Skip to main content

ചെണ്ടയും ആഫ്രിക്കയും – ഒരു കിഴക്കൻ ആഫ്രിക്കൻ യാത്രാക്കുറിപ്പ്

ഒരേ യാത്രയിൽ നാലു ആഫ്രിക്കൻ രാജ്യങ്ങൾ സഞ്ചരിക്കുന്നത് ആദ്യമായിട്ടാണ്. റുവാണ്ടയിലെ കിഗാലിയിൽ നടക്കുന്ന ‘വിവ് ആഫ്രിക്ക’ എക്സിബിഷനിൽ പങ്കെടുക്കാനായിട്ടാണ് അവിടേക്ക് ദുബായിൽനിന്ന് യാത്ര തിരിക്കുന്നത്. വ്യക്തിപരമായി ഏറെ പ്രാധാന്യമുള്ള രാജ്യമാണ് റുവാണ്ട. രണ്ടായിരത്തിപ്പതിനെട്ടിലെ ആദ്യത്തെ റുവാണ്ടൻ യാത്രയിൽ പരിചയപ്പെട്ട (1987 മുതൽ അവിടെ താമസിക്കുന്ന) പ്രകാശേട്ടൻ പറഞ്ഞുതന്ന അവിടത്തെ കൂട്ടക്കൊലയുടെ വിശേഷങ്ങൾ, അന്ന് കണ്ട ജീനോസൈഡ് മ്യൂസിയം, ഇതെല്ലാമാണ് ജീവിതത്തിൽ ആദ്യമായി എഴുതുവാൻ പ്രേരണ നൽകിയത്. വിവരിക്കുവാൻ സാധിക്കാത്ത ക്രൂരത നടമാടിയ 1994 ഏപ്രിൽ 7 മുതലുള്ള മൂന്നുമാസംകൊണ്ട് പത്തുലക്ഷത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്. എന്നാൽ പിന്നീട് ലോകത്തിന് മാതൃകയാക്കാവുന്ന തരത്തിൽ സമാധാനവും ഒത്തൊരുമയും സുരക്ഷിതത്വവുമുള്ള ഒരു രാജ്യമായി റുവാണ്ട പരിണമിച്ചു.

കിഗാലിയിൽ രണ്ടു ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എക്സിബിഷൻ കാരണം തീർത്തും തിരക്കേറിയ ദിനങ്ങൾ. മറ്റു ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള പലരെയും അവിടെ കണ്ടുമുട്ടി. റുവാണ്ടയിലെ പരിചയമുള്ള വ്യക്തികളിലൊരാളായ നമ്പ്യാർ സാറിനെ കാണുവാൻ സാധിച്ചു.

Lake Victoria Travel Guide: Explore Africa's Largest Lake
Lake Victoria

തുടർന്ന് ഉഗാണ്ടയിൽ നാലു ദിവസം. സുഹൃത്ത് രമേഷിന്റെ സഹായമുണ്ടായിരുന്നതിനാൽ ജോലിപരമായ കാര്യങ്ങൾ ഭംഗിയായി നടന്നു. എന്റെബ്ബെ എയർപോർട്ടിന് സമീപം ചെല്ലുമ്പോൾ വിക്ടോറിയ തടാകം കാണുവാൻ പോകാറുണ്ട്. വിക്ടോറിയ തടാകം ഓരോ പ്രാവശ്യം കാണുമ്പോഴും കൂടുതൽ സുന്ദരിയായി വരുന്നതുപോലെ തോന്നി. ശാന്തത നിറഞ്ഞ ആ തടാകം എത്ര കണ്ടാലും മതിവരില്ല.

പിന്നീട് ടാൻസാനിയയിലെ എക്സിബിഷനിൽ പങ്കെടുക്കാനായി ദാർ എസ് സലാമിലേക്ക് യാത്ര തിരിച്ചു. നവരാത്രി ആഘോഷസമയത്ത് ആദ്യമായിട്ടാണ് ആഫ്രിക്കയിൽ, പ്രത്യേകിച്ച് ടാൻസാനിയയിൽ, യാത്ര ചെയ്യുന്നത്. ദാർ എസ് സലാമിലെ ടെംപിൾ സ്ട്രീറ്റിലാണ് അവിടെ ചെല്ലുമ്പോൾ താമസിക്കാറുള്ളത്. ഇപ്രാവശ്യം നവരാത്രി ആഘോഷങ്ങൾ കാണുവാൻ സാധിച്ചു. ജീവിതത്തിലാദ്യമായിട്ടാണ് ഡാൻഡിയ, ഗർബ നൃത്തരൂപങ്ങൾ നേരിട്ട് കാണുന്നത്.

