Skip to main content

ഭാരത പുഴയിലെ കുമ്പസാരം

 

അസ്ഥികൾ നിറച്ച മൺകുടം ചേർത്തുവെച്ച് ഞാൻ
മുങ്ങി നിവർന്നു
ചുട്ടുപൊള്ളുന്ന മണൽ തരികളിൽ
മുട്ടുകുത്തി ഞാൻ കുമ്പസരിക്കുമ്പോൾ
എന്റെയുള്ളിലെ നോവോർമ്മകൾക്ക് പരിഹാരമാവുന്നു.
കാൽമുട്ടിലമർന്ന മണൽ തരികൾ
നനഞ്ഞ കൈയാൽ തട്ടിയെറിയുമ്പോൾ
മഞ്ഞവെയിലിന്റെ നരച്ച ശയ്യയിൽ നിന്നും
ദിശ തെറ്റിയെത്തി ശീൽക്കാര ശബ്ദങ്ങൾ.
ഉത്തരമില്ലെന്നറിഞ്ഞിട്ടും
എന്റെ ചോദ്യങ്ങൾ പുഴയോട് കലഹിച്ചു
നിന്റെ ചിറകിന്റെ ചെറു തൂവലിൽ
എന്റെ കുമ്പസാരങ്ങളൊടുങ്ങാതിരിക്കട്ടെ.

2
അന്ന്
ഞാൻ അടിമയായിരുന്നു
ഉടമ വിളക്കണയ്ക്കുമ്പോൾ
ഞാൻ ചുരുണ്ടു കൂടുമായിരുന്നു.
എന്റെ മുലകൾ അമർത്തുമ്പോഴും
ചുണ്ടുകൾ കടിച്ചെടുക്കുമ്പോഴും
തുടയിൽ ചവിട്ടുമ്പോഴും
അസ്ഥിയോളം വേദനിച്ചിട്ടും
നിവർന്നുനിൽക്കാൻ ഞാൻ ഭയന്നു.
കണ്ണീരിന് ഉപ്പിന്റെ രുചിയാണെന്നും
സ്ഫടികത്തിന്റെ നിറമാണെന്നും
ചോരയുടെ മണമാണെന്നും ഞാനറിഞ്ഞു.

ഇന്ന്
പ്രവേശനം നിഷേധിക്കപ്പെട്ടതാണെന്ന്
കരുതിയ സ്വാതന്ത്ര്യത്തിലേക്ക് ഉയർത്തപ്പെട്ടപ്പോൾ
മഞ്ഞിനെ, മഴയെ, കാറ്റിനെ നിറഞ്ഞു കണ്ടു
ഗുൽമോഹർ പൂത്തുവീണ വഴിയിലൂടെ ആവോളം നടന്നു
വിശാലമായൊഴുകുന്ന സന്തോഷം നനഞ്ഞു
നനുത്ത നിറമുള്ള വയലറ്റ് പൂക്കള്‍ സ്വപ്നം കണ്ടു.

—–

 

 

No Comments yet!

Your Email address will not be published.