വീടു വിട്ടു പോയിട്ടും ഓർമ്മകളിൽ
നീയിപ്പോഴും നിറഞ്ഞു നിൽക്കുന്നു..
തറവാട്ടുമ്മറത്തെ
ചാരു കസേരയിൽ നിവർന്നു കിടന്ന്,
കസേര കൈകളിൽ കാലേറ്റിവെച്ച്
കട്ടനൊപ്പം ബീഡിപ്പുക ചവച്ചാസ്വദിക്കുന്നുണ്ട് നീയിപ്പോഴും..
കസേരകൈയിൽ ചേർത്തുവെച്ച
റേഡിയോയിൽ നിന്ന് ആ പഴയ പാട്ടൊഴുകുന്നു..
‘ഗോരി തേരാ ഗാവ് ബഡാ പ്യാരാ
മേ തോ ഗയാ മാരാ….’
വെച്ചുകുത്തിപഴുത്ത കാൽനഖത്തിലെ വേദന
നിന്റെ മാന്ത്രിക ഊത്തിൽ ശമിക്കുന്നുണ്ടിപ്പോഴും..
കട്ടന്റെ ആവിയും ബീഡിപ്പുകയുമെൻ കണ്ണിൽ നീറുന്നു..
തൂവാൻ കൊതിച്ചത് ഉരുണ്ടുകൂടുന്നു..
നിന്നെ കൊണ്ടുപോയ വഴിയിലൂടെ
അന്നത്തെ മന്ത്രോച്ചാരണങ്ങളുടെ ഇരമ്പവും കാതോർത്തു ഞാൻ നടന്നു,
നിന്റെ പേര് കൊത്തിയ കല്ലുകളോളം..
ഞാനും വന്നുപാർക്കേണ്ട ഒടുവിലത്തെ
ഒറ്റമുറി വീടും ഇവിടെയാണല്ലോ…
***







വ്യക്തമായ ഒരു ചിത്രം തരുന്ന കവിതയാണ്, മൊത്തത്തിൽ നന്നായിട്ടുണ്ട് 👏👏