ഗുജറാത്തിലെ ഒരു ഗ്രാമത്തിൽ ചെന്ന് നവരാത്രി ആഘോഷം കാണുന്ന ഒരനുഭൂതിയായിരുന്നു ദാർ എസ് സലാമിൽ വെച്ചുള്ള ഈ ആഘോഷം കണ്ടപ്പോൾ അനുഭവപ്പെട്ടത്. മുൻപെല്ലാം ഇവിടെ വരുമ്പോൾ ഈ അമ്പലത്തിന്റെ തൊട്ടടുത്തുള്ള ചപ്പാൻ ഭോഗ് തുടങ്ങിയ വെജിറ്റേറിയൻ ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ വരുമ്പോൾ അനേകം ഉത്തരേന്ത്യക്കാരെ കാണാറുണ്ട്. കൂടാതെ, അമ്പലത്തിൽ വെച്ചുപരിചയപ്പെട്ട കൃഷ്ണ എന്ന ഗുജറാത്തി സുഹൃത്ത് അദ്ദേഹത്തിന്റെ കുറച്ചു ബന്ധുക്കളെയും പരിചയപ്പെടുത്തിയിരുന്നു.

1949-ൽ എസ്. കെ. പൊറ്റെക്കാട് തന്റെ ആഫ്രിക്കൻ യാത്രയിൽ അന്ന് ടാങ്കാനീക എന്നറിയപ്പെട്ടിരുന്ന ടാൻസാനിയയിലെ ദാർ എസ് സലാമിനെ ‘മിനി ബോംബെ’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഏകദേശം നാല്പതിനായിരത്തോളം ഇന്ത്യക്കാർ അന്നും ഇവിടെ ഉണ്ടായിരുന്നു. സിംഹഭൂമി എന്ന പുസ്തകത്തിൽ ഇവിടത്തെ വിശേഷങ്ങൾ അദ്ദേഹം കുറിച്ചിട്ടുണ്ട്. അതിനാൽ ഇത്രയധികം ഗുജറാത്തി സമൂഹത്തെ കണ്ടപ്പോൾ വലിയ അത്ഭുതം തോന്നിയില്ലെങ്കിലും നവരാത്രി ആഘോഷം നേരിട്ട് കണ്ടപ്പോൾ ഇത്രയധികം സുന്ദരികളും സുന്ദരന്മാരുമായ ഗുജറാത്തികൾ ഇവിടെയുണ്ടെന്ന കാര്യം പുതിയ അറിവായി മാറി.

 

പത്തുവർഷത്തോളമായി പരിചയമുള്ള അടുത്ത സുഹൃത്ത് ഡോക്ടർ ബാലസാഹിബിനെ കുറച്ചു വർഷത്തെ ഇടവേളയ്ക്കുശേഷം ദാർ എസ് സലാമിൽ വെച്ച് കണ്ടുമുട്ടി. മുൻപ് ഘാനയിലും നൈജീരിയയിലും അദ്ദേഹം ജോലി ചെയ്തപ്പോൾ കണ്ടിരുന്നു. 2018-ൽ ഘാനയിൽ വെച്ച് അദ്ദേഹത്തെ ആദ്യമായി നേരിട്ട് കാണുമ്പോൾ കൂടെ അദ്ദേഹത്തിന്റെ കുടുംബവുമുണ്ടായിരുന്നു. ഇപ്രാവശ്യം മകൾ ധ്രുവയെ ഫോണിൽ വിളിച്ചു സംസാരിച്ചു. അന്ന് ചുവപ്പ് ഷൂസിനോട് വളരെ ഇഷ്ടമുണ്ടായിരുന്നു ധ്രുവയ്ക്ക്. അക്കാര്യം ഓർത്തെടുത്ത് ചോദിച്ചപ്പോൾ ഏഴാം ക്ലാസിൽ ഇപ്പോൾ പഠിക്കുന്ന ധ്രുവ ഞെട്ടിപ്പോയി. ഡോക്ടർ ബാലയുടെ കൂടെ കോകോ ബീച്ചിൽ പോയി ഒരുപാടു വിശേഷങ്ങൾ പങ്കുവെച്ചു. സൗഹൃദത്തിന്റെ വില ഇങ്ങനെയുള്ള ബന്ധങ്ങളിലൂടെയാണ് കൂടുതൽ ദൃഢമാകുന്നത്.

