നീ ജലദേവത
തോണിക്കാരനോ
യാത്രികരോ ഇല്ലാത്ത
വെറുമൊരു തോണി ഞാന്‍.
ചാഞ്ഞും ചരിഞ്ഞും
ചാഞ്ചാടിയും
എണ്ണിയാല്‍ തീരാത്തത്രയും
വെള്ളാമ്പലുകള്ക്കിടയിലൂടെ
ഞാന്‍ ഒഴുകുന്നു.
അല്ല,
നീ എന്നെ
ഒഴുക്കിക്കൊണ്ടു പോകുന്നു.
പകല്‍,
നിന്റെ ചിതറിയ മുടിയിഴകളില്‍
കുരുങ്ങിക്കിടക്കുന്ന സൂര്യനെ
ഞാന്‍ നോക്കാത്തതു പോലെ
ഒന്നു നോക്കും.
രാത്രി,
ചന്ദ്രനും നക്ഷത്രങ്ങളും
നിശാമണ്ഡപത്തില്
ആവിഷ്കരിക്കുന്ന
നൃത്തവിരുന്നകളുടെ
സ്ഥിരംസംവിധായിക
നീയാണല്ലോ!
എന്നും കാണുന്നതു കാരണം
എനിക്കതിലൊന്നും
ഇപ്പോള്‍
വലിയ കൗതുകമില്ല.
ഇപ്പോള്‍
എന്റെ എല്ലാ ഭ്രമവും
ചക്രവാളത്തോടാണ്.
ദൂരെ എന്നു തോന്നിച്ചാലും
അടുത്താണ് ചക്രവാളം!
കൈ നീട്ടിയാല്‍
തൊടാവുന്നത്ര അടുത്ത്.
എന്റെ ജലദേവതേ
തീരങ്ങള്‍ മായ്ച്ചുകളഞ്ഞ്
ഈ ചക്രവാളത്തില്‍
നമുക്ക് പാര്‍ക്കാം.
ചുറ്റും കവിത പൂക്കുന്ന മരങ്ങള്‍
പൂക്കളുടെ വിടര്‍ച്ചയില്‍.
ജലവും തോണിയും ഉണ്ട്.
ചക്രവാളമുണ്ട്.
പിന്നെ, നീയുണ്ട്;
പ്രതിച്ഛായപോലെ ഞാനും.
***
കവിപരിചയം

ആർ. ശ്രീലതാവർമ്മ







No Comments yet!