നീ എന്നെ പട്ടിണിക്കിട്ടാൽ,
വിശപ്പടക്കാൻ ഞാൻ എന്റെ സ്വന്തം മാംസം ഭക്ഷിക്കും.
നീ എന്റെ ദാഹജലം തടഞ്ഞാൽ,
ദാഹം തീർക്കാൻ ഞാൻ എന്റെ സ്വന്തം രക്തം കുടിക്കും.
നീ വെളിച്ചങ്ങളെല്ലാം അണച്ചുകളഞ്ഞാൽ,
ആകാശത്തിലെ നക്ഷത്രങ്ങളുടെ വെട്ടത്തിൽ ഞാൻ എന്റെ വഴി കണ്ടെത്തും.
നിന്റെ പക്കൽ ബോംബുകളുണ്ടെങ്കിൽ,
എന്റെ കൈകളിൽ പൂക്കളുണ്ട്.
നിന്റെ പക്കൽ വെടിയുണ്ടകളുണ്ടെങ്കിൽ,
എന്റെ കൈകളിൽ എന്റെ തൂലികയുണ്ട്.
നീ എന്റെ ജനതയെ കൊന്നൊടുക്കിയാൽ,
ഈ ഭൂമിയിലേക്ക്
ഞാൻ ഇനിയും
ഒരായിരം കുഞ്ഞുങ്ങളെ ജനിപ്പിക്കും.
നീ ഒരു ഒലിവുമരം പിഴുതെറിഞ്ഞാൽ,
ഞാൻ പത്തുലക്ഷം
മരങ്ങൾ ഈ മണ്ണിൽ നട്ടുവളർത്തും.
നീ യുദ്ധത്തിന്റെ വിത്തുകൾ വിതച്ചാലും,
ഞാൻ സമാധാനത്തിന്റെ കതിരുകൾ കൊയ്തെടുക്കുക
തന്നെ ചെയ്യും.
***
കവി പരിചയം :

അഹമ്മദ് മിഖ്ദാദ്
പലസ്തീനിൽ നിന്നുള്ള കവിയും ആക്ടിവിസ്റ്റുമാണ്. യുദ്ധം, മനുഷ്യജീവിതം, അഭയാർഥിത്വം, സ്വന്തം മണ്ണിൽനിന്നുള്ള വേർപാട് തുടങ്ങിയ അനുഭവങ്ങളുമായി ബന്ധപ്പെട്ട കവിതകളിലൂടെയാണ് അദ്ദേഹത്തിന്റെ രചനകൾ വായനക്കാരിലേക്ക് എത്തുന്നത്.
വിവര്‍ത്തക പരിചയം :

ശർമില ശിറിൻ
കോഴിക്കോട് ജില്ലയിലെ ഫറോക്കിൽ ജനനം. ഗവൺമെന്റ് ഗണപത് ഹയർസെക്കൻഡറി സ്കൂൾ ഫറോക്ക്, ഫാറൂഖ് കോളേജ്, എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കേരള സാംസ്കാരിക വകുപ്പിന് കീഴിൽ പ്രൊജക്റ്റ് അസിസ്റ്റന്റ്, കോഴിക്കോട് ആകാശവാണി നിലയത്തിൽ ബ്രോഡ്കാസ്റ്റിംഗ് അസിസ്റ്റന്റ്, എന്നീ തസ്തികകകളിൽ പ്രവർത്തിച്ചു. ഇപ്പോൾ മലപ്പുറം പ്രിയദർശിനി കോളേജ് മലയാള വിഭാഗം മേധാവിയാണ്.







No Comments yet!