ടാൻസാനിയയിലെ അസോസിയേറ്റ് സന്ദീപ് അടുത്ത സുഹൃത്ത് കൂടെയാണ്. അവരുടെ സ്റ്റാഫിന്റെ കല്യാണത്തിന് പോയ വിശേഷങ്ങളും പലരും രണ്ടു കുട്ടികളായതിനു ശേഷം കല്യാണം കഴിക്കുന്ന രീതികളുമെല്ലാം അവർ വിശദമായി പറഞ്ഞുതന്നു.

ടാൻസാനിയയിൽ നിന്ന് പിന്നെ പോയത് കെനിയയിലേക്കാണ്. ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ മലയാളി സുഹൃത്തുക്കളുള്ളത് കെനിയയിലാണ്. കൂടാതെ, കമ്പനിയുടെ അവിടത്തെ അസോസിയേറ്റായ മെഡിസെൽ ഗ്രൂപ്പിൽ കുറച്ചു കെനിയൻ സുഹൃത്തുക്കളുമുണ്ട്. വെറ്ററിനറി വിഭാഗം കൈകാര്യം ചെയ്യുന്ന ഡോക്ടർ ഒകോതുമായി എപ്പോഴും ബിസിനസ് കാര്യങ്ങൾ പോലെതന്നെ ലോകകാര്യങ്ങളും ചർച്ച ചെയ്യാറുണ്ട്. അദ്ദേഹം കുറച്ചുകാലം സൗദിയിൽ ജോലി ചെയ്തിരുന്നു. ഇപ്പോഴത്തെ സംഭവവികാസങ്ങളും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയും എല്ലാം അദ്ദേഹത്തിന് നന്നായി അറിയാം. അതുപോലെ നമ്മുടെ എഴുത്തിനെ എപ്പോഴും പ്രോത്സാഹിപ്പിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. ഓരോ ജനതയ്ക്കും അവരുടെ ചട്ടക്കൂടിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ചില അറിവുകളും വിശേഷങ്ങളുമുണ്ടായിരിക്കും. ഉദാഹരണത്തിന് കുഞ്ഞാലിപ്പാറ എന്ന ഞങ്ങളുടെ നാട്ടിലെ മനോഹരമായ മലയും അതിനു പുറകിലെ ഐതിഹ്യങ്ങളും എല്ലാം. അങ്ങനെയുള്ള കെനിയയിലെ അദ്ദേഹത്തിന്റെ ഗോത്രത്തോടും ഭൂവിഭാഗത്തോടും ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പറഞ്ഞുതരുവാൻ പ്രത്യേക കഴിവാണ് ഡോക്ടർക്ക്. ചെറിയ ഒരു സന്ദർശനമായിരുന്നതിനാൽ ഇപ്രാവശ്യം കൂടുതലും ബിസിനസ് ചർച്ചകൾ മാത്രമായിരുന്നു.

ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ചുനോക്കുമ്പോൾ വളരെ കുറഞ്ഞ മലയാളികൾ മാത്രമാണ് ഓരോ ആഫ്രിക്കൻ രാജ്യത്തുമുള്ളത്. കെനിയയിൽ ഒരുപക്ഷേ ആയിരത്തിൽപരം കാണുമായിരിക്കും. തലസ്ഥാനമായ നെയ്‌റോബിയിലാണ് ഇവരിൽ കൂടുതലും താമസിക്കുന്നത്. ഓരോ രാജ്യത്തും മലയാളികളെ കൂട്ടിയിണക്കാൻ കേരള-മലയാളി അസോസിയേഷനുകൾ ഉണ്ടാകും. കെനിയയിലെ കേരള അസോസിയേഷൻ (കെ. എ. കെ.) പ്രത്യേകം പരാമർശിക്കപ്പെടേണ്ടതാണ്. 1954-ൽ സ്ഥാപിച്ചതിനുശേഷം മറ്റൊരു വിഭാഗമായി അത് വേർപിരിഞ്ഞിട്ടില്ല എന്നുള്ളതുകൊണ്ട് മാത്രമല്ല, വളരെ ഊർജ്ജസ്വലമായി ഓരോ വർഷം കഴിയുന്തോറും കൂടുതൽ ശക്തി പ്രാപിക്കുന്നു എന്നതുകൊണ്ടും. തുടക്കം മുതൽ അതിന്റെ നേതൃനിരയിലോ പിന്നാമ്പുറത്തോ പ്രവർത്തിക്കുന്ന ചില വ്യക്തികളുടെ നിശ്ചയദാർഢ്യവും സഹായമനസ്ഥിതിയുമാണ് എത്രയോ വർഷമായി ഈ സംഘടന നിലനിന്നുവരുവാൻ കാരണം.

