Skip to main content

നിനക്കറിയാവുന്നതല്ലേ ഇതും?

പൊട്ടാസുപോലെ
രസകുമിളകൾ,
മുന്നിലെ ചിലന്തിനൂലിൽ
തങ്ങി,
മണ്ണിൽ പതിക്കുന്നത്
കാണുന്നു നാം.

കാഴ്ചകൾ,
മട്ടുവരമ്പിൽ നിരന്നിരിക്കുന്ന കൊറ്റികൾ,
നമ്മുടെ കുട്ടിക്കാലംപോലെ!

കനി തേടി,
കാടു വെട്ടി,
നീ തന്ന കായ്മധുരം,
തൊണ്ടയിൽ.

ഇന്ന് അതേമഴ പിന്നെയും.
പണ്ടെന്നോ,
ഓട്ടിറമ്പ് വെട്ടിയിറങ്ങിയ മഴപോലെ,
സ്വപ്നനിദ്രയിൽ.

തീരാത്ത നടപ്പ് കടംപോലെ,
നിന്നിലേക്കിനിയും
എത്താനായില്ല.

രാവിന്റെ പ്രീതിക്ക് കാക്കാതെ, ചെയ്ത
കണക്കു പറ്റാതെ
തോട്ടുവെള്ളത്തിൽ തൂമ്പ കഴുകി, തോളത്തുവച്ച്,
തോർത്തു കെട്ടി,
ചക്രവാളത്തിലേക്ക് പോവുന്നു നീ.

പതിയേ
ചെന്തിരി താഴ്ത്തി,
ഉള്ളംകയ്യിൽ
പായ വിരിക്കുന്നു.

ഞാനൊരാളല്ല,
ഞാൻമാത്രമല്ല,
കനമില്ലാതാവണ്ടേ,
കൂടെപ്പറക്കുവാൻ!

***

കവി പരിചയം :

സ്റ്റെല്ല മാത്യു

വയനാട് പള്ളിക്കുന്നാണ് സ്വദേശം. വയനാട്ടിലെ സെന്റ് തോമസ് ഹൈസ്കൂളിൽ അധ്യാപികയാണ്.

2020 ൽ എന്റെ മുറിവിലേക്കൊരു പെൺപ്രാവ് പറക്കുന്നു, 2024 ൽ ‘ഒരാൾക്കുള്ള മൂന്ന് ചായകൾ ‘ എന്നിങ്ങനെ രണ്ട് കവിത സമാഹാരങ്ങൾ. 2023 ൽ സമാഹാരത്തിന്റെ തമിഴ് വിവർത്തനം
പുറത്തിറങ്ങി. നിരവധി പുരസ്കാരങ്ങൾ ഇതിനോടകം ലഭിച്ചിട്ടുണ്ട്. എഴുത്ത് തുടരുന്നു.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

2 Replies to “നിനക്കറിയാവുന്നതല്ലേ ഇതും?”

Your Email address will not be published.