Skip to main content

വിരുന്ന്

യുദ്ധത്തില്‍ മരിച്ചവര്‍
ഒത്തുചേര്‍ന്ന താഴ്‌വരയിലാരോ വീഞ്ഞുവിളമ്പി.

പിച്ചവച്ചു തുടങ്ങിയ കുഞ്ഞിന്റെ കൃഷ്ണമണിയോളം ചെറിയ
ഒലീവുകൊണ്ടച്ചാറും.

പൈതങ്ങള്‍ ബാലിസ്റ്റിക് മിസൈലിന്റെ ചിറകില്‍
വിനോദയാത്ര പോയപ്പോള്‍
കല്ലിച്ചുപോയ
മുലയോളം വലിപ്പമുള്ള മാതളംകൊണ്ടുള്ള ജ്യൂസും.

മധുവിധുരാവിനു മുറിയൊരുക്കിയ മുല്ലകൊണ്ടാരോ മുറ്റമാകെ അലങ്കരിച്ചിട്ടുണ്ട്.

യുദ്ധഭൂമിയില്‍ വിതുമ്പി വീണുടഞ്ഞ കുഞ്ഞിനൊരാശ;

കണ്ണീര്‍വീണു കുതിര്‍ന്ന മണ്ണിലെ ഊഷ്മാവിലുരുകും ഉമ്മയെ ഉദ്യാനത്തിലെത്തിക്കണം.

ആഗ്രഹമറിയിക്കാനായി കുഞ്ഞ് വിരുന്നിന്റെ മുഖ്യ സംഘാടകന്റെ മുറിയിലെത്തി.

മുറിയുടെ ചുമര്‍ മുഴുവന്‍ കണ്ണാടി പതിപ്പിച്ചിട്ടുണ്ട്.

കണ്ണാടിയുടെ അരികുകള്‍ മുത്തുകള്‍കൊണ്ട്
അലങ്കരിചിട്ടുണ്ട്

ആ മുത്തുകള്‍ക്ക്
കുഞ്ഞു പല്ലിന്റെ രൂപമാണ്, വലതുവശത്തെ മുത്തുകള്‍
ചുവന്ന പശകൊണ്ടാണ് ഒട്ടിച്ചിരിക്കുന്നത്,
ഇടതുവശത്തെ മുത്തുകള്‍
വെളുത്ത പശകൊണ്ടും.

വെളുത്ത പശക്ക് മുലപ്പാലിന്റെ ഗന്ധവുമായെന്തോ സാമ്യം.

അദ്ദേഹത്തിന്റെ കസേരയുടെ വീലിന് വല്ലാത്തൊരു ആകൃതി

ആര്‍ക്കോ നേരെ ചൂണ്ടിയ വിരലുകളുടെ രൂപമാണാ ചക്രങ്ങള്‍ക്ക്

മേശയുടെ കാലുകള്‍ ഒരേ വലുപ്പമുള്ള നാലു തലയോട്ടികളുടെ മുകളിലാണ് വച്ചിരിക്കുന്നത്.

തലയോട്ടിയിലെ
കണ്‍കുഴിയില്‍നിന്നിപ്പോഴും
നീര്‍ കിനിയുന്നുണ്ട്.

തെറിച്ചുവീണ നഖങ്ങള്‍ മറിച്ചുവച്ച് ഉറുമ്പുകള്‍ ജലയാനം ചെയ്യുന്നു.

മേശക്കുമുകളില്‍ തിരിച്ചുവച്ച
‘അധ്യക്ഷന്‍ ഐക്യരാഷ്ട്ര സഭ’ എന്നെഴുതിയ നാമഫലകം
കണ്ണാടിയിലൂടെ വായിച്ചു.

കുഞ്ഞ് ആഗ്രഹമോതിയപ്പോള്‍ അദ്ദേഹമരുളി:
എളുപ്പമല്ലോ ഉണ്ണീ
ഞാന്‍ ഈ നിസ്സംഗത
തുടര്‍ന്നാല്‍ മാത്രം പോരേ?

***

No Comments yet!

Your Email address will not be published.