കെനിയയിൽ ഇങ്ങനെ ഏവർക്കും താങ്ങും തണലുമായി പ്രവർത്തിക്കുന്ന വ്യക്തികളിൽ ഒരാളാണ് സജിത്തേട്ടൻ. എല്ലാ പ്രാവശ്യവും കെനിയയിൽ വരുമ്പോൾ സജിത്തേട്ടനെയും രാജ് മോഹൻ ചേട്ടൻ അടങ്ങുന്ന സുഹൃത്തുക്കളെയും കാണാതെ മടങ്ങാറില്ല. അന്ന് വൈകുന്നേരം സജിത്തേട്ടൻ ഹോട്ടലിൽ നിന്ന് നേരിട്ട് അവരുടെ ചെണ്ട പരിശീലന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. നെയ്‌റോബിയിലെ അയ്യപ്പ ക്ഷേത്രം ഉൾപ്പെടുന്ന ശ്രീറാം മന്ദിർ അമ്പലത്തിന്റെ അണ്ടർഗ്രൗണ്ട് പാർക്കിങ്ങിലെ ഒരു ചെറിയ മുറിയാണ് ഇവരുടെ ചെണ്ട പരിശീലന കേന്ദ്രം. ഇരുപത്തഞ്ചോളം പേർ ദിവസവും അവിടെ പരിശീലിക്കുന്നു. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ എട്ടുപേരുള്ള മൂന്നാമത്തെ ബാച്ചിന്റെ അരങ്ങേറ്റമാണ് അടുത്ത ദിവസം. സജിത്തേട്ടൻ അടങ്ങുന്ന ആദ്യത്തെ ബാച്ചിൽ 13 പേരും രണ്ടാം ബാച്ചിൽ 11 പേരും കഴിഞ്ഞ രണ്ടുവർഷങ്ങളായി അരങ്ങേറ്റം കുറിച്ചിരുന്നു. അതുവരെ ചെണ്ടമേളം പരിശീലിച്ച എല്ലാവരും ഇപ്രാവശ്യം അരങ്ങേറുന്നവർക്ക് പ്രോത്സാഹനവും പരിശീലനവും നൽകുന്നതിനായി എന്നും ഒരുമണിക്കൂർ ഇവിടെ വന്ന് ചെണ്ട കൊട്ടും. ആ ചെണ്ട ബാൻഡിലെ കുറച്ചുപേരെ മുൻപേ പരിചയമുണ്ടെങ്കിലും കൂടുതൽ പേരെയും ആദ്യമായിട്ടാണ് കാണുന്നത്. ‘ആഫ്രിക്കയുടെ വേരുകൾ’ എന്ന ആദ്യ പുസ്തകം വെച്ചാണ് സജിത്തേട്ടൻ എന്നെ പരിചയപ്പെടുത്തിയത്. കെനിയയിൽ വെച്ചാണ് ആ പുസ്തകം പ്രകാശനം ചെയ്തത് എന്നതുകൊണ്ട് അവർക്കു പെട്ടെന്ന് മനസ്സിലായി. എന്തായാലും ആഫ്രിക്കയിലെ ചെണ്ടയുടെ വേരുകൾ ഇവിടെ കാണാമെന്ന് ചിരിച്ചുകൊണ്ട് ചെണ്ടമേളത്തിലെ ഒരംഗമായ നിമിഷ എന്ന പെൺകുട്ടി പറഞ്ഞു.

