Skip to main content

പോരാളികൾ

 

 

കത്തുന്ന വെയിലിലും
തോരാത്ത മഴയിലും
ആശയറ്റവർ പോരാടുന്നൂ അടർകളത്തിൽ.

അന്ധനാം രാജാവിന്റെ
ബധിരമാം കർണ്ണത്തിൽ
എത്തുന്നില്ല ഒരുനാളും
അവരുടെ നിലവിളികൾ.
രാജ ശാസനങ്ങൾ
നീതി നിഷേധിക്കുമ്പോൾ
കാലം തല കുനിച്ചു
കടന്നു പോവും.

കൂട്ടം ചേരുന്നവരും
കണ്ടു നിൽക്കുന്നവരും
തോറ്റു മടങ്ങുന്നവരും
തണലാവാത്ത കാലത്തും
തളരാതെ താങ്ങി
നിർത്താൻ തുണയാവാൻ
ഉള്ളിൽ തിളയ്ക്കുന്നുണ്ട്
തിരിച്ചടികൾ തളർത്താത്ത
പോരാട്ട വീര്യങ്ങൾ.
കുത്തുന്ന പരിഹാസ ശരങ്ങളാൽ മുറിവേറ്റാലും
ഉലയാത്ത കൂട്ടമായ്
അവർ നിൽക്കും.

നൂറായിരം നോവിന്റെ എരിയുന്ന നാളങ്ങളിൽ
പടരുന്നോരഗ്നിയിൽ
പുകയുന്ന അമർഷത്തിന്റെ
കനൽ കൂടുണ്ട് നെഞ്ചിൽ.
വിനാശം വിതക്കുന്ന അശാന്തിയുടെ ചിതയിൽ
കത്തി അമരുന്നു
നാടും നാട്ടാരും.

——

 

No Comments yet!

Your Email address will not be published.