Skip to main content

അറുപതിലെ പ്രണയം

അറുപതിന്‍ നിറവിലിന്നീ,
ഷഷ്ട്യബ്ദപൂര്‍ത്തി തന്‍ വേളയില്‍,
അമ്മയ്ക്കിനി എന്തേ വേണ്ടൂ?
മൂത്തമകന്‍ ചോദിക്കുന്നു.

ഹൃദയം തൊട്ടൊന്ന്
പ്രണയിക്കണം!
ആദ്യമായി…
ഒരേയൊരിക്കല്‍ മാത്രം
പറയുവാനാവില്ലല്ലോ?
ഇന്നും, കൂട്ടിലെ തത്തമ്മയല്ലോ…

ജീവിതമിത്ര നടന്നതല്ലേ?
കാലില്‍ തേഞ്ഞ വടുക്കളില്ലേ?
പ്രാണന്‍ പിരിയും മുന്‍പേ എനിക്ക്,
ആഗ്രഹമൊന്നേയുള്ളു…
ഒന്ന് പ്രണയിക്കണം!

നാവിന്‍ചങ്ങല വലിച്ചൂരി,
ശ്വാസം, സ്വേച്ഛയാലൊന്നെടുത്ത്,
കാതുകളടച്ചും, ഹൃദയം തുറന്നും…
ഒരേയൊരു തവണ…
തീവ്രമായി പ്രണയിക്കണം!

എന്തേ മൗനം?
കുലുക്കി വിളിക്കുന്നു,
നോക്കുമ്പൊള്‍ റിട്ടയേര്‍മെന്റിനെന്നെ
ചവച്ചു തുപ്പിയ അതേ രൂപം!
കണ്ണിലെ പുച്ഛവും
ചുണ്ടിലെ പരിഹാസവും..
ഈ ചിരി മാത്രം അപരിചിതം!

എനിക്കറിയാം,
കാശി, രാമേശ്വരം… പിന്നെ, ഗുരുവായൂര്‍ ഭജനവും,
ജീവിതം മുഴുവന്‍ വഴിപാടുകളല്യോ…
ഞാനും വരാംകൂടേ
മൂത്തവള്‍ പറയുന്നു…

അല്ലല്ല…
കാറ്റേറ്റ് കായല്‍ക്കരയില്‍…
നിലാവത്തു നക്ഷത്രമെണ്ണി…
കൂടെയൊരാള്‍ പ്രണയാര്‍ദ്രനായ്…
പക്ഷേ, എങ്ങനെ പറയും?

അറുപതാകിലും
വര നിര്‍ത്തിയില്ല
കടലും ആകാശവും
ആഴക്കടല്‍ മുത്തും…
വരച്ചതൊക്കെയും അതുതന്നെയല്ലേ?
ക്യാന്‍വാസ് പത്തെണ്ണം വാങ്ങുന്നതുണ്ടെന്നു
ഇളയമകള്‍
ചിരിച്ച് മൊഴിയുന്നു…

കടലാണ്…
ആഴക്കടല്‍…
മുങ്ങിയെടുക്കണമാ മുത്തിനെ…
ഒരു അറുപതാണ്ട് ചുരത്തിയ വെറുപ്പിന്‍ സ്രവം ചുറ്റി ചുറ്റി
അഴകേറ്റിയ എന്‍ കാണാമുത്തിനെ

പക്ഷേ, എങ്ങിനെ?

ഇന്നും വിലക്കാണ്… കാണാവിലക്ക്!
പണ്ടേ തീറെഴുതി വച്ചൊരെന്നന്തസ്സും…
സ്വന്തമായി എന്തുണ്ടെ-
ന്നാവാമല്ലേ ചോദ്യം?
ഉണ്ടെനിക്കിന്നും
ഒളിപ്പിച്ച സ്വപ്നങ്ങള്‍!

***

No Comments yet!

Your Email address will not be published.