അവർ പതുക്കെ ചെണ്ടമേളം തുടങ്ങി. മൂന്നാം കാലത്തിൽ തുടങ്ങി പതുക്കെ കൊട്ടിക്കയറി, അവസാനം നാലാം കാലം കഴിഞ്ഞ് ശരിയായ രൗദ്രഭാവം വിളിച്ചോതുന്ന അഞ്ചാംകാലത്തിൽ ഉഷാറായി കൊട്ടിക്കസറി അവരെല്ലാവരും. കുഴൽവാദ്യം വിളിക്കാൻ രണ്ടുപേരും ഇലത്താളത്തിനായി നാലുപേർ വീതവുമുണ്ട് ഈ സംഘത്തിൽ. കുഴൽവാദ്യം കൈകാര്യം ചെയ്യുന്ന ബാലുച്ചേട്ടനാണ് കലാക്ഷേത്ര കെനിയയുടെ ചെയർമാൻ. കെനിയയിൽ പഞ്ചാരിമേളം പരിശീലിപ്പിക്കുന്ന കലാസംഘത്തിന്റെ ഗുരു പേരാമംഗലത്തുനിന്നുള്ള കലാമണ്ഡലം ശ്രീ അഖിൽ മാരാരാണ്. വർഷത്തിൽ മൂന്നുമാസത്തോളം അദ്ദേഹത്തെ കെനിയയിൽ താമസിപ്പിച്ച് പരിശീലനം നേടാറുണ്ട്. ആശാന്റെ അസാന്നിധ്യത്തിൽ നെയ്‌റോബിയിലെ ചെണ്ട ക്ലാസുകൾ പരിശീലിപ്പിക്കുന്നത് ബാലുച്ചേട്ടനും ഞങ്ങളുടെ നാട്ടുകാരനും വലംതല പ്രമാണിയുമായ രമേഷ് പിഷാരവും കൂടിയാണ്. കെനിയയിലെ തുറമുഖ നഗരമായ മൊമ്പാസ്സയിലെ ക്ലാസുകൾ എടുക്കുന്നതിന് ബാലുച്ചേട്ടൻ വാരാന്ത്യത്തിൽ രണ്ടു ദിവസം അവിടെയും ചെലവഴിക്കാറുണ്ട്. ഒരു മണിക്കൂറിലേറെ നീണ്ട അന്നത്തെ പരിശീലനം ശരിക്കും വ്യത്യസ്തമായ ഒരനുഭവമായി. നാട്ടിലെ തോറ്റം നടക്കുമ്പോൾ ചെണ്ടമേളം കാണാറുണ്ടെങ്കിലും ഇത്രയ്ക്കും ആസ്വദിച്ച് അടുത്തുനിന്ന് കണ്ടത് ഇപ്പോഴാണ്. ആ സമയത്ത് മനസ്സിൽ ചേക്കേറിയ ചിന്ത ഈ ചെണ്ടമേളവും ആഫ്രിക്കയിലെ മലയാളികളുടെ ജീവിതവും തമ്മിൽ ഒരു ബന്ധമുണ്ടെന്നാണ്.

ചെണ്ടയുടെ തത്വശാസ്ത്രം

നാട്ടിൽ വെച്ച് ചെണ്ടയെ അത്ര പരിചയമില്ലാത്തവർ, എന്നാൽ എത്ര സുഗമമായി അവർ ഇന്ന് കൊട്ടുന്നു. തീർത്തും വ്യത്യസ്തമായ സാഹചര്യത്തിൽ പോലും എന്തും പഠിച്ചെടുക്കാനുള്ള ഒരഭിനിവേശം എല്ലാ മലയാളികൾക്കുമുണ്ട്. ഏതു പ്രതിസന്ധികളെയും അതിജീവിക്കാനുള്ള ഒരു ശക്തി, അതിനായുള്ള പ്രയത്നം, അതിലുപരി ഒടുങ്ങാത്ത ആവേശം… ചെണ്ട കൊട്ടുന്ന ആ ഇരുപതു മലയാളികൾ ആഫ്രിക്കയിലെ മലയാളികളുടെ ഒരു മിനിപതിപ്പാണ്.

സാഹസികത

വലതുകൈയിലെ ചെണ്ടക്കോൽ കൊണ്ട് കൊട്ടുമ്പോൾ ശക്തമായി ഇടതുകൈകൊണ്ടും ചെണ്ടയിൽ അടിക്കുന്നു. അഞ്ചാംകാലത്തിലെത്തുമ്പോൾ മതിമറന്ന് ഈ പ്രഹരം അത്യുന്നതിയിലെത്തുന്നു. എന്നാൽ ചെണ്ടക്കോൽ ഇടത്തെ കൈയിൽ കൊള്ളാതെ, താളത്തിനൊപ്പം നീങ്ങാൻ പരിശീലനം കൊണ്ട് സാധിക്കുന്നു. ആഫ്രിക്കയിലെ ജീവിതത്തിൽ പല പ്രതിസന്ധികളെയും മറികടക്കേണ്ടതുണ്ട്. ഓരോ രാജ്യത്തും ചില ഏറ്റക്കുറച്ചിലുകളുണ്ടായിരിക്കാം. ഈ പരീക്ഷണം തരണം ചെയ്യാൻ കഠിനമായ പരിശീലനം തന്നെ വേണം എന്നുമാത്രമല്ല, അത് തുടർന്നുകൊണ്ടേയിരിക്കണം, ചെണ്ടമേളം പോലെ. എന്നാൽ താളം കണ്ടെത്തിയാൽ അതിന്റെ ഹരം നമ്മളെ സാഹസികമായ ഒരുന്നതിയിലെത്തിക്കും.

