വേദനയുടെ ആഴങ്ങളിൽ കബറടക്കിയ ശരികൾ.
കണ്ണീരിൻ്റെ കുത്തൊഴുക്കിൽ ഒലിച്ചുപോയ ശരികൾ.
ഇരുട്ടിൻ്റെ തടവറയിൽ ശ്വാസം മുട്ടുന്ന ശരികൾ.
അധികാരച്ചങ്ങലയിൽ പൂട്ടിയിട്ട ശരികൾ.
ഉറക്കെ ഉറക്കെ അലറിവിളിക്കണമെന്നു
തോന്നിയിട്ടും
കണ്ഠനാളത്തിൽ
കുടുങ്ങിപ്പോയ ശരികൾ.
പരിഹാസത്തിൻ്റെ മുൾക്കിരീടം ശിരസ്സിലണിഞ്ഞ ശരികൾ.
വിലക്കുകൾ കൊണ്ടു വിലങ്ങുവച്ച വിറങ്ങലിച്ച ശരികൾ.
അസ്തിത്വം പണയംവച്ച് ആടിയുലയുന്ന ശരികൾ.
വർഗ്ഗീയ ബോംബു വീണ് ചാമ്പലായ ശരികൾ.
നിറത്തിന്റെ പേരിൽ നിറം മങ്ങിപ്പോയ ശരികൾ.
ചോരയുടെ ചൂരുള്ള,നേരിൻ്റെ നിറമുള്ള,
വിയർപ്പിൻ്റെ ഉപ്പു രുചിക്കുന്ന ശരികൾ.
ആയിരം നാവുകൾക്കൊണ്ട് അലറിവിളിച്ചാലും
വനരോദനമായി മാത്രം അവശേഷിക്കുന്ന ശരികൾ
ഇന്നും മുട്ടിവിളിക്കുന്നു, തുറക്കാത്ത വാതിലുകൾക്ക് മുൻപിൽ
ഇങ്ങനെ എണ്ണിയാൽ തീരാത്ത എത്ര ശരികൾ??
പീഡിതരുടെ ശരികൾ…
***
കവി പരിചയം :
ലളിതാംബിക അന്തർജനം
1969-ൽ ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങരയിൽ ജനിച്ചു. പിതാവ് പരേതനായ ഡി. ശ്രീധരൻ നമ്പൂതിരി. മാതാവ് പരേതയായ പത്മാവതി അന്തർജനം. 2025-ൽ ചങ്ങനാശേരി ചങ്ങങ്കരിയിലെ സർക്കാർ വിദ്യാലയത്തിൽ നിന്ന് പ്രഥമാധ്യാപികയായി വിരമിച്ചു.
കവിതാരചനാമത്സരങ്ങളിൽ പലതവണ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2024-ൽ ശ്രീപാദം ഈശ്വരൻ നമ്പൂതിരി സ്മാരക പുരസ്‌കാരവും, 2025-ൽ എം.കെ. കുമാരൻ സ്മാരക പുരസ്‌കാരവും, പാലിത്ര നാരായണൻ സ്മാരക പുരസ്‌കാരവും, 2026 ൽ അഷിത സ്മാരക ബാലസാഹിത്യ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
കൃതികൾ:
1. പട്ടം – ബാലസാഹിത്യ കവിതാസമാഹാരം
2. പുനർജനി – കവിതാസമാഹാരം
3. കയ്യൊപ്പ്- കവിതാസമാഹാരം







No Comments yet!