Skip to main content

കുഞ്ഞുരാത്രി

പുതച്ച മഞ്ഞ് മാറ്റി
നീലക്കുറിഞ്ഞികള്‍
കണ്ണിറുക്കും മുന്‍പേ
വിരലറ്റത്തെ
നനുത്ത ചൂടിനാല്‍
വെയില്‍
ഒറ്റയ്ക്ക് നില്‍ക്കും
മരത്തിന്റെ തളിര്‍ത്തുടുപ്പില്‍
തൊടും മുന്‍പേ
കൊഴിഞ്ഞിട്ടും തിളങ്ങി ചിരിച്ച്
മണ്ണിലൂടെ വേരറ്റത്ത്
നിലാവ് മിടിപ്പിനെ
ഒളിപ്പിക്കും മുന്‍പേ
നമുക്ക് രാത്രിയെ തോളിലെടുത്ത്
കുന്നിറമ്പിലൂടെ മുകളിലെത്താം…

കൈകാലിളക്കി കരയും
ഉറക്കം ഞെട്ടിയനിഷ്ടം കാട്ടും
ശ്രദ്ധിക്കേണ്ടയാ ചിണുങ്ങല്‍
നമുക്ക് നോവുകളെ
ഇല്ലായ്മയെ
സ്‌നേഹത്തെ പകുക്കാന്‍
രാത്രിയേ കൂട്ടുള്ളു.
ഞാനതിനെ പാലൂട്ടിയുറക്കി
നിയതിന്റെ നനവ് മാറാത്ത
പൊക്കിള്‍ക്കൊടിയില്‍ തൊട്ട്
അരുകില്‍ കിടക്കയല്ലാരുന്നോ

ജീവിതത്തിലേയ്ക്ക്
ഉദയം വരും മുന്‍പേ
കുഞ്ഞു രാത്രിയെ
പച്ചയുടെ കിതപ്പ്
നിലാവിന്റെ തുടിപ്പ്
വെയില്‍ വിരലിന്റെ തലോടല്‍
കുറിഞ്ഞിയുടെ നിലിമയും
കാണിച്ചു കൊടുക്കണം
കാലിളക്കി കരയട്ടേ
തോളിലെടുക്കാം
കുന്നിലൂടെ കയറാം…

 

***

One Reply to “കുഞ്ഞുരാത്രി”

  1. മോഹൻദാസ് അക്ഷരക്കൂട്ട്,

    മികച്ച വരികൾ….
    💜

Leave a Reply to മോഹൻദാസ് അക്ഷരക്കൂട്ട് Cancel reply

Your Email address will not be published.