സൂക്ഷ്മത

ചെണ്ടമേളത്തിന് ഒരു നിയമവശമുണ്ട്. എത്ര താളം മുറുകിയാലും ഇലത്താളത്തിന്റെയും കൊമ്പുവിളിയുടെയും നാദം കേൾക്കണം, അതനുസരിച്ച് കാലം അല്ലെങ്കിൽ ഭാവം മാറ്റണം. എല്ലാം കൂടിച്ചേർന്നാലേ പൂർണത കൈവരികയുള്ളൂ. ചെറിയ ഘടകങ്ങളിൽ പോലും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കണം. അല്ലെങ്കിൽ താളപ്പിഴ വരും.

ആഫ്രിക്കയിലെ ജീവിതത്തിൽ എത്ര മുൻകരുതൽ എടുത്താലും അവധാനത വന്നാൽ കുഴപ്പങ്ങളിലേക്ക് എത്തിപ്പെടുവാൻ സാധ്യതയുണ്ട്. താളപ്പിഴ വരാതിരിക്കുവാൻ ചെണ്ടമേളത്തിലെന്നപോലെ സൂക്ഷ്മത നിലനിർത്തി പോരേണ്ടത് ആവശ്യമാണ്.

നിമ്നോന്നതി

ചെണ്ടമേളം എപ്പോഴും മൃദുഭാവത്തിൽ തുടങ്ങി, പതിയെ മുറുകി ഏറ്റവും ഉന്നതിയിലെത്തി, പതുക്കെ താഴോട്ടിറങ്ങി വീണ്ടും കുതിക്കുകയാണ് പതിവ്.

ആഫ്രിക്കയിലെ മലയാളികൾ തങ്ങളുടെ സംരംഭം തുടങ്ങുന്നതും അങ്ങനെയാണ്. ചെറിയ രീതിയിൽ തുടങ്ങി പതുക്കെ ഉയരങ്ങളിലെത്തുകയും അവരുടെ വളർച്ചയ്ക്കൊപ്പം സമൂഹത്തിന് ഉപകാരമാകുന്ന രീതിയിൽ പലവിധ സഹായങ്ങളും ചെയ്യുകയും ചെയ്യുന്നു. തദ്ദേശീയരായ തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനായി ധനസഹായം കൊടുക്കുക, വികസനപ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുക തുടങ്ങിയ ക്ഷേമപ്രവൃത്തികൾ ചെയ്യുന്നതും സാധാരണമാണ്. ഇതെല്ലാം അവരുടെ വിജയത്തിന്റെ ഘടകങ്ങളാണ്. സഹാനുഭൂതി വെച്ചുപുലർത്തുമ്പോൾത്തന്നെ യാതൊരു വിവേചനവും ആ രാജ്യക്കാരോട് കാണിക്കാതിരിക്കുന്നത് അവരുടെ വിശ്വാസവും ബഹുമാനവും ലഭിക്കുവാൻ സഹായകരമാണ്.

ആഫ്രിക്കയെ നുകരുന്നവരാണ് മലയാളികൾ. ചെണ്ടമേളം പോലെ താളം കണ്ടെത്തിയാൽ ആഫ്രിക്കയിലെ ജീവിതവും ഒരു ആഘോഷമാണ്. എന്നാൽ ചെണ്ട കൊട്ടുവാൻ പഠിക്കുന്നതുപോലെ അതിന് കുറുക്കുവഴികളില്ല, നിരന്തരമായ പരിശീലനം ആവശ്യമാണ് താനും.


അഭിഷേക് പള്ളത്തേരി

 

(ആഫ്രിക്കയിലെ സാംബിയയിലും ബോട്സ്വാനയിലും ചെണ്ടമേളം പരിശീലിക്കുന്ന സുഹൃത്തുക്കളുണ്ട്. അവരുടെ സമർപ്പണവും കേരളത്തനിമ നിലനിർത്തുന്ന പാരമ്പര്യവും പ്രത്യേകം പരാമർശിക്കുന്നു.)

The opinions and positions expressed in articles published and comments posted here are those of its authors and not of chenda.co The author has full responsibility for the views. Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act. Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.