പുതച്ച മഞ്ഞ് മാറ്റി
നീലക്കുറിഞ്ഞികള്‍
കണ്ണിറുക്കും മുന്‍പേ
വിരലറ്റത്തെ
നനുത്ത ചൂടിനാല്‍
വെയില്‍
ഒറ്റയ്ക്ക് നില്‍ക്കും
മരത്തിന്റെ തളിര്‍ത്തുടുപ്പില്‍
തൊടും മുന്‍പേ
കൊഴിഞ്ഞിട്ടും തിളങ്ങി ചിരിച്ച്
മണ്ണിലൂടെ വേരറ്റത്ത്
നിലാവ് മിടിപ്പിനെ
ഒളിപ്പിക്കും മുന്‍പേ
നമുക്ക് രാത്രിയെ തോളിലെടുത്ത്
കുന്നിറമ്പിലൂടെ മുകളിലെത്താം…
കൈകാലിളക്കി കരയും
ഉറക്കം ഞെട്ടിയനിഷ്ടം കാട്ടും
ശ്രദ്ധിക്കേണ്ടയാ ചിണുങ്ങല്‍
നമുക്ക് നോവുകളെ
ഇല്ലായ്മയെ
സ്‌നേഹത്തെ പകുക്കാന്‍
രാത്രിയേ കൂട്ടുള്ളു.
ഞാനതിനെ പാലൂട്ടിയുറക്കി
നിയതിന്റെ നനവ് മാറാത്ത
പൊക്കിള്‍ക്കൊടിയില്‍ തൊട്ട്
അരുകില്‍ കിടക്കയല്ലാരുന്നോ
ജീവിതത്തിലേയ്ക്ക്
ഉദയം വരും മുന്‍പേ
കുഞ്ഞു രാത്രിയെ
പച്ചയുടെ കിതപ്പ്
നിലാവിന്റെ തുടിപ്പ്
വെയില്‍ വിരലിന്റെ തലോടല്‍
കുറിഞ്ഞിയുടെ നിലിമയും
കാണിച്ചു കൊടുക്കണം
കാലിളക്കി കരയട്ടേ
തോളിലെടുക്കാം
കുന്നിലൂടെ കയറാം…
***







മികച്ച വരികൾ….
💜