാർക്കോൾ ഡ്രോയിങ്ങുകളുമെല്ലാം ഈ പരമ്പരയുടെ ഭാഗമായി വരുന്നുണ്ട്. 1893 – 97 കാലഘട്ടത്തിൽ ചെയ്ത വികാരതീക്ഷ്ണമായ ഈ ചിത്രപരമ്പര “Weavers’ revolt’ പരമ്പര എന്നാണ് പൊതുവിൽ അറിയപ്പെടുന്നത്. ആ പരമ്പരയുടെ ഭാഗമായുള്ള അനേകം ചിത്രങ്ങളിൽ ഏതാനും ചിലതാണ് ഇവിടെ ഈ കുറിപ്പിനോടൊപ്പം എടുത്തുചേർത്തിട്ടുള്ളത്.

വാസ്തവത്തിൽ The Weavers നാടകം ഈ ചിത്രപരമ്പരയ്ക്കുള്ള പെട്ടെന്നുള്ള ഒരു പ്രേരണയായി എന്നേ പറയാനുള്ളു. കാത്തെയുടെ ചിത്രപരമ്പര നാടകത്തിന്റെ ഒരു ചിത്രീകരണമല്ല മറിച്ചു സ്വാതന്ത്രസ്വാഭാവമുള്ള ഒന്നാണ്.

തൊഴിലാളികളും കർഷകരും ഉൾപ്പെടുന്ന മർദിതജനവിഭാഗങ്ങളുടെ ദുരിതമയമായ ജീവിതങ്ങളുടെയും അവകാശസമരങ്ങളുടെയും പോരാട്ടങ്ങളുടെയും ഉജ്വലമായ പ്രതീകങ്ങളായി കാത്തെയുടെ ചിത്രങ്ങൾ ലോകവ്യാപകമായിത്തന്നെ ഇന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്. അക്കൂട്ടത്തിൽ “Weavers’ revolt’ പരമ്പരയ്ക്ക് സവിശേഷമായ ഒരു സ്ഥാനമുണ്ട്.

Kollwitz – eine moderne Künstlerin | Städel Stories

കാത്തെ കോൾവിറ്റ്സ്

ജനനം :1867
മരണം : 1945

***

No Comments yet!

Your Email address will not be published.